‘ഞങ്ങളൊരു ഗ്യാങ്ങായിട്ടായിരുന്നു പൂ പറിക്കാൻ പോയിരുന്നത്. പെൺകുട്ടികളായിരുന്നു അടുത്തടുത്ത് ഉണ്ടായിരുന്നത്’ -സ്നേഹ ശ്രീകുമാർ
text_fieldsസ്നേഹ ശ്രീകുമാർ ഭർത്താവ് എസ്.പി. ശ്രീകുമാറിനും മകനുമൊപ്പം
കുമ്പളം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു ചെറിയ വീട്. ഗ്രാമമായതുകൊണ്ടുതന്നെ പാടത്ത് ഒരുപാട് പൂക്കൾ ഉണ്ടാവും. ഓണക്കാലമായാൽ പാടത്ത് പോയി പൂ പറിക്കും. തുമ്പപ്പൂ, നിലമ്പൂ ഒക്കെ പറിച്ച് കൊണ്ടുവരും.
ഞങ്ങളൊരു ഗ്യാങ്ങായിട്ടായിരുന്നു പൂ പറിക്കാൻ പോയിരുന്നത്. പെൺകുട്ടികളായിരുന്നു അടുത്തടുത്ത് ഉണ്ടായിരുന്നത്. ഞങ്ങൾ ആറുപേർ പത്ത് ദിവസവും പൂ പറിക്കാൻ പോകും. അങ്ങനെ എല്ലാ ദിവസവും പല ഡിസൈനിൽ പൂക്കളമിടും. തിരുവോണ ദിവസം മൺകൂന കൊണ്ട് മാവേലിയെ ഉണ്ടാക്കി അടയൊക്കെ വെച്ച് എതിരേൽക്കും.
ഉള്ളപോലെ കുഞ്ഞി സദ്യയൊക്കെ വെക്കും. പുതിയ വസ്ത്രമൊക്കെ ധരിക്കും. കളർഫുൾ ഓണമാണ്. എപ്പോഴും ഓർമയിൽ നിൽക്കുന്ന ഒരു ഓണക്കാലംതന്നെയാണത്. അത്തം ഘോഷയാത്ര കാണാൻ പോകും. സാധനങ്ങളൊക്കെ വാങ്ങാൻ ഓണം ഫെസ്റ്റുകൾ ഉണ്ടാവും. പുതിയ ഉടുപ്പുകൾ കിട്ടുന്നത്, നല്ല ഭക്ഷണം കഴിക്കുന്നത്, കസിൻസൊക്കെ വരുന്നത്... അങ്ങനെ ഓണത്തെക്കുറിച്ചുള്ള ഓർമകളെല്ലാം മനോഹരമാണ്.
ഓണത്തിന്‍റെ രീതികൾ കാലത്തിനൊപ്പം മാറി. പണ്ട് നമുക്ക് വലിയ ഉത്തരവാദിത്തം ഒന്നുമില്ലല്ലോ. പൂ പറിക്കുക, കളം ഇടുക അങ്ങനെ മതിയായിരുന്നു. ഇപ്പോൾ ജോലിത്തിരക്കിലേക്ക് മാറിയപ്പോൾ ഒരുപാട് വ്യത്യാസങ്ങളുണ്ട്.
എല്ലാ ദിവസവും പൂവിടലൊന്നും ഇപ്പോൾ നടക്കാറില്ല. എങ്കിലും ഓണത്തിന്‍റെ അന്ന് വീട്ടിൽ പറ്റുന്നപോലെ ചെറിയ സദ്യയൊക്കെ ഉണ്ടാക്കി ആഘോഷിക്കും. ആ ദിവസം നല്ല ഭക്ഷണമൊക്കെ കഴിച്ച് പരമാവധി വീട്ടുകാരോടൊപ്പം ഇരിക്കാനാണ് എനിക്കിഷ്ടം.
തിരക്കിനിടയിലും ഓണം ആഘോഷിക്കും. ലൊക്കേഷനിലാണെങ്കിൽ അവിടെയും ഓണാഘോഷങ്ങൾ ഉണ്ട്. ആ ദിവസം സെറ്റിൽ എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ കഴിക്കും. തൃപ്പൂണിത്തുറ അടുത്തായതുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയം ഉണ്ട്, അതോടനുബന്ധിച്ച മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എത്ര ഓണക്കാലം കഴിഞ്ഞാലും എപ്പോഴും ഓർക്കാൻ ഒരു ഓണക്കഥയുണ്ടാവും.