എന്നുമുണ്ടാകും നമുക്ക് എന്തൊക്കെയോ കുറിച്ചുവെക്കാൻ. അതിന് സഹായിക്കും ഈ കുറിപ്പ്...
text_fieldsരാവിലെ 6.30ന് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. ബ്രേക്ഫാസ്റ്റ് കഴിച്ചു. സ്കൂളിലേക്ക് പോയി’- ആരുടെയും ഓർമയിലുണ്ടാകും ഇത്തരം ഡയറി എഴുത്തിന്റെ ബാലപാഠങ്ങൾ. സ്കൂൾകാലത്ത് തുടക്കമിട്ട ഡയറിക്കുറിപ്പുകളുടെ ആരംഭം മിക്കവർക്കും ഇങ്ങനെ തന്നെ. സ്കൂളിലെയും വീട്ടിലെയും ചെറിയ സംഭവങ്ങൾപോലും അന്ന് കുറിച്ചുവെച്ചിരുന്നു. സ്കൂൾകാലം അവസാനിച്ചതോടെ എഴുത്തും അവസാനിച്ചു.
സ്മാർട്ട്ഫോൺ കാലത്തെ കുറിപ്പുകൾ
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഡയറി എഴുത്ത് ഓർക്കാൻപോലും സമയമില്ലാതായി. വാട്സ്ആപ് സ്റ്റാറ്റസുകളുടെയും ഇൻസ്റ്റാ സ്റ്റോറികളുടെയും കാലത്ത് ജീവിതം തത്സമയം കണ്ടുമറഞ്ഞുപോകുന്ന ഒരുപറ്റം ചിത്രങ്ങൾ മാത്രമായി. പക്ഷേ, ഡയറിയെഴുത്തിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. കുറ്റപ്പെടുത്തലുകളില്ലാതെ സ്വയം ആവിഷ്കരിക്കാനും സ്വയം നവീകരിക്കാനും ഈ കുത്തിക്കുറിക്കലുകളിലൂടെ സാധിക്കും.
ഇത് ജേണലിങ്ങിന്‍റെ കാലം
ഡയറിയെഴുത്തിന്റെ ജനപ്രിയരൂപമാണ് ജേണലിങ്. അതത് ദിവസത്തെ സംഭവങ്ങൾ ഡയറിയായി എഴുതിവെക്കുന്നതിനേക്കാൾ ഓരോ ദിവസത്തെയും മാനസികചിന്തകളും നിർവൃതികളും എഴുതിവെക്കുന്ന ‘ജേണലിങ്’ ആണ് ഇന്ന് കൂടുതൽപേരും പിന്തുടരുന്നത്.
കുറേക്കൂടി വൈകാരികമായ ഡയറിതന്നെയാണ് ജേണൽ എന്ന് ലളിതമായി പറയാം. ലോകപ്രശസ്തമായ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ഓർമയില്ലേ. നാസി ഭരണകാലത്ത് നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ തന്റെ സീക്രട്ട് അന്നെക്സിലിരുന്ന് കിറ്റി എന്ന സാങ്കൽപിക സുഹൃത്തിനെ അഭിസംബോധനചെയ്തുകൊണ്ടെഴുതിയ വൈകാരികമായ കുറിപ്പുകളാണ് അവ.
പ്രശസ്ത ചിത്രകാരനായ ലിയനാർഡോ ഡാവിഞ്ചി, അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വയിൻ, ശാസ്ത്രജ്ഞരായ തോമസ് എഡിസൺ, മേരി ക്യൂറി, ആൽബർട്ട് ഐൻസ്ൈറ്റൻ എന്നിവരെല്ലാം പേഴ്സനൽ ജേണൽ സൂക്ഷിച്ചവരായിരുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത് ജേണലിങ്ങിന്റെ സാധ്യതകൾ വർധിച്ചിട്ടുണ്ട്. ബ്ലോഗുകൾ ജേണലിങ്ങിന്റെ പുതിയൊരു സാധ്യതയാണ്. നടി പാർവതി തിരുവോത്ത് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നടത്തിയ ജേണലിങ് ചലഞ്ചിന് വലിയ പ്രതികരണം ലഭിച്ചിരുന്നു. ജേണലിങ്ങിനെ പറ്റി കൂടുതലറിയാം…
എന്തുകൊണ്ട് ജേണലിങ്?
പേഴ്സനൽ ജേണൽ ഒരു പേഴ്സനൽ തെറപ്പിസ്റ്റാണ്. മുൻവിധികളോ ജഡ്ജ്‌മെന്റോ ഇല്ലാതെ സ്വന്തം ചിന്തകളും ആശങ്കകളും തുറന്നെഴുതാം. മറ്റുള്ളവർ എന്തുകരുതുമെന്ന് പേടിക്കേണ്ട. നിങ്ങൾ മാത്രമാണ് നിങ്ങളുടെ വായനക്കാരി അല്ലെങ്കിൽ, വായനക്കാരൻ.
സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഇത്. മാനസിക സമ്മർദം നേരിടുന്ന സമയത്തെ ചിന്തകൾ തുറന്നെഴുതുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. പിന്നീട് ആ സമയത്തെക്കുറിച്ച് വിലയിരുത്തൽ നടത്താം. കാര്യങ്ങൾ ഓർമിച്ചുവെക്കാനും ജീവിതം കുറെക്കൂടി ഓർഗനൈസ് ചെയ്യാനും ഇത് സഹായിക്കുന്നു. ഭാഷാശേഷിയും എഴുത്തുശേഷിയും മെച്ചപ്പെടുത്തുന്നു.
ജേണലിങ് പലവിധം
ബുള്ളറ്റ് ജേണൽ: വിവരങ്ങൾ പോയന്റുകളാക്കി എഴുതുന്ന രീതിയാണിത്. ഏറ്റവും എളുപ്പമുള്ള രീതിയും ഇതുതന്നെ. ചെയ്യാനുള്ള കാര്യങ്ങൾ, കലണ്ടർ ഇവന്റുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, കാണാനുള്ള സിനിമകൾ എന്നിവയൊക്കെ ഇങ്ങനെ എഴുതിവെക്കാം. ചെയ്തുതീരുന്ന മുറക്ക് ടിക്മാർക്ക് ചെയ്യുകയോ ഹൈലൈറ്റ് ചെയ്യുകയോ ആവാം. ഉദാഹരണത്തിന് ഒരു യാത്ര പോകുമ്പോൾ കാണേണ്ട സ്ഥലങ്ങൾ, എക്സ്േപ്ലാർ ചെയ്യേണ്ട ഭക്ഷണം, അഡ്വഞ്ചർ ഗെയിമുകൾ എന്നിവ ബുള്ളറ്റ് ജേണലിൽ ഉൾപ്പെടുത്താം.
ആർട്ട് ജേണൽ: സർഗാത്മകമായി ജേണലിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത് ആർട്ട് ജേണലാണ്. ചിത്രങ്ങൾ, സ്റ്റിക്കറുകൾ, ഫോട്ടോകൾ, വിവിധ കളർ പെൻസിലുകൾ എന്നിവ ഉപയോഗിച്ച് ജേണൽ മനോഹരമാക്കാം.
സ്ക്രാപ് ബുക്കിന്റെ മാതൃക പിന്തുടരാം. പോളറോയിഡ് ഫോട്ടോസ്, കാലിഗ്രഫി, ഡൂഡ്ൽ എന്നിവയും ഉൾപ്പെടുത്താം.
കലണ്ടർ ജേണൽ: കലണ്ടർ/ പ്ലാനർ ജേണൽ ഡയറിയുടെ മാതൃകയിൽ ഓരോ ദിവസവും നിശ്ചിത പേജിൽ എഴുതുന്നരീതിയാണ്. ഡേ ടു ഡേ ജേണൽ എന്നും വിളിക്കുന്ന ഈ രീതി ജേണലിങ് ശീലമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്.
ഗ്രാറ്റിറ്റ്യൂഡ് ജേണൽ: ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായിരിക്കുക എന്നത് സന്തോഷത്തിലേക്കുള്ള ലളിതമായ താക്കോലാണ്. ജീവിതത്തെക്കുറിച്ച് പോസിറ്റിവായ കാഴ്ചപ്പാടുണ്ടാക്കാൻ സഹായിക്കുന്ന ജേണലിങ് രീതിയാണ് ഗ്രാറ്റിറ്റ്യൂഡ് ജേണലിങ്. ജീവിതത്തിൽ നന്ദിയും സംതൃപ്തിയും തോന്നിയ നിമിഷങ്ങളെക്കുറിച്ച് എഴുതിവെക്കുന്നതാണ് ഇതിന്റെ രീതി. ചെയ്തകാര്യങ്ങൾ എത്രചെറുതാണെങ്കിലും അതിൽനിന്നൊരു ടേക്ക് എവേ ഉണ്ടെങ്കിൽ അത് വിലപ്പെട്ടതാണ്. അത് കുറിച്ചുവെക്കാൻ ഒട്ടും മടിക്കേണ്ട.
ഇഷ്ടപ്പെട്ട് എഴുതുക
ന്യൂ ഇയർ റെസല്യൂഷനായി ജേണലെഴുത്തുതുടങ്ങി പാതിവഴിയിൽ നിർത്തിപ്പോകുന്നവരുണ്ട്. ആവേശത്തിൽ ചെയ്തുതുടങ്ങി പെട്ടെന്ന് മടുത്ത് മാറ്റിവെക്കുന്നു.
ഇഷ്ടപ്പെട്ട് ജേണലിങ് ചെയ്യുക. ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴേ അത് തുടർന്ന് കൊണ്ടുപോകാനാകൂ.
ഏറ്റവും ലളിതമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. തുടക്കക്കാരാണെങ്കിൽ മുൻധാരണകൾ മാറ്റിവെച്ച് ഒരു കളിപോലെ ജേണലിങ് ചെയ്തുതുടങ്ങാം.
രേഖപ്പെടുത്താം, ഒരു സന്തോഷനിമിഷം
ഓരോ ദിവസവും അന്ന് സന്തോഷം തോന്നിയ കാര്യമോ ദുഃഖം തോന്നിയതോ എഴുതാം. കോളജിലെ ഒരു ഇവന്‍റ്, വായിച്ച പുസ്തകം, കണ്ട സിനിമ, കേട്ട ഒരു പാട്ട്, പോഡ്കാസ്റ്റ് എന്നിവ എഴുതിത്തുടങ്ങാം. ആർക്കും എപ്പോൾ വേണമെങ്കിലും ജേണലിങ് തുടങ്ങാം. അവനവന്റെ താൽപര്യവും സൗകര്യവും അനുസരിച്ചാണ് എഴുത്തുസമയം തിരഞ്ഞെടുക്കേണ്ടത്.
ഉണ്ട്, ആപ്പുകൾ
ഗാഡ്ജെറ്റുകളിൽ എഴുതാൻ ഇഷ്ടപ്പെടുന്നവർക്ക് ജേണലിങ് ആപ്പുകളും ലഭ്യമാണ്. Day one, Diarium, penzu, momento, Grid diary എന്നിവ ഉദാഹരണം. എല്ലാ ദിവസം അൽപസമയം ഇതിനായി മാറ്റിവെക്കുക. ജേണൽ കൈയിൽ കരുതിയാൽ യാത്രക്കിടയിലോ ജോലിയിലെ ഇടവേളകളിലോ ഒക്കെ കുറിച്ചുവെക്കാം. അനുഭവങ്ങളെഴുതുമ്പോൾ സുവനീറുകളായി ഫോട്ടോകളോ ടിക്കറ്റുകളോ (ബസ്, ട്രെയിൻ, സിനിമ…) മറ്റോ അതിനൊപ്പം പിൻ ചെയ്തുകൊണ്ട് ജേണൽ ഹൃദയസ്പർശിയാക്കാം.
എവിടെയും എഴുതാം
ഒരു നോട്ട്ബുക്കിലോ ഡയറിയിലോ കസ്റ്റമൈസ്ഡ് ജേണലിലോ എഴുതാം. തുടക്കത്തിലേ വിലകൂടിയതും ഡിസൈൻ ചെയ്തതുമായ ജേണലുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം പെർഫെക്ഷനെക്കുറിച്ചുള്ള ആശങ്കയും തെറ്റുവരുമ്പോഴുള്ള നിരാശയും സ്ഥിരതയെ ബാധിക്കും. ജേണലിന്റെ ഭംഗിയെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ വലിയ കടുംപിടിത്തങ്ങൾ വേണ്ട. പെർഫെക്ഷനിൽ അല്ല, സ്ഥിരതയിലാണ് കാര്യം.
നമ്മളെ ആഘോഷിക്കാൻ നമ്മളല്ലാതെ പിന്നെ ആരാണ്? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? കുറിച്ച് തുടങ്ങിയാലോ...
(കോളജിലെ എന്തെങ്കിലും സംഭവം, അനുഭവം നിങ്ങളെ സ്പർശിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ അത് ‘കുടുംബ’ത്തിലേക്ക് എഴുതി അയക്കൂ. അടുത്ത ലക്കത്തിൽ ഈ പേജിൽ വായിക്കാം...whatsapp: 9645005018. kudumbam@madhyamam.com. എഡിറ്റർ, കുടുംബം മാഗസിൻ, മാധ്യമം, കോഴിക്കോട്-12)