‘ബോഡി ഷെയ്മിങ്ങിന് ഇടംകൊടുക്കുന്ന സിനിമകൾ ചെയ്യില്ല’ -സംസ്ഥാന ബോക്സിങ് ചാമ്പ്യൻപട്ടം ഉൾപ്പെടെ ലഭിച്ച നടി ചിന്നു ചാന്ദ്നി ജീവിതം പറയുന്നു
text_fieldsചിന്നു ചാന്ദ്നി. ചിത്രം: കൃഷ്ണകുമാർ അളഗപ്പൻ
ആഫ്രിക്കയിലെ ടാൻസനിയയിലെ ഒരു സ്കൂൾ സ്റ്റേജിൽ ആർട്സ് ഫെസ്റ്റ് അരങ്ങു തകർക്കുകയാണ്. അഭിനയിച്ചു തകർക്കുന്നവരിൽ ആഫ്രിക്കക്കാരായ കുട്ടികൾക്കിടയിൽ രണ്ടാംക്ലാസുകാരിയായ ഒരു കൊച്ചു മലയാളി പെൺകുട്ടി കൂടിയുണ്ട്.
രണ്ടാം ക്ലാസ് മുതൽ ആർട്സിലും സ്പോർട്സിലും ഒരുപോലെ മികവുമായി പാറിനടന്ന ആ പെൺകുട്ടി കൈവെച്ച മേഖലയിലെല്ലാം വിജയമുദ്ര ചാർത്തി.
നാടകം, മൈം, സ്കിറ്റ്, കവിത എന്നിവക്ക് പുറമെ വയലിനിലും കഴിവ് തെളിയിച്ച അവൾ കായികരംഗത്തും വെന്നിക്കൊടി പാറിച്ച് മുന്നേറി. ആ മുന്നേറ്റം അവളെക്കൊണ്ടെത്തിച്ചത് മലയാള സിനിമയിലെ നായിക പദവിയിൽ.
അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റാക്കി മാറ്റിയ അഭിനയപ്രതിഭ. നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവു കൊണ്ട് മാറ്റിമറിച്ച് പുതുപാത വെട്ടിത്തെളിച്ച ചിന്നു ചാന്ദ്നി ‘മാധ്യമം കുടുംബ’വുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു.
ടാൻസനിയയിലെ താരം
തിരുവനന്തപുരം വെള്ളായണിയിലാണ് ജനനമെങ്കിലും പിതാവ് ചന്ദ്രശേഖരൻ നായർക്ക് ഒമാനിലെ മസ്കത്തിൽ ജോലിയായതിനാൽ ഒന്നാം വയസ്സിൽത്തന്നെ അവിടെയെത്തി. മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് മസ്കത്തിൽനിന്ന് അച്ഛന്റെ ജോലി ടാൻസനിയയിലേക്ക് പറിച്ചുനടുന്നത്.
അതോടെ ചിന്നുവും അമ്മയും ആഫ്രിക്കയിലെത്തി. പ്രഫഷനൽ ഫോട്ടോഗ്രാഫറായ അച്ഛന് ടാൻസനിയയിൽ കളർ ലാബിലായിരുന്നു ജോലി. അവിടത്തെ സ്കൂൾ കാലഘട്ടമാണ് ചിന്നുവിലെ കഴിവുകളെ കണ്ടെത്തിയതും പരിപോഷിപ്പിച്ചതും.
രാവിലെ നേരത്തേ തുടങ്ങുന്ന സ്കൂളിൽ ഉച്ചയോടെ ക്ലാസ് അവസാനിക്കും. തുടർന്ന് ലൈബ്രറി, നൃത്തം, നാടകം, സ്പോർട്സ് എന്നിങ്ങനെ എല്ലാത്തിലും പങ്കെടുക്കാൻ അവസരമുണ്ട്. ഇതിന് പുറമെ മ്യൂസിക് കീബോർഡ് പഠിക്കാനും സമയം കണ്ടെത്തി. ഹൈസ്കൂൾ പഠനകാലം എത്ര കഴിഞ്ഞാലും മായാതെ നിൽക്കുന്ന ഓർമകളാണ് ചിന്നുവിന് സമ്മാനിച്ചത്. ഹൈസ്കൂൾ കാലഘട്ടം കഴിഞ്ഞാണ് നാട്ടിലേക്ക് വരുന്നതും ഇവിടെ പഠിക്കുന്നതും.
നാട് നൽകിയ നടി
ടാൻസനിയയിൽനിന്ന് കേരളത്തിലേക്ക് പറിച്ചുനട്ടെങ്കിലും നാട് മാത്രമാണ് മാറിയത്. നാട്ടിലെത്തിയപ്പോഴും ‘അടങ്ങിയിരിക്കാൻ’ ചിന്നുവിലെ മിടുക്കി സമ്മതിച്ചില്ല എന്നുവേണംപറയാൻ. കലാകായിക രംഗങ്ങളിൽ ഒരുപോലെ ശോഭിച്ചു.
എട്ടു വർഷത്തോളം കലോത്സവ വേദികളിൽ സജീവമായിരുന്ന ചിന്നു സംസ്ഥാനതലത്തിലടക്കം വാരിക്കൂട്ടിയ സമ്മാനങ്ങളും നിരവധിയാണ്. സ്കൂളിലും കോളജിലുമെല്ലാം എല്ലാ വർഷവും നാടകത്തിൽ അഭിനയിക്കുന്നത് തപസ്യ പോലെ തുടർന്നു. അത്ര ലഹരിയായിരുന്നു അഭിനയത്തോട്. ഡിഗ്രി കാലത്താണ് അഭിനയം സീരിയസായി കാണുന്നത്.
തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളജിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രി കഴിഞ്ഞ ചിന്നുവിന് പുണെയിൽ അഭിനയം പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും വീട്ടുകാരുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനുവഴങ്ങി പി.ജിക്ക് എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ എടുത്തു. എന്നാൽ, മോഹങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെക്കുക എന്നല്ലാതെ അതിൽനിന്ന് പിന്മാറുന്ന പതിവില്ല.
അതിന്റെ ഫലമായാണ് കേരള യൂനിവേഴ്സിറ്റി സെനറ്റ് കാമ്പസിൽ എം.ഫിൽ തിയറ്റർ ആർട്സ് ചെയ്യുന്നത്. അഭിനയത്തെ കൂടുതൽ ഗൗരവത്തോടെ സമീപിച്ച കാലം. അതിന് ഫലവുമുണ്ടായി. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ആദ്യ സിനിമയിലേക്ക് വഴിതുറക്കുന്നത് എം.ഫിൽ തിയറ്റർ ആർട്സിന്റെ ഭാഗമായി അഭിനയിച്ച നാടകത്തിലൂടെയാണ്.
സഹോദരിക്കും അമ്മക്കുമൊപ്പം
സകലകലാവല്ലഭ
കുഞ്ഞുന്നാൾ തൊട്ട് അമ്മയുടെ വിരൽത്തുമ്പ് പിടിച്ച് കലാവേദിയിലേക്ക് ഇറങ്ങിയതാണ് ചിന്നു ചാന്ദ്നി. അതിപ്പോൾ സ്പോർട്സിലായാലും ശരി. എല്ലായിടത്തും കൊണ്ടുപോകാനും കൂട്ടിക്കൊണ്ടുവരാനും അമ്മ ചാന്ദ്നി മുന്നിൽതന്നെയുണ്ടായിരുന്നു.
അമേരിക്കയിൽ ഡോക്ടറായ അനിയത്തി ശ്രുതി നായരുടെയും ചിന്നുവിന്റെയും കരുത്താണ് അമ്മ. പിതാവ് മരണപ്പെട്ടെങ്കിലും ആ പോരായ്മകൾ അറിയിക്കാതെ തണലായി അവരുണ്ട്. ഡിഗ്രി കാലയളവിൽ സ്കൂട്ടർ വാങ്ങുന്നതുവരെയും അമ്മയായിരുന്നു എവിടേക്കും ചിന്നുവിന് കൂട്ട്.
ഭരതനാട്യം, ലാറ്റിൻ അമേരിക്കൻ നൃത്തമായ സൽസ എന്നിവയിൽ കഴിവുതെളിയിച്ച ചിന്നു ചാന്ദ്നി കീബോർഡ്, വയലിൻ എന്നിവയിലൂടെ സംഗീതവഴിയിലേക്കും ചുവടുവെച്ചു.
ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി, റഗ്ബി എന്നിവയിലും അഭിമാനനേട്ടം കൈവരിച്ച താരമാണ്. ഫുട്ബാൾ, ക്രിക്കറ്റ് എന്നിവയിൽ ഇന്റർ യൂനിവേഴ്സിറ്റി തലത്തിൽ കളിച്ച ചിന്നു റഗ്ബിയിൽ രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
അച്ഛനും സഹോദരിക്കുമൊപ്പം. കുട്ടിക്കാല ചിത്രം
ഇടിക്കൂട്ടിലെ ഇടിമുഴക്കം
അമേരിക്കൻ നടൻ മാറ്റ് ഡൗണിന്റെ ‘ദ ബോൺ ഐഡന്റിറ്റി’ സിനിമയിലെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കണ്ട് ആവേശം കയറിയാണ് ഇടിക്കൂട്ടിലും ഇടിമുഴക്കം സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയത്.
ഇസ്രായേൽ സെൽഫ് ഡിഫൻസ് സിസ്റ്റമായ ‘ക്രാവ് മഗ’യാണ് മാറ്റ് ഡൗൺ സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് കണ്ടതോടെ മുമ്പ് ബോക്സിങ്ങും ജൂഡോയും പഠിച്ച ചിന്നുവിന്റെയുള്ളിലെ ധീരവനിതക്ക് അടങ്ങിയിരിക്കാനായില്ല.
എന്താണ് ‘ക്രാവ് മഗ’, എവിടെ പഠിക്കാം എന്നായി അന്വേഷണം. തിരുവനന്തപുരത്ത് ഒരാൾ ഈ ആയോധന കല പഠിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും കുട്ടികൾ കുറവായതിനാലും റെഗുലർ ക്ലാസുകൾ ഇല്ലാത്തതിനാലും നിരാശയിലായി. പക്ഷേ, ക്രാവ് മഗയെ വിടാൻ മനസ്സ് അനുവദിച്ചില്ല.
ക്രാവ് മഗ മനമാകെ നിറഞ്ഞുനിന്നതിനാൽ ബോക്സിങ്ങിലേക്ക് തന്നെ തിരിച്ചു. ഡിഗ്രി കാലത്ത് മൂന്ന് വർഷത്തോളം ബോക്സിങ് പഠിച്ച ചിന്നു മാറ്റ് ഡൗണിന്റെ ആക്ഷൻ രംഗങ്ങൾ മനസ്സിൽനിറച്ച് ഇടിക്കൂട്ടിൽനിന്ന് വാരിക്കൂട്ടിയത് സംസ്ഥാന ബോക്സിങ് ചാമ്പ്യൻപട്ടം വരെയുള്ള സുവർണ നേട്ടങ്ങളാണ്.
തേനൂറും ‘അനുരാഗ കരിക്കിൻ വെള്ളം’
ബോക്സിങ്ങും റഗ്ബിയും ഹോക്കിയുമെല്ലാം നേട്ടങ്ങൾ തന്നപ്പോഴും ഉള്ളിന്റെയുള്ളിൽ അടിയുറച്ച് വിശ്വസിച്ചിരുന്നത് എന്നെങ്കിലും താനൊരു നടിയാകും എന്നതായിരുന്നു. അതിനായിരുന്നു പരിശ്രമങ്ങളും. തിയറ്റർ ആർട്സിൽ എം.ഫിൽ ചെയ്യുമ്പോൾ കാമ്പസിൽ അരങ്ങേറിയ നാടകം കാണാൻ കാസ്റ്റിങ് ഡയറക്ടർ അജയ് മോഹനും ഉണ്ടായിരുന്നു.
സിനിമയിലേക്ക് പുതുമുഖ താരങ്ങളെ അന്വേഷിച്ചിറങ്ങിയ അജയ്, ചിന്നു ചാന്ദ്നിയിലെ നടിയെ തിരിച്ചറിഞ്ഞതോടെ ഓഡിഷന് എത്താൻ പറഞ്ഞു.
അഭിയനമികവ് നന്നായി പുറത്തെടുത്തതോടെ 2016ൽ ഖാലിദ് റഹ്മാൻ സംവിധാനംചെയ്ത ‘അനുരാഗ കരിക്കിൻ വെള്ളം’ സിനിമയിൽ നായിക രജിഷ വിജയന്റെ സുഹൃത്തായി അരങ്ങേറ്റം.
അവധിക്ക് നാട്ടിലെത്തി നായികയായി
‘അനുരാഗ കരിക്കിൻ വെള്ളം’ ചെയ്തശേഷം അവസരം കിട്ടാതായതോടെ ഇനി പ്രവാസ ജീവിതം തന്നെ എന്നുറപ്പിച്ച് മുംബൈയിലേക്ക് തിരിച്ച ചിന്നു പക്ഷേ, നായികയായാണ് തിരിച്ചുവരവ് ആഘോഷിച്ചത്. അക്കഥ ചിന്നു പറയും.
‘‘കഴിഞ്ഞ ഒമ്പത് വർഷമായി മുംബൈയിൽ താമസമാക്കിയ എനിക്ക് അവിടെ സ്വന്തമായി പ്രൊഡക്ഷൻ യൂനിറ്റുണ്ട്. 2017ൽ ‘കാപ്പുചീനോ’ സിനിമയിൽ ചെറിയ വേഷം ചെയ്തെങ്കിലും പിന്നീട് സിനിമകൾ ലഭിച്ചിരുന്നില്ല. എങ്ങനെ സിനിമയിലേക്ക് എത്തിപ്പെടാം എന്നതിനെക്കുറിച്ച് കാര്യമായ അറിവുമില്ലായിരുന്നു.
അതിനായി ശ്രമിച്ചുമില്ല. അവസരങ്ങൾ കിട്ടാത്തതിനെ തുടർന്നാണ് മുംബൈയിലേക്ക് തിരിച്ചത്. സുഹൃത്തുക്കൾ പലരും സിനിമയുടെ കാസ്റ്റിങ് കാൾ പോസ്റ്ററുകൾ ഫോണിൽ അയച്ചുതരാറുണ്ട്. പക്ഷേ, കിട്ടില്ല എന്ന തോന്നൽ ശക്തമായതിനാൽ അപേക്ഷിക്കാൻ മടിക്കും.
ആയിടക്കാണ് അവധി ആഘോഷിക്കാൻ നാട്ടിലെത്തുന്നത്. ഖാലിദ് റഹ്മാന്റെ ‘ഉണ്ട’ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം. അവരെ കാണാൻ ചുമ്മാ പോയപ്പോഴാണ് അഷ്റഫ് ഹംസ പുതിയ സിനിമ (തമാശ) ചെയ്യുന്നുണ്ടെന്നും നീ നിർബന്ധമായും ഓഡിഷന് പങ്കെടുക്കണമെന്നും ഖാലിദ് റഹ്മാൻ പറയുന്നത്. ഇതിന് മുമ്പുതന്നെ ‘തമാശ’യുടെ കാസ്റ്റിങ് കാൾ കണ്ടിരുന്നെങ്കിലും അപേക്ഷിച്ചിരുന്നില്ല.
ഖാലിദ് റഹ്മാൻ പറഞ്ഞതോടെ കുറച്ച് ഫോട്ടോസ് അയച്ചുകൊടുക്കുകയും ഓഡിഷനിൽ പങ്കെടുക്കുകയുംചെയ്തു. നായികവേഷമായതിനാൽ ചാൻസ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവസരം കിട്ടാത്തതിനാൽ ‘നാടുവിട്ട’ എന്നെ തേടി പക്ഷേ, നായികാപദവി തന്നെയാണ് എത്തിയത്.’’
സിനിമ ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് ചിന്നുവിനെ തേടിയെത്തിയത്. ‘ഭീമന്റെ വഴി’, ‘ജാക്സൺ ബസാർ യൂത്ത്’, ‘കാതൽ’, ‘ഗോളം’, ‘വിശേഷം’ തുടങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫിസിൽ ഹിറ്റായിരുന്നു.
ബോഡി ഷെയ്മിങ്ങിന് നിന്നുകൊടുക്കില്ല
കോളജ് കാലത്താണ് ശരീരം വണ്ണംവെക്കുന്നത്. ഭക്ഷണം കഴിച്ചിട്ടല്ല ഇത്തരത്തിലായത്. ഫൂഡിയായ ഒരാളേയല്ല ഞാൻ. പക്ഷേ, എന്തൊക്കയോ കാരണംകൊണ്ട് ഇങ്ങനെയായി. എന്നാൽ, അതിലൊട്ടും ആശങ്കയോ സങ്കടമോ ഇല്ല. ഡിഗ്രി പഠനത്തോടൊപ്പം ടി.വി ചാനലുകളിൽ അവതാരകയായിട്ടുണ്ട്.
അക്കാലത്ത് പലരും ശരീരത്തെ കളിയാക്കി പല കമന്റും പറയാറുണ്ടായിരുന്നു. അന്നത് ചിരിച്ചുതള്ളിയ എനിക്ക് പിന്നീടാണ് അത്തരത്തിൽ പറയാൻ പാടില്ലെന്ന തിരിച്ചറിവുണ്ടാകുന്നത്, അതൊക്കെയും ബോഡി ഷെയ്മിങ്ങാണെന്ന ബോധ്യമുണ്ടാകുന്നത്.
‘ഭീമന്റെ വഴി’ ചെയ്ത് വലിയ ഇടവേളക്കുശേഷമാണ് അടുത്ത സിനിമയിൽ അഭിനയിക്കുന്നത്. അതിനിടക്ക് ഒരുപാട് അവസരങ്ങൾ വന്നെങ്കിലും അതെല്ലാം ബോഡി ഷെയ്മിങ്ങിന് ഇടംകൊടുക്കുന്ന തമാശ പടങ്ങളായിരുന്നു.
അത്തരം സിനിമകളിൽ എന്നെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് കൃത്യമായി ബോധ്യമുള്ളതിനാലാണ് ആ വേഷങ്ങളോട് മുഖംതിരിച്ചത്. കിട്ടിയ വേഷങ്ങളിൽ മിക്കതും എന്നെ തേടി വന്നവയാണ്. ഇനി ഒരു സിനിമക്കുവേണ്ടി തടി കുറക്കേണ്ടി വന്നാൽ അതിനും തയാറാണ്. എന്നാലും, ബോഡി ഷെയ്മിങ്ങിന് നിന്നുകൊടുക്കേണ്ടെന്നും അത്തരം സിനിമകളിൽ അഭിനയിക്കേണ്ടെന്നുമാണ് തീരുമാനം.
കോളജ് രാഷ്ട്രീയത്തിലും വിജയക്കൊടി പാറിച്ചു
ഓൾ സെയിന്റ്സ് കോളജിലെ പഠനകാലത്ത് രാഷ്ട്രീയത്തിലും തിളങ്ങിയ ചിന്നു ചാന്ദ്നിക്ക് പക്ഷേ, ആദ്യ അങ്കം കയ്പുനിറഞ്ഞതായിരുന്നു. കുറഞ്ഞ വോട്ടുകൾക്ക് ചെയർപേഴ്സൻ പോസ്റ്റിൽ പരാജയം രുചിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. കലാകായിക രംഗങ്ങളിൽ ഒരുപോലെ തിളങ്ങി കൂട്ടുകാർക്കിടയിൽ താരമായും നല്ലൊരു സുഹൃത്തായും മാറിയ ചിന്നു അടുത്ത വർഷം ചെയർപേഴ്സൻ പോസ്റ്റിൽ തന്നെ മത്സരിച്ച് വിജയക്കൊടി പാറിച്ചു.
കൃത്യമായ രാഷ്ട്രീയ നിലപാടുള്ളയാളാണ്. അത് തുറന്നുപറയാറുമുണ്ട്. സിനിമക്കാർ തങ്ങളുടെ രാഷ്ട്രീയം തുറന്നുപറയണമെന്നും സാധ്യതയെ ഉപയോഗപ്പെടുത്തണമെന്നുമാണ് ചിന്നു ചാന്ദ്നിയുടെ പക്ഷം. ഇക്കാര്യത്തിൽ ഒരൽപം നിരാശയുള്ളത്, തങ്ങൾ പറയുന്ന കാര്യങ്ങൾ പലതും വെട്ടിമുറിച്ച് ഉദ്ദേശിക്കാത്ത രീതിയിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ/ യൂട്യൂബ് ചാനലുകളുടെ നടപടിയാണ്.
ചാനലിന് കാഴ്ചക്കാരെ കിട്ടാൻ വേണ്ടി ഇല്ലാത്ത രീതിയിൽ തങ്ങളുടെ ആശയങ്ങളെ വെട്ടിമുറിക്കുന്ന നടപടി എതിർക്കപ്പെടേണ്ടതാണ്. പലരും തങ്ങളുടെ അഭിപ്രായം തുറന്നുപറയാൻ മടിക്കുന്നതിന് ഇതും കാരണമാകുന്നുണ്ടെന്ന് ചിന്നു പറയുന്നു.