ഏതു തരത്തിലുള്ള ദാരിദ്ര്യവും പരിഹാരമില്ലാത്ത സമസ്യയായി തോന്നും -18ാമത്തെ ആട് നിയോഗവുമായി എത്തുംവരെ
text_fieldsഅനാഥ ബാലനായിരുന്നു ബംഗളൂരുവിലെ മഹാദേവ. സർക്കാറാശുപത്രിയിൽ കൂട്ടിരിപ്പുകാർക്ക് ചെറുസേവനങ്ങൾ ചെയ്ത് കഴിഞ്ഞുവന്നു. ഒരു അനാഥ മൃതദേഹം അവന്‍റെ ജീവിതമാകെ മാറ്റി.
ജഡം സംസ്കരിക്കാൻ അധികൃതർ വിളിക്കാറുള്ള ഒരാളുണ്ടായിരുന്നു. അയാളുടെ മൃതദേഹമാണിത്. ഇടക്കയാളെ സഹായിക്കാറുണ്ടായിരുന്ന കൊച്ചുമഹാദേവിനോട് അവർ ചോദിച്ചു: ഈ ജോലി ചെയ്യാമോ? 200 രൂപ വീതം തരാം.
അതവന്‍റെ തൊഴിലായി. ജഡങ്ങൾ മോർച്ചറിയിൽനിന്ന് കുതിരവണ്ടിയിൽ ശ്മശാനത്തിലേക്കെത്തിച്ച് കുഴിയെടുത്ത് മറവുചെയ്യുന്നതെല്ലാം മഹാദേവ. മരിച്ചയാളെ ഒടുവിലൊരു വെള്ളത്തുണി പുതപ്പിച്ച് ആദരപൂർവം യാത്രയയപ്പ്. എല്ലാ അന്യൂനം.
ആ സമർപ്പണം നാടറിഞ്ഞു. ദൂരെനിന്നുപോലും ആവശ്യക്കാരെത്തി. അണ്ടർടേക്കർ സംരംഭം വളർന്നു. ബഹുമതികൾ തേടിയെത്തി. ‘ദ പ്രഫഷനൽ’ എന്ന സുബ്രതോ ബഗ്ചിയുടെ പുസ്തകത്തിലെ ഹീറോ ആയി മഹാദേവ.
ആരാണ് ആലംബമറ്റവന് അവിചാരിത രീതിയിൽ അഭയമുണ്ടാക്കിക്കൊടുത്തത്?
യുദ്ധകാലത്ത് തടവിലായ അമേരിക്കൻ സൈനികരെ വിയറ്റ്നാം സേന പീഡിപ്പിക്കുന്നതായി ശ്രുതി പരന്നു. വാർത്ത നിഷേധിക്കാൻ അവർ തങ്ങളുടെ തടവിലുള്ള യു.എസ് സൈനികൻ യരമ്യ ഡെന്‍റനെ ടി.വിയിൽ പ്രദർശിപ്പിച്ചു. യരമ്യാക്ക് ഇതൊരവസരമായിരുന്നു, ലോകത്തോട് പീഡനത്തെപ്പറ്റി പറയാൻ. പക്ഷേ, എന്തുചെയ്യും? ചുറ്റും കാമറയിൽപ്പെടാതെ പട്ടാളക്കാർ നിൽപ്പുണ്ട്.
അദ്ദേഹം ഒരു കൗശലം പ്രയോഗിച്ചു. ചുണ്ടുകൾ കൊണ്ട് പീഡനമില്ലെന്ന് പറയുമ്പോഴും കണ്ണുകൾ പ്രത്യേക താളത്തിൽ ചിമ്മുകയും തുറക്കുകയും ചെയ്തു. അത് പരിശോധിച്ച വിദഗ്ധർ കണ്ടെത്തി -കണ്ണുകൾ കൊണ്ടദ്ദേഹം ‘മോഴ്സ് കോഡി’ൽ ഒരു വാക്ക് രേഖപ്പെടുത്തുന്നു: T-O-R-T-U-R-E (പീഡനം) എന്ന്.
വിവരം ലോകമറിഞ്ഞു. അന്താരാഷ്ട്ര സമ്മർദം ശക്തമായി. തടവുകാരെ വിട്ടയക്കേണ്ടിവന്നു.
വഴിമുട്ടിയവർക്ക് വഴികാട്ടുന്നതാരാണ്?
ദരിദ്രനായ ആടുവളർത്തുകാരന്‍റെ കഥയോർക്കാം. അയാൾ മരിച്ചപ്പോൾ ബാക്കിയായത് ഭാര്യ, മകൻ, മകൾ പിന്നെ 17 ആടുകൾ.
അയാൾ ഒസ്യത്തെഴുതിയിരുന്നു. ആടുകളിൽ പകുതി മകന്, മൂന്നിലൊന്ന് മകൾക്ക്, ഒമ്പതിലൊന്ന് ഭാര്യക്ക്. പക്ഷേ, 17 ആടുകളെ എങ്ങനെ വീതിക്കും? ആധിയായി. ഉള്ളതും നഷ്ടപ്പെടുമെന്നായി.
മക്കൾ പകച്ചുനിൽക്കെ അമ്മ അയൽക്കാരുടെ ആടിനെ കടംവാങ്ങി. ഇപ്പോൾ 18 ആട്. മകന് പകുതി = 9; മകൾക്ക് മൂന്നിലൊന്ന് = 6; അമ്മക്ക് ഒമ്പതിലൊന്ന് = 2.
വീതംവെപ്പ് കഴിഞ്ഞു. 9+6+2=17 ആട്. ബാക്കിയായ ഒരാടിനെ അയൽക്കാർക്ക് തിരിച്ചുകൊടുത്തു.
ഏതു തരത്തിലുള്ള ദാരിദ്ര്യവും പരിഹാരമില്ലാത്ത സമസ്യയായി തോന്നും -18ാമത്തെ ആട് നിയോഗവുമായി എത്തുംവരെ. അത് എത്തിയാലോ, പ്രശ്നം തീരും. പക്ഷേ, ആര് അതിനെ കാട്ടിത്തരും?
സമ്പന്നതപോലെ ബുദ്ധിയും നാമുണ്ടാക്കുന്നതല്ല. അതിന്‍റെ വിലയോ?
ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്ന ഫാക്ടറിയിൽ യന്ത്രം കേടുവന്നു. നന്നാക്കാൻ പറ്റുന്നില്ല. വിദഗ്ധനെ വരുത്തി. അയാൾ സ്ക്രൂഡ്രൈവറെടുത്ത് ഒരു സ്ക്രൂ മുറുക്കി. യന്ത്രം പ്രവർത്തിച്ചുതുടങ്ങി.
ബില്ലെത്ര എന്ന ചോദ്യത്തിന് അയാൾ പറഞ്ഞു: ഒരു ലക്ഷം രൂപ.
‘ഒരു സ്ക്രൂ തിരിക്കാൻ ലക്ഷമോ?’ മുതലാളി അമ്പരന്നു. വിദഗ്ധൻ പറഞ്ഞു, ‘സ്ക്രൂ തിരിക്കാൻ ഒരു രൂപ. ഏത് സ്ക്രൂ തിരിക്കണം എന്ന അറിവിന് 99,999 രൂപ.’
കഴിവിലും വിഭവങ്ങളിലും ഒന്നുമില്ലാത്തവർക്ക് അവയിൽ സമ്പന്നത നൽകുന്നതാരാണ്?
നന്മക്ക് പ്രതിഫലമായി, തൃപ്തി വരുവോളം തരുന്നവൻ ആരാണ്? കാരുണ്യം സ്വന്തം ബാധ്യതയായി ദൈവം ഏറ്റെടുത്തിരിക്കുന്നു എന്ന് ഖുർആൻ.
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ. പുതുവത്സരാശംസകൾ!