‘ഞാൻ തൂങ്ങിമരിക്കുന്ന രംഗം ഷൂട്ട് ചെയ്ത ദിവസം ഏറെ വിഷമിച്ചു’ -ഓർമകളുമായി വിനോദ് കോവൂർ
text_fieldsവിനോദ് കോവൂർ ഭാര്യ ദേവുവിനൊപ്പം
കുട്ടിക്കാലത്ത് ഓണത്തിന്‍റെ പത്തുദിവസമാണ് ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള്ളത്. കുറഞ്ഞ സമയം മാത്രമായിരിക്കും പഠിത്തത്തിന് പോകുന്നത്. ബാക്കി പൂ പറിക്കാനും പൂക്കളമൊരുക്കാനുമുള്ള സമയമാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിന്‍റെ ഉള്ളിലായിരുന്നു എന്‍റെ താമസം. അവിടെ നിറയെ പച്ചപ്പാണ്. ആ പച്ചപ്പിൽ നിറയെ തുമ്പപ്പൂക്കളും അരിപ്പൂക്കളും. അമ്മമ്മ പനയോലകൊണ്ട് പൂവെട്ടി കെട്ടിത്തരും. അതും തോളത്തിട്ടാണ് പൂ പറിക്കാൻ പോകുന്നത്.
അഞ്ചുമണിക്കൊക്കെ എഴുന്നേറ്റ് പൂ ‘മോഷ്ടിക്കാൻ’ പോകും. അന്നൊക്കെ ചാണകം മെഴുകിയാണ് വീടിന്റെ മുറ്റത്ത് പൂവിടുന്നത്. ബാറ്ററിയുടെ ഉള്ളിലെ കരിയും ചാണകവും കൂടി മിക്സ് ചെയ്താണ് തറയിൽ ഇടുന്നത്. നല്ല കറുപ്പ് കിട്ടാനാണ്. ഈ തറയിലാണ് പൂവിടുന്നത്.
പല നിറത്തിലുള്ള പൂക്കൾ കറുത്ത തറയിൽ ഇടുമ്പോൾ വല്ലാത്തൊരു ഭംഗിയാണ്. പൂക്കളം ഇട്ടുകഴിഞ്ഞാൽ അടുത്ത വീട്ടിലൊക്കെ പോയി നോക്കും. അവരെങ്ങനെയാണ് ഇട്ടത്, ഏറ്റവും നല്ല പൂക്കളം ഏതാണ് എന്നൊക്കെ.
ഒരു ഷർട്ടും ട്രൗസറുമാണ് ഓണക്കോടി. വീട്ടിലെ മുതിർന്നവരും പ്രായമായവരും ഓണക്കോള് തരും. 50 പൈസയോ ഒരു രൂപയോ ആയിരിക്കും. സദ്യ കഴിഞ്ഞ് ടൗണിൽ പോയി സിനിമയൊക്കെ കണ്ടിട്ടാണ് വീട്ടിലേക്ക് വരുന്നത്. ചിങ്ങം വന്നാൽ ഓണം വന്നു. ഓണം വന്നാൽ സന്തോഷമായി. 10 ദിവസം സ്കൂളിൽ പോകണ്ട. ഇത് കഴിഞ്ഞ് സ്കൂളിൽ ചെന്നാൽ ഓണപ്പരീക്ഷയുടെ പേപ്പർ കിട്ടും. അതോടെ സന്തോഷം ഒക്കെ പോകും.
കഴിഞ്ഞ കുറെ കാലമായി എന്‍റെ ഫ്ലാറ്റിലാണ് ഓണം ആഘോഷിക്കുന്നത്. ഒരിക്കൽ ഒരു ഓണത്തിന്‍റെ അന്ന് ഷൂട്ട് വന്നു. ആ സീനിൽ ഞാൻ തൂങ്ങി മരിക്കുന്ന രംഗമായിരുന്നു. അന്നത്തെ ദിവസം അതെനിക്ക് ചെയ്യാൻ വളരെയധികം വിഷമം വന്നു. എങ്കിലും ചെയ്തല്ലേ പറ്റൂ. ഇപ്പോൾ ന്യൂക്ലിയർ ഫാമിലി ആയല്ലോ. നിറമുള്ള ഓണം ഓർമകൾ ഒന്നും അവർ കണ്ടിട്ടുണ്ടാവില്ല.