‘ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന് പുറത്ത് പോകണമെന്നില്ല’ -അക്കാദമിക മികവോടുകൂടിയ കേരളത്തിലെ സ്ഥാപനങ്ങള്‍ പരിചയപ്പെടാം
text_fieldsഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കണമെങ്കില്‍ കേരളത്തിന് പുറത്തുപോയേ പറ്റൂ എന്നാണ് നമ്മളിൽ പലരും ധരിച്ചുവെച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ സ്ഥാപനങ്ങളുടെയും സെന്ററുകൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട് എന്ന വസ്തുത പലർക്കും അറിയില്ല.
ഉയര്‍ന്ന അക്കാദമിക മികവോടുകൂടിയ അധ്യാപകര്‍, ലോകോത്തര നിലവാരത്തിലുള്ള പഠന-ഗവേഷണ സൗകര്യങ്ങള്‍, വിദേശ സർവകലാശാലകളുമായും അധ്യാപകരുമായുമുള്ള പങ്കാളിത്തം, പഠന മേഖലകളുമായി ബന്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ സെമിനാറുകളും പരിപാടികളും, കാമ്പസ് പ്ലേസ്മെന്റുകള്‍ എന്നിവ ഈ സ്ഥാപനങ്ങളെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നു. കേരളത്തിലെ അത്തരം സ്ഥാപനങ്ങള്‍ പരിചയപ്പെടാം.
1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എജുക്കേഷന്‍ ആൻഡ് റിസർച് (ഐസര്‍)
രാജ്യത്തെ ഏഴ് ഐസറുകളില്‍ ഒന്ന് തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവ പ്രധാനമായും അനുബന്ധ വിഷയങ്ങളിലും അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്സുകളും ബിരുദ-ബിരുദാനന്തര കോഴ്സുകളും ഗവേഷണ പഠനവും ഇവിടെ ലഭ്യമാണ്. വെബ്സൈറ്റ്: https://www.iisertvmac.in/
2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)
ഇന്ത്യയില്‍ 23 ഐ.ഐ.ടികളാണ് ഉള്ളത്. അതില്‍ ഒന്ന് കേരളത്തിലെ പാലക്കാട് ജില്ലയിലാണ്. എൻജിനീയറിങ്, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ മേഖലകളിൽ മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന പഠന സംവിധാനമാണ് സ്ഥാപനത്തിന്റെ പ്രത്യേകത. വെബ്സൈറ്റ്: https://iitpkd.ac.in/
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി)
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ്. ബഹിരാകാശ ഗവേഷണം, ആ മേഖലയിൽ വികസനം, പുരോഗതി എന്നിവ ലക്ഷ്യം വെച്ചുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. നാലുവർഷ ബി.ടെക് ഏറോസ്പേസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി എന്നിവയാണ് ബിരുദതല കോഴ്സുകൾ. വെബ്സൈറ്റ്: https://www.iist.ac.in/
4. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)
ഇന്ത്യയിലെ 31 എൻ.ഐ.ടികളിൽ ഒരെണ്ണം കോഴിക്കോട്ടുമുണ്ട്. വിവിധ എൻജിനീയറിങ് ബിരുദങ്ങൾ, ആർക്കിടെക്ചർ ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, ഗവേഷണം എന്നീ കോഴ്സുകൾ ലഭ്യമാണ്.
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി)
ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ പഠന സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നു. കേരളത്തിൽ കോട്ടയം ജില്ലയിൽ പാലായിലാണ് ഐ.ഐ.ഐ.ടി സ്ഥിതി ചെയ്യുന്നത്. വെബ്സൈറ്റ്: https://www.iiitkottayam.ac.in/#!/home
6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം)
ഇന്ത്യയിലെ ആകെ 20 ഐ.ഐ.എമ്മുകളില്‍ ഒന്ന് കോഴിക്കോട്ട് സ്ഥിതിചെയ്യുന്നു. ഡോക്ടറല്‍ പ്രോഗ്രാമുകള്‍, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഫിനാന്‍സ്, ലിബറല്‍ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ്, ബിസിനസ് ലീഡര്ഷിപ്, എക്സിക്യൂട്ടിവ് പ്രോഗ്രാം ഫോര്‍ വര്‍ക്കിങ് എക്സിക്യൂട്ടിവ്സ് കോഴ്സുകളാണ് ഇവിടെയുള്ളത്. ദേശീയതലത്തിൽ നടത്തുന്ന കോമണ്‍ അഡ്മിഷന് ടെസ്റ്റ് (ക്യാറ്റ്) പരീക്ഷ വഴിയാണ് പ്രവേശനം. വെബ്സൈറ്റ്: https://www.iimk.ac.in/
7. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള (സി.യു.കെ)
കാസർകോട് ജില്ലയിൽ പെരിയയിലാണ് സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള സ്ഥിതി ചെയ്യുന്നത്. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് അനുബന്ധ വിഷയങ്ങളിൽ 27ലധികം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 22 ഗവേഷണ പ്രോഗ്രാമുകളും അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമും ഇവിടെ നൽകിവരുന്നു. വെബ്സൈറ്റ്: https://www.cukerala.ac.in/
8. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT)
കേരളത്തിലെ നിഫ്റ്റ് കാമ്പസ് കണ്ണൂർ ജില്ലയിലാണ്. ടെക്സ്റ്റൈൽസിൽനിന്നും കരകൗശല വസ്തുക്കളിൽനിന്നും സർഗാത്മകതയിലൂടെ നവീന രൂപകൽപനകളും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്ന തരത്തിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളാണ് നിഫ്റ്റ് നൽകിവരുന്നത്. വെബ്സൈറ്റ്: https://www.nift.ac.in/
9. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, സയൻസ് മേഖലയിലെ ഉന്നത പഠനത്തിന് തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ്. ഇവിടത്തെ എം.എസ്സി ബയോടെക്നോളജി കോഴ്സ് ലോകോത്തര നിലവാരം പുലർത്തുന്നതാണ്. ഡിസീസ് ബയോളജി, ജനിറ്റിക് എൻജിനീയറിങ് എന്നീ സ്പെഷലൈസേഷനുകളിലാണ് എംഎസ്സി നൽകിവരുന്നത്.
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി എന്ന ദേശീയതല എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ സയൻസ്, ബയോടെക്നോളജി വിഷയങ്ങളിലെ റിസർച്, പോസ്റ്റ് റിസർച് കോഴ്സുകളും ഇവിടെ ലഭ്യമാണ്. വെബ്സൈറ്റ്: https://www.rgcb.res.in/
10. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
ഇന്റഗ്രേറ്റഡ് എം.എസ്സി, പിഎച്ച്.ഡി, പിഎച്ച്.ഡി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് എന്നീ പ്രോഗ്രാമുകൾ ഉയർന്ന നിലവാരത്തിൽ ഇവിടെ നൽകിവരുന്നു. ഇന്റഗ്രേറ്റഡ് എം.എസ്സി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് നടത്തുന്ന എഴുത്തു പരീക്ഷ, എൻ.ബി.എച്ച്.എം മാസ്റ്റേഴ്സ് ഡോക്ടറൽ സ്കോളർഷിപ് ടീമിലേക്കുവേണ്ടി നടത്തുന്ന എഴുത്തുപരീക്ഷ, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ എം.എസ്സി കോഴ്സിലേക്ക് നടത്തുന്ന ദേശീയതല പരീക്ഷ എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള യോഗ്യതയും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് നടത്തുന്ന അന്തിമ ടെസ്റ്റിലെയും ഇന്റർവ്യൂവിലെയും സ്കോറും അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം. പിഎച്ച്.ഡി കോഴ്സിന് സി.എസ്.ഐ.ആർ യു.ജി.സി സ്കോളർഷിപ് ടെസ്റ്റ് യോഗ്യതകളും നേടിയിരിക്കണം. വെബ്സൈറ്റ്: https://ksom.res.in/
11. ഐ.എം.യു കൊച്ചി കാമ്പസ്
സമുദ്ര പഠനവും ഗവേഷണവും ഗതാഗതവും ചരക്കുനീക്കവുമായി ബന്ധപ്പെട്ടുകിടക്കുന്ന നാവിഗേഷൻ, മറൈൻ എൻജിനീയറിങ്, നോട്ടിക്കൽ സയൻസ്, മാരിടൈം നിയമം, മറൈൻ മാനേജ്മെന്റ് എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന സർവകലാശാലയാണിത്. കൊച്ചി കാമ്പസിൽ ബി.എസ്സി നോട്ടിക്കൽ സയൻസ്, ബി.ബി.എ ലോജിസ്റ്റിക്സ് റീടൈലിങ് ആൻഡ് ഇ കോമേഴ്സ് എന്നീ കോഴ്സുകൾ നൽകിവരുന്നു. ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം. വെബ്സൈറ്റ്: https://www.imu.edu.in/imunew/
12. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്, കോഴിക്കോട്
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർചിന്റെ ഘടക സ്ഥാപനമാണ് കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്. സുഗന്ധ വ്യഞ്ജനങ്ങളുടെ കൃഷിയും ഗവേഷണവും ലക്ഷ്യം വെക്കുന്നവർക്ക് വിവിധ പിഎച്ച്.ഡി പ്രോഗ്രാമുകൾ, അനുബന്ധ മേഖലയിലെ ബിരുദാനന്തര ബിരുദധാരികൾക്ക് അതിനുശേഷം വിഷയത്തിലൂന്നിയ പ്രാക്ടിക്കൽ സൗകര്യങ്ങളോടുകൂടിയ മൂന്നു-ആറു മാസ ട്രെയിനിങ് പ്രോഗ്രാമുകൾ, ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് റിസർച് പ്രോജക്ട് വർക്കുകൾ ചെയ്യാനുള്ള സൗകര്യം എന്നിവയാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
അഗ്രികൾചറൽ ഇക്കണോമിക്സ്, അഗ്രോണമി, ബയോ കെമിസ്ട്രി, ബയോ ഇൻഫർ, ബയോ ടെക്നോളജി, മോളിക്യുലാർ ബയോളജി, ബോട്ടണി, എൻടോമോളജി, സുവോളജി, ജനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, ഹോർട്ടികൾചർ മൈക്രോബയോളജി, പ്ലാന്റ് പാത്തോളജി, പ്ലാന്റ് ഫിസിയോളജി, സോയിൽ സയൻസ് എന്നിവ ലഭ്യമായ വിഷയങ്ങളിൽ ചിലതാണ്. പ്രവേശനത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച് കോഴിക്കോട് സെന്ററിലേക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: http://www.spices.res.in/
13. കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
ടെക്നോളജി, അപ്ലൈഡ് സയൻസ്, ഇൻഡസ്ട്രി, കോമേഴ്സ്, മാനേജ്മെന്റ്, നിയമം, സോഷ്യൽ സയൻസ് എന്നീ വിവിധ പഠന മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ സാധ്യതകളാണ് കുസാറ്റിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നത്. എൻജിനീയറിങ്ങിലെ പ്രധാന ശാഖകളും പ്രത്യേക ശാഖകളായ മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്, പോളിമർ സയൻസ് എൻജിനീയറിങ്, എം.എസ്സി പൊട്ടോണിക്സ് ഇന്റഗ്രേറ്റഡ് കോഴ്സ്, മറൈൻ സയൻസിലെ വിവിധ സ്പെഷലൈസേഷനുകൾ എന്നിവയും കുസാറ്റിന്റെ പ്രത്യേക കോഴ്സുകളാണ്. കോമൺ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. വെബ്സൈറ്റ്: https://www.cusat.ac.in/
14. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS)
ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ പൊലീസ് സ്റ്റഡീസ്, സെന്റർ ഫോർ ലോ ആൻഡ് ഡെവലപ്മെന്റ്, സെന്റർ ഫോർ വിമൻസ് ഫാമിലി സ്റ്റഡീസ്, മനുഷ്യാവകാശ കേന്ദ്രം, പരിസ്ഥിതിക്കും നിയമത്തിനും വേണ്ടിയുള്ള കേന്ദ്രം, സെന്റർ ഫോർ ഹെൽത്ത് ലോ ആൻഡ് പോളിസി തുടങ്ങിയ പഠന ഗവേഷണ കേന്ദ്രങ്ങൾ ഈ യൂനിവേഴ്സിറ്റിക്കുകീഴിൽ പ്രവർത്തിക്കുന്നു.
അഞ്ചു വർഷത്തെ ബി.എ എൽഎൽ.ബി ഓണേഴ്സ്, ഒരു വർഷത്തെ എൽഎൽ.എം, പിഎച്ച്.ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ദേശീയതലത്തിൽ നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം. വെബ്സൈറ്റ്: https://www.nuals.ac.in/
ഇവ കൂടാതെ ആരോഗ്യ മേഖലയിലെ പഠനകേന്ദ്രമായ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMT) തിരുവനന്തപുരം, അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം സെന്റർ തുടങ്ങിയവയും കേരളത്തിൽ സ്ഥിതിചെയ്യുന്ന ഉന്നത കലാലയങ്ങളാണ്.