Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_right‘മികച്ച കരിയറിന് വേണം...

‘മികച്ച കരിയറിന് വേണം ഇന്‍റേൺഷിപ്’ -ഇന്‍റേൺഷിപ് നൽകുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളും പ്രോഗ്രാമുകളും

text_fields
bookmark_border
‘മികച്ച കരിയറിന് വേണം ഇന്‍റേൺഷിപ്’ -ഇന്‍റേൺഷിപ് നൽകുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളും പ്രോഗ്രാമുകളും
cancel

തൊഴിൽ അന്വേഷകർ, അവർ കടന്നുചെല്ലാൻ താൽപര്യമുള്ള മേഖലകളെ കാലേകൂട്ടി പരിചയപ്പെടുന്നത് ഉചിതമായിരിക്കും.

സംവിധാനവുമൊത്ത് ഹ്രസ്വകാലം പ്രവർത്തിക്കാൻ ലഭിക്കാവുന്ന അവസരങ്ങളെപ്പറ്റി ചിന്തിക്കണം. ഇവയിലേക്ക് വെളിച്ചം നൽകുന്ന പദ്ധതിയാണ് ഇന്‍റേൺഷിപ്പുകൾ. സമ്മർ സ്കൂളുകൾ, യങ് പ്രഫഷനൽ പ്രോഗ്രാമുകൾ എന്നിവയും ഇതിലേക്ക് സഹായകരമായ പ്രോഗ്രാമുകളാണ്.

ഇന്റേൺഷിപ് എന്തിന്?

അവധിക്കാലത്തും മറ്റു സമയങ്ങളിലും ഹ്രസ്വകാല അക്കാദമിക് ഇന്റേൺഷിപ്പിൽ/സ്കൂളിൽ പങ്കെടുക്കാൻ, പ്രമുഖ മുൻനിര സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, ആ സ്ഥാപനത്തിന് പുറത്തുള്ള വിദ്യാർഥികൾക്ക് അവസരമൊരുക്കാറുണ്ട്.

മേഖലക്കനുസരിച്ച് നിശ്ചിത കോഴ്‌സിൽ പഠിക്കുന്നവർക്കാണ് പൊതുവെ അവസരം. അതിൽ ചിലതിന് സ്റ്റൈപൻഡ്/സാമ്പത്തിക സഹായം നൽകാറുമുണ്ട്. സ്ഥാപനത്തിലെ ഗവേഷണ സൗകര്യങ്ങൾ, ഗവേഷണ മേഖലകൾ, പരീക്ഷണശാലകൾ, ലൈബ്രറി സൗകര്യങ്ങൾ, ഫാക്കൽറ്റി എന്നിവയുമായൊക്കെ ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ ഇന്‍റേൺഷിപ്പുകൾ സഹായകരമാണ്.

ഇന്‍റേൺ ഈ കാലയളവിൽ ഒരു ഹ്രസ്വകാല പ്രോജക്ട് പൂർത്തിയാക്കേണ്ടതായി വരാം. ചുരുക്കത്തിൽ, ഗവേഷണ മേഖലയിലേക്ക് കടക്കാനുള്ള ശക്തമായ അടിത്തറ പാകാൻ ഇന്‍റേൺഷിപ് സഹായിക്കുന്നു. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് അധ്യാപന, ഗവേഷണ മേഖലകൾ പരിചയപ്പെടുത്താനും അവരെ അവയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുന്ന സമ്മർ ഇന്‍റേൺഷിപ് പ്രോഗ്രാമുകളുമുണ്ട്.

ഇന്‍റേൺഷിപ് പ്രോഗ്രാമുകൾ പ്രഖ്യാപിക്കുമ്പോൾ പങ്കെടുക്കുന്ന വകുപ്പുകൾ, ഫാക്കൽറ്റി വിവരങ്ങൾ, അവരുടെ ഗവേഷണമേഖലകൾ എന്നിവ അറിയിപ്പിൽ നൽകാറുണ്ട്. വിദ്യാർഥിയുടെ താൽപര്യം അനുസരിച്ച് മേഖല തിരഞ്ഞെടുക്കാൻ അവസരം ലഭിക്കാം. പൊതുവെ ഓഫ് ലൈൻ രീതിയിലാണ് ഇവ നടത്തുക. ചിലത് ഓൺലൈൻ രീതിയിൽ നടത്തുന്നു.

സ്വകാര്യ മേഖലയിലും നിരവധി ഇന്‍റേൺഷിപ് അവസരങ്ങൾ ഇന്ന് ലഭ്യമാണ്. സർക്കാർ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന സർക്കാർ വകുപ്പുകളുടെ ഇന്‍റേൺഷിപ്പുകളും ഇന്ന് വകുപ്പുകൾ നടത്താറുണ്ട്. തൊഴിൽ അന്വേഷകർക്ക് ഇവ പ്രയോജനപ്പെടും.

ഐ.ഐ.ടി, എൻ.ഐ.ടി, ഐസർ, ഐ.ഐ.ഐ.ടി തുടങ്ങിയവയൊക്കെ ഇന്‍റേൺഷിപ് അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ എല്ലാ വർഷവും നടത്തണമെന്നില്ല. വിവരങ്ങൾ അറിയാൻ വെബ്സൈറ്റുകൾ ഇടക്കിടെ സന്ദർശിക്കുക. വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാവുന്ന ഇന്‍റേൺഷിപ്പുകളും ഉണ്ട്.

അക്കാദമിക വ്യവസ്ഥക്കൊപ്പം മാർക്ക് വ്യവസ്ഥയും മറ്റു നിബന്ധനകളും ഉണ്ടാകാം. തിരഞ്ഞെടുപ്പ് രീതി വിജ്ഞാപനത്തിൽ ഉണ്ടാകും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്‍റേൺഷിപ് സർട്ടിഫിക്കറ്റ് നൽകാറുണ്ട്‌.


ഐ.ഐ.ടി

● ഡൽഹി ഐ.ഐ.ടി സമ്മർ റിസർച് ഫെലോഷിപ്: കാലയളവ് എട്ടു മുതൽ 12 ആഴ്ചവരെ ആകാം. അണ്ടർ ഗ്രാജ്വേറ്റ് എൻജിനീയറിങ് ബിരുദത്തിന് പഠിക്കുന്ന, കോഴ്സിൽ കുറഞ്ഞത് രണ്ടുവർഷം പൂർത്തിയാക്കിയ, തന്‍റെ പ്രോഗ്രാമിൽ മുന്നിലുള്ള 10 പേരിൽ ഒരാൾ ആയ ആർക്കും അപേക്ഷിക്കാം.

ഫെലോഷിപ് പദ്ധതിയിൽ യാത്രാചെലവ്, ബോർഡിങ്, ലോഡ്ജിങ് ഉൾപ്പെടെ ഐ.ഐ.ടിയിലെ താമസം, 500 രൂപ പ്രതിവാര ഫെലോഷിപ് എന്നിവ ലഭിക്കും.

വെബ്സൈറ്റ്:

https://home.iitd.ac.in

● മദ്രാസ് ഐ.ഐ.ടി സമ്മർ ഫെലോഷിപ്: എയ്റോസ്​പേസ് എൻജിനീയറിങ്, അപ്ലൈഡ് മെക്കാനിക്സ് ആൻഡ് ബയോ മെഡിക്കൽ എൻജിനീയറിങ്, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എൻജിനീയറിങ് ഡിസൈൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, മെറ്റല്ലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, ഓഷ്യൻ എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലാണ് ഫെലോഷിപ് അവസരങ്ങൾ ഉള്ളത്.

ബി.ഇ/ബി.ടെക്/ബി.എസ്‍സി (എൻജിനീയറിങ്) മൂന്നാം വർഷം, ഇന്റഗ്രേറ്റഡ്/ ഡ്യുവൽ ഡിഗ്രി മാസ്റ്റേഴ്സ് പ്രോഗ്രാം (എം.ഇ/എം.ടെക്/എം.എസ്‍സി) മൂന്നാം/നാലാം വർഷം, എം.എസ്‍സി/എം.എ/എം.ബി.എ ഒന്നാം വർഷം എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസം 15,000 രൂപ നിരക്കിൽ പരമാവധി രണ്ടുമാസത്തേക്ക്/പങ്കെടുക്കുന്ന കാലയളവിന് ആനുപാതികമായി സ്റ്റൈപൻഡ് നൽകും.

വെബ്സൈറ്റ്:

https://sfp.iitm.ac.in

● മദ്രാസ് ഐ.ഐ.ടി വാദ്വാനി സ്കൂൾ സമ്മർ ഇന്‍റേൺഷിപ്: മദ്രാസ് ഐ.ഐ.ടിയും വാദ്വാനി സ്കൂൾ ഓഫ് ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും (ഡബ്ല്യു.എസ്.എ.ഐ) മൂന്നു മുതൽ ആറു മാസം വരെ നീണ്ടുനിൽക്കുന്ന സമ്മർ ഇന്‍റേൺഷിപ് നടത്താറുണ്ട്. നേരിട്ടു പങ്കെടുക്കണം. നിശ്ചിത സ്റ്റൈപൻഡ് അനുവദിക്കും. താമസസൗകര്യം ലഭ്യമല്ല.

ഏതെങ്കിലും സർവകലാശാലയിൽ/വിദ്യാഭ്യാസ സ്ഥാപനത്തിൽ എൻജിനീയറിങ്, സയൻസ് സ്ട്രീമിൽ, റെഗുലർ ഫുൾ ടൈം രീതിയിൽ ഉള്ള, നാലുവർഷ ബിരുദ പ്രോഗ്രാമിന്‍റെ പ്രീ - ഫൈനൽ വർഷം, രണ്ടുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിന്‍റെ ആദ്യവർഷം എന്നിവയിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

വെബ്സൈറ്റ്:

https://wsai.iitm.ac.in

● ഹൈദരാബാദ് ഐ.ഐ.ടി ‘ഷുവർ’ ഇന്‍റേൺഷിപ്: വിദ്യാർഥികൾക്ക് ഗവേഷണ മേഖലകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമാണ് സമ്മർ അണ്ടർ ഗ്രാജ്വേറ്റ് റിസർച് എക്സ്പോഷർ (ഷുവർ) ഇന്‍റേൺഷിപ്. ഒന്നു മുതൽ രണ്ടു മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്ന വകുപ്പുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അപേക്ഷിക്കാം.

വകുപ്പുകൾ, സെന്‍ററുകൾ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബയോമെഡിക്കൽ എൻജിനീയറിങ്, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡിസൈൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഓൺട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്‍റ്, ലിബറർ ആർട്സ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ ആൻഡ് എയ്റോസ്​പേസ് എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ്, ക്ലൈമറ്റ് ചേഞ്ച്, ഗ്രീൻകോ സ്കൂൾ ഓഫ് സസ്റ്റെയിനബിലിറ്റി, ഹെറിറ്റേജ് സയൻസ് ആൻഡ് ടെക്നോളജി, സെന്‍റർ ഫോർ ഇന്‍റർ ഡിസിപ്ലിനറി പ്രോഗ്രാം, എനർജി സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ്.

ഇന്‍റേൺഷിപ് കാലയളവ് കുറഞ്ഞത് ഒരു മാസവും പരമാവധി രണ്ട് മാസവുമാണ്. കാലയളവ് ഇന്‍റേണിന് തീരുമാനിക്കാം.

ഫെലോഷിപ്: രണ്ടുമാസ കാലാവധി തിരഞ്ഞെടുക്കുന്നവർക്ക് മൊത്തം 15,000 രൂപ ഫെലോഷിപ് നൽകും. ഒന്നരമാസ കാലാവധി തിരഞ്ഞെടുത്താൽ 10,000 രൂപയും ഒരു മാസം എങ്കിൽ 7500 രൂപയും നൽകും. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും ലഭിക്കും. മെസ് ചാർജുകൾ ഇന്‍റേൺ വഹിക്കണം. മൊത്തം 250 ഇന്‍റേൺഷിപ്പുകളുണ്ട്. ഇതിൽ 100 എണ്ണം പെൺകുട്ടികൾക്കാണ്.

യോഗ്യത: ഫുൾ ടൈം റെഗുലർ വിദ്യാർഥി ആയിരിക്കണം. എം.എസ്‌സി (മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/ബയോളജി) ഒന്നാം വർഷം; ബി.ടെക്/ബി.ഡിസ്/ബി.ആർക്/ബി.എ (ഏതെങ്കിലും ബ്രാഞ്ചിൽ) രണ്ടാം/മൂന്നാം വർഷം; ഇന്‍റഗ്രേറ്റഡ് ബി.ടെക്- എം.ടെക് മൂന്നാം/നാലാം വർഷം എന്നിവയിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

വെബ്സൈറ്റ്:

https://iith.ac.in/

● ധാർവാർഡ് ഐ.ഐ.ടി സമ്മർ ഇന്‍റേൺഷിപ്: ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ മെറ്റീരിയൽസ് ആൻഡ് എയ്റോസ്​പേസ് എൻജിനീയറിങ്, സിവിൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ്, ബയോസയൻസ് ആൻഡ് ബയോ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ഇക്കണോമിക്സ് ആർട്സ് ആൻഡ് റൂറൽ ടെക്നോളജീസ് (എച്ച്.ഇ.എ.ആർ.ടി), കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്.

സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ്, അനുബന്ധ മേഖലകളിലെ അണ്ടർ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

കുറഞ്ഞത് ഒരു മാസം, പരമാവധി രണ്ടു മാസം. സ്റ്റൈപൻഡ്, ട്രാവൽ സപ്പോർട്ട്, മറ്റു സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ ഉണ്ടായിരിക്കില്ല. താമസം, ഭക്ഷണം എന്നിവ സൗജന്യം.

വെബ്സൈറ്റ്:

https://www.iitdh.ac.in/news

ഇ- മെയിൽ:

cdc.office@iitdh.ac.in

● പാലക്കാട് ഐ.ഐ.ടി സമ്മർ ഇന്‍റേൺഷിപ്: ഓട്ടോമേഷൻ സെൽ, ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എൻവയൺമെന്‍റൽ സയൻസസ് ആൻഡ് സസ്റ്റെയ്നബിൾ എൻജിനീയറിങ് സെന്റർ (ഇ.എസ്.എസ്.ഇ.എൻ.സി.ഇ), മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്.

യോഗ്യത: എൻജിനീയറിങ്/ടെക്നോളജി/സയൻസസ് എന്നിവയിലെ നാലു വർഷ ബാച്ച്ലർ പ്രോഗ്രാമിന്‍റെ മൂന്നാം/നാലാം വർഷത്തിൽ പഠിക്കുന്നവർ, ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്‍റെ നാലാം/അഞ്ചാം വർഷത്തിൽ പഠിക്കുന്നവർ ഉൾപ്പെടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.

ആറാഴ്ച നീണ്ടുനിൽക്കുന്നതാണ് സഹവാസ രീതിയിൽ നടത്തുന്ന പ്രോഗ്രാം. താമസ സൗകര്യം നൽകും. മുറി വാടക, ഭക്ഷണച്ചെലവ് എന്നിവ ഇന്‍റേൺ വഹിക്കണം. ഇന്‍റേണിന് സാമ്പത്തിക സഹായമായി മൊത്തം 12,000 രൂപ നൽകും.

വെബ്സൈറ്റ്:

https://sun.iitpkd.ac.in

ഇമെയിൽ:

summer-internship@iitpkd.ac.in



എൻ.ഐ.ടി

● കോഴിക്കോട് എൻ.ഐ.ടി സമ്മർ ഇന്‍റേൺഷിപ് പ്രോഗ്രാം: കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്‌ ആൻഡ് എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹ്യുമാനിറ്റീസ് ആർട്സ് ആൻഡ് സോഷ്യൽ സയൻസസ്.

യോഗ്യത: അപേക്ഷകർ റെഗുലർ ഫുൾ ടൈം വിദ്യാർഥികളായിരിക്കണം. ബാക് പേപ്പറുകൾ ഉണ്ടായിരിക്കരുത്. മാതൃസ്ഥാപനത്തിൽനിന്ന് അച്ചടക്ക നടപടി നേരിടുന്നവരാകരുത്.

ബി.ടെക്/ബി.ഇ കോഴ്സിന്‍റെ രണ്ടാം/ മൂന്നാം വർഷം (നാലാം/ആറാം സെമസ്റ്റർ) പൂർത്തിയാക്കുന്നവർ, ബി.ആർക് നാലാം/ആറാം/എട്ടാം സെമസ്റ്റർ പൂർത്തിയാക്കുന്നവർ, എം.ഇ/എം.ടെക്/എം.എസ്‍സി/എം.പ്ലാൻ/എം.ബി.എ, ആദ്യ വർഷം/രണ്ടാം സെമസ്‌റ്റർ പൂർത്തിയാക്കുന്നവർ.

സ്ഥാപനത്തിലെ വിവിധ ലബോറട്ടറികളിൽ 30 ദിവസത്തേക്കോ 60 ദിവസത്തേക്കോ ആയിരിക്കും ഇന്‍റേൺഷിപ് അവസരം. പങ്കെടുക്കുന്നവർ ഇന്‍റേൺഷിപ് ഫീ നൽകണം. യാത്ര, താമസം, ഭക്ഷണം എന്നിവക്കുൾപ്പെടെ ഒന്നിനും സ്ഥാപനം സാമ്പത്തിക സഹായം നൽകില്ല. എന്തെങ്കിലും ചെലവുകൾക്കുള്ള തുക മെന്‍റർ ഫാക്കൽറ്റിയുടെ പ്രോജക്ട് ഫണ്ടിൽനിന്ന് കണ്ടെത്താം.

വെബ്സൈറ്റ്:

https://www.placement.nitc.ac.in (സമ്മർ ഇന്‍റേൺഷിപ് ലിങ്ക്)

ഇ- മെയിൽ: sip@nitc.ac.in

● റൂർഖേല എൻ.ഐ.ടി സമ്മർ ഇന്‍റേൺഷിപ് പ്രോഗ്രാം: ബയോടെക്നോളജി ആൻഡ് മെഡിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സെറാമിക് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എർത്ത് ആൻഡ് അറ്റ്മോസ്ഫറിക് സയൻസസ്, ഫുഡ് പ്രോസസ് എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻഡസ്ട്രിയൽ ഡിസൈൻ, ലൈബ്രറി, ലൈഫ് സയൻസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, മൈനിങ് എൻജിനീയറിങ്, പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ, ഫിസിക്സ് ആൻഡ് അസ്ട്രോണമി, സ്കൂൾ ഓഫ് മാനേജ്മെന്‍റ്.

യോഗ്യത: നാലാം സെമസ്റ്റർ പരീക്ഷവരെ എങ്കിലും അഭിമുഖീകരിച്ച ബി.ഇ/ബി.ടെക് വിദ്യാർഥികൾ; ആറാം സെമസ്റ്റർ പരീക്ഷവരെ എങ്കിലും അഭിമുഖീകരിച്ച ബി.ആർക്/ഇന്‍റഗ്രേറ്റഡ് എം.എസ്‍സി/ഇന്‍റഗ്രേറ്റഡ് എം.ടെക്/ഡ്യുവൽ ഡിഗ്രി വിദ്യാർഥികൾ; രണ്ടാം സെമസ്റ്റർ പരീക്ഷവരെ എങ്കിലും അഭിമുഖീകരിച്ച എം.എസ്‍സി/എം.എ/എം.ബി.എ വിദ്യാർഥികൾ.

ഫെലോഷിപ്പോ മറ്റു സാമ്പത്തിക സഹായമോ നൽകുന്നതല്ല. ലബോറട്ടറി, ലൈബ്രറി (പുസ്തകം വായ്പയായി എടുക്കാൻ കഴിയില്ല), ഇന്‍റർനെറ്റ്‌, മെഡിക്കൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. താമസ സൗകര്യം ഹോസ്റ്റലിൽ നൽകും. ഭക്ഷണം, താമസം ചെലവുകൾ പ്രതിമാസം ഏകദേശം 7500 രൂപ വിദ്യാർഥി വഹിക്കണം.

വെബ്സൈറ്റ്:

https://www.nitrkl.ac.in/

ഐസർ

● കൊൽക്കത്ത ഐസർ സമ്മർ റിസർച് പ്രോഗ്രാം: ബി.ഇ, ബി.ടെക്, ബി.എസ്‍സി, ബി.എസ്, എം.എസ്‍സി, എം.എസ് വിദ്യാർഥികൾക്ക്. പങ്കെടുക്കുന്ന വകുപ്പുകളിൽ കമ്പ്യൂട്ടേഷനൽ ആൻഡ് ഡേറ്റാ സയൻസസ്, ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, എർത്ത് സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എന്നിവ ഉൾപ്പെടും. 60 ദിവസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഫെലോഷിപ് ഇല്ല. ലഭ്യതക്ക് വിധേയമായി സ്ഥാപന ഹോസ്റ്റലിൽ താമസസൗകര്യം നൽകും. ചെലവ് ഇന്‍റേൺ വഹിക്കണം.

പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ ദിവസേന അഞ്ചു മുതൽ ആറു മണിക്കൂർവരെ പ്രോജക്ട് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സന്നദ്ധത പ്രകടിപ്പിക്കണം.

വെബ്സൈറ്റ്:

https://www.iiserkol.ac.in/summer.research/

ഇ മെയിൽ: summer.

research@iiserkol.ac.in

● ഭോപാൽ ഐസർ സമ്മർ റിസർച് ഇന്‍റേൺഷിപ്: ബേസിക് സയൻസസ്, എൻജിനീയറിങ് സയൻസസ്, ഇക്കണോമിക് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക്‌.

യോഗ്യത: ബി.എസ്‌സി/ബി.ടെക്/ബി.എസ്/ബി.എസ്-എം.എസ്/ബി.ഇ, രണ്ടാം/മൂന്നാം/നാലാം വർഷം പൂർത്തിയാക്കിയവർ/അവയിൽ പഠിക്കുന്നവർ; എം.എസ്‌സി/എം.ടെക് ആദ്യ വർഷം പൂർത്തിയാക്കിയവർ/അതിൽ പഠിക്കുന്നവർ/തത്തുല്യ പ്രോഗ്രാമിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.

പങ്കെടുക്കുന്നവർക്ക് സാമ്പത്തിക സഹായമൊന്നും നൽകുന്നതല്ല. ഹോസ്റ്റൽ താമസം, ഭക്ഷണം എന്നിവ നൽകും. ചെലവ് സ്വയം വഹിക്കണം.

വെബ്സൈറ്റ്: https://www.iiserb.ac.in/

ഇ മെയിൽ: office_aa@iiserb.ac.in

● പുണെ ഐസർ സമ്മർ സ്റ്റുഡന്‍റ് പ്രോഗ്രാം: ബയോളജി, കെമിസ്ട്രി, ഡേറ്റാ സയൻസ്, എർത്ത് സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലെ തിയററ്റിക്കൽ, എക്സ്പരിമെന്‍റൽ മേഖലകളിലും ഇന്‍റർ ഡിസിപ്ലിനറി ഗവേഷണങ്ങളിലുമാണ് പുണെ ഐസർ ഏർപ്പെട്ടിരിക്കുന്നത്.

നാലു മുതൽ ഏഴ് ആഴ്ചവരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമാണിത്. അപേക്ഷകർ ബി.എസ്‍സി/ബി.ടെക്/ബി.ഇ/തത്തുല്യ പ്രോഗ്രാമിന്‍റെ രണ്ടാം/മൂന്നാം/നാലാം വർഷം പഠിക്കുന്നവരോ എം.എസ്‍സി/എം.ടെക്/തത്തുല്യ പ്രോഗ്രാമിന്‍റെ ആദ്യ വർഷത്തിൽ പഠിക്കുന്നവരോ ആയിരിക്കണം. മാർക്ക്/ഗ്രേഡ് വ്യവസ്ഥയുണ്ട്. താമസ സൗകര്യം മാത്രം നൽകും.

വെബ്സൈറ്റ്:

https://www.iiserpune.ac.in/

ഇ മെയിൽ:

sspc@iisetpune.ac.in

● ബോസ് ഇൻസ്റ്റിറ്റ്യൂട്ട് സമ്മർ ഇന്‍റേൺഷിപ്: ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ സയൻസസ് മേഖലകളിലെ കോഴ്സുകളിൽ പഠിക്കുന്നവർക്കായി നടത്തുന്നത്. എം.എസ്‌സി, എം.ടെക്, ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് തുടങ്ങിയ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബാച്ചിലർ പ്രോഗ്രാമിന്‍റെ അന്തിമ വർഷത്തിൽ പഠിക്കുന്ന മികവുള്ള ഇൻസ്പയർ, ജെ.ബി.എൻ.എസ്.ടി.എസ്, കെ.വി.പി.വൈ, എൻ.ടി.എസ്‌.ഇ തുടങ്ങിയ ഫെലോഷിപ് ഉള്ളവർക്കും അപേക്ഷിക്കാം. ഫെലോഷിപ് ഉണ്ടായിരിക്കുന്നതല്ല. താമസസൗകര്യം സ്വയം കണ്ടെത്തണം.

വെബ്സൈറ്റ്:

https://jcbose.ac.in/summer-training

ഇ- മെയിൽ:

summertraining@jcbose.ac.in

● കോട്ടയം ഐ.ഐ.ഐ.ടി ഇൻസ്റ്റിറ്റ്യൂട്ട് ഇന്‍റേൺഷിപ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നടത്തുന്നത്. ബി.ഇ, ബി.ടെക്, ബി.എസ്‍സി, ബി.സി.എ തുടങ്ങിയ കോഴ്സുകളിലും എം.ടെക്, എം.ഇ, എം.എസ്‍സി, എം.സി.എ കോഴ്സുകളിലും ഉള്ള വിദ്യാർഥികൾക്ക്.

പ്രോഗ്രാം നാലുമുതൽ എട്ട് ആഴ്ചവരെ നീണ്ടുനിൽക്കാം. ഹൈബ്രിഡ് രീതിയിൽ നടത്തും. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ഓഫ് ലൈൻ രീതിയിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആയിരിക്കും. അതിനുശേഷവും ഇന്‍റേണിന് മെന്‍ററുമൊത്തുള്ള ഗവേഷണ പ്രവർത്തനങ്ങൾ തുടരാവുന്നതാണ്. ഇന്‍റേൺഷിപ് ഫീ 5000 രൂപ.

വെബ്സൈറ്റ്:

https://internship.iiitkottayam.ac.in/

● ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അസ്ട്രോണമി ട്രെയിനിങ് സ്കൂൾ: ഉത്തരാഖണ്ഡ് നൈനിറ്റാൾ ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷനൽ സയൻസസ് (എ.ആർ.ഐ.ഇ.എസ്‌ - ഏറീസ്) നടത്തുന്ന ഏറീസ് ട്രെയിനിങ് സ്കൂൾ ഇൻ ഒബ്സർവേഷനൽ അസ്ട്രോണമി ആൻഡ് അറ്റ്മോസ്ഫറിക് സയൻസസ് (എ.ടി.എസ്‌.ഒ.എ.എ) നടത്താറുണ്ട്.

ട്രെയിനിങ് സ്കൂളിൽ, അസ്ട്രോണമിയിലെയും സോളാർ ഫിസിക്സ് ആൻഡ് എർത്ത് അറ്റ്മോസ്ഫറിക് സയൻസിലെയും വിവിധ വിഷയങ്ങൾ പഠനവിധേയമാക്കും.

പ്രവേശന അർഹത: എം.എസ്‍സി (ഫിസിക്സ്/അസ്ട്രോഫിസിക്സ്/അറ്റ്മോസ്ഫറിക് സയൻസസ്) ആദ്യ/രണ്ടാം വർഷം, ഇന്‍റഗ്രേറ്റഡ് എം.എസ് ഫിസിക്സ് നാലാം/ അഞ്ചാം വർഷം, ബി.ടെക് എൻജിനീയറിങ് ഫിസിക്സ് നാലാം വർഷം എന്നിവയിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഒബ്സർവേഷണൽ അസ്ട്രോണമി, അറ്റ്മോസ്ഫറിക് സയൻസസ് മേഖലകളിൽ താൽപര്യവും ആ മേഖലകളിൽ പ്രവർത്തിക്കാനുള്ള മോട്ടിവേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

ട്രാവൽ സപ്പോർട്ട് ലഭിക്കും. ലോഡ്ജിങ്, ബോർഡിങ് സൗകര്യം നൽകും.

വെബ്സൈറ്റ്:

https://www.aries.res.in

(അനൗൺസ്മന്‍റ്സ് ലിങ്ക്)

● ബിറ്റ്സ് പിലാനി ഗോവ കാമ്പസ് സമ്മർ റിസർച് പ്രോഗ്രാം: എൻജിനീയറിങ്, സയൻസ്, ഇക്കണോമിക്സ് ആൻഡ് ഫൈനാൻസ്, ഫ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് മേഖലകളിലെ മാസ്റ്റേഴ്സ്/ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ്/ബാച്ച്‌ലേഴ്‌സ് വിദ്യാർഥികൾക്ക്.

സമ്മർ കാലയളവിൽ രണ്ടു മാസം. സാമ്പത്തിക സഹായം നൽകുന്നില്ല.

മേഖലകൾ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ഇക്കണോമിക്സ് ആൻഡ് ഫൈനാൻസ്.

യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ യു.ജി/പി.ജി പ്രോഗ്രാമിൽ പഠിക്കുന്നവരാകണം. നിശ്ചിത എൻജിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇക്കണോമിക്സ് ആൻഡ് ഫൈനാൻസ്, അനുബന്ധ വിഷയങ്ങളിലായിരിക്കണം പഠനം. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ബിരുദം ലഭിച്ചവർക്കും അപേക്ഷിക്കാം. കെ.വി.പി.വൈ./ഡി.എസ്.ടി ഇൻസ്പയർ യോഗ്യത ഉള്ളവർക്ക് മുൻഗണനയുണ്ട്.

വെബ്സൈറ്റ്:

https://www.bits-pilani.ac.in/goa/bgsrp/

മറ്റു സ്ഥാപനങ്ങൾ

● സി.എം.ഇ.ആർ.ഐ സമ്മർ ഇന്‍റേൺഷിപ്: ദുർഗാപൂർ സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ബിരുദതല എൻജിനീയറിങ് വിദ്യാർഥികൾക്ക് സമ്മർ ഇന്‍റേൺഷിപ് നടത്താറുണ്ട്. വേനലവധിക്കാലത്ത് (മേയ്-ജൂലൈ) നാലുമുതൽ എട്ട് ആഴ്ചവരെ നീണ്ടുനിൽക്കുന്നതാണ്.

അപേക്ഷകർ ഐ.ഐ.ടി, എൻ.ഐ.ടി, അംഗീകൃത കോളജ്/സർവകലാശാല/സ്ഥാപനം എന്നിവയിലൊന്നിൽ ബി.ഇ/ബി.ടെക് പ്രോഗ്രാമിന്‍റെ ആറാം സെമസ്റ്റർ പൂർത്തിയാക്കുന്നവരായിരിക്കണം.

ബ്രാഞ്ചുകൾ ഇവയിൽ ഒന്നാകണം. അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മാനുഫാക്ചറിങ് ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, മെക്കട്രോണിക്സ് എൻജിനീയറിങ്, മെറ്റലർജി ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, പ്രൊഡക്ഷൻ എൻജിനീയറിങ്. താമസസൗകര്യം ലഭിക്കുന്നതല്ല.

വെബ്സൈറ്റ്:

https://cmeri.res.in

● എം.ഒ.എസ്.പി.ഐ ഇന്‍റേൺഷിപ്: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം നടത്തുന്നത്. രാജ്യത്തെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് സംവിധാനവുമായി ബന്ധപ്പെട്ട ഇന്‍റേൺഷിപ് പ്രോഗ്രാമാണിത്.

സംവിധാനം മനസ്സിലാക്കുക, നാഷനൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ്, ഇൻഡക്സ് നമ്പേഴ്സ്, എനർജി സ്റ്റാറ്റിസ്റ്റിക്സ്, നാഷനൽ ഇക്കണോമിക് ക്ലാസിഫിക്കേഷൻസ്, സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഗോൾസ്, എൻവയൺമെന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിങ്, ഗ്ലോബൽ ഇൻഡിസസ്, സർവേ സബ്ജക്ട്സ്, പ്രൈസ് കലക്ഷൻ എന്നിവ പരിചയപ്പെടുക, ഒഫിഷ്യൽ സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ട വിവരശേഖരണം, പ്രോസസിങ്, വിശകലനം, പ്രസിദ്ധീകരണം, പ്രചരിപ്പിക്കൽ എന്നിവ അടുത്തറിയുക തുടങ്ങിയവ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നു.

ഡൽഹിയിലും മറ്റു കേന്ദ്രങ്ങളിലും ഇന്‍റേൺമാർക്ക് അവസരമുണ്ട്. കേരളത്തിൽ കോഴിക്കോട് (കല്ലായി) എൻ.എസ്.എസ്.ഒ (എഫ്.ഒ.ഡി) മേഖല ഓഫിസ്, തിരുവനന്തപുരം (പൂങ്കുളം) എൻ.എസ്‌.എസ്.ഒ (എഫ്.ഒ.ഡി) മേഖലാ ഓഫിസ്, തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (വികാസ് ഭവൻ) എന്നിവിടങ്ങളിൽ അവസരമുണ്ട്.

യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് ഒരു പേപ്പറെങ്കിലും പാഠ്യപദ്ധതിയിലുള്ള, ബിരുദ പ്രോഗ്രാമിലെ രണ്ടാം വർഷം/നാലാം സെമസ്റ്റർ ടേം പരീക്ഷ പൂർത്തിയാക്കുകയോ അഭിമുഖീകരിക്കുകയോ ചെയ്തവർ, ബിരുദ പ്രോഗ്രാമിനു ശേഷം പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിന്‍റെ ഏതെങ്കിലും വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് ഒരു പേപ്പർ പഠിക്കുന്നവർ, സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ഓപറേഷൻസ് റിസർച്/ഇക്കണോമിക്സ്/ഡമോഗ്രഫി/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിലെ മറ്റു മേഖലകൾ എന്നിവയിലൊന്നിലെ ഗവേഷണ/പിഎച്ച്.ഡി വിദ്യാർഥികൾ, കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഗ്രാജ്വേഷൻ/പോസ്റ്റ് ഗ്രാജ്വേഷൻ വിജയകരമായി പൂർത്തിയാക്കിയവർ.

ഇന്‍റേൺഷിപ് കാലയളവ് രണ്ടു മുതൽ ആറു മാസം വരെയാകാം. പ്രതിമാസ സ്റ്റൈപൻഡ് 10,000 രൂപ.

വെബ്സൈറ്റ്:

https://www.mospi.gov.in/

സ്കൂൾ വിദ്യാർഥികൾക്കും അവസരം

● ഐ.എസ്.ആർ.ഒയുടെ ‘യുവിക’ പ്രോഗ്രാം: സ്കൂൾ വിദ്യാർഥികൾക്ക് ബഹിരാകാശ സംബന്ധിയായ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രായോഗികതലങ്ങൾ എന്നിവ പരിചയപ്പെടുത്തുക, ഈ രംഗത്തെ ഉയർന്നുവരുന്ന മേഖലകളെപ്പറ്റിയുള്ള അവബോധം വളർത്തുക, സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) അടിസ്ഥാനമാക്കിയുള്ള ഗവേഷണ/കരിയർ രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളോടെ ഐ.എസ്.ആർ.ഒ നടത്തുന്ന യുവ വിഗ്യാനി കാര്യക്രം (യുവിക) എന്ന പേരിൽ അറിയപ്പെടുന്ന രണ്ടാഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമാണ്, യങ് സയന്‍റിസ്റ്റ് പ്രോഗ്രാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്) ഡറാഡൂൺ, വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) തിരുവനന്തപുരം, സതീശ് ധവാൻ സ്പേസ് സെന്‍റർ (എസ്.ഡി.എസ്.സി) ശ്രീഹരിക്കോട്ട, യു.ആർ. റാവു സാറ്റലൈറ്റ് സെന്‍റർ (യു.ആർ.എസ്.സി) ബംഗളൂരു, സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ (എസ്.എ.സി) അഹമ്മദാബാദ്, നാഷനൽ റിമോട്ട് സെൻസിങ് സെന്‍റർ (എൻ.ആർ.എസ്.സി) ഹൈദരബാദ്, നോർത്ത്-ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ (എൻ.ഇ-എസ്‌.എ.സി) ഷില്ലോങ് എന്നീ കേന്ദ്രങ്ങളിലായി പ്രോഗ്രാം നടത്തും.

സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽനിന്ന് നിശ്ചിത എണ്ണം പ്രാതിനിധ്യം പ്രോഗ്രാമിൽ ഉറപ്പാക്കും. യാത്രാച്ചെലവ്, താമസം, ഭക്ഷണം, കോഴ്സ് മെറ്റീരിയൽ ഉൾപ്പടെയുള്ളവയുടെ ചെലവുകൾ ഐ.എസ്.ആർ.ഒ വഹിക്കും.

ഒമ്പതാം ക്ലാസിൽ ഇന്ത്യയിൽ പഠിക്കുന്നവർക്കാണ് പ്രവേശന അർഹത.

വെബ്സൈറ്റ്:

https://jigyasa.iirs.gov.in/yuvika

Show Full Article
TAGS:Education News internship 
News Summary - Major institutions and programs in India that offer internships
Next Story