Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightGood Wordchevron_rightകുടിയേറ്റം മലയാളിക്ക്...

കുടിയേറ്റം മലയാളിക്ക് സമ്മാനിച്ചത്...

text_fields
bookmark_border
കുടിയേറ്റം മലയാളിക്ക് സമ്മാനിച്ചത്...
cancel

ചലിക്കാനും ചിന്തിക്കാനുമുള്ള ശേഷിയാണ് ജീവന്‍റെ സാക്ഷ്യം. അത് നഷ്ടപ്പെടുമ്പോൾ ജീവനറ്റുപോകുന്നു. നമ്മുടെ കാഴ്ചവട്ടത്തിനപ്പുറമെന്ത് എന്ന ജിജ്ഞാസയാണ് കൂടുതൽ അറിവുകളും സന്തോഷങ്ങളും സുഖങ്ങളും തേടിപ്പോകാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്.

ആയിരക്കണക്കിനാണ്ടുകൾ മുമ്പേ ആദിമ മനുഷ്യർ കാടിറങ്ങി നദീതീരത്തുവന്ന് നാഗരികതകൾ നിർമിച്ചതും വാഗ്ദത്തഭൂമി തേടി ഭൂഖണ്ഡങ്ങൾ താണ്ടിയതും നദികളുടെയും പച്ചപ്പിന്‍റെയും നാടുകൾ വിട്ട് മരുക്കാടുകളിലേക്ക് കുടിയേറി അവിടെ പുതുലോകവും ചരിതവും പണിയാൻ സാഹസപ്പെട്ടതുമെല്ലാം ഇതേ പ്രേരണയുടെ തള്ളിച്ചയാലാണ്.

ഒരു കിനാവിലുദിച്ച മോഹം, അറിവോ അർഥമോ സമ്പാദിക്കണമെന്ന ദാഹം, അതുമല്ലെങ്കിൽ പറഞ്ഞുകേട്ട കഥയിലെ സാങ്കൽപിക കഥാപാത്രങ്ങളെയും ദേശങ്ങളെയും അതിശയങ്ങളെയും കൈയെത്തിപ്പിടിക്കണമെന്ന ഉത്‌കടമായ അഭിലാഷം... അങ്ങനെ പല കാരണങ്ങളുണ്ടാവാം ഈ പുറപ്പാടിന്. മലയാള മണ്ണിൽ വിളയുന്ന ഇത്തിരിയോളം പോന്ന കുരുമുളക് മണികൾ പെറുക്കിയെടുത്തു കൊണ്ടുപോകാനാണല്ലോ ഭൂഗോളം മുഴുവൻ കറങ്ങി സഞ്ചാരികൾ മലബാറിന്‍റെ കടലോരത്ത് വന്നിറങ്ങിയത്.

ഈ തേടിപ്പോക്കും കുടിയേറിപ്പാർപ്പും സംഭവിച്ചില്ലായിരുന്നുവെങ്കിൽ നമ്മളിന്ന് അഭിമാനത്തോടെ പേറുന്ന അറിവുകളോ, മൊഴിയുന്ന ഭാഷകളോ, അണിയുന്ന വസ്ത്രങ്ങളോ, ആസ്വദിക്കുന്ന രുചി വിസ്മയങ്ങളോ, സാംസ്കാരിക വിനിമയങ്ങളോ ഇല്ലാതെ ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ചെറുജലാശയം കണക്കെ ഓളവും ഓജസ്സും അന്യമായ ഊഷര മൺകൂനയായിക്കിടന്നേനെ ഈ ഭൂമി.

നീൽ ആംസ്ട്രോങ്, യൂറി ഗഗാറിൻ, കൽപന ചൗള, സുനിത വില്യംസ്, ഹസ്സ അൽ മൻസൂരി തുടങ്ങി പുസ്തകങ്ങളിലും സ്ക്രീനിലും മാത്രം കണ്ട ചില മനുഷ്യർ നമുക്ക് ഉറ്റബന്ധുക്കളെന്ന പോലെ പരിചിതരാണ്. ഭൂമിയിൽ ജീവിക്കുമ്പോഴും അവർ മനസ്സിൽ നട്ടുനനച്ചത് വാനലോകത്തെ നക്ഷത്രച്ചെടികളായിരുന്നു. അവയെ തൊട്ടുതലോടാൻ കൊതിച്ചാണ് അവർ പറന്നുയർന്നുപോയത്. സുമ്മോഹനമാം വിണ്ണിനേക്കാൾ മണ്ണിനെ സ്നേഹിച്ച അവർ വേരുകളിലേക്കുത​ന്നെ തിരിച്ചു വന്നു. അത്രമേൽ ഇഷ്ടത്താൽ കൽപനയെപ്പോലെ ചിലരെ ആകാശം നക്ഷത്രങ്ങൾക്കൊപ്പം ചേർത്തു.

മുക്കാൽ നൂറ്റാണ്ടു മുമ്പ് പിറന്ന മണ്ണിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ട ഫലസ്തീനി മാതാപിതാക്കൾ ആയുസ്സിന്‍റെ അവസാന കണികയിലും ഒലിവുമരവും നാരകവും വിളഞ്ഞ മുറ്റമുള്ള പഴയ വീടിന്‍റെ താക്കോൽ മുറുകെപ്പിടിക്കുന്നത് തിരിച്ചുപോക്ക് എന്ന സ്വപ്നം ഉള്ളിൽ താലോലിക്കുന്നതു കൊണ്ടാണ്; വീട്ടിലേക്കുള്ള വഴിയടയാളമാണ് പിൻതലമുറക്കായി അവർ വിട്ടേച്ചുപോകുന്ന വിൽപത്രം.

മനുഷ്യരുടെ മാത്രം കാര്യമല്ലിത്. വഴി പറഞ്ഞു കൊടുക്കാൻ ഒരു ഭൂപടവുമില്ലാതെ ആയിരമായിരം നാഴികകൾക്കപ്പുറമുള്ള നാടുകളിലേക്ക് കുതിക്കവെ ഓരോ ദേശാടനക്കിളിയുടെയും ചിറകുകൾ ചിന്തിക്കുന്നുണ്ടാവുക കൂട്ടിലേക്ക് തിരിച്ചുപറക്കുന്ന നേരത്തെ ആഹ്ലാദത്തെക്കുറിച്ചായിരിക്കില്ലേ?






Show Full Article
TAGS:Lifestyle 
News Summary - Human migration
Next Story