സ്വത്തുക്കൾ വീതം വെച്ചപ്പോൾ തന്‍റെ വിഹിതം സഹോദരിമാർക്ക് മാറ്റിവെക്കുകയാണ് അച്ഛൻ ചെയ്തത് -മൃദുല വാര്യർ
text_fieldsമൃദുല വാര്യർ (ഗായിക)
ചിട്ടയോടെ ജീവിക്കുന്ന വ്യക്തിയാണ് അച്ഛൻ. എല്ലാ കാര്യത്തിലും ആ ചിട്ട കാണും. ഞങ്ങളെയും ചിട്ടയിൽ ജീവിക്കാൻ അദ്ദേഹം പഠിപ്പിച്ചു. ഒരുപാട് അംഗങ്ങളുള്ള കുടുംബത്തിലാണ് അച്ഛൻ പി.വി. രാമൻകുട്ടി വാര്യർ വളർന്നത്.
കുറെ സഹോദരിമാരുണ്ട്. ആർക്കും ജോലിയുണ്ടായിരുന്നില്ല. 27ാം വയസ്സിൽ അച്ഛന് സർക്കാർ ജോലി കിട്ടി. സ്വത്തുക്കൾ വീതം വെച്ചപ്പോൾ തന്‍റെ വിഹിതം സഹോദരിമാർക്ക് മാറ്റിവെക്കുകയാണ് അച്ഛൻ ചെയ്തത്. തനിക്ക് ജീവിക്കാൻ ജോലിയുണ്ടല്ലോ. തന്‍റെ വിഹിതം കൂടി കൂടിയാൽ സഹോദരിമാർക്ക് കുറച്ചുകൂടി സാമ്പത്തികമായി മെച്ചമുണ്ടാവുമല്ലോ -അതായിരുന്നു അച്ഛന്‍റെ നയം.
മഞ്ചേരിയാണ് അദ്ദേഹത്തിന്റെ നാട്. ജോലി കോഴിക്കോട്ടായതിനാൽ താമസം ഇവിടേക്ക് മാറി. കോഴിക്കോട്ടുനിന്നാണ് വിവാഹവും കഴിച്ചത്.
കരിയറിൽ നല്ല പ്രോത്സാഹനം നൽകി. അമ്മക്ക് അച്ഛൻ നല്ല ബഹുമാനം നൽകിയിരുന്നു. വാക്കുകൾക്ക് വില കൽപിച്ചിരുന്നു. അവരുടെ പരസ്പര ബഹുമാനം കണ്ട് വളർന്നതിനാൽ ജീവിതം തുടങ്ങുമ്പോൾ അത് ഞങ്ങൾക്കും വലിയ സഹായമായിരുന്നു.