‘ഓണാഘോഷത്തിന് സുന്ദരനായ മാവേലിയെ വേണം. കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് ഞാൻ മാറിനിൽക്കും’ -ഉണ്ണിരാജ
text_fieldsഉണ്ണിരാജ കുടുംബത്തോടൊപ്പം
കുട്ടിക്കാലത്തെ ഏറ്റവും സന്തോഷമുള്ള നാളുകളാണ് ഓണക്കാലം. ചിങ്ങമാസമാണ്, ദാരിദ്ര്യവും കഷ്ടപ്പാടുമാണ്. എന്നാലും എല്ലാവരും ഒന്നിച്ചുണ്ടാവും. ഒരു വളപ്പിൽ മൂന്ന് വീടാണ്.
ചേച്ചി, അനിയത്തി, ഞാൻ. അതിർവരമ്പുകളില്ല. ഒന്നിച്ചൊരു സദ്യ ഉണ്ടാക്കും. വീട് മൂന്നെണ്ണം ആണെങ്കിലും ഇപ്പോഴും ഒന്നിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. ഇവിടെ സദ്യ ഉണ്ടാക്കിയാൽ അവിടെ കറി ഉണ്ടാക്കും. ഓണത്തിനോ വിഷുവിനോ അല്ലെങ്കിൽ കല്യാണം നടന്നാലോ ആണ് സദ്യ ഉണ്ണാൻ പറ്റുന്നത്.
ഒന്നിച്ചിരുന്നാണ് സദ്യ ഉണ്ടാക്കാറുള്ളത്. എല്ലാവരും ചേർന്ന് തേങ്ങയരക്കും. കഷണങ്ങൾ അരിയും. പച്ചക്കറികളൊക്കെ വീട്ടിൽ തന്നെ ഉണ്ടാകും. അവധിയായതിനാൽ അങ്ങനെ ഓടിച്ചാടി ഓണം ആഘോഷിക്കും. മാത്രമല്ല, ഓണത്തിനാണ് എന്തെങ്കിലും ഒരു കുപ്പായം കിട്ടുന്നത്. ചിലപ്പോൾ ഉണ്ടാവില്ല. അത് വളരെ അപൂർവമായി കിട്ടുന്ന സംഭവമാണ്.
പണ്ട് മാവേലിക്കൊപ്പം ഓരോ സ്ഥലത്തേക്ക് പോകുമായിരുന്നു. എന്‍റെ സങ്കടം എനിക്ക് മാവേലിയാകാൻ പറ്റില്ല എന്നുള്ളതായിരുന്നു. സുന്ദരനായ മാവേലിയെയാണ് എല്ലാവരും അവതരിപ്പിച്ചിരുന്നത്. കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് ഞാൻ മാറി നിന്നു.
അന്നൊക്കെ കഷ്ടപ്പാടിന്‍റെ കാലമാണ്. കർക്കടകം കഴിഞ്ഞിട്ടുള്ള ഓണമല്ലേ. പണി ഉണ്ടാവില്ല, പൈസ ഉണ്ടാവില്ല. എന്നാലും കൃഷിപ്പണിക്ക് പോയി നെല്ലെല്ലാം കൊണ്ടുവന്ന് കുത്തിയ അരി ഉണ്ടാവും. മൂന്നുനാല് കൂട്ടം കറി ഉണ്ടാവും. ഇവിടെ ഓണത്തിന് ചിക്കൻ കറി ഉണ്ടാവും. ഓണം ആയാലും വിഷു ആയാലും സദ്യയിൽ എന്‍റെ ഇഷ്ട വിഭവം പരിപ്പ് പ്രഥമനാണ്. അത് മൂന്നാലഞ്ച് ഗ്ലാസ് കുടിക്കും.
പണിക്ക് പോകുന്ന സമയത്ത് ആണെങ്കിൽ ഓണം റിലീസിന് സിനിമകൾ ഉണ്ടാവും. സിനിമ കണ്ട് കഴിഞ്ഞിട്ടാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്രാവശ്യത്തെ ഓണം സിനിമ സെറ്റിലാണ്. നാട്ടിലെ ക്ലബ്, കൂട്ടായ്മ എന്നിവയിലൊക്കെ സജീവമായിരുന്നു.
ഓണത്തിന് പരിപാടി സംഘടിപ്പിക്കും. മത്സരങ്ങളിൽ പങ്കെടുക്കലും നാടകം സംഘടിപ്പിക്കലും ട്രൂപ്പുകളുടെ പരിപാടികളുമൊക്കെയായി സജീവമായിരുന്നു. ഇപ്പോൾ പരിപാടികളിൽ ഗെസ്റ്റായി പോകാറുണ്ട്. പല സ്ഥലങ്ങളിൽ പോകുന്നത് സന്തോഷമാണ്.