'മമ്മൂക്ക റോപ്പിലാടിവരും, ലാലേട്ടന് നാച്വറലാണ് ഇഷ്ടം' -സിനിമയിലെ 'ഇടി' വിശേഷങ്ങളുമായി മാഫിയ ശശി
text_fieldsസംഘട്ടനം മാഫിയ ശശി എന്ന ടൈറ്റിൽ കാണിക്കുേമ്പാൾ ഇരിപ്പിടത്തിൽ ഒന്നനങ്ങിയിരുന്ന് ആവേശംകൊള്ളുന്നവർ ഏറെയാണ്. 40 വർഷത്തിലേറെയായി ആയിരത്തിലധികം ചിത്രങ്ങളിൽ മാഫിയ ശശി എന്ന പേര് ഇന്ത്യൻ സിനിമ കണ്ടു. നിരവധി ചിത്രങ്ങളിൽ വില്ലനായെത്തി. ആരെയും ആവേശപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കിയ മാസ്റ്റർക്ക് സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമെല്ലാം ആരാധകർ ഏറെയാണ്. മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പൃഥ്വിരാജും ദുൽഖറും അടങ്ങുന്ന യുവതലമുറയും ശശിയുടെ ആക്ഷനു മുന്നിൽ ഇടിച്ചുകയറുകയാണ്.
കാറിൽ ചീറിപ്പാഞ്ഞും ബഹുനില കെട്ടിടത്തിൽനിന്ന് ചാടിയും തലങ്ങും വിലങ്ങും വെടിവെച്ച് വില്ലന്മാരെ കൊന്നൊടുക്കിയും നായകന്മാർ കൈയടിവാങ്ങുമ്പോൾ കണ്ണും കാതും കൂർപ്പിച്ച് സുരക്ഷിതമായി സംഘട്ടനരംഗങ്ങൾ ഒരുക്കിയ സംതൃപ്തിയിലാകും ശശി. ആരെയും കൂസാത്ത ഭാവവും തീക്ഷ്ണമായ നോട്ടവുംകൊണ്ട് പ്രേക്ഷകരെ ഭീതിപ്പെടുത്തുന്ന വില്ലനും സിനിമയിലെ സ്ഥിരം സ്റ്റണ്ട് മാസ്റ്ററുമൊക്കെയായ ശശി യഥാർഥ ജീവിതത്തിൽ ഏറെ സൗമ്യനാണ്. മാഫിയ ശശിയുടെ ഇടി വിശേഷങ്ങളിലേക്ക് കാമറ ഇവിടെ റോൾ ചെയ്യുകയാണ്..
അനിയന് കൂട്ടുപോയി തുടക്കം
പിതാവ് കണ്ണൂർ ചിറക്കൽ സ്വദേശി ബാലനും മാതാവ് സരസ്വതിക്കു മൊപ്പം മദ്രാസിലാണ് ശശി പഠിച്ചതും വളർന്നതും. അനിയൻ ദിനചന്ദ്രന് കൂട്ടുപോയ വഴിയിലാണ് ശശി സിനിമയിലെത്തുന്നത്. ഒരുപാട് സിനിമകളിൽ പ്രേംനസീറിെൻറയും സത്യെൻറയും എം.ജി.ആറിെൻറയും ബാല്യകാലം അവതരിപ്പിച്ചത് അനിയനാണ്.
അക്കാലത്ത് അനിയനൊപ്പം ചിത്രീകരണത്തിനെത്തും. അഭിനയിക്കാൻ അന്നേ ആഗ്രഹമുണ്ടായിരുന്നു. സിനിമക്കാരെയൊക്കെ പരിചയമുണ്ട്. എസ്.എസ്.എൽ.സി കഴിഞ്ഞശേഷമാണ് സിനിമയിലെത്തുന്നത്. ദിനചന്ദ്രൻ അൽപകാലം സിനിമയിൽ തുടർന്നെങ്കിലും നിലവിൽ എൽ.ഐ.സി ഓഫിസറാണ്.
പൂച്ചസന്യാസിയിലെ ഹനുമാൻ
1981ൽ ഹരിഹരൻ സംവിധാനം ചെയ്ത് തെന്നിന്ത്യൻ താരം രാജ്കുമാർ, സേതുപതി, സുകുമാരി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച പൂച്ചസന്യാസിയാണ് ആദ്യചിത്രം. 18 ാം വയസ്സിലാണ് ആദ്യമായി കാമറക്കു മുന്നിലെത്തുന്നത്. നായകനൊപ്പം കോളജ് വിദ്യാർഥിയായി ആദ്യസീൻ. നടൻ രാഘവനായിരുന്നു കോളജ് അധ്യാപകൻ. നാടകം കളിക്കാനായി വരുന്ന വിദ്യാർഥികളുടെ സംഘം. ഹനുമാെൻറ വേഷം മതിയെന്ന് അങ്ങോട്ടുപറഞ്ഞ് കോമഡിതാരമായി എത്തിയാണ് വില്ലൻ വേഷങ്ങളിലേക്കു കടക്കുന്നത്.
അതേ വർഷംതന്നെ രജനികാന്തിനൊപ്പം റാനുവ വീരനും പുറത്തിറങ്ങി. ചിരഞ്ജീവിയുടെ നേതൃത്വത്തിലെ അഞ്ചു വില്ലന്മാരിൽ ഒരാളായി. അങ്ങനെ 40 വർഷങ്ങൾക്കുമുമ്പ് ശശി ആദ്യമായി വില്ലനായി. പിന്നീടങ്ങോട്ട് തെന്നിന്ത്യൻ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. പൂച്ചസന്യാസിയിലെ വേഷമാണ് തമിഴിലേക്ക് എത്തിച്ചത്.
വില്ലൻ ഫൈറ്ററാവുന്നു
വില്ലൻ വേഷങ്ങളിൽ തുടരുന്നതിനിടയിലാണ് ഫൈറ്ററാകുന്നത്. ആയോധനകലകൾ പഠിച്ചതിനാൽ പുതിയ ജോലി എളുപ്പമായി.മദ്രാസ് ക്രിസ്ത്യൻ കോളജ് സ്കൂളിൽ പഠിക്കുേമ്പാൾ രണ്ടു വർഷക്കാലം കണ്ണൂരിലെത്തിയതാണ് വഴിത്തിരിവായത്. ചിറക്കൽ മന്നയിൽ ചന്ദ്രശേഖരൻ ഗുരിക്കളുടെ കളരിയിൽ ശിഷ്യനായി.
അടവും തടവും പഠിച്ചു. സ്വന്തം ഇഷ്ടത്തിനാണ് കളരിക്ക് ചേർന്നത്. രണ്ടു വർഷം നാട്ടിലെ സ്കൂൾപഠനവും കളരിയും പൂർത്തിയാക്കി മദ്രാസിലേക്ക് മടങ്ങി. ശശിയുടെ സിനിമാബന്ധം മനസ്സിലാക്കിയ ഗുരിക്കളും സിനിമയിൽ ഭാഗ്യപരീക്ഷണത്തിനായി ശിഷ്യനൊപ്പം മദ്രാസിലേക്ക് വണ്ടികയറി. ചില്ലറ വടക്കൻപാട്ട് കഥകൾ എഴുതിയിരുന്ന ഗുരിക്കളും കലാകാരനായിരുന്നു. സിനിമയിൽ സജീവമായില്ലെങ്കിലും നടീനടന്മാരെ കളരി പഠിപ്പിക്കുന്നതിൽ അദ്ദേഹം പിന്നീട് പ്രശസ്തനായി.
അഞ്ചു വർഷം ഫൈറ്ററായും സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റൻറായും പ്രവർത്തിച്ചശേഷമാണ് ശശിയെന്ന സ്വതന്ത്ര സ്റ്റണ്ട് മാസ്റ്റർ പിറക്കുന്നത്. 'ഇപ്പോഴൊക്കെ ഒരു ചിത്രത്തിൽ ഫൈറ്ററായാൽതന്നെ ആളുകൾ സ്റ്റണ്ട് മാസ്റ്ററാവുകയാണ്. സിനിമയിൽ ഏറ്റവും റിസ്ക്കുള്ള ജോലിയാണ് സ്റ്റണ്ട് മാസ്റ്ററുടേത്. ജയെൻറ മരണത്തിന് കാരണമായ കോളിളക്കം സിനിമയിലെ ഫൈറ്റൊക്കെ ചെയ്ത പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ വിജയൻ മാഷുടെ കീഴിലാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് തെലുങ്കിൽ രാജുമാഷ്. അവസാനം ത്യാഗരാജൻ മാഷുടെ അസിസ്റ്റൻറായി'.
പപ്പയുടെ സ്വന്തം സ്റ്റണ്ട് മാസ്റ്റർ
മമ്മൂട്ടിയുടെ എവർഗ്രീൻ ചിത്രം 'പപ്പയുടെ സ്വന്തം അപ്പൂസി'ലാണ് സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററാവുന്നത്. സംവിധായകൻ ഫാസിലിനോട് ചോദിച്ചുവാങ്ങിക്കുകയായിരുന്നു. അദ്ദേഹം യെസ് പറഞ്ഞതോടെ ആദ്യമായി മലയാള സിനിമയിൽ സ്വതന്ത്ര ചുമതല. ഏറെക്കാലം ചെയ്തുകൊണ്ടിരിക്കുന്ന ജോലിയായതിനാൽ ടെൻഷനൊന്നും ഉണ്ടായില്ല. ഐ.വി. ശശിയുടെ കള്ളനും പൊലീസും, സിബി മലയിലിെൻറ വളയം, പപ്പയുടെ സ്വന്തം അപ്പൂസിെൻറ തമിഴ് പതിപ്പ് കിളിപേച്ച് കേക്കവാ... അങ്ങനെ പോകുന്നു അടിപ്പടങ്ങൾ. ഒരാഴ്ചയൊക്കെ നീണ്ടുനിൽക്കുന്ന സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം ചുരുങ്ങിയ ദിവസങ്ങൾെകാണ്ട് എടുത്തുതീർക്കുന്നതിനാൽ നിരവധി സംവിധായകർ ശശിയെന്ന മാസ്റ്ററെ തേടിവന്നു.
മാഫിയ ശശിയാവുന്നു
മാഫിയ ശശി എന്ന പേരുകേട്ട് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏതെങ്കിലും മാഫിയയുടെ ഭാഗമായി സിനിമയിൽ വന്നയാളാണോ എന്നുവരെ ചിന്തിച്ചവരുണ്ട്. തുടക്കത്തിൽ ശശിധരൻ എന്നായിരുന്നു ടൈറ്റിൽ. രണ്ടു ചിത്രങ്ങളിൽ സഹപ്രവർത്തകെൻറ പേരുകൂടി ചേർത്ത് 'കറുപ്പയ്യ-ശശി' എന്നായിരുന്നു വന്നിരുന്നത്.
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ആർ.കെ. നായർ വഴിയാണ് ബോളിവുഡിലെത്തുന്നത്. പരമാവധി വേഗത്തിൽ സംഘട്ടനരംഗങ്ങൾ ചെയ്തുതീർക്കുന്ന ആരെങ്കിലും ഉണ്ടോയെന്ന് ബോംബെയിൽനിന്ന് എത്തിയ അന്വേഷണത്തിന് മറുപടിയായി അദ്ദേഹം ശശിയുടെ പേരു പറഞ്ഞു. ഫാസിലിെൻറ കിളിപേച്ച് കേക്കവാ അന്ന് മദ്രാസിലെ തിയറ്ററുകളിൽ ഓടുന്നുണ്ടായിരുന്നു. ബോംബെക്കാർ ആ ചിത്രം കാണാനിടയായി.
രണ്ടു ദിവസംകൊണ്ടാണ് സംഘട്ടന രംഗങ്ങൾ എടുത്തതെന്ന് മനസ്സിലായപ്പോൾ കക്ഷികൾ ഫ്ലാറ്റ്. അങ്ങനെയാണ് അസീസ് അജാവൽ സംവിധാനം ചെയ്ത ധർമേന്ദ്രചിത്രം മാഫിയയിലൂടെ ബോളിവുഡിൽ എത്തുന്നത്. 15 ഫൈറ്റായിരുന്നു ചിത്രത്തിൽ. രണ്ടു ദിവസംകൊണ്ട് ഓേരാന്നും തീർത്തു. ബോളിവുഡുകാർക്കത് അത്ഭുതമായിരുന്നു. സാധാരണ ഒരാഴ്ചയിലേറെ സമയമെടുത്താണ് അവിടെയൊക്കെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. നടൻ ധർമേന്ദ്ര 'മാഫി' എന്നായിരുന്നു വിളിച്ചിരുന്നത്. മറ്റുള്ളവരും ആ വിളി തുടർന്നു. അതൊരു ലക്കി പേരായി തോന്നിയപ്പോൾ കൂടെ കൂട്ടി. അങ്ങനെയാണ് ശശി 'മാഫിയ'ക്കാരനാവുന്നത്.
അപകടം പതിയിരിക്കുന്ന ജോലി..
സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടും അപകടസാധ്യതയുമുള്ള പണിയാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കൽ. ഉയർത്താൻ ഉപയോഗിക്കുന്ന കയർ, സുരക്ഷാമെത്ത, അപകടകരമായ രംഗങ്ങൾ ചിത്രീകരിക്കുേമ്പാൾ കൂടിനിൽക്കുന്നവരുടെ സുരക്ഷ തുടങ്ങിയവയിൽ ശ്രദ്ധവേണം. മമ്മൂക്കയും ലാലേട്ടനും പോലെയുള്ള സീനിയർ താരങ്ങളുടെ ചിത്രങ്ങൾ ചെയ്യുേമ്പാൾ ശ്രദ്ധ ഒന്നുകൂടെ വർധിക്കും.
വർഷങ്ങളായി സ്റ്റണ്ട് മാസ്റ്ററാണെങ്കിലും സിനിമയിൽ ഇതുവരെ അപകടമൊന്നുമുണ്ടായിട്ടില്ല.കുട്ടിക്കാനത്ത് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുേമ്പാൾ കാറിൽ ലോറിയിടിച്ച് അപകടമുണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിൽ വന്നിടിക്കുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ് ഒരാഴ്ച വിശ്രമം വേണ്ടിവന്നു.
ശങ്കർ നായരുടെ പഴയൊരു പടത്തിൽ അഭിനയിക്കുേമ്പാൾ കയർ പൊട്ടി വീണിട്ടുണ്ട്. അന്നൊക്കെ ഇന്നത്തെപ്പോലെ ഗ്രാഫിക്സൊന്നും ഇല്ലാത്തതിനാൽ കയർ എഡിറ്റുചെയ്ത് മാറ്റാനാവില്ല. അതുകൊണ്ടുതന്നെ സിനിമയിൽ കാണാനാവാത്തവിധത്തിൽ നേരിയ കയറാണ് ഉപയോഗിച്ചിരുന്നത്. തൂക്കം താങ്ങാനാവാതെ കയർപൊട്ടി 15 അടി മേലെ നിന്ന് താഴെവീണു. സുരക്ഷക്കായി മെത്തയും മറ്റും ഒരുക്കിയിരുന്നെങ്കിലും അതിനപ്പുറമാണ് വീണത്.
മമ്മൂക്ക റോപ്പിലാടിവരും, ലാലേട്ടന് നാച്വറലാണ് ഇഷ്ടം
രണ്ടുപേർക്കും അവരുടേതായ ശൈലിയുണ്ട്. മമ്മൂക്കക്ക് കനത്ത ഇടികളോടാണ് താൽപര്യം. റോപ്പിൽ ആടിയെത്തി പവറുള്ള ആക്ഷൻ രംഗങ്ങളാണെങ്കിൽ പുള്ളി ഹാപ്പി. ലാലേട്ടൻ നാച്വറലായ സംഘട്ടന രംഗങ്ങൾ ഇഷ്ടപ്പെടുന്നയാളാണ്. എത്ര അപകടസാധ്യതയുള്ള രംഗങ്ങളാണെങ്കിലും രണ്ടുപേരും നോ പറയാറില്ല. പാട്ടിനും തമാശക്കുമൊപ്പം ആക്ഷനും പ്രാധാന്യമുണ്ടെന്ന് അവർക്കറിയാം.
രജനികാന്തിന്റെ നീക്കങ്ങൾക്ക് പ്രത്യേകഭംഗിയാണ്. ആക്ഷൻ ഹീറോ സുരേഷ് ഗോപി ഈ പ്രായത്തിലും നന്നായി ഫൈറ്റ് ചെയ്യും. സംവിധായകന്റെ നിർദേശപ്രകാരമാണ് രംഗങ്ങൾ ഒരുക്കുക. പ്രോജക്ടിന്റെ തുടക്കത്തിൽതന്നെ സംവിധായകനും തിരക്കഥാകൃത്തിനുമൊപ്പമിരുന്ന് രംഗങ്ങൾ ചർച്ചചെയ്യും. മാസുവേണോ ഫാമിലി തല്ലു വേണോ എന്നൊക്കെ തീരുമാനിക്കും.
പൃഥ്വി പെട്ടെന്ന് മനസ്സിലാക്കും,ദിലീപ് ചിരിപ്പിക്കും...
യുവതാരങ്ങളെല്ലാം കഥാപാത്രത്തിെൻറ പൂർണതക്കായി ഏതറ്റംവെരയും പോകുന്നവരാണ്. പൃഥ്വിരാജ് സംഘട്ടന രംഗങ്ങൾ പെെട്ടന്ന് മനസ്സിലാക്കും. ഒരിക്കൽ കാണിച്ചാൽ മതിയാവും. ഫൈറ്റർമാർ കാണിച്ചു
കൊടുക്കുന്നത് പൂർണതയിൽ ചെയ്യും. പുതിയ തലമുറയിലെ ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം നന്നായി ഫൈറ്റ് രംഗങ്ങൾ ചെയ്യുന്നവരാണ്. ദിലീപ് ചിത്രമാണെങ്കിൽ സംഘട്ടന ചിത്രീകരണ സമയത്തും തമാശ പറഞ്ഞ് ചിരിപ്പിക്കും.
ദുൽഖറിന്‍റെ ആദ്യ പടമായ സെക്കൻഡ് ഷോയിൽ തന്നെ 'അടിക്കാൻ' സഹായിക്കാനായി. ഇതിൽ ഇടവേളയില്ലാതെ സീൻ കട്ടുപറയാതെ നാലു മിനിറ്റോളം ഫൈറ്റ് ചെയ്തു. പുതുമുഖമായിട്ടും പതറാതെ മനോഹരമായി ദുൽഖർ അതുചെയ്തു. പ്രണവ് മോഹൻലാൽ സാഹസികത ഇഷ്ടപ്പെടുന്നയാളാണ്. ഒരു കെട്ടിടത്തിൽനിന്ന് മ
റ്റൊന്നിലേക്ക് ചാടുന്നതു കാണുേമ്പാൾ കണ്ടുനിൽക്കുന്നവർക്ക് ഭയമാകും. പർവതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ് തുടങ്ങിയവയിലും പരിചയമുണ്ട്.
ഡ്യൂപ് പേരിനുമാത്രം
സിനിമയിൽ നിലത്തുവീണ് ഉരുളുന്നതും ചളിയിൽ കിടന്ന് അടിക്കുന്നതുമെല്ലാം മമ്മൂക്കയും ലാലേട്ടനുമൊക്കെ തന്നെയാണ്. പലർക്കും സംശയമുണ്ട്, സംഘട്ടന രംഗങ്ങളെല്ലാം ഡ്യൂപ്പിനെ വെച്ചാണ് ചെയ്യുന്നതെന്ന്. വലിയ ഉയരത്തിൽനിന്ന് ചാടുന്നതു
പോലെ റിസ്ക്കുള്ള കാര്യങ്ങൾ മാത്രമേ ഡ്യൂപ്പുകൾ ചെയ്യുന്നുള്ളൂ. ഇപ്പോൾ ഗ്രാഫിക്സ് ഉപയോഗിക്കുന്നതിനാൽ ചാട്ടവും നായകർതന്നെയാണ്. രംഗങ്ങൾ അഭിനയിച്ചുകാണിക്കാൻ മാത്രമാണ് ഡ്യൂപ്പുകളെ ഉപയോഗിക്കുന്നത്. വയലിൽ ഒക്കെയാണ് ഷൂട്ടിങ്ങെങ്കിൽ അസ്സൽ ചളിയിലാവും ഫൈറ്റ്. പലർക്കും സംശയമുണ്ട്, ഇതൊക്കെ ഡ്യൂപ്പിനെവെച്ചല്ലേ ചെയ്യുന്നതെന്ന്. ചളിയിലും വെള്ളത്തിലുമൊന്നും അടികൂടാൻ മലയാളത്തിലെ താരങ്ങൾക്ക് മടിയില്ല.
ചിലയിടത്തു മാത്രമേ ചളി സെറ്റിടേണ്ടിവരാറുള്ളൂ. ചേസിങ് രംഗങ്ങൾ ചിത്രീകരിക്കുേമ്പാഴും അപകടസാധ്യതയേറെയാണ്. കാർ, ബൈക്ക് ജംപിങ്ങൊക്കെ പരിചയസമ്പന്നരാണ് ചെയ്യുക. സിനിമയിൽ കഥാപാത്രങ്ങൾക്ക് തീപിടിക്കുന്നതും തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നതും റിസ്ക്കാണ്.
ഇതിനായി പ്രത്യേകം ഫയർ വസ്ത്രമുണ്ട്. ഇതിന് മുകളിലാണ് തീ കൊടുക്കുക. ശ്വാസം പിടിച്ചുനിൽക്കാനാവുന്നത്രയും സമയം കത്തിക്കും. മൂന്നും നാലും മിനിറ്റ് കത്തിനിൽക്കാൻ കഴിയുന്നവരുണ്ട്. അവസാനം കഥാപാത്രം നിലത്തുവീണാൽ ഫയർമാൻ തീ കെടുത്തി മോചിതനാക്കും.
വാഹനങ്ങൾ ജംപ് ചെയ്യിക്കാനും ഉയരത്തിൽനിന്ന് ചാടാനുമെല്ലാം പരിശീലനം ലഭിച്ച വിദഗ്ധരുണ്ട്. എല്ലാ അടവും പഠിച്ചശേഷമാണ് ഒരാൾ ഫൈറ്ററാവുന്നത്. കൊല്ലത്തിലൊരിക്കൽ സൗത്ത് ഇന്ത്യൻ സിനി സ്റ്റണ്ട് ഡയറക്ടർ ആൻഡ് സ്റ്റണ്ട് ആർട്ടിസ്റ്റ്സ് യൂനിയൻ നേതൃത്വത്തിൽ ടെസ്റ്റ് നടക്കും. 19 വിദഗ്ധരുടെ നേതൃത്വത്തിലാണ് കഴിവ് വിലയിരുത്തപ്പെടുക. വടിപ്പയറ്റ്, കുതിരസവാരി തുടങ്ങിയവയും പഠിക്കാനുണ്ട്.
ലോഹിയെ ഉപദ്രവിച്ചയാളെ വെറുതെവിടാനായില്ല
സിനിമയിൽ തല്ലാനും കൊല്ലാനും പഠിപ്പിക്കുന്ന, വില്ലൻ വേഷങ്ങളിലെത്തുന്ന ശശി ജീവിതത്തിൽ ഏറെ സൗമ്യനാണ്. ആരുമായും വഴക്കിന് പോകാറില്ല. ഒരിക്കൽ മാത്രമാണ് ജീവിതത്തിൽ സ്റ്റണ്ട് മാസ്റ്ററാകുന്നത്. ദിലീപും ലാലും നായകരായെത്തിയ ലോഹിതദാസ് ചിത്രം ഓർമച്ചെപ്പിെൻറ ഷൂട്ട് പൊള്ളാച്ചിയിൽ പുരോഗമിക്കുകയായിരുന്നു.
റോഡിൽ ചിത്രീകരണം നടക്കുേമ്പാൾ മദ്യപിച്ചെത്തിയ ഒരാൾ ഷൂട്ടിങ് തടയാനും ലോഹിതദാസി നെ ആക്രമിക്കാനും ശ്രമിച്ചു. ഭാഷയറിയുന്നതിനാൽ അയാളെ പിടിച്ചുമാറ്റാനെത്തിയപ്പോൾ അയാൾ ശശിയുടെ നേർക്കും ആക്രോശിച്ചെത്തി പിടിച്ചുതള്ളി. ഇതോടെ ശശിയും നടൻ ബാബുരാജും ചേർന്ന് വില്ലനെ കൈകാര്യം ചെയ്തു.
ഷൂട്ടിങ് അലങ്കോലമാക്കാൻ എത്തിയയാൾ ആ നാട്ടിലെ രാഷ്ട്രീയ നേതാവും പ്രമാണിയുമാണെന്ന് പിന്നീടാണ് അറിയുന്നത്. ഇതോടെ തിരിച്ചടിയുണ്ടായി ഷൂട്ടിങ് മുടങ്ങുമെന്ന സ്ഥിതിവന്നു. സാധനങ്ങൾപോലുമെടുക്കാതെ ശശിയെയും ബാബുരാജിനെയും ലോറിയിൽ സ്ഥലത്തുനിന്നു മാറ്റിയ ലോഹിതദാസ് ഷൂട്ടിന് പാക്കപ് പറഞ്ഞു. പിന്നീട് മൂന്നാറിലാണ് രംഗങ്ങൾ ചിത്രീകരിച്ചത്.
അഭിനയത്തെക്കാൾ ഇഷ്ടം സ്റ്റണ്ട്
ആയിരത്തിലേറെ ചിത്രങ്ങൾക്ക് സംഘട്ടനവും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ശശിക്ക് സ്റ്റണ്ട് തന്നെയാണ് അഭിനയത്തേക്കാൾ ഇഷ്ടം. അഭിനേതാക്കളുടെ സുരക്ഷയാണ് പ്രധാനം. വസ്ത്രാലങ്കാരം, ഡബിങ് തുടങ്ങിയ മറ്റു മേഖലകൾക്ക് ലഭിക്കുന്നതുപോലെയുള്ള അംഗീകാരങ്ങൾ സംഘട്ടനത്തിന് ലഭിക്കാത്തതിൽ പരിഭവമൊന്നും ശശിക്കില്ല. പ്രേക്ഷകരുടെ മനസ്സിലും കൈയടിയിലുമാണ് തനിക്കുള്ള അംഗീകാരമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കണ്ണൂർ ചിറയിൻകീഴ് പുതിയവീട്ടിൽ ബാലന്റെയും സരസ്വതിയുടെയും മകനായി ജനിച്ച മാഫിയ ശശി ഏറെക്കാലമായി കുടുംബത്തോടൊപ്പം ചെന്നൈയിലാണ്. പിതാവിന് അവിടെ ബിസിനസായതിനാൽ വളർന്നതും പഠിച്ചതും ചെന്നൈയിലായിരുന്നു. കണ്ണൂരിലെ ചിറക്കൽ രാജാസ് സ്കൂൾ, മദ്രാസ് ക്രിസ്റ്റ്യൻ കോളജ് സ്കൂൾ എന്നിവിടങ്ങളിൽനിന്നു വിദ്യാഭ്യാസം നേടി.
തൃശൂർ സ്വദേശിനി ശ്രീദേവിയാണ് ഭാര്യ. വിഷ്വൽ കമ്യൂണിക്കേഷനും അഭിനയവും കാമറയും പഠിച്ചശേഷം മകൻ സന്ദീപും അച്ഛനൊപ്പം ഈ മേഖലയിലുണ്ട്. തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചു. മകൾ സന്ധ്യ കാർത്തിക് വിവാഹശേഷം ദുബൈയിലാണ്. റോഷൻ ആൻഡ്രൂസിെൻറ നിവിൻ പോളി ചിത്രം, സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' തുടങ്ങിയവയാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന ചിത്രങ്ങൾ.
●