അമ്മ കൂടെയുണ്ടെന്ന ധൈര്യത്തിലാണ് ഞാനിപ്പോഴും പിടിച്ചുനിൽക്കുന്നത് -ഉമ തോമസ് എം.എൽ.എ
text_fieldsഉമ തോമസ് എം.എൽ.എ
എന്റെ അമ്മ വളരെ ബോൾഡായിരുന്നു. അതുതന്നെയാണ് ഞങ്ങൾക്ക് മുന്നോട്ടുള്ള ധൈര്യവും ശക്തിയും. വളരെ അണ്ടർസ്റ്റാൻഡിങ്ങാണ്. പറയുന്ന കാര്യങ്ങൾ എപ്പോഴും മനസ്സിലാക്കാൻ തയാറായിരുന്നു.
വലിയ വലിയ ആപത്തിൽനിന്നാണ് ഞാൻ ഇന്ന് രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അമ്മ കൂടെയുള്ളത് കൊണ്ടാണ്, ആ ധൈര്യത്തിൽ തന്നെയാണ് ഞാൻ ഇപ്പോഴും പിടിച്ചുനിൽക്കുന്നത്.
അച്ഛൻ എസ്. ഹരിഹരൻ ആദ്യം പട്ടാളത്തിലായിരുന്നതിനാൽ ട്രാൻസ്ഫർ കാരണം രണ്ടു കുട്ടികളെ നോക്കാൻ അമ്മ തങ്കം ഹരിഹരൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അച്ഛന് പട്ടാളച്ചിട്ട ആയിരുന്നെങ്കിലും അച്ഛനോ അമ്മയോ ഒരിക്കലും ഞങ്ങളെ തല്ലിയിട്ടില്ല. എപ്പോഴും എല്ലാ കാര്യങ്ങളും അവർ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു.
അച്ഛനും അമ്മക്കും ഇഷ്ടമില്ലാത്ത ഒരു കാര്യം മാത്രമാണ് ജീവിതത്തിൽ ചെയ്തത്. അത് പി.ടിയെ വിവാഹം കഴിച്ചതാണ്. വാസ്തവത്തിൽ പി.ടിയെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. പി.ടിയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് അമ്മ എന്നോട് പറഞ്ഞത് ഓർമയുണ്ട്.
അന്ന് ലാൻഡ് ലൈനിൽ ഫോൺ വരുമ്പോൾ എന്നെക്കാൾ അധികം പി.ടിയോട് സംസാരിച്ചിരുന്നത് അച്ഛനും അമ്മയുമായിരുന്നു. പക്ഷേ, കല്യാണക്കാര്യം വന്നപ്പോൾ എന്നെ ഏറ്റവും കൂടുതൽ എതിർത്തതും അവരായിരുന്നു. ‘നീ ആലോചിച്ചിട്ടുണ്ടോ മുന്നോട്ടുള്ള ജീവിതം എങ്ങനെയാവുമെന്ന്?, കുഞ്ഞുങ്ങൾ വളരുമ്പോൾ ഏത് രീതിയിലാവും?’ എന്നൊക്കെ അന്ന് അച്ഛൻ പറഞ്ഞിരുന്നു. അതിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യമില്ലെന്ന് ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി.