‘ഇന്നും നാളെയും തോറ്റാലും മറ്റന്നാൾ ജയിക്കാൻ കഴിയുന്ന തലമുറയെ വാർത്തെടുക്കാൻ കഴിയുന്ന കോച്ചുമാർ വേണം’ -കിഷോർ കുമാർ (ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ)
text_fieldsകിഷോർ കുമാർ (ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ)
മുൻകാലങ്ങളിൽ എല്ലാ കായിക ഇനങ്ങളിലും തുടർച്ചയായി നാം ഒന്നാം സ്ഥാനം നേടിയിരുന്ന സമയമുണ്ടായിരുന്നു. അതിൽനിന്ന് കുറച്ച് പിന്നാക്കം പോയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ജീവിതശൈലീ മാറ്റം, ശാസ്ത്രീയ പരിശീലനങ്ങളുടെ കുറവ്, ഗ്രൗണ്ടുകളുടെ അഭാവം തുടങ്ങിയ പല കാരണങ്ങൾ ഇതിനുണ്ട്.
മറ്റു സംസ്ഥാനങ്ങളിലേത് പോലെ മികച്ച സ്റ്റേഡിയങ്ങൾ ഇവിടെയില്ല. ഒരു അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാൻ കഴിയുന്ന ഒരു ഇൻഡോർ സ്റ്റേഡിയം നമുക്കില്ല. കൊച്ചിയിൽ പ്രൈം വോളിബാൾ ലീഗ് നടത്തിയിരുന്നു. എന്നാൽ, വോളിബാളിന്‍റെ പറുദീസയായ കോഴിക്കോട്ട് അത്തരം ടൂർണമെന്‍റുകൾ നടത്താനാവാത്തത് ആ നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം ഇല്ലാത്തതിനാലാണ്.
എന്നിരുന്നാലും, വോളിബാളിൽ ഏറ്റവും മികച്ച നിലയിലാണ് കേരളം ഇപ്പോൾ. ദേശീയ വോളിയിൽ നാം ഒന്നാമതെത്തി. ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഈ ദുർബലമായ അവസ്ഥലയിലും ദേശീയതലത്തിൽ വോളിബാളിൽ ഒന്നും രണ്ടും സ്ഥാനം ഉറപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ട്.
‘‘ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ എനിക്ക് കേരളം മാത്രം മതി’’ എന്ന് പണ്ട് ഒരു ക്യൂബൻ കോച്ച് പറഞ്ഞ കാലഘട്ടം കഴിഞ്ഞുപോയി. ഞാൻ ദേശീയ ടീമിൽ കളിക്കുമ്പോൾ എട്ടു പേർ മലയാളികളായിരുന്നു.
മുൻകാലങ്ങളിൽ ശാരീരികക്ഷമതയുള്ള മനുഷ‍്യരായിരുന്നു കൂടുതൽ. എന്നാൽ, ഇന്ന് അതല്ല അവസ്ഥ. പല കോളജുകളിലും പഴയ താരങ്ങളെ ഉപയോഗിച്ചാണ് ടീമുകൾ ഉണ്ടാക്കുന്നത്. ഈ താരങ്ങളെ 25 വയസ്സ് വരെ കോളജ് ടീമിൽ നിലനിർത്തുന്നു. അതുകൊണ്ട് പുതുതായി വരുന്ന താരങ്ങൾക്ക് അവസരം കുറയുന്നു.
വളരെ ചുരുക്കം കോളജുകളിൽ മാത്രമേ പുതുതായി വരുന്ന താരങ്ങളെ മാത്രം ഉപയോഗിച്ച് ടീം ഉണ്ടാക്കുന്നുള്ളൂ. വിജയം മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ‍്യം. ഇന്നും നാളെയും തോറ്റാലും മറ്റന്നാൾ ജയിക്കാൻ കഴിയുന്ന തലമുറയെ വാർത്തെടുക്കാൻ കഴിയുന്ന കോച്ചുമാർ വേണം. ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കാൻ കോളജ് മാനേജ്മെന്‍റുകളും തയാറാവണം. മക്കളെ സ്പോർട്സ് രംഗത്തേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കളും മുൻകൈയെടുക്കണം. അതിനാവശ‍്യമായ സൗകര്യങ്ങളും നടപടിക്രമങ്ങളും സർക്കാർ ചെയ്തുകൊടുക്കണം.
പടലപ്പിണക്കങ്ങൾ അവസാനിപ്പിച്ച് കളിക്കാർക്ക് പ്രവർത്തിക്കാൻ അസോസിയേഷനുകൾ തയാറാവണം. അങ്ങനെ സർവതല സ്പർശിയായ ഇടപെടലുകളിലൂടെ മാത്രമേ നമുക്ക് മികച്ച കായിക കേരളം പടുത്തുയർത്താനാവൂ. വോളിബാളിന്‍റെ കാര്യമെടുത്താൽ തൊഴിലവസരങ്ങൾ, ലീഗുകൾ തുടങ്ങിയവയിലൂടെ പുതിയ താരങ്ങളെ ആകർഷിക്കാൻ സാധിക്കേണ്ടതുണ്ട്.


