‘അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരഗാന്ധിയുടെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട് പപ്പയെ ജയിലിലടച്ചു. അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു പപ്പ’ -പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ഇ.എസ്. ബിജിമോൾ
text_fieldsഇ.എസ്. ബിജിമോൾ (മുൻ എം.എൽ.എ)
ചെറുപ്പത്തിലേ പപ്പയെ നഷ്ടപ്പെട്ട മകളാണ് ഞാൻ. ഞങ്ങളെ നീന്തൽ പഠിപ്പിക്കാനും യാത്രകളിൽ കൂടെ കൂട്ടാനും പപ്പക്ക് വലിയ സന്തോഷമായിരുന്നു. ബസ് കണ്ടക്ടറായിരുന്നു അദ്ദേഹം.
മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളായ എന്നെയായിരുന്നു ഏറ്റവും കൂടുതൽ യാത്രകളിൽ ഒപ്പം കൂട്ടിയത്. എനിക്ക് എട്ടുവയസ്സായപ്പോഴാണ് പപ്പ ഇ.എ. ജോർജ് ഞങ്ങളെ വിട്ടുപിരിയുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരഗാന്ധിയുടെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട് പപ്പ ജയിലിലായി, 14 ദിവസം. അമ്മക്കൊപ്പം പപ്പയെ ജയിലിൽ കാണാൻ പോയ ഓർമയുണ്ട്. അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു പപ്പ.
നല്ല ഡാൻസറായിരുന്നു. അഭിനയിക്കുകയും ചെയ്യും. കവിതയും കഥയുമൊക്കെ എഴുതും. അക്കാലത്ത് ഒരുപാട് പുസ്തകങ്ങളുള്ള നല്ലൊരു വായനശാലയുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു അത്. കൈമാറിക്കിട്ടിയ സ്വത്ത് പോലെ ഞങ്ങളിപ്പോഴും ആ പുസ്തകങ്ങൾ സൂക്ഷിക്കുന്നുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ഒരുപാട് നേതാക്കൾ ഞങ്ങളുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു. പപ്പയെ അറസ്റ്റ് ചെയ്തിരുന്ന സമയത്ത് അവരെല്ലാം അവിടന്ന് മാറി. ആരെല്ലാമായിരുന്നു അതെന്ന് പപ്പ ഒരിക്കലും മമ്മിയോട് പറഞ്ഞിട്ടില്ല.
അവർക്ക് ഭക്ഷണം നൽകാൻ പോകുമ്പോൾ പപ്പക്കൊപ്പം ഞാനും കൂടും. എട്ടു വയസ്സുകാരിയുടെ മങ്ങിയ ആ ഓർമകൾക്ക് തിളക്കം കുറഞ്ഞിട്ടില്ല. പപ്പക്കൊപ്പം ജീവിച്ച ആ കുറഞ്ഞ കാലം എന്റെ ജീവിതത്തിലെ സുവർണ കാലഘട്ടമായിരുന്നു. പപ്പയുടെ മരണശേഷമാണ് ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞത്.