‘ഇഷ്ടത്തെ പ്രേമമെന്ന് പലരും തെറ്റിദ്ധരിച്ച കാലം’ -80കളിലെ കോളജ് കാലം ഓർത്തെടുത്ത് പൂർവ വിദ്യാർഥി
text_fieldsവര: വി.ആർ. രാഗേഷ്
കണ്ടുമുട്ടുന്നു നാം...
വീണ്ടുമീ സന്ധ്യയിൽ...
വർണങ്ങൾ വറ്റുന്ന കണ്ണുമായി...
എന്ന കവിഭാവനപോലെ നിറംവറ്റുന്ന കണ്ണുകളുമായി വീണ്ടുമൊരിക്കൽകൂടി ഈ കാമ്പസിൽ ഞങ്ങൾ എത്തപ്പെട്ടു. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് കാമ്പസ് ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ഒരു പൂർവ വിദ്യാർഥി സംഗമത്തിന് സാക്ഷിയായി, 12.10.2024ൽ.
1980-82, മറക്കാൻ കഴിയാത്ത ഞങ്ങളുടെ പ്രീഡിഗ്രി കാലം. പ്രശസ്ത കവി മധുസൂദനൻ നായർ സാർ ഒരു കവിയായി അറിയപ്പെടുന്നതിനുമുമ്പ് ഒരു നല്ല അധ‍്യാപകനായി ഞങ്ങളെ മലയാളം പഠിപ്പിച്ച കോളജിൽ സാറിന്‍റെ ശുദ്ധ മലയാളം ക്ലാസിലിരിക്കാൻ ഭാഗ്യം ലഭിച്ചവർ. ഇന്ദിര ഗാന്ധി രാജ്യം ഭരിക്കുന്ന ആ കാലത്ത് കോളജ് കുമാരന്മാരും കുമാരിമാരുമായി ഞങ്ങൾ ഈ കലാലയത്തിനുള്ളിൽ ഓടിനടന്നു.
ആൺകുട്ടികളിലധികവും തലമുടി ഹിപ്പിയും ബ്രൂസ്ലി കട്ടുമായിരുന്ന കാലം, ചുരിദാറും ടോപ്പുമില്ലാത്ത കാലം. പെൺകുട്ടികൾക്ക് ആൺകൂട്ടുകാരും ആൺകുട്ടികൾക്ക് പെൺകൂട്ടുകാരുമുള്ളത് നല്ല രീതിയല്ലെന്ന് വിശ്വസിച്ച കാലം.
ഇഷ്ടത്തെ പ്രേമമെന്ന് പലരും തെറ്റിദ്ധരിച്ച കാലം. തുറന്നുപറയാൻ മടിച്ച പ്രേമത്തെ പ്രേമലേഖനമാക്കി ബുക്കിൽവെച്ചുകൊടുക്കുകയോ എറിഞ്ഞുകൊടുക്കുകയോ ചെയ്ത കാലം. നിയന്ത്രണങ്ങൾക്കുള്ളിൽ ആൺ-പെൺ ബന്ധം നിലനിർത്തിയ കാലം. ഒരുപാട് നിറങ്ങൾ മനസ്സിൽ സൂക്ഷിച്ച കാലം.
വിസ്മൃതിയുടെ ആഴങ്ങളിലേക്ക് പോയ് മറഞ്ഞു എന്ന് കരുതിയിരുന്ന ഈ വൈകിയ വേളയിൽ ഇത്തരത്തിലൊരു കണ്ടുമുട്ടൽ ഇനി ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ, ഇന്നത് യാഥാർഥ‍്യമായിരിക്കുന്നു. സെന്‍റ് സേവ്യേഴ്സ് കോളജിന്‍റെ ചരിത്രത്തിൽ ഇത്രയും പഴക്കമുള്ള (42 വർഷം) പൂർവ വിദ്യാർഥി സംഗമം നടന്നിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.
സെന്‍റ് സേവ്യേഴ്സ് കോളജ്, പ്രീഡിഗ്രി 1980-82 ബാച്ച് ഒത്തുകൂടിയപ്പോൾ
അന്നത്തെ ആ കൗമാരക്കാർ 44 വർഷം പിന്നിട്ട് നഷ്ടപ്രതാപത്തെ ഓർത്തെടുക്കാൻ ഈ കാമ്പസിനുള്ളിൽ എത്തിയിരിക്കുന്നു. ഇത് എങ്ങനെ സാധിച്ചു എന്നത് ഞങ്ങളെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഫൈനൽ പരീക്ഷക്കൊടുവിൽ വിവിധ റിസൽട്ടുകളുമായി ഈ കാമ്പസ് വിട്ട നമ്മൾ എവിടെയായിരുന്നു ഇത്രയും നാൾ? ചിലർ സർക്കാർ ജോലിയിൽ, ചിലർ പ്രവാസ ലോകത്ത്, ചിലർ നമ്മളിൽനിന്നുതന്നെ വിടപറഞ്ഞുപോയി, ചിലർ രോഗികളായി കിടപ്പിലായി... അങ്ങനെ എന്തൊക്കെയോ ആണ് നമ്മൾ നേടിയതും നമ്മളിൽനിന്ന് നഷ്ടപ്പെട്ടതും.
തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് നഷ്ടമായി എന്ന് തോന്നിയതിൽ ഏറ്റവും മുന്നിൽ നിന്നത് ഈ കാമ്പസ് സമ്മാനിച്ച ഓർമകൾ തന്നെയായിരുന്നു. അതുകൊണ്ടാണ് ആ ഓർമകളെ തിരിച്ചുപിടിക്കാൻ ഒരവസരം കിട്ടിയപ്പോൾ ആവേശത്തോടെ ഇവിടെ വീണ്ടും ഒത്തുകൂടിയത്. ജീവിതത്തിൽ പലതും മറന്നുപോയിട്ടുണ്ട്. എന്നാൽ, മറന്നുപോകാതെ എന്നും ഹൃദയത്തിൽ കാത്തുസൂക്ഷിച്ചത് ഈ കാമ്പസിനുള്ളിലെ ഓർമകൾ മാത്രമായിരുന്നു.
കോളജ് കാലത്തെ ചിത്രം
കാലം ഒരുപാട് കഴിഞ്ഞു. മക്കളും പേരമക്കളുമായി ജീവിതത്തെ തട്ടിയും മുട്ടിയും മുന്നോട്ടുകൊണ്ടുപോകുന്നു. നമ്മുടെ മക്കൾ ഇന്ന് ചിന്തിക്കുന്നത് ജീവിതത്തെ നമ്മൾ നോക്കിക്കണ്ട പോലെയല്ല. അനുഭവങ്ങൾ അവർക്ക് കുറവാണ്.
ജീവിതത്തിന് തിരശ്ശീല വീഴാൻ ഇനി അധിക സമയമില്ലെന്നൊരു തോന്നൽ. കാഴ്ചകൾക്ക് നല്ല മങ്ങൽ അനുഭവപ്പെടുന്നു. ധാർമിക നിലവാര തകർച്ച ജീവിതത്തിന്‍റെ സകല മേഖലയിലും വ്യാപിച്ചുനിൽക്കുന്നു. മതേതരത്വം തെരുവിൽ മരിക്കുന്നു. ജനപ്രതിനിധികൾ ജനങ്ങളെ കൈകാര്യംചെയ്യുന്ന ക്വട്ടേഷൻ സംഘങ്ങളായി മാറുന്നു.
വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ജനങ്ങളെ സാമ്പത്തികമായി പിഴിയുന്ന കേന്ദ്രങ്ങളായി മാറുന്നു. ഇതിനിടയിലും നന്മയെ ചേർത്തുപിടിക്കാൻ, നല്ലത് ചിന്തിക്കാൻ, ഒരു കൂട്ടായ്മയായി വളർന്ന് എല്ലാം തുറന്നുപറയാൻ, കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു ഗെറ്റ് ടുഗതറിന്‍റെ പേരിൽ ഈ കാമ്പസിൽ വീണ്ടും ഒത്തുചേരാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ കാര്യംതന്നെയാണ്, ഭാവി തലമുറക്ക് നൽകുന്ന വലിയ സന്ദേശം. മറക്കില്ലൊരിക്കലും ഈ ഓർമകൾ, ജീവിതത്തിന്‍റെ ഈ വൈകിയ വേളയിലും...