‘ഉപരിപഠനം: സംശയങ്ങൾ തീർന്നില്ലേ?’ -ഇവിടെയുണ്ട് അവക്കുള്ള ഉത്തരങ്ങൾ
text_fieldsഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിദ്യാർഥികളുടെ പ്രധാന ചിന്തയാണ് ഇനി എന്തു പഠിക്കണം എന്നത്. ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഈ കാലം.
ഏതായിരിക്കണം തന്‍റെ കരിയർ മേഖല എന്ന് പല വിദ്യാർഥികളും തീരുമാനിച്ചിട്ടുണ്ടാകും. എങ്കിലും ആശങ്കകൾ ബാക്കിയായിരിക്കും. ഏത് കോഴ്സ്, എവിടെ പഠിക്കും അങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. അത്തരത്തിൽ പൊതുവായുള്ള ചില പ്രധാന ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും പരിശോധിക്കുകയാണിവിടെ.
പ്ലസ് ടുവിന് ഏത് കോമ്പിനേഷൻ തിരഞ്ഞെടുക്കണം?
പത്തിനുശേഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരിഗണിക്കുന്ന ഹയർസെക്കൻഡറി മേഖലയിൽ സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് സ്ട്രീമുകളിലായി 45 കോമ്പിനേഷനുകളുണ്ട്. വിദ്യാർഥിയുടെ വ്യക്തിത്വ സവിശേഷതകൾ, സർഗസിദ്ധികൾ, അഭിരുചികൾ, താൽപര്യങ്ങൾ, നൈപുണികൾ തുടങ്ങിയവ പരിഗണിച്ചാണ് ഏറ്റവും യോജിച്ച കോമ്പിനേഷൻ തിരഞ്ഞെടുക്കേണ്ടത്.
ബയോളജിയും മാത്തമാറ്റിക്സുമടങ്ങിയ സയൻസ് കോമ്പിനേഷൻ തിരഞ്ഞെടുത്താൽ പ്ലസ് ടുവിന് ശേഷമുള്ള എല്ലാ മേഖലകളിലേക്കും പ്രവേശനം സാധ്യമാണ്. മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, പൈലറ്റ്, സയൻസ് റിസർച്, നേവി, എയർഫോഴ്സ് തുടങ്ങിയ മേഖലകൾക്ക് പ്ലസ് ടുവിൽ സയൻസ് പഠനം അനിവാര്യമാണ്.
ആർട്സ്, കോമേഴ്സ്, ഡിസൈൻ, മാനേജ്മെന്‍റ്, നിയമം, അധ്യാപനം തുടങ്ങിയ മേഖലകൾ ഏത് കോമ്പിനേഷൻ പഠിച്ച വിദ്യാർഥികൾക്കും പരിഗണിക്കാവുന്നതാണ്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങൾ പഠിക്കാനവസരമുണ്ട്.
പൈലറ്റാകാൻ സയൻസ് സ്ട്രീം നിർബന്ധമാണോ?
അതെ. പ്ലസ് ടുവിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിലും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലും പൈലറ്റ് പരിശീലനത്തിന് അവസരമുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി മറ്റ് പരിശീലന കേന്ദ്രങ്ങളുമുണ്ട്.
വൊക്കേഷനൽ ഹയർസെക്കൻഡറി പൂർത്തിയാക്കിയാൽ നീറ്റ് എഴുതാമോ?
തീർച്ചയായും എഴുതാം. ഹയർസെക്കൻഡറിക്കാർക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വി.എച്ച്.എസ്.സി വിദ്യാർഥികൾക്കും ലഭ്യമാണ്. വി.എച്ച്.എസ്.സിയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച വിദ്യാർഥികൾക്ക് തീർച്ചയായും നീറ്റ് എഴുതാം.
കേരളത്തിൽ ബി.എസ്‍സി നഴ്സിങ്ങിന് പ്രവേശന പരീക്ഷ ഉണ്ടോ?
ഇല്ല. കേരളത്തിൽ ബി.എസ്‍സി നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്ക് പ്ലസ് ടു മാർക്കടിസ്ഥാനത്തിലാണ് പ്രവേശനം. പ്രത്യേക പ്രവേശന പരീക്ഷയില്ല. പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനവും പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ തന്നെയാണ് നടത്താറുള്ളത്.
എൽ.ബി.എസ് സെന്‍ററിനാണ് രണ്ട് അലോട്ട്മെന്‍റ് പ്രക്രിയകളുടെയും ചുമതല (https://lbscentre.kerala.gov.in/). ഇത്തവണ വിജ്ഞാപനങ്ങൾ വന്നിട്ടില്ല.
ബി.എസ്‌സി അഗ്രികൾച്ചർ പ്രവേശനം നീറ്റ് യു.ജി വഴിയാണോ?
അതെ. കേരളത്തിലെ വിവിധ അഗ്രികൾച്ചർ കോളജുകളിലെ 80 ശതമാനം സീറ്റുകളുടെ പ്രവേശനം നീറ്റ് യു.ജി സ്കോർ അടിസ്ഥാനത്തിലാണ്. ‘കീമി’ന് പ്രത്യേകം അപേക്ഷ സമർപ്പിക്കുകയും വേണം. എന്നാൽ, കേരളത്തിലും ഇന്ത്യയിലെ വിവിധ ഗവ. അഗ്രികൾച്ചർ കോളജുകളിലും അഖിലേന്ത്യ േക്വാട്ടയായ 20 ശതമാനം സീറ്റുകൾ സി.യു.ഇ.ടി യു.ജി വഴിയാണ് നികത്തുന്നത്.
ഐ.എ.എസ് നേടണമെന്നാണ് ആഗ്രഹം. പ്ലസ് ടുവിൽ ഏതു സ്ട്രീം എടുക്കണം?
യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (UPSC) വർഷം തോറും നടത്തുന്ന മത്സരപരീക്ഷ വഴിയാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അടക്കം 23 സർവിസുകളിലേക്കുള്ള നിയമനം നടത്തുന്നത്. പരീക്ഷയുടെ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമായതിനാൽ പ്ലസ് ടുവിന് വിദ്യാർഥിയുടെ താൽപര്യമനുസരിച്ച് ഏത് സ്ട്രീം വേണമെങ്കിലും തിരഞ്ഞെടുക്കാം.
കോഴിക്കോട് എൻ.ഐ.ടിയിൽ ഇന്റഗ്രേറ്റഡ് ബി.എഡ് പഠിക്കാൻ അവസരമുണ്ടോ?
ഉണ്ട്. ഇന്‍റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ITEP) വഴി കോഴിക്കോട് എൻ.ഐ.ടിയിൽ ബി.എസ്‌സി-ബി.എഡ് പ്രോഗ്രാമിന് അവസരമുണ്ട്. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET) വഴിയാണ് പ്രവേശനം.
പ്ലസ് ടു വിദ്യാർഥിയാണ്. ഡിസൈൻ പഠനത്തിനുള്ള പ്രവേശന പരീക്ഷകൾ പരിചയപ്പെടുത്താമോ?
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്‍റെ (NID) അഹ്മദാബാദ് അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) പ്രവേശനത്തിനുള്ള എൻ.ഐ.ഡി ഡാറ്റ്, വിവിധ ഐ.ഐ.ടികളിൽ ബി.ഡിസ് പ്രവേശനത്തിനുള്ള യൂസിഡ് (UCEED), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (NIFT) കണ്ണൂർ അടക്കമുള്ള വിവിധ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ, പാദരക്ഷാ മേഖലയിലെ ഡിസൈൻ പ്രോഗ്രാമുകൾ നൽകുന്ന ഫൂട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (FDDI) പ്രവേശന പരീക്ഷയായ എഫ്.ഡി.ഡി.ഐ എ.ഐ.എസ്.ടി (സി.യു.ഇ.ടി യു.ജി വഴിയും പ്രവേശനമുണ്ട്), ജയ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിലെ (IICD) ബി.ഡിസ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ തുടങ്ങി പ്ലസ് ടുക്കാർക്ക് പരിഗണിക്കാവുന്ന നിരവധി പരീക്ഷകളുണ്ട്.
കൊല്ലം കുണ്ടറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിലും (IFTK) പ്രവേശന പരീക്ഷ വഴി ബി.ഡിസ് പഠിക്കാം. കൊല്ലം ചന്ദനതോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KSID) അടക്കം അഞ്ചു സ്ഥാപനങ്ങളിലെ ബി.ഡിസ് പ്രവേശനത്തിന് എൽ.ബി.എസ് പ്രത്യേകം പരീക്ഷ നടത്തുന്നുണ്ട്.
കോഴിക്കോട് ഐ.ഐ.എമ്മിൽ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം (IPM) പഠനത്തിന് അവസരമുണ്ടോ?
ഇല്ല. ഇന്ദോർ, രോത്തക്ക്, റാഞ്ചി, ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലാണ് ഐ.പി.എം പ്രോഗ്രാമുകൾക്ക് അവസരമുള്ളത്. ഐ.ഐ.എം ഷില്ലോങ്ങിലും ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്. ഏത് സ്ട്രീമിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കും ബിരുദത്തോടൊപ്പം എം.ബി.എ കൂടി പൂർത്തിയാക്കാൻ സാധിക്കുന്ന അഞ്ചു വർഷ പ്രോഗ്രാമുകളാണിത്.
ഹ്യുമാനിറ്റീസ് സ്ട്രീമുകാർക്ക് കോമേഴ്സ് മേഖലയായ ചാർട്ടേഡ് കോഴ്സുകൾ പഠിക്കാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും. പ്ലസ് ടുവിൽ ഏത് സ്ട്രീം പൂർത്തിയാക്കിയവർക്കും താൽപര്യമനുസരിച്ച് വിവിധ ചാർട്ടേഡ് കോഴ്സുകൾ പരിഗണിക്കാവുന്നതാണ്.
പ്ലസ് ടുവിന് ശേഷമാണോ ബിരുദത്തിനു ശേഷമാണോ ചാർട്ടേഡ് കോഴ്സുകൾക്ക് ചേരേണ്ടത്?
കഴിവും താൽപര്യവും കഠിനാധ്വാനം ചെയ്യാൻ തയാറുമുള്ള വിദ്യാർഥികൾ പ്ലസ് ടുവിന് ശേഷം തന്നെ ചാർട്ടേഡ് കോഴ്സുകൾക്ക് ചേരുന്നതാണ് നല്ലത്. കോഴ്സിന്‍റെ കൂടെ ബി.കോം പോലെയുള്ള കോഴ്സുകൾ പ്രൈവറ്റ്/ ഡിസ്റ്റൻസ് ആയി പഠിക്കുന്നതും നല്ലതാണ്.
മിലിറ്ററി നഴ്സിങ്ങിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടോ?
ഇല്ല. മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യു.ജിയുടെ സ്കോർ പരിഗണിച്ചാണ് വിദ്യാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. നീറ്റ് യു.ജി സ്കോർ, കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറൽ ഇന്‍റലിജൻസ്, ജനറൽ ഇംഗ്ലീഷ് (TOGIGE), സൈക്കോളജിക്കൽ അസസ്മെന്‍റ് ടെസ്റ്റ് (PAT), ഇന്‍റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
കോമേഴ്സ് വിദ്യാർഥിയാണ്. എൻ.ഡി.എ പരീക്ഷ വഴി സൈന്യത്തിൽ പ്രവേശനം സാധ്യമാണോ?
കോമേഴ്സ്/ ഹ്യുമാനിറ്റീസ് സ്ട്രീമുകാർക്ക് എൻ.ഡി.എ പരീക്ഷ വഴി ആർമി വിങ്ങിൽ പ്രവേശനം നേടാം. എന്നാൽ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച സയൻസ് വിദ്യാർഥികൾക്ക് മാത്രമേ ആർമി, നേവി, എയർഫോഴ്സ് എന്നീ മൂന്ന് വിങ്ങുകളിലേക്കും പ്രവേശനം ലഭിക്കുകയുള്ളൂ.
എം.ബി.എ പഠിക്കാൻ ബി.ബി.എ നിർബന്ധമാണോ?
നിർബന്ധമില്ല. ഏതെങ്കിലും അംഗീകൃത ബിരുദമാണ് എം.ബി.എയുടെ അടിസ്ഥാന യോഗ്യത. ഏത് ബിരുദമുള്ളവർക്കും കാറ്റ് (CAT) പോലെയുള്ള പ്രവേശന പരീക്ഷകളെഴുതി ഐ.ഐ.എമ്മുകളടക്കമുള്ള മികച്ച സ്ഥാപനങ്ങളിൽ എം.ബി.എ പഠിക്കാം.