കഥ എഴുത്തിൽ എഡിറ്റിങ്ങിന്റെ പ്രാധാന്യം പഠിപ്പിച്ചുതന്നത് അച്ഛൻ -സിതാര എസ്.
text_fieldsസിതാര എസ്. (എഴുത്തുകാരി)
വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അച്ഛൻ എൻ. ശശിധരൻ. എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് അച്ഛനാണ്. ചെറുപ്പത്തിൽ ഒരുപാട് പുസ്തകങ്ങൾ കൊണ്ടുവന്നുതരും.
വേനലവധിക്കാലത്ത് ഒരു ദിവസം ഒരുപുസ്തകം എന്ന നിലയിൽ ആർത്തിയോടെ പുസ്തകങ്ങൾ വായിച്ചിരുന്ന പെൺകുട്ടിയായിരുന്നു ഞാൻ. അതനുസരിച്ച് അച്ഛൻ പുസ്തകങ്ങൾ കൊണ്ടുവരും. എഴുത്തിന്റെ ലോകത്തേക്കുള്ള ചൂണ്ടുപലകയായിരുന്നു അത്. അച്ഛന് വലിയൊരു പുസ്തക ശേഖരമുണ്ടായിരുന്നു.
എഴുതണമെന്ന് അച്ഛനൊരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ, എഴുതിത്തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അദ്ദേഹമാണ്. ഏഴാം വയസ്സിലോ മറ്റോ ആണ് എഴുതിത്തുടങ്ങിയത്. കവിതകളായിരുന്നു ആദ്യം. ആ എഴുത്തുകളെ നന്നായി വായിച്ച് തിരുത്തലുകൾ പറഞ്ഞുതന്ന് അച്ഛൻ കൂടെ നിന്നു.
ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ആദ്യ കഥയെഴുതി. സ്കൂൾ കലോത്സവത്തിൽ കഥാമത്സരത്തിൽ ഒന്നാംസമ്മാനം കിട്ടിയത് വീട്ടിൽ വന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം ഇപ്പോഴും മനസ്സിലുണ്ട്. കഥകൾ എഴുത്തിത്തുടങ്ങിയപ്പോൾ തിരുത്തലുകൾ വരുത്തിത്തന്നു. ആദ്യകാലങ്ങളിൽ ഏറ്റവും പ്രശ്നം കഥകൾക്ക് തലക്കെട്ട് കണ്ടെത്തലായിരുന്നു. ആ ജോലി അച്ഛനെയാണ് ഏൽപിച്ചിരുന്നത്.
ഓരോ കഥക്കും സത്യസന്ധമായി അഭിപ്രായം പറയും. നന്നായില്ലെങ്കിൽ അത് തുറന്നുപറയും. കഥ എഴുത്തിൽ എഡിറ്റിങ്ങിന്റെ പ്രാധാന്യം പഠിപ്പിച്ചുതന്നു. എന്റെ കഥകളുടെ ആദ്യവായനക്കാരനും അച്ഛൻതന്നെ. വിവാഹം കഴിഞ്ഞ് സൗദിയിൽ പോയശേഷം ഞാൻ ഏറ്റവുമധികം മിസ് ചെയ്തത് അച്ഛന്റെ കഥാതിരുത്തലുകളാണ്. ഇ-മെയിലും വാട്സ്ആപ്പുമൊന്നുമില്ലാത്ത കാലമാണ്. അതുകൊണ്ടുതന്നെ കഥയെഴുതി അച്ഛന് വായിക്കാൻ കൊടുക്കാൻ കഴിയുമായിരുന്നില്ല.
എഴുത്തിൽ മാത്രമല്ല, പലകാര്യങ്ങളിലും അച്ഛൻ എന്റെ നല്ലൊരു കൂട്ടുകാരനായിരുന്നു. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ആദ്യം പോയി പറഞ്ഞിരുന്നത് അച്ഛനോടായിരുന്നു. ഇപ്പോഴും എന്റെ കഥകൾ അച്ചടിച്ചുവന്നാൽ അദ്ദേഹം വായിക്കും. എഴുത്തിനെ കുറിച്ച് അച്ഛൻ പറയുന്ന നല്ല വാക്കുകളാണ് ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം.