‘മനസ്സിലെ പ്ലാനുകൾ യാഥാർഥ‍്യമായാൽ അടുത്തതായി ഞാൻ സംവിധാനം ചെയ്യും’ -സിനിമ വിശേഷങ്ങളുമായി നരേൻ
text_fieldsനരേൻ. ചിത്രങ്ങൾ: സജീഷ് എടപ്പറ്റ
മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് നരേൻ. താരം സിനിമയിലെത്തിയിട്ട് കാൽ നൂറ്റാണ്ടാകാറായി. ഇക്കാലത്തിനിടെ മലയാളത്തിലും തമിഴിലും ഒരുപോലെ സ്വന്തം ഇടം കണ്ടെത്താൻ അദ്ദേഹത്തിനായി.
‘ക്ലാസ്മേറ്റ്സി’ലെ മുരളി ഉൾപ്പെടെ മലയാളി നെഞ്ചേറ്റിയ നിരവധി കഥാപാത്രങ്ങൾ. സിനിമ വിശേഷങ്ങൾ ‘മാധ‍്യമം കുടുംബ’വുമായി പങ്കുവെക്കുകയാണ് നരേൻ...
സിനിമയിലെത്തിയിട്ട് കാൽനൂറ്റാണ്ടാകാൻ പോകുന്നു. സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ്?
രാജീവ് മേനോൻ സാറിന്‍റെ അസിസ്റ്റൻറ് കാമറമാനായി വർക്ക് ചെയ്യുമ്പോഴാണ് ‘നിഴൽക്കൂത്ത്’ സിനിമയിൽ അഭിനയിക്കാൻ അടൂർ ഗോപാലകൃഷ്ണൻ സാർ വിളിക്കുന്നത്. മങ്കട രവിവർമ സാറായിരുന്നു ഛായാഗ്രഹണം. ചീഫ് അസോസിയേറ്റ് കാമറാമാനായി സണ്ണി ജോസഫ് സാറുമുണ്ടായിരുന്നു.
അതിൽ കാമറ അസിസ്റ്റന്‍റായി വർക്ക് ചെയ്യാനും കഴിഞ്ഞു. അടൂർ സാറിന്‍റെ കൂടെ തുടങ്ങുന്നു എന്നത് വലിയൊരു അനുഗ്രഹവും അനുഭവവും ആയിരുന്നു.
വീണ്ടും ചാൻസ് അന്വേഷിച്ചു നടക്കുന്ന സമയത്താണ് ജയരാജ് സാറിന്‍റെ ‘ഫോർ ദ പീപ്പിളി’ൽ അവസരം ലഭിക്കുന്നത്. നാലുപേരിൽ ഒരാളായി എന്നെ സെലക്ട് ചെയ്തു. ഷൂട്ടിങ്ങിന്‍റെ തലേദിവസം എന്‍റെ വേഷം പൊലീസ് ഓഫിസറാക്കി മാറ്റുകയായിരുന്നു.
പിന്നീട് ഒരു വർഷത്തോളം പ്രോജക്ട് ഒന്നും ഉണ്ടായിട്ടില്ല. അപ്പോഴാണ് ‘അച്ചുവിന്‍റെ അമ്മ’ വരുന്നത്. അവർക്കൊരു പുതുമുഖം വേണമെന്നാണ് പറഞ്ഞിരുന്നത്. ‘ഫോർ ദി പീപ്പിളി’നുശേഷം അഭിനയിക്കാത്തത് ഗുണം ചെയ്തു.
ആ സമയത്ത് ശരത്ചന്ദ്രൻ വയനാടിന്‍റെ ‘അന്നൊരിക്കൽ’ കൂടി ചെയ്തിരുന്നു. ഒരുപാട് ഫൈറ്റുകൾ ഉള്ള പടമായിരുന്നു. രണ്ടുതവണ ആശുപത്രിയിലായി. അത് മറ്റൊരു തരം അനുഭവം. ‘അച്ചുവിന്‍റെ അമ്മ’ കഴിഞ്ഞ ഉടൻ തമിഴിലേക്ക് പോകുന്നു. അത് ആഗ്രഹിച്ചു പോയതല്ല. ഒരു സുഹൃത്ത് വിളിച്ചപ്പോൾ പോയതാണ്.
ഇപ്പോൾ പോയാൽ ശരിയാവില്ല, ‘അച്ചുവിന്‍റെ അമ്മ’ റിലീസാകാനുണ്ട് എന്നൊക്കെ പറഞ്ഞെങ്കിലും സുഹൃത്ത് ‘‘ഞാൻ നിന്‍റെ പേര് പറഞ്ഞുപോയി. സംവിധായകൻ കേരളത്തിൽ വരുന്നുണ്ട്. അപ്പോൾ കഥ കേട്ട് നോ പറഞ്ഞോളൂ’’ എന്ന് പറഞ്ഞു. എന്നാൽ, കഥ കേട്ടപ്പോൾ നോ പറയാൻ തോന്നിയില്ല. അങ്ങനെയാണ് മിഷ്കിന്‍റെ ‘ചിത്തരം പേശുതടി’ ചിത്രത്തിലൂടെ തമിഴിൽ എത്തിപ്പെടുന്നത്.
അതിനുശേഷം അവിടെ ഒരുപാട് പടങ്ങൾ ലഭിക്കുന്നു. അതോടൊപ്പം കേരളത്തിൽ വന്ന് ‘ക്ലാസ്മേറ്റ്സ്’ ചെയ്യുന്നു. അത് ഒരു അപ് ലിഫ്റ്റിങ് നൽകുന്നു. പിന്നീട് മിഷ്കിന്‍റെ തന്നെ ഒരു പടം കൂടി തമിഴിൽ ചെയ്യുന്നു. അതും ഹിറ്റാകുന്നു. അങ്ങനെ കുറെ ഹിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ തുടങ്ങുന്നു.
ചില ചിത്രങ്ങൾ എന്‍റേതല്ലാത്ത കാരണത്താൽ ബ്ലോക്ക് ആവുന്നു. അതിനിടെ വീണ്ടും ഞാൻ മലയാളത്തിൽ വരുന്നു. പിന്നീട് ഒരു ഹിറ്റ് ഉണ്ടാകുന്നത് തമിഴിൽ തന്നെയാണ്. ‘കൈതി’ സൂപ്പർ ഹിറ്റാവുന്നു. ശേഷം ‘വിക്ര’മും ഹിറ്റാവുന്നു. അതിനുശേഷം മലയാളത്തിൽ ഫോക്കസ് ചെയ്യുകയായിരുന്നു ലക്ഷ്യം.
ഓരോ തവണ മലയാളത്തിൽ ഫോക്കസ് ചെയ്യുമ്പോഴും ഓരോ പ്രശ്നങ്ങൾ വരും. ഒരിക്കൽ ഇവിടെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് തമിഴിൽ ഹിറ്റുണ്ടായത്. അപ്പോൾ വീണ്ടും തമിഴിൽ ശ്രദ്ധിക്കേണ്ടിവന്നു. പിന്നീട് ജൂഡ് ആന്‍റണിയുടെ ‘2018’ൽ മലയാളത്തിൽ വരുന്നു.
ശേഷം ‘ക്വീൻ എലിസബത്ത്’ ചെയ്തു. അതിനുശേഷം ‘സാഹസം’. ഇപ്പോൾ അമൽ കെ. ജോബിയുടെ ‘ആഘോഷം’ ചെയ്യുന്നു. വീണ്ടും കറങ്ങി തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച്?
തമിഴിൽ പ്രശ്നമുണ്ടായിട്ടുള്ളത് ഏറ്റവും വലിയ പ്രൊഡ്യൂസർമാരുടെ ചിത്രങ്ങൾക്കാണ്. അവരുടെ ആദ്യ പടത്തിൽ ഞാൻ അഭിനയിക്കുമ്പോഴാണ് ഒരിക്കൽ പ്രശ്നമുണ്ടായത്. ഷൂട്ട് ചെയ്തിട്ട് പടം നിർത്തിവെച്ചു.
അത് മൊത്തത്തിൽ നമ്മെ മാനസികമായി തളർത്തും. കാരണങ്ങൾ തിരഞ്ഞ് പിന്നാലെ പോകും. വീണ്ടും തടസ്സങ്ങൾ. വീണ്ടും തിരഞ്ഞുപോകും. കുറേ കാര്യങ്ങൾ മനസ്സിലാക്കുകയും കണ്ടുപിടിക്കുകയും ചെയ്യും. പലതിനും ഉത്തരങ്ങൾ ലഭിക്കും. ക്ലിയർ ചെയ്യാൻ ശ്രമിക്കും. ചിലത് പറ്റും. അങ്ങനെ യാഥാർഥ‍്യങ്ങളെ സ്വീകരിക്കും.
പിന്നീട് മാനസികമായി നമ്മളെ ഡൗൺ ആക്കുന്ന ഫലങ്ങളായിരിക്കും മിക്കവാറും സ്ഥലങ്ങളിൽ. അതിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്നല്ലേ പറ്റൂ. അതിന് നമ്മുടേതായ ഫിലോസഫി ഉണ്ടാക്കണം. എന്നിട്ട് മുന്നോട്ടുപോകും.
തമിഴിലേക്ക് ഷിഫ്റ്റ് ചെയ്തതുകൊണ്ടുള്ള പ്രശ്നങ്ങളായിരുന്നോ മലയാളത്തിൽ സംഭവിച്ചത്?
തീർച്ചയായും. എല്ലാവരും ഒരു ഇൻഡസ്ട്രിയിൽ തുടങ്ങി അതിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മാർക്കറ്റ് ഉണ്ടാക്കിയ ശേഷമാണ് മറ്റു ഭാഷകൾ നോക്കുക. ഇവിടെ എല്ലാ നടന്മാരും മിനിമം പത്തോ പതിനഞ്ചോ ചിത്രങ്ങൾ പൂർത്തീകരിച്ച ശേഷമാണ് മറ്റു ഭാഷകളിലേക്ക് പോയിട്ടുള്ളത്. ഞാൻ രണ്ടാമത്തെ പടം റിലീസാകുംമുമ്പുതന്നെ തമിഴിലേക്ക് പോയി.
എന്‍റെ ആദ്യ തമിഴ് പടം 125 ദിവസം ഓടി. അത് വിജയിച്ചതുകൊണ്ടാണ് വീണ്ടും തമിഴ് പടങ്ങൾ ലഭിച്ചത്. അന്നത്തെ അവസ്ഥയിൽ മലയാളിയായ എനിക്ക് പിന്നെ ചാൻസ് ലഭിച്ചുകൊള്ളണമെന്നില്ല. അന്ന് എനിക്കുവന്ന പല നല്ല മലയാളം പടങ്ങളും ഒഴിവാക്കി.
ഇതൊക്കെ മലയാളത്തിൽ പ്രശ്നമുണ്ടാകാൻ കാരണമായിരിക്കാം. എന്നാൽ, തമിഴിൽ എന്‍റെ പല ചിത്രങ്ങൾക്കും നിർമാണ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാലുമാസം കൊണ്ട് തീരേണ്ട പടം പത്തുമാസം ഒക്കെ എടുത്തു. ആദ്യ തമിഴ് ചിത്രം ‘ചിത്തരം പേശുതടി’ 60 ദിവസത്തെ ഷൂട്ടിന് പോയതാണ്. അത് ഒമ്പതുമാസം എടുത്തു.
‘അച്ചുവിന്‍റെ അമ്മ’ക്ക് ശേഷം ഒരുപാട് ചിത്രങ്ങൾ മിസ്സായി. അത് സൂപ്പർ ഹിറ്റായശേഷം മലയാളത്തിൽ ഒരുപാട് ചാൻസ് വന്നെങ്കിലും ആ സമയത്ത് വേറൊരു ഗെറ്റപ്പിൽ താടിയും മീശയും വളർത്തിനിൽക്കുകയായിരുന്നു. എന്നിരുന്നാലും തമിഴ് സിനിമക്കാരോട് എനിക്കിത് പറ്റില്ല എന്നുപറഞ്ഞ് മലയാളത്തിലേക്ക് പോരാമായിരുന്നു.
പക്ഷേ, അപ്പോൾ ആ പടം നിന്നുപോകും. അത് ധാർമികമായി ശരിയല്ലല്ലോ. അതേസമയം, അയാൾക്ക് തമിഴിലാണ് താൽപര്യം എന്ന സംസാരവും ഇവിടെയുണ്ടായി. അതും മലയാളത്തിൽ ദോഷം ചെയ്തു.
തമിഴിലെ പോലെ ഇപ്പോൾ മലയാളത്തിലും ഡിലേ വരുന്നില്ലേ?
മലയാളി പ്രേക്ഷകർ ലോക സിനിമകൾ കാണാൻ തുടങ്ങിയതിനാൽ നമ്മൾ ടെക്നിക്കൽ പെർഫെക്ഷന് സമയം കണ്ടെത്തേണ്ടിവരുന്നു. 30 വർഷം മുമ്പ് ഒരു മലയാള ചിത്രം 20 ദിവസം കൊണ്ട് തീർക്കും. ഇപ്പോൾ 50 ദിവസം വേണം. അത് മലയാളത്തിന്‍റെ പ്രശ്നമല്ല. ടെക്നോളജിയുടെയും സാധ്യതകളുടെയും ഒക്കെ മാറ്റമാണ്. എങ്കിലും താരതമ്യേന കുറഞ്ഞ സമയത്തിൽ സിനിമ തീർക്കുന്നത് മലയാളത്തിലാണ്.
‘ക്വീൻ എലിസബത്തി’ന് ശേഷം തെലുങ്കിൽ ഞാൻ ‘ദേവര’ ചെയ്തിരുന്നു. അപ്പോൾ എൻ.ടി.ആർ ജൂനിയർ ചോദിച്ചത്, ഇപ്പോഴും മലയാളത്തിൽ 40 ദിവസത്തിനുള്ളിൽ ചിത്രം തീർക്കാറുണ്ടോ എന്നാണ്. ഉണ്ട് എന്ന് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു. തെലുങ്കിൽ ഒരു ചിത്രത്തിന് ഒരു വർഷമൊക്കെയാണ് എടുക്കുന്നത്.
അതേസമയം, വലിയ ആർട്ടിസ്റ്റുകൾ, വലിയ ബാനറുകൾ ഒക്കെയുള്ള ചിത്രത്തിന് മലയാളത്തിലും 100 ദിവസം വരെ എടുക്കാറുണ്ട്. അങ്ങനെ വരുമ്പോൾ വർഷത്തിൽ നാലഞ്ച് ചിത്രങ്ങളേ ഉണ്ടാകാറുള്ളൂ. സബ്ജക്ടുകൾക്കനുസരിച്ചാണ് അതൊക്കെ. അതിൽ പ്ലസും മൈനസും ഉണ്ട്.
മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ ഇവരുടെ കൂടെയുള്ള എക്സ്പീരിയൻസ് എങ്ങനെയായിരുന്നു?
കുട്ടിക്കാലം മുതൽ കണ്ടുവളർന്ന സൂപ്പർ സ്റ്റാറുകളാണല്ലോ അവർ. അവരിപ്പോഴും സൂപ്പർ സ്റ്റാറുകൾ ആയിത്തന്നെ സജീവമായി നിലനിൽക്കുന്നു എന്നതാണ് അതിന്‍റെ ഭംഗി. ‘ഒരേ കടലി’ലാണ് ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. അതിനുമുമ്പ് എന്‍റെ തമിഴിലെ ‘നെഞ്ചിരുക്കും വരൈ’ കണ്ടിട്ട് മമ്മൂക്ക വിളിച്ച് അഭിനന്ദിച്ചിരുന്നു.
മമ്മൂക്കയായാലും ലാലേട്ടനായാലും അവരുടെ കൂടെ അഭിനയിക്കുമ്പോഴുള്ള പ്രശ്നം അവരെ നമ്മൾ വലിയ ആരാധനയോടെയും ബഹുമാനത്തോടെയുമാണ് കാണുന്നത് എന്നതാണ്. അതിനാൽ ഫ്രീനസ് ഉണ്ടാവുകയില്ല. ബഹുമാനത്തോടെയുള്ള ഭയമായിരിക്കും.
പിന്നീട് സംസാരിച്ച് മൂന്നാല് ദിവസം കഴിയുമ്പോഴാണ് നോർമൽ ആവുക. അവരുടെ കൂടെയുള്ള അഭിനയം ഗംഭീര അനുഭവമായിരുന്നു. ലാലേട്ടന്‍റെ കൂടെ ‘ഗ്രാൻഡ് മാസ്റ്ററി’ലും ‘ഒടിയനി’ലും വേഷം ചെയ്തു. അതും നല്ല അനുഭവങ്ങളായിരുന്നു.
കമൽഹാസൻ എന്‍റെ ഫേവറിറ്റ് ആക്ടറാണ്. അദ്ദേഹത്തെ കാണാൻ ഓഫിസിൽ മൂന്നു തവണ പോയിരുന്നു. അദ്ദേഹത്തിന് മലയാളികളെ വലിയ ഇഷ്ടമാണ്. പിന്നീട് എന്‍റെ വിവാഹ റിസപ്ഷന് അദ്ദേഹം വന്നിരുന്നു. അന്ന് അച്ഛന് ഞാൻ കമൽ സാറിനെ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ അച്ഛൻ അദ്ദേഹത്തോട് പറഞ്ഞു, ‘‘താങ്കളാണ് എന്‍റെ മകന്‍റെ ഹീറോ’’ എന്ന്. അദ്ദേഹം തിരുത്തി, ‘‘അല്ല സർ, ഏതൊരു മക്കളുടെയും ആദ്യത്തെ ഹീറോ അച്ഛനാണ്’’ എന്ന് പറഞ്ഞു.
അദ്ദേഹവുമൊത്ത് പടം ചെയ്തപ്പോൾ ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഒരു എൻസൈക്ലോപീഡിയയാണ്. അത് അപൂർവ അനുഭവമായിരുന്നു.
പുതിയ അഭിനേതാക്കളെ കുറിച്ച് എന്താണ് അഭിപ്രായം?
പത്തുവർഷത്തിനിടെ മലയാളത്തിൽ ടാലന്‍റഡായ പുതിയ സംവിധായകർ, നിർമാതാക്കൾ, അഭിനേതാക്കൾ, എഴുത്തുകാർ ഒക്കെ വന്നിട്ടുണ്ട്. നായക പരിവേഷങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. പണ്ട് വളരെ പക്വതയുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ഇപ്പോൾ പ്ലസ് വൺ, പ്ലസ് ടു ഗ്രൂപ്പിലുള്ള നടീനടന്മാർ വരുന്നു. നമ്മൾ ഇതുവരെ വിചാരിക്കാത്ത സിമ്പിൾ കണ്ടന്‍റുകൾ സിനിമയിൽ ഉണ്ടാകുന്നു.
മാസ് രീതിയിലല്ലാതെ ബിഹേവ് ചെയ്യുന്ന വളരെ റിയലിസ്റ്റിക്കായ പെർഫോമൻസുകൾ ഉണ്ടാകുന്നു. ഇപ്പോൾ ഒ.ടി.ടി റിലീസ് കൂടി വന്നതോടെ എല്ലാവരും മലയാള സിനിമ ശ്രദ്ധിക്കാനുള്ള ഒരു കാരണം കണ്ടന്‍റും മേക്കിങ്ങുമാണ്.
അഭിനയത്തിനപ്പുറം സിനിമയിൽ മറ്റു താൽപര്യങ്ങൾ?
അഭിനയത്തിന്‍റെ കാര്യത്തിൽ മനസ്സിൽ ചില പ്ലാനുകളുണ്ട്. അതിലേക്ക് എത്തുകയാണെങ്കിൽ അടുത്തതായി ഞാൻ സംവിധാനം ചെയ്യും. മറ്റൊന്ന് നിർമാണത്തിലേക്ക് വരാനുള്ള സാധ്യതകളാണ്. അത്രേയുള്ളൂ.
സോഷ്യൽ മീഡിയയിൽ സജീവമല്ലെന്ന് തോന്നുന്നു?
എന്‍റെ കാരക്ടറുമായി യോജിച്ച് പോകാത്തതുകൊണ്ടാണ്. ഒരുപാട് ചിത്രങ്ങൾ വരുമ്പോൾ സജീവമാകും. ഇല്ലെങ്കിൽ നിർജീവമായിരിക്കുകയും ചെയ്യും. സോഷ്യൽ മീഡിയ വളരെ ആവശ്യമാണ്, അല്ലെങ്കിൽ ഉള്ളത് നല്ലതാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാൽ, അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നില്ല. പടങ്ങൾ പ്രമോട്ട് ചെയ്യാൻ ഉപകരിക്കുമെന്ന് കരുതുന്നു.
തിരക്കുകൾക്കിടയിലെ കുടുംബബന്ധങ്ങൾ?
ഞാൻ ഫാമിലി മാൻ ആണ്. അധികം പടങ്ങൾ ചെയ്യാത്തപ്പോൾ കുടുംബത്തിലാണ് പകുതി സമയവും. അത് ആദ്യം മുതൽ ശ്രദ്ധിക്കാറുണ്ട്.
പുതിയ സിനിമകൾ?
‘സാഹസം’ എന്ന സിനിമയാണ് ഇനി ഇറങ്ങാനിരിക്കുന്നത്. പുതുമയുള്ള സബ്ജക്ടാണ്. അതിൽ രാജു നമ്പ്യാർ എന്ന നാർകോട്ടിക് ഓഫിസറെയാണ് അവതരിപ്പിക്കുന്നത്. അയാൾക്ക് ഓപ്പോസിറ്റ് സൈഡ് കൂടി ഉണ്ട്. ഹ്യൂമർ ടച്ചുള്ളതാണത്. മറ്റൊന്ന് ‘കിഷ്കിന്ധ കാണ്ഡം’ സംവിധായകന്‍റെ പുതിയ ചിത്രമാണ്. അതിൽ കുറച്ച് സീരിയസ് കഥാപാത്രമാണ്, നേവിക്കാരനാണ്. ആ ചിത്രവും പൂർത്തിയായി.
വർക്ക് നടന്നുകൊണ്ടിരിക്കുന്ന ‘ആഘോഷ’ത്തിൽ ഒരു കോളജിൽ എത്തിപ്പെടുന്ന പ്രഫസറും അവിടത്തെ കുറെ തമാശകളും പ്രശ്നങ്ങളും ഒക്കെയാണ്. പിന്നെ മിഷ്കിന്‍റെ കൂടെയുള്ള ‘ട്രെയിൻ’ എന്ന സിനിമയും പൂർത്തിയായി. കൂടാതെ ‘ഓർഡിനറി’ സംവിധായകൻ സുഗീതിന്‍റെ തമിഴ് പടവും വരാനുണ്ട്.