പരീക്ഷക്കാലം: പതറരുത് അവസാന ലാപ്പിൽ
text_fieldsപരീക്ഷ എന്നു കേട്ടാൽ മിക്ക കുട്ടികൾക്കും പേടിയാണ്. പലർക്കും അത് ഏറെ ടെൻഷനുണ്ടാക്കും. പരീക്ഷക്കാലത്തെ ചെറിയ തോതിലുള്ള ടെന്‍ഷന്‍ നല്ലതാണ്. അത് പരീക്ഷയെ കൂടുതല്‍ ഗൗരവമായി കാണാന്‍ ഉപകരിക്കും. എന്നാൽ, അമിതഭയം കുഴപ്പങ്ങളുണ്ടാക്കും.
വേണ്ട, അമിത ടെൻഷൻ
ഉത്കണ്ഠ, അകാരണ ഭയം എന്നിവ പഠിച്ച കാര്യങ്ങള്‍ മറന്നുപോകാന്‍ ഇടവരുത്തും. കുട്ടിയുടെ ആധിയും മാതാപിതാക്കളുടെ അമിത പ്രതീക്ഷകളും സഹപാഠികളുടെ മികച്ച വിജയവുമെല്ലാം ആത്മവിശ്വാസം ഇല്ലാതാക്കും. പരീക്ഷകളെ അഭിമാനപ്രശ്നമായി നോക്കിക്കാണരുത്. മാർക്ക്/ ഗ്രേഡ് കുറഞ്ഞതിന്‍റെ പേരിൽ കുട്ടികളെ ഒരിക്കലും കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യരുത്.
കുട്ടിയുടെ കഴിവിനപ്പുറം മുഴുവൻ മാർക്കു വാങ്ങണം അല്ലെങ്കിൽ ഫുൾ എ പ്ലസ് വാങ്ങണം എന്ന നിർബന്ധം കുട്ടിയിൽ അടിച്ചേൽപിക്കുന്നതാണ് പരീക്ഷാപ്പേടിക്ക് ഒരു കാരണം. പേടി കാരണം അറിയാവുന്ന ചോദ്യങ്ങൾക്കുപോലും കൃത്യമായി ഉത്തരമെഴുതാൻ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ പരീക്ഷയെക്കുറിച്ചുള്ള അനാവശ്യ ഭയം മനസ്സിൽനിന്ന് അകറ്റുക. പരീക്ഷക്കാലത്ത് കുട്ടിക്ക് ധൈര്യവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം ആത്മവിശ്വാസവും പിന്തുണയും നൽകണം. കുട്ടികളിലെ സ്‌ട്രെസ് കുറക്കണം.
വ്യായാമം ചെയ്യാം, സ്‌ട്രെസ് കുറക്കാം
സ്‌ട്രെസ് കുറക്കുന്ന ലളിതമായ മാർഗമാണ് നടത്തം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടത്തം ശരീരത്തിലെ ഓക്സിജൻ കൂട്ടാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. യോഗ, എയ്റോബിക്സ്, സൈക്ലിങ്, ജോഗിങ്, നീന്തൽ, ടെന്നീസ്, ഫുട്ബാൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് തുടങ്ങിയ മറ്റു വ്യായാമങ്ങളും ചെയ്യാം. വളരെ ടെൻഷൻ ഉള്ളപ്പോൾ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. എട്ട് മുതൽ 10 മണിക്കൂർവരെ ഉറങ്ങുകയും വേണം. ആരാധനാലയങ്ങൾ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത് പിരിമുറുക്കം കുറക്കാൻ സഹായിക്കും.
തയാറാക്കാം ടൈംടേബിൾ
ഒരു ടൈംടേബിൾ ഉണ്ടാക്കി പരീക്ഷക്കുവേണ്ടി തയാറെടുക്കുന്നതാണ് നല്ലത്. നന്നായി തയാറെടുപ്പ് നടത്തിയിട്ടുണ്ടെങ്കിൽതന്നെ പരീക്ഷയോടുള്ള പേടി കുറയും. പരീക്ഷ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പുവരെ ലഭിക്കാവുന്ന സമയം മണിക്കൂറിൽ കണക്കാക്കി വേണം ഓരോ വിഷയത്തിനും പഠനസമയം നിശ്ചയിക്കേണ്ടത്. ഒരു മണിക്കൂർ പഠനത്തിനുശേഷം അഞ്ച് മിനിറ്റ് ഇടവേള എടുക്കണം.
ബുദ്ധിമുട്ടുള്ള വിഷയങ്ങൾ രണ്ട് മണിക്കൂറോളം പഠിച്ചതിനുശേഷം 10 മിനിറ്റ് ഇടവേള എടുക്കുക. മാനസികോല്ലാസം നല്‍കുന്ന എന്ത് പ്രവൃത്തിയും ഈ ഇടവേളയില്‍ ചെയ്യാവുന്നതാണ്. ഇവ മാനസിക പിരിമുറുക്കം കുറക്കുകയും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പഠിക്കാൻ സജ്ജരാക്കുകയും ചെയ്യും. ലഘു വ്യായാമങ്ങള്‍, പാട്ടുകേള്‍ക്കല്‍, ഗൗരവമില്ലാത്ത ടി.വി പ്രോഗ്രാം കാണല്‍ എന്നിവ ചെയ്യാം. എന്നാല്‍, ഇടവേള 20 മിനിറ്റില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൃത്തിയും വെളിച്ചവുമുള്ളതാകട്ടെ പഠനമുറി
ശുദ്ധവായുവും വൃത്തിയും വെളിച്ചവുമുള്ള മുറി പഠനത്തിനായി തിരഞ്ഞെടുക്കണം. ശബ്ദകോലാഹലങ്ങളില്ലാത്ത അന്തരീക്ഷം പഠനത്തിലുള്ള ഏകാഗ്രത വര്‍ധിപ്പിക്കും. സ്വീകരണമുറി, കിടപ്പുമുറി, ഊണുമുറി എന്നിവയിലിരുന്നുള്ള പഠനം ഒഴിവാക്കണം. നിശ്ശബ്ദ വായനക്കിടെ മറ്റു ചിന്തകൾ വന്നുകൂടാം. ചെറിയ ശബ്ദത്തിൽ വായിച്ചു പഠിക്കുന്നതാണ് കുട്ടിക്കാലത്ത് നല്ലത്. പഠിപ്പുമുറിയിൽ എല്ലാ പുസ്തകങ്ങളും വാരിവലിച്ചു ഇടാതെ അത്യാവശ്യ പുസ്തകങ്ങൾ മാത്രം അടുക്കിവെക്കുക.
കിടന്നും ചാരിയിരുന്നും പഠിക്കുന്ന ശീലം ഉപേക്ഷിക്കണം. നിവര്‍ന്നിരുന്ന് പഠിക്കണം. നടന്നു വായിക്കുന്നതും നല്ലതാണ്. ഫോര്‍മുലകള്‍, നിർവചനങ്ങള്‍, പദ്യഭാഗങ്ങള്‍, മാപ്പുകള്‍, ഡയഗ്രങ്ങള്‍ എന്നിവ ഒരു കട്ടിപേപ്പറിൽ എഴുതി പഠനമുറിയിൽ തൂക്കിയിടുകയും അത് ഇടക്കിടെ വായിച്ച് മനഃപാഠമാക്കുകയും വേണം. വലിയ ഉപന്യാസങ്ങളൊക്കെ മൊബൈൽ ഫോണിൽ സ്വന്തം ശബ്ദത്തിൽ റെക്കോഡ് ചെയ്ത് അവ ഇടക്ക് കേൾക്കുക. ടേബിൾ ലാമ്പ് വെച്ച് പഠിക്കുന്നത് പഠനത്തിന്‍റെ ഏകാഗ്രത വർധിപ്പിക്കും. വൈദ്യുതി ചാർജ് കുറക്കാനും ഇത് സഹായിക്കും. മുൻ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വെച്ച് ഉത്തരമെഴുതി പരിശീലിക്കുന്നത് സമയക്രമീകരണം നടത്താൻ സഹായിക്കും.
അൽപം ശ്രദ്ധ ഭക്ഷണത്തിലും
പരീക്ഷക്കാലം ഉയര്‍ന്ന സമ്മർദവും താഴ്‌ന്ന രോഗപ്രതിരോധശേഷിയുമുള്ള കാലയളവാണ്. അതിനാല്‍ കുട്ടികള്‍ക്ക് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പുറമേനിന്നുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. എളുപ്പത്തില്‍ ദഹിക്കുന്ന ഗോതമ്പ്, അരി എന്നിവകൊണ്ടുള്ള ഭക്ഷണമാണ് പരീക്ഷാ നാളുകളില്‍ നല്ലത്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നതിനാല്‍ ധാരാളം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ഇല്ലെങ്കില്‍ നിർജലീകരണം, ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. ഇളനീര്‍പോലെയുള്ള പ്രകൃതിദത്തമായ പാനീയങ്ങള്‍ നിർജലീകരണം തടയാനും പഠനത്തിനിടയില്‍ ഉന്മേഷം വീണ്ടെടുക്കാനും ഉപകരിക്കും.
തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പോഷകമൂല്യമുള്ള ആഹാരം നിര്‍ബന്ധമാണ്. ആഹാരം ക്രമീകരിച്ചാല്‍ പഠനവേളയില്‍ ഉണ്ടാകുന്ന ഉറക്കച്ചടവും വയർസംബന്ധമായ അസുഖങ്ങളും ഒഴിവാക്കാം. നാല് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തിൽ 45-65 ശതമാനം അന്നജവും 30-35 ശതമാനം കൊഴുപ്പുകളും 30 ശതമാനംവരെ മാംസവും ഉണ്ടായിരിക്കണം. പഠനസമയത്ത് കഴിവതും കട്ടിയാഹാരങ്ങള്‍ ഒഴിവാക്കണം. ഇറച്ചി, പൊറോട്ട, ബിരിയാണി എന്നിവ ഒഴിവാക്കണം.
വിറ്റാമിന്‍ സി, പ്രോട്ടീന്‍ ഇവയൊന്നും അടങ്ങിയിട്ടില്ലാത്തതിനാല്‍ ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം നല്ലതല്ല. കൊഴുപ്പ്, കൊളസ്‌ട്രോള്‍, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കണം. കോളകള്‍, ചിപ്സുകള്‍, ബര്‍ഗര്‍, ചോക്ലേറ്റ് എന്നിവ കഴിവതും ഒഴിവാക്കണം. ഇവ അമിതമായി കഴിച്ചാല്‍ ആരോഗ്യത്തെ ബാധിക്കും. ചായ, കാപ്പി എന്നിവ അമിതമാവാതിരിക്കാനും ശ്രദ്ധിക്കണം. മുട്ട, മത്സ്യം, കാരറ്റ്, മത്തങ്ങ, പച്ച ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി ഉയര്‍ത്താനും പരീക്ഷക്കാലത്ത് അസുഖങ്ങള്‍ ബാധിക്കുന്നത് കുറക്കാനും സഹായിക്കും.
പരീക്ഷപോലെ സമ്മർദം കൂടിയ സമയത്ത് ശരീരത്തിൽ, ജലത്തില്‍ ലയിക്കുന്ന വിറ്റാമിനുകളായ ബി കോംപ്ലക്‌സ്, സി, സിങ്ക് പോലുള്ള ധാതുക്കള്‍ എന്നിവയുടെ ആവശ്യം ഉയരും. ഇവ സമ്മർദത്തെ ചെറുക്കുന്ന അഡ്രിനാല്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കും. തവിട്ട് അരി, അണ്ടിപ്പരിപ്പ്, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ പഠനകാലയളവിൽ കഴിക്കുന്നത് നല്ലതാണ്. തേൻ ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയാണ്. അതിരാവിലെ ഒരു ടേബിൾ സ്പൂൺ തേൻ കഴിച്ചാൽ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും.
ഉറക്കം പ്രധാനം
രാത്രി ഏറെ വൈകാതെ ഭക്ഷണം കഴിക്കുകയും നേരത്തേ ഉറങ്ങുകയും ചെയ്യുന്നതാണ് നല്ലത്. ഇത് രാവിലെ എഴുന്നേറ്റ് പഠിക്കാൻ സഹായിക്കും. പരീക്ഷയുടെ തലേദിവസം പഠിച്ച കാര്യങ്ങൾ ഒന്നു മറിച്ചുനോക്കി ഓർമയിൽ വെക്കാൻ ശ്രദ്ധിക്കണം. തലേദിവസം ഉറക്കമൊഴിച്ചിരുന്ന് പഠിക്കുന്നത് വിപരീതഫലം സൃഷ്ടിക്കും. നിങ്ങൾക്ക് ഉറക്കക്കുറവുണ്ടെങ്കിൽ പഠിച്ച എല്ലാ കാര്യങ്ങളും കൃത്യമായി ഓർമിക്കാൻ കഴിയില്ല. പരീക്ഷ ദിവസം പുലർച്ച ഏറെനേരം വായിക്കുന്നത് ഉന്മേഷം നഷ്ടപ്പെടുത്തും. പരീക്ഷയുടെ തലേദിവസം എട്ട് മണിക്കൂറോളം ഉറങ്ങി എഴുന്നേറ്റ് ശാന്തമായി പരീക്ഷക്ക് പോകുന്നതാണ് നല്ലത്.
പരീക്ഷ ഹാളിൽ
പരീക്ഷ ഹാളിലെത്തുന്നതിനു ഒരു മണിക്കൂർ മുമ്പേ പുസ്തകം അടച്ചുവെച്ച് റിലാക്സ് ചെയ്യുക. ചോദ്യപേപ്പര്‍ ലഭിച്ചാല്‍ ഉടൻ മുഴുവനായും ഒരാവര്‍ത്തി വായിക്കണം. കൃത്യമായി രജിസ്റ്റർ നമ്പർ എഴുതുകയും മാർജിൻ കൊടുക്കുകയും വേണം. ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങള്‍ക്ക് വേഗത്തിൽ കൃത്യമായി ഉത്തരങ്ങൾ എഴുതുക. ആദ്യ പേജ് നല്ല കൈയക്ഷരത്തിൽ വൃത്തിയായി എഴുതണം. ഇത് ഉത്തരക്കടലാസ് പരിശോധിക്കുന്നയാളിൽ നല്ല മതിപ്പ് ഉണ്ടാക്കാൻ സഹായിക്കും.
ഉത്തരമെഴുതുമ്പോൾ ഇവ ശ്രദ്ധിക്കാം
ചോദ്യനമ്പര്‍ തെറ്റാതെ രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഓരോ ചോദ്യത്തിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിച്ച് ഉത്തരം എഴുതണം. ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം എത്ര വിശദീകരിച്ച് എഴുതിയാലും ഒരു മാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് തിരിച്ചറിയണം. സമയക്രമം പാലിക്കണം. ഇല്ലെങ്കില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ പ്രയാസപ്പെടും. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സമയവിഭജനം നടത്തേണ്ടത്. ഉത്തരത്തിന്‍റെ ചില ഭാഗങ്ങളോ പ്രധാനപ്പെട്ട പോയന്റുകളോ മറന്നുപോയാൽ പരിഭ്രാന്തരാകരുത്. അത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും. ഒരു ചോദ്യത്തിന്‍റെ ഉത്തരംതന്നെ ആലോചിച്ചിരുന്ന് വിലപ്പെട്ട സമയവും നഷ്ടപ്പെട്ടേക്കാം.
ഓരോ ഉത്തരവും കഴിഞ്ഞ് കുറച്ച് സ്ഥലം വിട്ട് മറ്റ് ഉത്തരങ്ങൾ എഴുതാൻ തുടങ്ങുക. പിന്നീട് പ്രധാന പോയന്‍റുകൾ എന്തെങ്കിലും ഓര്‍മവന്നാല്‍ ചേര്‍ക്കാന്‍ ഈ സ്ഥലം ഉപകരിക്കും. നിർബന്ധിത ചോദ്യങ്ങൾക്കെല്ലാം ഉത്തരമെഴുതാൻ ശ്രമിക്കണം. ഒരിക്കലും അവ വിടരുത്. അല്ലെങ്കിൽ ഒരുപാട് മാർക്ക് നഷ്ടപ്പെടും. ഒന്നോ രണ്ടോ ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിലും എന്തെങ്കിലും ഉത്തരമെഴുതാൻ ശ്രമിച്ചാൽ ചിലപ്പോൾ ചെറിയ മാർക്കെങ്കിലും അതിനു ലഭിച്ചേക്കാം. പ്രധാന പോയന്റുകള്‍ക്ക് അടിവരയിടുന്നതും ഉപന്യാസത്തിന് ഇടക്കിടെ ചെറിയ തലക്കെട്ടുകള്‍ നല്‍കുന്നതും കൂടുതല്‍ മാര്‍ക്ക് നേടാനുള്ള ഉപാധിയാണ്.
വെള്ളം കുടിക്കാം
പരീക്ഷാ ഹാളിൽ വെള്ളം വിതരണം ചെയ്യും. ഇല്ലെങ്കിൽ ഒരു കുപ്പി വെള്ളം കൈയിൽ കരുതുന്നത് നല്ലതാണ്. വെള്ളം കുടിക്കുന്നത് നിങ്ങളെ ശാന്തമാക്കും. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നെങ്കിൽ ഒന്നോ രണ്ടോ ചോക്ലേറ്റ് കഴിക്കുക. ചോക്ലേറ്റിൽ അടങ്ങിയ പഞ്ചസാര ഊർജം പ്രദാനം ചെയ്യുകയും ഉന്മേഷം നൽകുകയും ചെയ്യും.
ധിറുതി വേണ്ട, ഹാളിൽനിന്ന് ഇറങ്ങാൻ
പരീക്ഷ സമയം അവസാനിക്കുന്നതിന് മുമ്പ് ഹാളില്‍നിന്ന് പുറത്തിറങ്ങരുത്. എഴുതിയ ഉത്തരങ്ങള്‍ ഒന്നുകൂടി വായിച്ചുനോക്കാനും ഏതെങ്കിലും ചോദ്യനമ്പര്‍ തെറ്റിപ്പോയാല്‍ തിരുത്താനും വിട്ടുപോയതുണ്ടെങ്കില്‍ ചേര്‍ക്കാനും ഈ സമയം വിനിയോഗിക്കാവുന്നതാണ്.
പോസിറ്റിവായിരിക്കുക
ഉത്തരപേപ്പർ കൈമാറിക്കഴിഞ്ഞാൽ, ഫലത്തെക്കുറിച്ച് ആകുലപ്പെടുന്നത് അവസാനിപ്പിക്കുക. ഉത്തരം എഴുതിയതിനെക്കുറിച്ചോ എഴുതാത്തതിനെക്കുറിച്ചോ ചിന്തിക്കരുത്.
പരീക്ഷ കഴിയുമ്പോൾ സഹപാഠികളും വീട്ടുകാരുമായുള്ള ചർച്ചയും വിശകലനവും ഒഴിവാക്കണം. അത് ആന്മവിശ്വാസം തകരാൻ ഇടയാക്കും. മികച്ചത് മാത്രം പ്രതീക്ഷിക്കുക. പോസിറ്റിവായിരിക്കാൻ ശ്രമിക്കുക. നെഗറ്റിവ് ചിന്തകളെ മാറ്റിനിർത്തി നല്ല മനോഭാവത്തോടെ പരീക്ഷകളെ നേരിടുക. മികച്ച വിജയം നിങ്ങളെ കാത്തിരിക്കും.
(2024 മാർച്ച് ലക്കം മാധ്യമം കുടുംബത്തിൽ പ്രസിദ്ധീകരിച്ചത്)
കൂടുതൽ വായനക്ക് മാധ്യമം കുടുംബം വരിക്കാരാകാം.
സർക്കുേലഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500