Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightbusiness innovationschevron_right‘മഹാരാജ ബിരിയാണി...

‘മഹാരാജ ബിരിയാണി തിരുവനന്തപുരത്തിന്‍റെ ബിരിയാണിയായി ആളുകള്‍ പറയുന്നതാണ് എന്‍റെ സ്വപ്നം’

text_fields
bookmark_border
‘മഹാരാജ ബിരിയാണി തിരുവനന്തപുരത്തിന്‍റെ ബിരിയാണിയായി ആളുകള്‍ പറയുന്നതാണ് എന്‍റെ സ്വപ്നം’
cancel
camera_alt

നജിയ എർഷാദ്. ചിത്രം: പി.ബി. ബിജു


‘നീ എവിടെയുമെത്തിയില്ലല്ലോ?’ -പ്രിയ സുഹൃത്തിന്‍റെ ഈ ചോദ്യം ഏൽപിച്ച പൊള്ളലാണ് അവളെ ഇരുത്തിച്ചിന്തിപ്പിച്ചത്. കൺമുന്നിൽ പിതാവിന്‍റെ ബിസിനസ് കൂപ്പുകുത്തിയപ്പോൾതന്നെ നജിയ എർഷാദ് ഒരു കാര്യം ഉറപ്പിച്ചിരുന്നു, പിതാവിന് സംഭവിച്ച വീഴ്ചകൾ ആവർത്തിക്കാതെ സ്വന്തമായൊരു സംരംഭം തുടങ്ങുമെന്ന്.

സുഹൃത്തിന്‍റെ ചോദ്യം കൂടുതൽ ഊർജമേകി. ആത്മവിശ്വാസവും പരിശ്രമിക്കാനുള്ള മനസ്സും മാത്രം കൈമുതലാക്കി ആഗ്രഹിച്ചതെല്ലാം ജീവിതത്തോട് പൊരുതിനേടിയ കഥയാണ് ഈ യുവസംരംഭകക്ക് പറയാനുള്ളത്.

മനസ്സുകൊണ്ട് ഒരുങ്ങിയ ബാല്യം

പെണ്‍കുട്ടികള്‍ക്ക് കൽപിക്കപ്പെട്ട വിലക്കുകള്‍ക്കും ചിട്ടവട്ടങ്ങള്‍ക്കുമുള്ളിലായിരുന്നു നാട്ടിന്‍പുറത്തുകാരി നജിയ എന്ന പെണ്‍കുട്ടിയുടെ ബാല്യകൗമാരം. വീട്ടിലാണെങ്കില്‍ പലവിധ സാമ്പത്തികപ്രശ്‌നങ്ങള്‍.

രണ്ടു പെണ്‍കുട്ടികളായിരുന്നു. ഒരു ആണ്‍തരിയെങ്കിലുമുണ്ടായിരുന്നെങ്കില്‍ താങ്ങായേനേ എന്ന് മാതാപിതാക്കളോട് പലരും പറയുന്നത് അവളും കേട്ടിരുന്നു. വലുതാകുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുക്കണമെന്നും കുടുംബം നോക്കണമെന്നും ആ കുഞ്ഞുമനസ്സ് തീരുമാനിച്ചുറപ്പിച്ചു.

1. നജിയ എർഷാദ് 2. ഭർത്താവ് എർഷാദ്, മകന്‍ എഹാന്‍ എന്നിവർക്കൊപ്പം


പരാജയത്തിന്‍റെ പോസിറ്റിവിറ്റി

ബിസിനസുകാരനായ പിതാവ് കുഞ്ഞു നജിയയെ ബൈക്കിന് മുന്നിലിരുത്തി നാടുചുറ്റുമായിരുന്നു. അദ്ദേഹം ആളുകളോട് സംസാരിക്കുന്നതും ഇടപെടുന്നതുമെല്ലാം അവള്‍ കൗതുകത്തോടെ കേട്ടിരുന്നു.

പിതാവിന്‍റെ തകർച്ചയില്‍നിന്ന് നജിയ പഠിക്കാന്‍ ശ്രമിച്ചത് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനായിരുന്നു. അതുകൊണ്ടുകൂടിയാണ് മുന്നോട്ടുള്ള യാത്രയില്‍ കാലിടറാതിരുന്നതും. സമൂഹത്തിനു മുന്നില്‍ സ്വന്തമായൊരു ലോകം പടുത്തുയര്‍ത്തണമെന്ന് അവള്‍ ആഗ്രഹിച്ചു.

സി.എ തിരഞ്ഞെടുത്തതും ജോലിസാധ്യതകൂടി മുന്നില്‍ക്കണ്ടായിരുന്നു. അതിനിടയിലാണ് പിതാവിനെ അസുഖം തളര്‍ത്തുന്നത്. അതോടെ മൂത്തമകളെന്ന നിലക്ക് വിവാഹജീവിതത്തിലേക്ക് കാലൂന്നേണ്ടിവന്നു.

വിവാഹം തുറന്നിട്ട ലോകം

വിവാഹത്തോടെ നജിയയുടെ ലോകം വീണ്ടും മാറിമറിഞ്ഞു. ഭാര്യയെ സ്വതന്ത്രവ്യക്തിയായി കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവ് അവളുടെ ആത്മവിശ്വാസത്തെയും നിശ്ചയദാര്‍ഢ്യത്തെയും കൂടുതല്‍ ഊട്ടിയുറപ്പിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ക്കുള്ള ആകാശം വിശാലമായി പരന്നുകിടക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു. കുറച്ചു കാലത്തിനുള്ളില്‍ മകന്‍ എഹാന്‍ ജീവിതത്തിലേക്ക് കടന്നുവന്നു.

തന്‍റെ നല്ല ഓര്‍മകളെല്ലാം എവിടെയൊക്കെയോ ഭക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. അദൃശ്യമായ ആ ബന്ധത്തില്‍നിന്നാകാം ‘യമ്മി സ്‌പോട്ട്’ എന്ന ക്ലൗഡ് കിച്ചണ്‍ ബിസിനസിലേക്ക് എത്തിപ്പെടുന്നത്. കുഞ്ഞിനെ വളര്‍ത്തുന്ന കാര്യത്തിലും വീട്ടുകാര്യങ്ങളിലും ഭര്‍ത്താവ് എര്‍ഷാദും മാതാപിതാക്കളുമെല്ലാം ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടെടുത്തതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടുനീങ്ങാനായി.

തുടക്കം വാഴക്കുലയിൽനിന്ന്

മകന് ഏത്തക്കായപ്പൊടിയുണ്ടാക്കാന്‍ അടുത്തുള്ള തോട്ടമുടമ നല്‍കിയ വാഴക്കുലകളാണ് നജിയയുടെ ആദ്യ മൂലധനവും അസംസ്‌കൃത വസ്തുവും. ആവശ്യം കഴിഞ്ഞ് ബാക്കിവന്ന കായ കളയാതെ പൊടിയുണ്ടാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു. അതാണ് ബിസിനസിന്‍റെ തുടക്കം.

അത് പിന്നീട് പൊതിച്ചോറിലേക്കും മഹാരാജ, ഹരിയാലി ബിരിയാണികളിലേക്കും ജിഞ്ച അച്ചാറിലേക്കുമെത്തി. 2018ലായിരുന്നു തുടക്കം. അങ്ങനെ യമ്മി സ്‌പോട്ട് എന്ന ക്ലൗഡ് കിച്ചണ്‍ തിരുവനന്തപുരത്തെ ഭക്ഷണപ്രിയര്‍ക്ക് പരിചിതമായി. 200, 250 ബിരിയാണികൾ ഉണ്ടാക്കുന്ന ദിവസങ്ങൾ വരെ ഉണ്ടാവാറുണ്ട്.

ചെറിയ പാർട്ടി ഓഡറുകളും ഏറ്റെടുക്കാനാവുന്നുണ്ട്. മസാലക്കൂട്ടുകളെല്ലാം സ്വയം തയാറാക്കുന്നതാണ്. തിരുവനന്തപുരം ശ്രീകാര്യം ചെറുവക്കലിലെ വീടിന് തൊട്ടടുത്തുതന്നെയാണ് യമ്മി സ്‌പോട്ട് കിച്ചണും പ്രവർത്തിക്കുന്നത്.

പൊരുതിനേടിയ വിജയം

സ്ത്രീയായതുകൊണ്ട് സംരംഭത്തിന് വായ്പ കിട്ടാന്‍പോലും ബുദ്ധിമുട്ടുണ്ടായ സാഹചര്യങ്ങളുണ്ടായിരുന്നു. മറ്റാരില്‍നിന്നും സാമ്പത്തികസഹായം തേടേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. തോറ്റാലും വിജയിച്ചാലും സ്വന്തം റിസ്‌ക്കില്‍.

ചെറിയ പടികളാണ് ഓരോ ഘട്ടത്തിലും കയറിയത്. വാടകവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കു മാറി. വാഹനം വാങ്ങി. പാചകത്തിനും ഡെലിവറിക്കും മറ്റാവശ്യങ്ങള്‍ക്കുമായി 18 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഓർഡര്‍ അനുസരിച്ചാണ് പാചകം. നജിയയുടെ മാതാവും യമ്മി സ്‌പോട്ടിന്‍റെ ഭാഗമാണ്.

സ്വയം സ്‌നേഹിച്ച്

പണമുണ്ടാക്കാന്‍ വേണ്ടി തന്‍റെയും കുടുംബത്തിന്‍റെയും സന്തോഷങ്ങളെ മാറ്റിവെച്ചില്ല. രാവിലെ തുടങ്ങുന്ന ജോലികൾ ഉച്ചക്ക് രണ്ടു മണിയോടെ അവസാനിക്കും. ബാക്കിസമയം സ്വന്തം സന്തോഷങ്ങള്‍ക്കും മകനും കുടുംബത്തിനുമുള്ളതാണ്.

കുട്ടിക്കാലത്ത് പല കാരണങ്ങള്‍കൊണ്ട് നടക്കാതെപോയ സ്വപ്‌നങ്ങളില്‍ ഒന്നാണ് കഥക് നൃത്തം പഠിക്കുക എന്നത്. അതിനും ഇപ്പോള്‍ നജിയ സമയം കണ്ടെത്തുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു, സിനിമ കാണുന്നു, പാട്ടുകേള്‍ക്കുന്നു, യാത്ര ചെയ്യുന്നു. ഒപ്പം ആഗ്രഹിച്ചതുപോലെ സ്വന്തംപേരും ഇടവും സാമ്പത്തികഭദ്രതയും നേടിയെടുത്തു.

യമ്മി സ്‌പോട്ടിലെ മഹാരാജ ബിരിയാണി തിരുവനന്തപുരത്തിന്‍റെ ബിരിയാണിയായി ആളുകള്‍ പറയുന്നതാണ് നജിയ കാണുന്ന സ്വപ്‌നം. തോറ്റുപിന്മാറാന്‍ ഒരുക്കമല്ല, ഈ മുപ്പതുകാരി ഒരിടത്തും.





Show Full Article
TAGS:Entrepreneur biriyani foods 
News Summary - Victory that eliminated hunger
Next Story