Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightതൊഴിൽ വിപണിയിൽ...

തൊഴിൽ വിപണിയിൽ തിളങ്ങാൻ ലിബറൽ ആർട്സ് പഠിക്കാം

text_fields
bookmark_border
തൊഴിൽ വിപണിയിൽ തിളങ്ങാൻ ലിബറൽ ആർട്സ് പഠിക്കാം
cancel

സാമ്പ്രദായിക രീതികളിൽനിന്ന് വ്യത്യസ്തമായി നൂതന പാഠ്യപദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന കരിയർ മേഖലയാണ് ലിബറൽ ആർട്സ് പഠനം.

ഏതെങ്കിലും പ്രത്യേക വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതിനുപകരം ഹ്യുമാനിറ്റീസ്, സയൻസ്, സാങ്കേതിക മേഖലകളിലെ വിഷയങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന സമ്മിശ്ര പഠനരീതിയാണ് ഇതിലൂടെ സാധ്യമാകുന്നത്.

പഠനത്തിന്റെ ഭാഗമായി ആർജിക്കുന്ന പ്രശ്നപരിഹാരശേഷി, സർഗാത്മകമായി വിഷയങ്ങളെ അഭിമുഖീകരിക്കാനുള്ള വൈഭവം, അപഗ്രഥനശേഷി എന്നിവ മൂലം തൊഴിൽ മേഖലയിലും വലിയ സാധ്യതകൾ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല.

വിഷയ വൈവിധ്യം

അക്കാദമിക, റിസർച് സ്വഭാവമുള്ള വിവിധ വിഷയങ്ങൾ സമന്വയിപ്പിക്കാനും തിരഞ്ഞെടുത്ത വിഷയങ്ങളിൽ താൽപര്യമില്ലെങ്കിൽ മറ്റു വിഷയങ്ങളെടുത്ത് പഠനം തുടരാനും അവസരമൊരുക്കുന്നുവെന്നത് എടുത്തുപറയാവുന്ന സവിശേഷതയാണ്.

എഴുത്ത്, പ്രഭാഷണം, പ്രെസന്റേഷൻ, കൂട്ടുത്തരവാദിത്തം തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കാനുള്ള സാഹചര്യം ലഭിക്കുന്നത് തൊഴിലിടങ്ങളിൽ മാത്രമല്ല വ്യക്തിത്വ വികസനത്തിനും അതുവഴി സാമൂഹിക ഉന്നമനത്തിനും ഹേതുവാകുമെന്നുറപ്പാണ്. കേവല തത്ത്വങ്ങൾക്കും സിദ്ധാന്തങ്ങൾക്കും ക്ലാസ്റൂം പഠനത്തിനുമപ്പുറം സാമൂഹിക ഇടപെടലുകളുടെ സാധ്യത ഉറപ്പിക്കുന്ന പ്രായോഗിക പാഠങ്ങളും ഉണ്ടാവും.

ചരിത്രം, സാഹിത്യം, ഫിലോസഫി, സോഷ്യോളജി, സൈക്കോളജി, ക്രിയേറ്റിവ് ആർട്സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഇന്റർനാഷനൽ റിലേഷൻസ് എന്നിങ്ങനെയുള്ള വിഭിന്നങ്ങളായ വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, സംരംഭകത്വം, പരിസ്ഥിതി പഠനം, മീഡിയ സ്റ്റഡീസ്, ക്രിയേറ്റിവ് റൈറ്റിങ്, സ്ക്രിപ്റ്റ് റൈറ്റിങ്, ഫിലിം മേക്കിങ്, സ്പോർട്സ് തുടങ്ങിയവ ഉപവിഷയങ്ങളായും പഠിക്കാനവസരമുണ്ട്.

സോഫ്റ്റ് സ്‌കിൽ വികസനം

ആധുനിക തൊഴിൽ മേഖലയിലെ അനിവാര്യതയായ സോഫ്റ്റ്സ്‌കിൽ വൈഭവം വളർത്താനുള്ള സാഹചര്യമുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

അവരവരുടെ പഠനതാൽപര്യവും വിഷയങ്ങളോടുള്ള പ്രതിപത്തിയും മനസ്സിലാക്കി ബിരുദ കോഴ്‌സുകൾ രൂപകൽപന ചെയ്യാനുള്ള സാധ്യതയാണ് ലിബറൽ ആർട്സ് പഠനത്തെ മറ്റു വിഷയങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നൂതന സാങ്കേതിക വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം ആർജിക്കാനും അവസരങ്ങൾ ലഭിക്കും.

തൊഴിൽ സാധ്യതകൾ

അഡ്വർടൈസിങ്, പബ്ലിക് റിലേഷൻ, ഫിനാൻഷ്യൽ അനാലിസിസ്, രൂപകൽപന, മാധ്യമപ്രവർത്തനം, പബ്ലിഷിങ്, കോർപറേറ്റ് കമ്യൂണിക്കേഷൻ, മാർക്കറ്റിങ്, കോപ്പി റൈറ്റിങ്, കണ്ടന്റ് റൈറ്റിങ്, ബിസിനസ് ഡെവലപ്മെന്റ് മാനേജ്‌മെന്റ്, ഇന്റലിജന്റ് അനാലിസിസ്, പ്രോജക്ട് മാനേജ്‌മെന്റ്, അഡ്‌മിനിസ്ട്രേഷൻ, ഫാഷൻ ഡിസൈനിങ്, ബിസിനസ് ഓണർഷിപ്, പൊളിറ്റിക്കൽ അനാലിസിസ്, ട്രേഡ് കൺസൾട്ടേഷൻ തുടങ്ങിയ ഏത് മേഖലകളിലും സാധ്യതകൾ കണ്ടെത്താനാവും.

ഉപരിപഠനവും തൊഴിലും ലക്ഷ്യമാക്കി വിദേശ രാജ്യങ്ങളിൽ പോകാനുദ്ദേശിക്കുന്നവർക്കും ലിബറൽ ആർട്സ് സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

സ്ഥാപനങ്ങൾ അറിയാം

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ലിബറൽ ആർട്സ് പഠനം കുറേക്കൂടി സാർവത്രികമാകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. സർക്കാർ മേഖലയിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും അശോക യൂനിവേഴ്‌സിറ്റി (ഹരിയാന), ഫ്ലെയിം യൂനിവേഴ്‌സിറ്റി (പുണെ), സിംബയോസിസ് സ്‌കൂൾ ഓഫ് ലിബറൽ ആർട്സ് (പുണെ), എസ്.ആർ.എം സർവകലാശാലക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ലിബറൽ ആർട്സ് (ആന്ധ്ര), ക്രിയ യൂനിവേഴ്സിറ്റി (ആന്ധ്ര), അസീം പ്രേംജി യൂനിവേഴ്സിറ്റി (ബംഗളൂരു), ക്രൈസ്റ്റ് യൂനിവേഴ്സിറ്റി (ബംഗളൂരു) തുടങ്ങിയ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പഠനസൗകര്യം ഒരുക്കുന്നുണ്ട്.

പഠന ചെലവ് അൽപം കൂടുമെങ്കിലും സമർഥരായ നിർധനർക്ക് മിക്ക സ്ഥാപനങ്ങളും ഉയർന്ന സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ അവസരങ്ങളും ഉപയോഗപ്പെടുത്താം.

Show Full Article
TAGS:Education News higher education 
News Summary - Study liberal arts to shine in the job market
Next Story