ചില സിനിമകൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നത് കാണുമ്പോൾ ഇതിനേക്കാൾ നൂറിരട്ടി മികച്ച സിനിമകൾ ഇവിടെയുണ്ടല്ലോ എന്ന് തോന്നാറുണ്ട് -മധുപാൽ
text_fieldsമധുപാൽ (നടൻ, സംവിധായകൻ)
കേരളം രൂപവത്കരിച്ചതിന് ശേഷമുണ്ടായിരുന്ന രീതിയല്ല കല-വിനോദ വ്യവസായ രംഗത്ത് ഇന്നുള്ളത്. സാങ്കേതികമായി മികച്ച നിലയിലേക്ക് ഇന്ന് എല്ലാ കലാരൂപങ്ങളും വളർന്നു. കല, സിനിമ, സാഹിത്യം തുടങ്ങിയവ കലാപരമായി മികച്ചുനിൽക്കണം എന്ന സമീപനം ഇന്നത്തെ ചെറുപ്പക്കാർക്കുണ്ട്.
മലയാള സിനിമയെ നോക്കിയിരിക്കുന്ന ഇതര ഭാഷക്കാർ ഉണ്ട് എന്നത് പുതിയ കാലത്തെ ഏറ്റവും വലിയ നേട്ടമാണ്. അന്നും ഇന്നും കണ്ടന്‍റ് ഓറിയന്‍റഡാണ് എന്നതാണ് നമ്മുടെ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഒ.ടി.ടി പ്ലാറ്റ്ഫോം വന്നപ്പോൾ മലയാളത്തിന്‍റെ സ്വീകാര്യത വർധിച്ചു.
ടെക്നോളജി മാത്രമായിപ്പോകുന്ന ഇൻഡസ്ട്രികളുള്ള രാജ്യത്ത് മനുഷ‍്യന്‍റെ ഇമോഷനുകളെ മനസ്സിലാക്കിക്കൊണ്ട് കലാപരമായും സാങ്കേതികമായും മികച്ചുനിൽക്കുന്ന സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നു എന്നത് പുതിയ കാലത്തെ നേട്ടമാണ്. ‘ലോക’ പോലുള്ള സിനിമകൾ ഉണ്ടാകുന്നത് അങ്ങനെയാണ്. പണ്ട് ഉണ്ടായിരുന്നതിനേക്കാൾ മനോഹരമായി സ്വപ്നം കാണുന്നവരാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ.
ഇന്ന് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ മലയാള സിനിമക്ക് സ്വന്തമായി ഇടം കണ്ടെത്താനായിട്ടുണ്ട്. ഒ.ടി.ടി വന്നപ്പോഴുണ്ടായ പ്രധാന ഗുണം പുതിയ സമീപനങ്ങൾ ഉണ്ടാകുന്നു എന്നതാണ്. അതിന്‍റെ ഉദാഹരണങ്ങളാണ് മലയാളത്തിൽ ഉണ്ടാകുന്ന വെബ് സീരീസുകൾ.
ഇതര ഭാഷകളിൽ കൂടി സ്വീകാര്യമാകുന്ന കണ്ടന്‍റാണ് ഇറങ്ങുന്നത്. സിനിമ ഏറ്റവും പെർഫെക്ടായി ചെയ്താൽ മാത്രമേ സ്വീകാര്യത ലഭിക്കൂ എന്ന് തിരിച്ചറിയുന്ന നിർമാതാക്കൾ വന്നതോടെ ബജറ്റ് പ്രധാന തടസ്സമല്ലാതായി. അത് സിനിമയുടെ കലാപരമായും സാങ്കേതികമായുമുള്ള ക്വാളിറ്റി വർധിപ്പിക്കുന്നു. ലോക, എ.ആർ.എം, മിന്നൽ, മുരളി, ആടുജീവിതം, എമ്പുരാൻ, ലൂസിഫർ തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.
സിനിമ എന്നത് ഒരു വ്യവസായത്തിന്‍റെ ഭാഗമായി മാറിയിട്ടില്ല എന്നത് സങ്കടകരമായ കാര്യമാണ്. അതിനുള്ള ശ്രമങ്ങൾ ഇപ്പോൾ സർക്കാർ ചെയ്യുന്നുണ്ട്. ഈയിടെ സംഘടിപ്പിച്ച സിനിമ കോൺക്ലേവ് അതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്.
അഞ്ചോ ആറോ പേരടങ്ങുന്ന ജൂറിയുടെ മുന്നിലേക്കാണ് നാം സിനിമകൾ സമർപ്പിക്കുന്നത്, അവരുടെ മനഃശാസ്ത്രം പ്രവചിക്കാൻ നമുക്ക് സാധിക്കില്ല എന്നാണ് മലയാള സിനിമക്ക് ദേശീയതലത്തിൽ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല എന്ന് പരിഭവിക്കുന്നവരോട് ഞാൻ പറയാറുള്ളത്. ഇതിനേക്കാൾ നൂറിരട്ടി മികച്ച സിനിമകൾ ഇവിടെയുണ്ടല്ലോ എന്ന് ചില സിനിമകൾക്ക് അവാർഡ് ലഭിക്കുന്നത് കാണുമ്പോൾ തോന്നാറുണ്ട്.
ആരംഭകാലം മുതൽതന്നെ സ്ത്രീകൾ പ്രധാന കഥാപാത്രമായിട്ടുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, സംവിധാനം ഉൾപ്പെടെയുള്ള രംഗങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. ഇപ്പോൾ കെ.എസ്.എഫ്.ഡി.സിയുമായി ചേർന്നുകൊണ്ട് വനിതാ സംവിധായകർക്കായി സർക്കാർ ഫിലിം പ്രൊഡക്ഷനുകൾ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ആറു സിനിമകൾ ചെയ്തിട്ടുമുണ്ട്. പുതിയ ആശയങ്ങളും കണ്ടന്‍റുകളുമായി സ്വപ്നം കാണുന്ന ചെറുപ്പക്കാർ വരുന്നിടത്തോളം കാലം മലയാള സിനിമ മാറിക്കൊണ്ടേയിരിക്കും.


