പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന ഇന്‍റഗ്രേറ്റഡ് മാനേജ്‌മെന്‍റ് കോഴ്‌സുകളും സ്ഥാപനങ്ങളും
text_fieldsമികച്ച വേതനത്തോടെ പ്ലേസ്മെന്‍റ് ലഭിക്കുന്ന കോഴ്‌സുകളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് മാനേജ്‌മെന്‍റ് കോഴ്‌സുകൾ. നാട്ടിലും വിദേശത്തുമുള്ള മികച്ച തൊഴിലിടങ്ങളിൽ അവസരം ലഭിക്കുന്നതുവഴി കരിയർ ഉയർച്ചക്കുള്ള ശ്രദ്ധേയ അവസരങ്ങളാണ് കൈവരുന്നത്.
ബിരുദം കഴിഞ്ഞുള്ള എം.ബി.എ, പി.ജി ഡിപ്ലോമ കോഴ്‌സുകളാണ് മാനേജ്‌മെന്‍റ് പഠനരംഗത്ത് പ്രചാരത്തിലുള്ളതെങ്കിലും പ്ലസ് ടുവിന് ശേഷമുള്ള ഇന്‍റഗ്രേറ്റഡ് മാനേജ്‌മെന്‍റ് പഠനമെന്നത് ഇപ്പോൾ വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന കരിയർ സാധ്യതയാണ്.
മാനേജ്മെന്‍റ് പഠനത്തിന് കിടയറ്റ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിലുള്ള ഐ.ഐ.എമ്മുകളടക്കമുള്ള സ്ഥാപനങ്ങൾ നടത്തുന്ന പഞ്ചവത്സര മാനേജ്‌മെന്‍റ് കോഴ്‌സുകൾ ഇതിനായി രൂപകൽപന ചെയ്തതാണ്. ഏത് വിഷയത്തിൽ പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ് മിക്ക സ്ഥാപനങ്ങളും നടത്തുന്ന ഇന്‍റഗ്രേറ്റഡ് മാനേജ്‌മെന്‍റ് പ്രോഗ്രാമുകൾ.
ഈ കോഴ്‌സുകൾ മാനേജ്‌മെന്‍റ് പഠനാഭിരുചിയുള്ളവർക്ക് തിരഞ്ഞെടുത്ത് തിളങ്ങാൻ അവസരം സൃഷ്ടിക്കുന്നതാണ്. ഇത്തരത്തിൽ ശ്രദ്ധേയമായ ചില കോഴ്‌സുകളും സ്ഥാപനങ്ങളും പരിചയപ്പെടാം.
ഐ.ഐ.എം ഇന്ദോർ
2011ൽ ആരംഭിച്ച ഈ പ്രോഗ്രാം (ബി.എ-എം.ബി.എ) ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ കോഴ്സാണ്. ആദ്യ മൂന്നു വർഷം അടിസ്ഥാന പഠനത്തിനും അവസാന രണ്ടു വർഷം മാനേജ്മെന്‍റ് പഠനത്തിനുമാണ് പ്രാധാന്യം. നാല്, അഞ്ച് വർഷങ്ങളിലെ പരിശീലനം സ്ഥാപനത്തിലെ മറ്റു വിദ്യാർഥികളോടൊപ്പമായിരിക്കും. അഞ്ചു വർഷത്തെ പഠനത്തിനൊടുവിൽ ബി.എ, എം.ബി.എ യോഗ്യതകൾ ലഭിക്കും. ഇന്ദോർ ഐ.ഐ.എമ്മിലെ ഇന്‍റഗ്രേറ്റഡ് മാനേജ്‌മെന്‍റ് പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷയായ ഐ.പി.എം അഭിരുചി ടെസ്റ്റ് (ഐ.പി.എം -എ.ടി) വഴിയാണ് പ്രവേശനം.
വെബ്സൈറ്റ്:
ഐ.ഐ.എം റോത്തക്ക്, ഹരിയാന
ഐ.ഐ.എം ഇന്ദോറിലെ കോഴ്സിന് ഏറക്കുറെ സമാനമാണ് ഇവിടെയും. ബി.ബി.എ-എം.ബി.എ കോഴ്സാണുള്ളത്. അഞ്ചു വർഷത്തെ പഠന ശേഷം എം.ബി.എ ബിരുദം ലഭിക്കും. ചുരുങ്ങിയത് അഞ്ച് CGPA എങ്കിലും ഉള്ളവർക്കാണ് മൂന്നാം വർഷത്തിനു ശേഷം തുടർപഠനത്തിന് അവസരം ലഭിക്കുകയുള്ളൂ.
മൂന്നു വർഷം മാത്രം പഠിച്ച് ബി.ബി.എ യോഗ്യതയുമായി എക്സിറ്റ് ചെയ്യാനുള്ള അവസരവുമുണ്ട്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന അഭിരുചി പരീക്ഷക്ക് https://www.iimrohtak.ac.in/ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. അഭിമുഖവും ഉണ്ടാവും.
ഐ.ഐ.എം റാഞ്ചി
ഐ.ഐ.എം റാഞ്ചിയിൽ നടത്തുന്ന ബി.ബി.എ-എം.ബി.എ പ്രോഗ്രാം പ്രവേശനം ആഗ്രഹിക്കുന്നവർ ഐ.ഐ.എം ഇന്ദോറിലേക്കുള്ള പ്രവേശന പരീക്ഷ വഴി യോഗ്യത നേടണം.
വെബ്സൈറ്റ്:
ജിപ്മാറ്റ്
മാനേജ്‌മെന്‍റ് പഠനത്തിന് ഏറ്റവും മികവുറ്റ സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്ന ഐ.ഐ.എമ്മിന്‍റെ ബോധ്ഗയ, ജമ്മു കാമ്പസുകളിലെ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്‍റ് പ്രവേശനം ജോയന്‍റ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (ജിപ്മാറ്റ്) വഴിയാണ്. ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷക്ക് https://exams.nta.ac.in/JIPMAT/ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് രണ്ട് സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
മറ്റു സ്ഥാപനങ്ങൾ
പ്ലസ് ടു യോഗ്യതയുള്ളവർക്ക് പ്രവേശനം നേടാവുന്ന ഇന്‍റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം നടത്തുന്ന മറ്റു ചില സ്ഥാപനങ്ങൾ.
● ഐ.ഐ.ടി മാൻഡി (ജെ.ഇ.ഇ മെയിൻ വഴി)
● നാഷനൽ ലോ യൂനിവേഴ്‌സിറ്റി ഹൈദരാബാദ്
● സെൻട്രൽ ട്രൈബൽ സർവകലാശാല ആന്ധ്രപ്രദേശ്
● നാഷനൽ ഫോറൻസിക് സയൻസ് സർവകലാശാല ഗുജറാത്ത്, ഡൽഹി
● നിർമ സർവകലാശാല അഹ്മദാബാദ്
● നർസി മോൺജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസ് മുംബൈ
● മുംബൈ സർവകലാശാല
● മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ കർണാടക
● ആന്ധ്ര സർവകലാശാല
● ഡൂൺ ബിസിനസ് സ്‌കൂൾ ഡെറാഡൂൺ
● ജിൻഡാൽ ഗ്ലോബൽ സ്‌കൂൾ സോനിപ്പത്ത്
● ഗോവ യൂനിവേഴ്സിറ്റി
● ഡോ. എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ യൂനിവേഴ്സിറ്റി യു.പി
● നിക്മാർ പുണെ
● രാജഗിരി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് കൊച്ചി
● സെന്‍റ് ഗിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് കോട്ടയം
● കുരുക്ഷേത്ര യൂനിവേഴ്‌സിറ്റി ഹരിയാന
കോഴ്‌സുകളുടെ സവിശേഷ സ്വഭാവം, പ്രവേശന രീതി, അപേക്ഷിക്കേണ്ട സമയം, ഫീസ് തുടങ്ങിയ വിവരങ്ങളറിയാൻ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കാം. സ്ഥാപനങ്ങളുടെ റാങ്കിങ് അനുസരിച്ച് കോഴ്‌സുകളുടെ നിലവാരത്തിലും സ്വീകാര്യതയിലും വ്യത്യാസങ്ങളുണ്ടാവും.