Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_rightദാരിദ്ര്യനിർമാർജനം,...

ദാരിദ്ര്യനിർമാർജനം, ജീവകാരുണ്യം... നിരവധി കാര്യങ്ങളിൽ കേരളം മുൻപന്തിയിൽ -പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
ദാരിദ്ര്യനിർമാർജനം, ജീവകാരുണ്യം... നിരവധി കാര്യങ്ങളിൽ കേരളം മുൻപന്തിയിൽ -പന്ന്യൻ രവീന്ദ്രൻ
cancel
camera_alt

പന്ന്യൻ രവീന്ദ്രൻ (മുൻ എം.പി)

കേരള സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളായിരുന്നല്ലോ ഇവിടെ ഉണ്ടായിരുന്നത്. അന്ന് വിദ്യാഭ‍്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശമായിരുന്നു മലബാർ. ഇതിൽനിന്ന് മലബാറിന് മോചനം ലഭിച്ചത് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ച ശേഷമാണ്. ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കുള്ള വരവായിരുന്നു കേരളപ്പിറവി.

1957ൽ ഇ.എം.എസ് മന്ത്രിസഭയിൽ വിദ്യാഭ‍്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയെ കാണാൻ പോയ അധ‍്യാപകരുടെ കഥ മുണ്ടശ്ശേരിയുടെ ‘കൊഴിഞ്ഞ ഇലകൾ’ എന്ന ആത്മകഥയിൽ പറയുന്നുണ്ട്. അക്കാലത്ത് ഒരു അധ‍്യാപകന് എത്രയാണ് തന്‍റെ ശമ്പളം എന്നറിയില്ല. മാനേജ്മെന്‍റ് തുച്ഛമായ പണം നൽകും. കുട്ടികളെ പഠിപ്പിക്കൽ മാത്രമായിരുന്നില്ല അധ‍്യാപകന്‍റെ ജോലി.

സ്കൂൾ മാനേജർമാരായ ജന്മിമാരുടെ വീട്ടിലെ പശുവിനെ കറക്കൽ, കുളിപ്പിക്കൽ ഇതൊക്കെ ചെയ്യേണ്ടിയിരുന്നു. അത്രമാത്രം പ്രാകൃതമായ അവസ്ഥയിൽനിന്ന് ഇന്നത്തെ നിലയിലേക്കുള്ള കേരളത്തിന്‍റെ മാറ്റത്തിൽ നാം ഒന്നടങ്കം വഹിച്ച പങ്ക് വളരെ വലുതാണ്.

വിദ്യാഭ്യാസം തന്നെയായിരുന്നു നമ്മുടെ മാറ്റത്തിന്‍റെ പ്രധാന ചാലകശക്തി. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ‍്യാസ മന്ത്രിയായ കാലം മുതലാണ് മലബാറിൽ വിദ്യാഭ്യാസ രംഗത്ത് പ്രകടമായ മാറ്റം സംഭവിച്ചത്. 1969ലെ സി. അച്യുതമേനോൻ സർക്കാറിന്‍റെ ഏഴു വർഷം കേരളത്തിന്‍റെ സുവർണ കാലമായിരുന്നു. ജന്മിത്തം അവസാനിപ്പിക്കൽ ഉൾപ്പെടെ വിപ്ലവകരമായ നിയമനിർമാണങ്ങളും മാറ്റങ്ങളും അക്കാലത്തുണ്ടായി.

പുതിയ കാലത്ത് സ്ത്രീകൾ കൂടുതലായി മുഖ‍്യധാരയിലേക്ക് വന്നു. പുരുഷന്മാരെ ആശ്രയിച്ചുനിൽക്കാതെ സ്ത്രീകൾക്ക് കൂടി ജോലി ചെയ്യാവുന്ന നിലയുണ്ടായി. വയോജനങ്ങൾക്ക് സുരക്ഷിതമായി വസിക്കാനുള്ള കേന്ദ്രങ്ങളുണ്ടായി, ജനങ്ങൾക്ക് നിർഭയമായി ജീവിക്കാനുള്ള അന്തരീക്ഷം, ജാതി-മത സ്പർധയില്ലാത്ത സാമൂഹിക ജീവിതം തുടങ്ങിയ ഗുണങ്ങൾ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായിട്ടുണ്ട്.

ഫെഡറൽ ഭരണ സംവിധാനത്തിന് കീഴിലാണല്ലോ കേരള സർക്കാർ. ദുർബല സംസ്ഥാനങ്ങളെ സഹായിക്കൽ കേന്ദ്ര സർക്കാറിന്‍റെ ബാധ‍്യതയാണ്. എന്നാൽ, അത് ഇപ്പോഴില്ല. നാം പുരോഗതിയിലേക്ക് നീങ്ങുമ്പോൾ അതിന് തടയിടുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ദാരിദ്ര്യനിർമാർജന രംഗത്ത് നാം ഏറെ മുന്നേറി. ഇപ്പോൾ വഴിയരികിൽ കൈനീട്ടുന്നവർ കുറവാണ്. പാവപ്പെട്ട മനുഷ‍്യർക്ക് ആവശ‍്യമായ സഹായം കേരളത്തിൽ ലഭിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാം മുന്നിലാണ്.

മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും സന്നദ്ധ സംഘടനകൾ ഭക്ഷണമെത്തിക്കുന്നു. അതുപോലെ സ്കൂൾ വിദ്യാർഥികൾക്കും കൃത്യമായി ഭക്ഷണം ലഭിക്കുന്നു. അങ്ങനെ നിരവധി കാര്യങ്ങളിൽ കേരളം ഇന്ന് മുൻപന്തിയിലാണ്.

Show Full Article
TAGS:Pannian Raveendran Kerala 
News Summary - Pannian Ravindran talks
Next Story