ആഘോഷം ഒരാള്‍ക്കു മാത്രമുള്ളതല്ല
text_fieldsസമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി വീട്ടിലിരുന്ന് പറയാതെ പുറത്തിറങ്ങി ശ്രമിക്കുകയും അതിനായി പ്രവർത്തിക്കുകയും വേണം. ഓണം, വിഷു, ക്രിസ്മസ്, റമദാന്‍ തുടങ്ങിയ ആഘോഷങ്ങളില്‍ എല്ലാകാലത്തും ഭക്ഷണക്കാര്യം എന്നത് സ്ത്രീയുടെ ജോലിയാണ്. ആഘോഷമെന്നത് പുരുഷന്റെ മാത്രം അവകാശമായാണ് ഇതുവരെ കണ്ടുവരുന്നത്. ഇത്തരത്തിലുള്ള ഒരു സാഹചര്യം സ്ത്രീകള്‍ സ്വയം വരുത്തിവെച്ചതായാണ് തോന്നുന്നത്. സ്ത്രീകള്‍ ഒന്നു മാറിച്ചിന്തിച്ചാല്‍ ഈ പ്രശ്നം തീരാവുന്നതേയുള്ളൂ. അടുക്കളയില്‍ എല്ലാവരും സഹായിക്കാൻ വന്നില്ലെങ്കില്‍ ഭക്ഷണം വെക്കില്ലെന്ന് സ്ത്രീകള്‍ വിചാരിച്ചാല്‍ മാത്രം മതി. ഇത് ഓരോ കുടുംബവും മാതൃകയാക്കിയാല്‍ സമൂഹംതന്നെ മാറും. വായകൊണ്ട് പറയാതെ ഇതൊക്കെ വീടുകളില്‍ പ്രാവര്‍ത്തികമാക്കണം. എന്റെ വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടുന്ന സമയത്ത് എന്നോടൊപ്പം മക്കളും അടുക്കളയില്‍ കയറാറുണ്ട്. അവരോട് അടുക്കളയില്‍ കയറണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനാല്‍തന്നെ അവരും ഒപ്പം കൂടും.
സ്ത്രീകള്‍ മുന്നിട്ടിറങ്ങണം
ആഘോഷം ഒരാള്‍ക്കു മാത്രമുള്ളതല്ല. എല്ലാവരുടേതുമാണ്. ഇത് സാധ്യമാകണമെങ്കില്‍ സ്ത്രീകള്‍തന്നെ മുന്നിട്ടിറങ്ങണം. ഓണത്തിന് തങ്ങള്‍ ഒറ്റക്ക് പാചകം ചെയ്യില്ലെന്ന് സ്ത്രീകള്‍ ശക്തമായിത്തന്നെ പറയണം. അതോടെ പ്രശ്നം അവസാനിക്കും.
പരസ്പരം സംസാരിക്കണം
സ്ത്രീയും പുരുഷനും ഒരുപോലെ ആരോഗ്യകരമായി സംസാരിച്ചാല്‍ മാത്രമേ ഏത് ആഘോഷവും ഭംഗിയുള്ളതാക്കാന്‍ സാധിക്കൂ. ആദ്യം വീട്ടില്‍ ഇതേക്കുറിച്ച് ചര്‍ച്ചയുണ്ടാകണം. അടിയും വഴക്കുമില്ലാതെ നമ്മുടെ വീട്ടില്‍ എങ്ങനെ സന്തോഷം കൊണ്ടുവരാമെന്ന് കൂട്ടായി തീരുമാനമെടുക്കണം. മുതിര്‍ന്ന മക്കള്‍ ഉണ്ടെങ്കില്‍ അവരെയും ഉള്‍പ്പെടുത്താം.