Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightട്രാവൽ ആൻഡ് ടൂറിസം...

ട്രാവൽ ആൻഡ് ടൂറിസം പഠിച്ചാൽ സാധ‍്യതകളേറെ

text_fields
bookmark_border
ട്രാവൽ ആൻഡ് ടൂറിസം പഠിച്ചാൽ സാധ‍്യതകളേറെ
cancel

ഇക്കാലത്ത് ട്രാവൽ ആൻഡ് ടൂറിസത്തിന് ഏറെ സാധ‍്യതകളാണുള്ളത്. ടൂറിസത്തിലൂടെ ആഭ‍്യന്തര വരുമാനം വർധിപ്പിക്കുന്നതിൽ ലോകരാജ്യങ്ങൾ വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്.

ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ലോകത്ത് എവിടെപ്പോയാലും മികച്ച സാധ‍്യതകളാണുള്ളത്.

തൊഴിലവസരങ്ങൾ

വിനോദ ടൂറിസം, രാജ്യാന്തര ടൂറിസം, വന്യജീവി ടൂറിസം, മെഡിക്കൽ ടൂറിസം, ഇക്കോ ടൂറിസം, ബീച്ച് ടൂറിസം, ഇവന്‍റ് മാനേജ്മെന്‍റ്, ലോജിസ്റ്റിക്സ്, കാർഗോ തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയിലും വിദേശത്തുമായി മികച്ച അവസരങ്ങളുണ്ട്.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിവിധ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ട്രാവൽ എക്സിക്യൂട്ടിവ്, ടൂർ ഗൈഡ്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്‍റർ മാനേജർ, ട്രാവൽ കൺസൽട്ടന്‍റ്, ട്രാവൽ ആൻഡ് മീറ്റിങ് കോഓഡിനേറ്റർ, ട്രാവൽ കൗൺസലർ, ട്രാവൽ അഗ്രഗേറ്റർ, അക്കോമഡേഷൻ സർവിസ് മാനേജർ, അമ്യൂസ്മെന്റ് പാർക്ക് മാനേജർ, ഇവന്‍റ് പ്ലാനർ, ടൂറിസം മാർക്കറ്റിങ് മാനേജർ, ട്രാവൽ റൈറ്റർ, എയർ ലൈൻ സ്റ്റാഫ്/ ഗ്രൗണ്ട് സ്റ്റാഫ്, ഹോട്ടൽ മാനേജർ, വിസ കൺസൽട്ടന്‍റ്, ട്രാൻസ്പോർട്ട് ഓഫിസർ തുടങ്ങി നിരവധി തസ്തികകളിൽ ജോലി സാധ്യതകളുണ്ട്.

കേരളത്തിൽ സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ പൊതുവെ കുറവാണെങ്കിലും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, കെ.ടി.ഡി.സി, ടൂറിസം ഇൻഫർമേഷൻ ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ബിരുദധാരികൾക്ക് അവസരമുണ്ട്. ഹോം സ്റ്റേ, ടെന്‍റ് അക്കോമഡേഷൻ, ട്രാവൽ ഏജൻസി, കാർ റെന്‍റൽ, ടൂർ ഓപറേറ്റിങ് കമ്പനി തുടങ്ങിയ സംരംഭങ്ങൾ സ്വന്തമായി തുടങ്ങാനും സാധ്യതകളുണ്ട്.

പഠന സാധ്യതകൾ

ടൂറിസത്തിൽ നിരവധി ഡിപ്ലോമ, ഡിഗ്രി, പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ്. ചില സ്ഥാപനങ്ങളിൽ ഗവേഷണത്തിനും അവസരമുണ്ട്. വിവിധ കോഴ്സുകൾ നൽകുന്ന പ്രമുഖ സ്ഥാപനങ്ങൾ പരിചയപ്പെടാം:

● ഐ.ഐ.ടി.ടി.എം ഗ്വാളിയോർ: ബി.ബി.എ (ടൂറിസം ആൻഡ് ട്രാവൽ), എം.ബി.എ (ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്‍റ്) എന്നീ കോഴ്സുകളുണ്ട് (ഗ്വാളിയോർ, ഭുവനേശ്വർ, നെല്ലൂർ, നോയിഡ കാമ്പസുകളിൽ). ഗോവ കാമ്പസിലും എം.ബി.എ കോഴ്സ് ലഭ്യമാണ്. അമർകന്തക്കിലെ ഇന്ദിര ഗാന്ധി നാഷനൽ ട്രൈബൽ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് കോഴ്സുകൾ നടത്തുന്നത്. പ്രത്യേക പ്രവേശന പരീക്ഷ, ഗ്രൂപ് ഡിസ്കഷൻ, ഇന്‍റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്രവേശനത്തിന് സി.യു.ഇ.ടി സ്കോറും പരിഗണിക്കും. എം.ബി.എ പ്രവേശനത്തിന് കാറ്റ് അടക്കമുള്ള വിവിധ മാനേജ്മെന്‍റ് പരീക്ഷകളുടെ സ്കോറും പരിഗണിക്കും. വെബ്സൈറ്റ്: https://www.iittm.ac.in/

● കിറ്റ്സ് (KITTS): തിരുവനന്തപുരം തൈക്കാട്ട് പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (KITTS) തലശ്ശേരിയിലും മലയാറ്റൂരും (എറണാകുളം) സ്റ്റഡി സെന്‍ററുകളുണ്ട്.

എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം), പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം, ബി.കോം ട്രാവൽ ആൻഡ് ടൂറിസം, ബി.ബി.എ ടൂറിസം മാനേജ്മെന്‍റ്, ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ് ടൂറിസം മാനേജ്മെന്‍റ്, ഡിപ്ലോമ ഇൻ എയർപോർട്ട് ഓപറേഷൻസ്, ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടിവ് (പെൺകുട്ടികൾക്ക് മാത്രം), ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫിസ് മാനേജ്മെന്‍റ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് തുടങ്ങിയ കോഴ്സുകളുണ്ട്. വെബ്സൈറ്റ്: https://www.kittsedu.org/

● മറ്റു സ്ഥാപനങ്ങൾ: ജാമിഅ മില്ലിയ ഇസ്​ലാമിയ, ഡൽഹി സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ആന്ധ്രപ്രദേശ്, ജമ്മു തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ബിരുദ കോഴ്സുകളുണ്ട്.

പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, അലീഗഢ് മുസ്​ലിം യൂനിവേഴ്സിറ്റി, ഇന്ദിരഗാന്ധി ട്രൈബൽ യൂനിവേഴ്സിറ്റി, കേരള, കർണാടക, തമിഴ്നാട്, ഹരിയാന കേന്ദ്ര സർവകലാശാലകൾ, മധുരൈ കാമരാജ് സർവകലാശാല, ദേവി അഹല്യ സർവകലാശാല ഇന്ദോർ തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളും ലഭ്യമാണ്. ഹൈദരാബാദിലെ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റിലും എം.ബി.എ, ബി.ബി.എ അടക്കമുള്ള കോഴ്സുകളുണ്ട്.

കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത നിരവധി സ്ഥാപനങ്ങളിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ബിരുദ, ബിരുദാനന്തര പഠനത്തിന് അവസരങ്ങളുണ്ട്. ജി.പി.എം ഗവ. കോളേജ് മഞ്ചേശ്വരം, സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് വയനാട്, സെന്‍റ് തോമസ് കോളജ് റാന്നി പത്തനംതിട്ട, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, എസ്.എൻ കോളജ് കുമരകം ആലപ്പുഴ, എം.ഇ.എസ് അസ്മാബി കോളജ് കൊടുങ്ങല്ലൂർ, നിർമല കോളജ് മൂവാറ്റുപുഴ, എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് കുറ്റിപ്പുറം, പ്രൊവിഡൻസ് വിമൻസ് കോളജ് മലാപ്പറമ്പ് കോഴിക്കോട്, ജെ.ഡി.ടി ഇസ്​ലാം ആർട്സ് ആൻഡ് സയൻസ് കോളജ് വെള്ളിമാടുകുന്ന് കോഴിക്കോട്, ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് നരിക്കുനി കോഴിക്കോട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

അയാട്ട പ്രോഗ്രാമുകൾ

എയർലൈൻ വ്യവസായവുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളിലും മാനദണ്ഡങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് അയാട്ട (International Air Transport Association -IATA). മുന്നൂറോളം എയർലൈനുകൾ ഇതിൽ പങ്കാളികളാണ്. ട്രാവൽ പ്രഫഷനലാകാനുള്ള പരിശീലനവും അയാട്ട നൽകുന്നുണ്ട്. www.iata.org വഴി വിശദവിവരങ്ങളറിയാം.

Show Full Article
TAGS:Education News travel and tourism 
News Summary - Studying Travel and Tourism opens up many opportunities
Next Story