2022നുശേഷമാണ് ഞങ്ങളുടെ ഓണാഘോഷത്തിന് നിറം മങ്ങിയത് -കൈലാസ് മേനോൻ
text_fieldsകൈലാസ് മേനോൻ
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്‍റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുന്നു...
അച്ഛനില്ലാത്ത ഓണക്കാലം
കൈലാസ് മേനോൻ (സംഗീത സംവിധായകൻ)
എല്ലാവരെയുംപോലെ കുട്ടിക്കാലത്തെ ഓണം തന്നെയായിരുന്നു ഞങ്ങളുടെ ആഘോഷകാലം. അച്ഛന്‍റെ വീട് കുമരകവും അമ്മയുടെ വീട് തിരുവനന്തപുരവും ആയിരുന്നു. രണ്ടുപേരും ജോലി ചെയ്തിരുന്നത് തൃശൂരും. അച്ഛന്‍റെയും അമ്മയുടെയും തറവാട് വീടുകളിലായിരുന്നു ആഘോഷം.
ഓണക്കാലമാകുമ്പോൾ തൃശൂരിൽനിന്ന് കാറിൽ ആദ്യം കുമരകത്തേക്ക് പോകും. അവിടെയായിരിക്കും തിരുവോണം. അതുകഴിഞ്ഞ് തിരുവനന്തപുരത്തേക്കും. എല്ലാ വർഷവും ഇതായിരുന്നു പതിവ്. അക്കാലത്ത് കുടുംബത്തിലെ എല്ലാവരും ഒത്തുചേർന്നായിരുന്നു ആഘോഷം. ഇപ്പോൾ ആഘോഷം കുറച്ചു പേരിലായി ഒതുങ്ങിപ്പോയി.
2022നുശേഷമാണ് ഞങ്ങളുടെ ഓണാഘോഷത്തിന് നിറം മങ്ങിയത്. ആ വർഷം സെപ്റ്റംബറിലായിരുന്നു അച്ഛന്‍റെ മരണം. മരിക്കുന്നതിന്‍റെ കുറച്ചു ദിവസംമുമ്പ് ഓണം വന്നുപോയി. അസുഖമായിരുന്നതിനാൽ വലിയ ആഘോഷമൊന്നുമുണ്ടായിരുന്നില്ല.
അച്ഛനൊപ്പമുള്ള അവസാന ഓണമായതിനാൽ സ്പെഷലാണ് ഞങ്ങൾക്ക്. വളരെ ചെറിയ ആഘോഷമായിരുന്നു. ഞങ്ങൾ കുടുംബാംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ പോയശേഷമുള്ള പിറ്റേവർഷം ഓണമാഘോഷിച്ചില്ല. അതായിരിക്കും ജീവിതത്തിലെ ആഘോഷിക്കപ്പെടാതെ പോയ ഓണം.