‘എ.ഐ ഏറ്റവും കൂടുതൽ ബാധിക്കുക നിലവിലുള്ള ജോലികളെ’ -അറിയാം, തൊഴിൽ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണ കണക്കുകൂട്ടലുകൾക്കുമപ്പുറമാണ് ലോകം മുന്നേറുന്നത്.
മനുഷ്യർ കായികമായി ചെയ്യുന്ന ജോലികൾ യന്ത്രങ്ങൾ ചെയ്യാൻ തുടങ്ങിയ കാലം മുതലേ ജോലി നഷ്ടപ്പെടുമോ എന്ന ഭയവും നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അതിലുപരി പുതിയ മേഖലകളും ജോലിസാധ്യതകളും അവസരങ്ങളും തുറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, മനുഷ്യർ അവരുടെ ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യാൻ തുടങ്ങിയ കാലം മുതലാണ് എ.ഐ എന്ന വിഷയം കൂടുതലായി കേൾക്കാൻ തുടങ്ങിയത്.
ഇപ്പോൾ അത് ഏറ്റവും കൂടുതൽ ജനകീയമായി മാറുകയും ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തിൽ മാറ്റംകൊണ്ടുവരുകയും, ആർക്കും ഉപയോഗിക്കാവുന്ന തരത്തിൽ എത്തുകയും ചെയ്തു.
തൊഴിലുകളെ എങ്ങനെ ബാധിക്കാം?
വരുന്ന അഞ്ച് വർഷത്തിനുള്ളിൽത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമാന സാങ്കേതികവിദ്യകളും ലോകത്താകമാനം 85 ദശലക്ഷം ജോലികൾ ഇല്ലാതാക്കുമെന്നും എന്നാൽ, അതിന്റെ കൂടെ 97 ദശലക്ഷത്തിൽപരം പുതിയ ജോലികൾ സൃഷ്ടിക്കുമെന്നും വേൾഡ് ഇക്കണോമിക് ഫോറം കണക്കുകൾ നിരത്തി പ്രവചിക്കുന്നു.
എ.ഐ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിലവിലുള്ള ജോലികളെയായിരിക്കും. മുമ്പൊക്കെ ഒരു വിഷയം പഠിച്ചു ആ മേഖലയിൽ ജോലി കിട്ടി റിട്ടയർമെന്റ് വരെ ആ ജോലി ചെയ്യാനുള്ള അവസരമുണ്ടായിരുന്നെങ്കിൽ വരും കാലത്ത് ഒരു ജോലിയും സ്ഥിരതയുണ്ടാവാൻ സാധ്യതയില്ല.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽത്തന്നെ പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ നിലവിലുള്ള 44 ശതമാനം തൊഴിലാളികളുടെ കഴിവുകൾ പ്രശ്‌നത്തിലാകുമെന്നും വേൾഡ് ഇക്കണോമിക് ഫോറം പ്രവചിക്കുന്നു.
എന്നാൽ, മനുഷ്യന്റേതായ കഴിവുകൾ നിലനിൽക്കുന്നിടത്തോളം കാലം എ.ഐക്ക് ആളുകളെ മാറ്റിസ്ഥാപിക്കാനാവില്ല. എ.ഐ ഉപയോഗിക്കാനറിയാത്തവർക്കുപകരം അറിയുന്നവർ വന്നു ചേരും.
കഴിവുകൾ പ്രധാനം
ഏതുകാലത്തും നിലനിൽക്കാനാവശ്യമായ കഴിവുകൾ നേടിയെടുക്കുക എന്നത് പ്രധാനമാണ്. ഏതൊരു മേഖലയിലും നിലനിൽക്കാനാവശ്യമായ ടെക്നിക്കലും അല്ലാത്തതുമായ കഴിവുകൾ ഓരോരുത്തരും നേടേണ്ടതുണ്ട്.
ചില സമയങ്ങളിൽ അവ രണ്ടും ക്രിയാത്മകമായി സംയോജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ജീവിതകാലം മുഴുവൻ ഒരാൾ പുസ്തകങ്ങൾ വായിച്ച് ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ അറിവ് ദിവസങ്ങൾ മാത്രം എ.ഐ പഠിച്ച ഒരാളെക്കൊണ്ട് എ.ഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് നിർമിക്കാനാവും.
ഭാഷാ മേഖലയിൽ കണ്ടന്റ് ക്രിയേറ്റർ ആയി ജോലി ചെയ്യുന്ന ഒരാൾക്ക് ചാറ്റ് ജി.പി.ടി, ജെമിനി, ഡീപ്സീക്ക് പോലത്തെ പ്ലാറ്റ്ഫോമുകളുടെ വരവോടെ ജോലി നഷ്ടപ്പെട്ടേക്കാം. എന്നാൽ, ഈ പ്ലാറ്റ്ഫോമുകൾ നന്നായി പഠിച്ച ഒരു കണ്ടെന്റ് ക്രിയേറ്റർ മുമ്പ് ഒരു ക്ലയന്റിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നതെങ്കിൽ ഒരേ സമയം ഒരുപാട് ക്ലയന്റുകൾക്കുവേണ്ടി ഒരുപാട് ജോലികൾ ചെയ്യാനാവും.
നിർമിതബുദ്ധിയെ പഠിക്കുക
എല്ലാവരും എ.ഐ ഡെവലപ്പർമാർ ആവുകയല്ല വേണ്ടത്, പകരം ഏതൊരു മേഖലയിൽ ജോലി ചെയ്യുകയാണെങ്കിലും ആ മേഖലയുമായി ബന്ധപ്പെട്ട നിർമിതബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കേണ്ടതുണ്ട്.
തന്റെ മേഖലയിൽ എന്തെല്ലാം ഓട്ടോമേഷൻ സാധ്യതകളാണ് വന്നുകൊണ്ടിരിക്കുന്നത്? തന്റെ മേഖലയിലെ നിർമിതബുദ്ധിയുടെ ടൂളുകൾ എന്തൊക്കെ? അവ പഠിക്കാനുള്ള മാർഗങ്ങൾ ഓരോരുത്തരും കണ്ടെത്തുകയും മനസ്സിലാക്കുകയും വേണം.
അതിന് പ്രോംപ്റ്റ് എൻജിനീയറിങ്, മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, നിർമിതബുദ്ധി തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്.
കാലഹരണപ്പെടാത്ത മാനുഷിക മൂല്യങ്ങൾ
കാമറകൾ നമ്മുടെ ഇമോഷൻ പോലും മനസ്സിലാക്കുന്ന ഈ കാലത്തുപോലും സഹാനുഭൂതി, അനുകമ്പ, സർഗാത്മകത, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം തുടങ്ങിയ മാനുഷിക മൂല്യങ്ങൾക്കും കഴിവുകൾക്കും പ്രാധാന്യമുണ്ട്.
കേവലം കണക്കുകൾക്കും ഡേറ്റകൾക്കും അപ്പുറം ആ കണക്കുകളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനും അവസാന തീരുമാനങ്ങളെടുക്കാനും കഴിയുക എന്നതും പ്രധാനമാണ്. നല്ല ലീഡറാവാനും ടീമുകൾക്ക് ഉണർവേകാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഈ മൂല്യങ്ങൾ സഹായിക്കും.
ജീവിതത്തിന്റെ ഏത് മേഖലയിലും ആളുകളുടെ വികാരങ്ങൾ മനസ്സിലാക്കുകയും (Emotional Intelligence) അവ വിലമതിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടെ സ്വന്തം വികാരങ്ങൾ തിരിച്ചറിയുകയും മനസ്സിലാക്കുകയും ആവശ്യ സമയങ്ങളിൽ നിയന്ത്രിക്കുകയും മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.
നിരന്തരം പഠിക്കാൻ തയാറാവുക
“ഇനി വരുന്ന കാലത്ത് വലിയ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെ തിന്നുക എന്ന പ്രതിഭാസമല്ല, മറിച്ച് വേഗത കൂടിയ മത്സ്യം വേഗത കുറഞ്ഞതിനെ കഴിക്കുകയാണ് സംഭവിക്കുക” എന്ന ക്ലോസ് ഷ്വാബിന്റെ (Klaus Schwab) അഭിപ്രായം പ്രസക്തമാണ്.
അതുകൊണ്ട് വേഗത്തിലുള്ള മാറ്റങ്ങൾക്ക് തയാറാവുക, മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുക, ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുക, പഠിച്ച കാര്യങ്ങളെ ജീവിതത്തിലുടനീളം പുതുക്കിക്കൊണ്ടിരിക്കുക എന്നതൊക്കെയാണ് ചെയ്യാനാവുക.
എ.ഐ ശത്രുവല്ല
എ.ഐ നമ്മെയൊക്കെ വിഴുങ്ങാൻ പോകുന്ന ശത്രുവാണെന്ന രീതിയിൽ കാണാതെ നമ്മുടെ കൂടെത്തന്നെയുള്ള, അല്ലെങ്കിൽ നമുക്ക് വേണ്ടിയുള്ള ഒരു അസിസ്റ്റന്റ്, സുഹൃത്ത് എന്ന രീതിയിൽ കാണാൻ ശ്രമിക്കുക.
എ.ഐയുടെ വരവ് ഒരു പ്രശ്നത്തിലേക്കാണ് എന്നതുമാറ്റി ഒരുപാട് സാധ്യതകളിലേക്കാണ് വാതിൽ തുറക്കുന്നത് എന്ന മനഃസ്ഥിതിയോടെ ഓരോ കാര്യവും നേരത്തേ അറിയാനും (stay updated) പഠിക്കാനും മാറ്റങ്ങളെ ഉൾക്കൊള്ളാനും കഴിയുമെങ്കിൽ വരും കാലത്ത് ശക്തമായി നിലനിൽക്കാനും (staying relevent) മുന്നോട്ടുപോകാനുമാവും.
മാറ്റങ്ങളെ തുറന്ന സമീപനത്തോടെ കണ്ട് വരാൻ പോകുന്ന ലോകത്തെ അഭിമുഖീകരിക്കാൻ തയാറായി അതനുസരിച്ച് പഠനവും തയാറെടുപ്പും നടത്താൻ തയാറായാൽ അവസരങ്ങളും നിരവധിയുണ്ടാവും.
എ.ഐയെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാം
എല്ലാ കാര്യങ്ങളും എ.ഐക്കുമാത്രം വിട്ടുകൊടുത്ത് നമുക്ക് പകരക്കാരനാക്കി മാറ്റാതെ എ.ഐ വെച്ച് നമുക്ക് എന്തു ചെയ്യാം എന്ന് ചിന്തിക്കുക. ഓരോ കാലത്തും നമ്മുടെ പ്രസക്തി തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്.
എല്ലാവരും എ.ഐ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കണ്ടന്റ് പോസ്റ്റ് ചെയ്യുമ്പോൾ എ.ഐ ഉപയോഗിക്കുന്നതിന്റെ കൂടെ സ്വന്തം ഭാഷാശൈലിയും ക്രിയാത്മകതയും ഉപയോഗപ്പെടുത്താനായാൽ നമ്മൾ തീർച്ചയായും വേറിട്ടു നിൽക്കും.
വിദ്യാഭ്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
ഇന്നത്തെ വിദ്യാഭ്യാസ രീതികൾ വരും കാലഘട്ടത്തെ അഭിമുഖീകരിക്കാൻ പുതുതലമുറയെ പ്രാപ്തരാക്കുന്നത് കൂടിയാവണം. ഏത് ലോകത്തേക്കാണോ പുതുതലമുറയുടെ യാത്ര ആ മേഖലയെ കൂടി അറിയുന്നവരായിരിക്കണം പുതിയ കാലത്തെ അധ്യാപകർ.
ക്ലാസ് മുറികളിൽ പരിമിതമായ വിദ്യാഭ്യാസ രീതിയിൽനിന്ന് വിദ്യാർഥി കേന്ദ്രീകൃതമായ (Personalized Learning) പഠനരീതിയിലേക്ക് മാറേണ്ടതുണ്ട്. ഭാവിയിൽ എ.ഐ അടിസ്ഥാനമാക്കിയ പഠന ഉപകരണങ്ങൾ ഓരോ വിദ്യാർഥിയുടെയും കഴിവനുസരിച്ചു പഠനം സ്വയം ആസൂത്രണം ചെയ്യാൻ സഹായിക്കും.
കൂടെ പ്രോജക്ട് അധിഷ്ഠിത പഠനം (Project-Based Learning) പോലുള്ള രീതികൾക്ക് പ്രാധാന്യം കൊടുക്കുകയും പഠനത്തിന് പുറമെയുള്ള Real-World Experience -പ്രായോഗിക പരിശീലനം (Internships, Projects) എന്നിവയെല്ലാം പ്രായോഗിക കാഴ്ചപ്പാടുകൾ ഉണ്ടാക്കാനും സഹായിക്കും. അത് ഓരോരുത്തരുടെയും കഴിവനുസരിച്ച് ലോകക്രമത്തെ മനസ്സിലാക്കാനും പൊതുബോധം ഉണ്ടാക്കാനും പുതുതലമുറയെ സഹായിക്കും.