‘വർഷം’ സിനിമ ലൊക്കേഷനിലെ മമ്മൂക്കയുടെ ജന്മദിനാഘോഷം മറക്കാൻ പറ്റാത്ത ഓർമയാണ് -അഞ്ജന അപ്പുക്കുട്ടൻ
text_fieldsകുടുംബത്തോടൊപ്പം അഞ്ജന അപ്പുക്കുട്ടൻ
വീട്ടിലെ ഓണം ഓർമകൾക്ക് പ്രത്യേക ഭംഗിയാണ്. ഞാൻ ഇത്തിരി ഹോമിലി പേഴ്സൺ ആണ്. വീട്ടിൽ എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കണമെന്ന് നിർബന്ധമുള്ള ആളാണ്. കഴിയുന്നതും വീട്ടിൽ തന്നെ ഓണം ആഘോഷിക്കാൻ നോക്കും.
അഥവാ ഓണത്തിന് വല്ല പ്രോഗ്രാമുകളോ മറ്റോ ഉണ്ടെങ്കിൽ സദ്യ കഴിച്ചിട്ടേ പോകൂ. സദ്യ തന്നെയാണ് ഓണത്തിലെ ഇഷ്ട വിഭവം. ഒരു ഓണത്തിന് ‘വർഷം’ സിനിമയുടെ ലൊക്കേഷനിലായിരുന്നു. അന്ന് മമ്മൂക്കയുടെ ജന്മദിനം കൂടിയായിരുന്നു. അത് മറക്കാൻ പറ്റാത്തൊരു ഓർമയാണ്.
ചെറുപ്പത്തിൽ അപ്പുറത്തെ തൊടിയിൽ പോയി പൂക്കൾ പറിക്കുമായിരുന്നു. അന്നത്തെ ഓണം നിറമുള്ളതായിരുന്നു. കോഴിപ്പൂവ് എന്ന പൂവൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പറിച്ച് ചെറിയ രീതിയിൽ പൂക്കളം ഇടും. വലിയ പൂക്കളം അല്ല, കുഞ്ഞിപ്പൂക്കളം. ഞങ്ങളുടെ ചെറുപ്പ കാലത്ത് എല്ലാവരും ഒന്നിച്ചിരുന്ന് പൂക്കളമിട്ട് ബഹളമായിരിക്കും. ഇന്നിപ്പോൾ ഒറ്റക്കിരുന്ന് പൂക്കളമിടണം. മൂന്നോ നാലോ പേരിൽ ഒതുങ്ങുന്ന ഓണമായിരിക്കുകയാണ്.
അച്ഛൻ പോയതിനുശേഷമുള്ള ഓണം ഒന്നും മാനസികമായി സന്തോഷം ഉള്ളതായിരുന്നില്ല. ഇവിടത്തെ ക്ലബുകളിലൊക്കെ ഓണത്തിന് ഗെസ്റ്റായി വിളിക്കാറുണ്ട്. പിന്നെ ചാനലിന്‍റെ ഷൂട്ടിൽ ഓണക്കളികൾ ഉണ്ടാവും. എല്ലാ മത്സരങ്ങളിലും പങ്കെടുക്കും.
മിക്കവാറും എല്ലാത്തിലും പ്രൈസും കിട്ടാറുണ്ട്. സെറ്റിൽ എല്ലാവരും വർക്കിലായിരിക്കും. ഓണത്തിന്‍റെ അന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് എല്ലാവരും ഒത്തുചേരുന്നത്. ആ സമയം എല്ലാവരും ഒന്നിച്ചിരുന്ന് ആഘോഷിക്കും.