ഏത് മേഖലയിലാണ് ചോദ്യങ്ങൾ ഉന്നയിക്കാതെ സ്ത്രീകൾക്ക് അനുമതിയും അവകാശവും ലഭ്യമായിട്ടുള്ളത്?, സ്ത്രീയും പുരുഷനും തുല്യരോ എന്ന ചോദ്യവും സംവാദങ്ങളും ഇനിയും എത്ര നാൾ?
text_fieldsഏതാനും വർഷം മുമ്പ് വനിതദിനത്തോടനുബന്ധിച്ച് നോർവേയിലെ ഒരു സന്നദ്ധ സംഘടന തയാറാക്കിയ വിഡിയോ ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ചെയ്യാനേൽപിക്കപ്പെട്ട ഒരേ ജോലി ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരേ ഭംഗിയിലും കൃത്യതയിലും വേഗത്തിലും നിർവഹിക്കുന്നു. പക്ഷേ, അവർക്കതിന് ലഭിക്കുന്ന പ്രതിഫലം ഒരേപോലെയല്ല. ഒരു കുട്ടിക്ക് കുറവ്; കാരണം, അവൾ പെണ്ണാണെന്നതത്രേ.
ഈ വേർതിരിവ് അവൾ ചോദ്യംചെയ്യുന്നു, അനീതിയാണിതെന്ന് ആൺകുട്ടിയും തുറന്നുപറയുന്നു, ഒടുവിൽ വേതനം തുല്യമായി പങ്കുവെക്കപ്പെടുന്നു. നൂറ്റാണ്ടുകളായി തുടരുന്ന വിവേചനത്തിലേക്കും അവകാശ ലംഘനത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതിൽ ആ വിഡിയോ വിജയിച്ചു എന്നുപറയാം.
എന്നാൽ, യഥാർഥ ജീവിതത്തിൽ വിവേചനങ്ങൾക്കെതിരായ പോരാട്ടങ്ങൾ ഇപ്പോഴും തുടരുകയാണ്. തെരുവിലും വീടകങ്ങളിലും തൊഴിലിടങ്ങളിലും വിവേചനവിരുദ്ധ പ്രസ്ഥാനങ്ങൾക്കുള്ളിൽ പോലും അത് വേണ്ടിവരുന്നു.
പെൺകുഞ്ഞുങ്ങൾ പിറന്നാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു കാലമുണ്ടായിരുന്നു. പിതാക്കൾതന്നെയാണ് ആ ക്രൂരകൃത്യം ചെയ്തിരുന്നത്.
മൂടാനായി കുഴിയെടുക്കുന്നതിനിടയിൽ പിതാവിന്‍റെ മുഖത്ത് പറ്റിയ മണ്ണ് തുടച്ചുകൊടുത്ത മകളുടെ കഥ പറയുന്നുണ്ട് പഴയകാല അറേബ്യയുടെ ചരിത്രം. പ്രവാചകൻ മുഹമ്മദിന്‍റെ ആഗമന ശേഷമാണ് അവിടെ പെൺകുഞ്ഞുങ്ങളുടെ ജീവനും അവകാശവും സംരക്ഷിക്കപ്പെട്ടത്; പെൺകുട്ടിയുടെ പിതാവ് എന്നത് അഭിമാനകരമായി മാറിയത്.
പൊതു വാഹനത്തിലെ സീറ്റിൽ ഇരിക്കാൻ, വോട്ടവകാശം നേടിയെടുക്കാൻ, പഠിക്കാൻ, ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ... എന്നുവേണ്ട ജീവിതത്തിന്‍റെ ഏത് മേഖലയിലാണ് ചോദ്യങ്ങൾ ഉന്നയിക്കാതെ സ്ത്രീകൾക്ക് അനുമതിയും അവകാശവും ലഭ്യമായിട്ടുള്ളത്? പൊരുതിയും ജീവൻ നൽകിയും നേടിയ അവകാശങ്ങൾ കവർന്നെടുക്കപ്പെടാതിരിക്കാൻ പിന്നെയും അവർ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു.
റോസാ പാർക്സ്, സാവിത്രി ബായ് ഫുലെ, ഫാത്തിമ ശൈഖ്, പി.കെ. റോസി, ഭൻവാരി ദേവി, മേരി റോയ്, ഷാജഹാൻ ആപ്പ... ഇങ്ങനെ എത്രയെത്ര പേരുകളെ മായ്ച്ചുകളയാനും മുറിച്ചുമാറ്റാനും ശ്രമിച്ചിട്ടുണ്ട് ലോകം. ചരിത്രമെഴുത്തുകാർ കണ്ണുകൾ മുറുക്കിയടച്ചതിനാൽ അവളുടെ കഥയും പോരാട്ടവും പാതിയിലേറെയും കാണാതെ, രേഖപ്പെടുത്താതെ പോയി. ചരിത്രം സൃഷ്ടിക്കുന്ന തിരക്കിൽ അത് എഴുതിവെക്കാൻ അവളന്ന് തുനിഞ്ഞതുമില്ല.
ആ കാലവും മാറുകയാണ്. അവരിനിയും ചരിത്രം സൃഷ്ടിക്കും, ചരിത്രമെഴുതും, വെട്ടിമാറ്റലുകളെയും ആട്ടിപ്പായ്ക്കലുകളെയും ചെറുക്കും. മണ്ണിട്ട് മൂടിയവരെ അലോസരപ്പെടുത്തി വിത്തുകൾ കണക്കെ മുളച്ചുപൊന്തും; വൻ മരങ്ങളായി പടരും.
സ്ത്രീയും പുരുഷനും തുല്യരോ എന്ന നെറ്റിചുളിച്ച ചോദ്യവും സംവാദങ്ങളും ഇനിയും ഏറെനാൾ തുടരും. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിനെ നേരിടാൻ അവർ പുലർത്തുന്ന ധീരതയും മറുപാതിയെക്കാൾ ഏറെ കൂടുതലാണെന്ന് ഒടുവിൽ നമ്മളേവരും തിരിച്ചറിയും.