നവകേരളമാണോ പഴയ കേരളമാണോ നമുക്ക് വേണ്ടത്‍? ഈ തർക്കത്തിൽ കാര്യമുണ്ടോ എന്നറിയാം
text_fieldsജനിച്ചുവളർന്ന മഹാനഗരത്തിൽനിന്ന് ഒരവധിക്കാലത്ത് ഇതാദ്യമായി ഗ്രാമത്തിൽ അമ്മൂമ്മയുടെ അരികിലെത്തിയതാണ് രണ്ടു കൊച്ചുമക്കൾ. കാണുന്നതെല്ലാം അവർക്ക് വിചിത്രമായിത്തോന്നി.
നഗരത്തിലേതു പോലുള്ള വാഹനത്തിരക്കില്ല, പലയിടത്തും റോഡ് തന്നെയില്ല. കളിക്കാൻ ടർഫ് ഗ്രൗണ്ടുകളോ പാർക്കോ ഇല്ല, വീടിന് പിറകിലെ വയലിലാണ് അന്നാട്ടിലെ കുട്ടികൾ പന്ത് കളിക്കുന്നത്.
വീട്ടിലെ പശുവിനെ കറന്നാണ് പാലെടുക്കുന്നതെന്നും പറമ്പിൽനിന്നാണ് പച്ചക്കറികൾ പറിച്ചെടുക്കുന്നതെന്നും അവരാദ്യമായാണറിയുന്നത്. നഗരത്തിലെ ഹൈപ്പർ മാർക്കറ്റിലെ ഫ്രീസറുകളിൽനിന്നാണ് അവരുടെ വീട്ടിൽ പാലും പച്ചക്കറിയും മുട്ടയും ഐസ്ക്രീമും മറ്റു ഭക്ഷണ വസ്തുക്കളുമെല്ലാം എത്തിയിരുന്നത്.
രാത്രി വൈദ്യുതി നിലച്ചത് അവരുടെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. മെഴുകുതിരി വെട്ടത്തിൽ അത്താഴം കഴിക്കുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലിലെ ഊൺമുറിയിലെ വെളിച്ചം പോലുണ്ടെന്ന് കുട്ടികൾ പറയുന്നത് കേട്ട് അമ്മൂമ്മയും തെല്ലത്ഭുതപ്പെട്ടു.
എ.സിയില്ലെങ്കിലും ജനലുകൾ തുറന്നിട്ടാൽ സുഗന്ധമുള്ള കാറ്റിനൊപ്പം തണുപ്പ് അരിച്ചെത്തുന്നു. രാവേറെച്ചെന്നിട്ടും ഉറങ്ങാതെ കിടന്ന് നാടാണോ നഗരജീവിതമാണോ നല്ലത് എന്ന് കുട്ടികൾ ചർച്ച ചെയ്ത് തർക്കമായി. ഒടുവിൽ മധ്യസ്ഥയായെത്തി അമ്മൂമ്മ പറഞ്ഞു: ‘‘എല്ലാത്തിനും അതിന്‍റേതായ നന്മകളുണ്ട്; ചില പോരായ്മകളും. മനുഷ്യർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയാനാവുന്നുവോ എന്നതിനാണ് പരിഗണന നൽകേണ്ടത്.’’
ഐക്യകേരളം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഈ വർത്തമാനത്തിന് പ്രസക്തിയുണ്ട്. മാങ്ങയാണോ അണ്ടിയാണോ ആദ്യം, മുട്ടയാണോ കോഴിയാണോ കേമം എന്നിത്യാദി ചർച്ചകൾ നിരന്തരം നടത്തിപ്പോരുന്ന മലയാളിയിപ്പോൾ നവകേരളമാണോ പഴയ കേരളമാണോ നമുക്ക് വേണ്ടത് എന്ന കാര്യത്തിലാണ് തർക്കം തുടങ്ങിയിരിക്കുന്നത്.
പഴയകേരളം സുന്ദരമാണെന്നും അതു മതിയെന്നും വാശിപിടിക്കുന്നുണ്ട് ചിലർ. തൊട്ടുകൂടായ്മയും തീണ്ടായ്മയും കൊടുമ്പിരികൊണ്ട, അടിയാളർ വിയർപ്പൊഴുക്കി നട്ടുവളർത്തിയ വിളകൾ പിടിച്ചുപറിച്ചു കൊണ്ടുപോകുന്ന ജാതിപ്പിശാചുക്കളും ചൂഷകജന്മികളും വിളയാടിയ പഴയകേരളം ഒട്ടും സുന്ദരമായിരുന്നില്ലെന്ന് മാത്രമല്ല, മാനവികതക്ക് അപമാനകരവുമായിരുന്നു.
അന്നും ഒരുപാട് നല്ല മനുഷ്യർ ഈ നാട്ടിൽ ജീവിച്ചിരുന്നു, അവർ ഒരുപാട് നന്മകളുടെ വിത്തെറിഞ്ഞു ഈ മണ്ണിൽ. ആയിരങ്ങൾ ചോരയും നീരും ജീവനും നൽകിയാണ് പല അരുതായ്മകളെയും ഒരുപരിധിവരെയെങ്കിലും വിപാടനം ചെയ്ത് നാം ഇന്ന് കാണുന്ന പുതുകേരളം സാധ്യമാക്കിയത്. ഇന്ന് എല്ലാം ശുഭകരമാണോ കാര്യങ്ങൾ എന്ന ചോദ്യത്തിന് മുകളിലെ ചർച്ചയിൽ അമ്മൂമ്മ പറഞ്ഞതാണുത്തരം.
അങ്ങകലെ ഒരു ദേശത്ത് കുഞ്ഞുങ്ങൾ പട്ടിണി കിടക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ എനിക്ക് ചോറിറങ്ങില്ല എന്ന് പറയുന്ന 98 പിന്നിട്ട ലീലാവതി ടീച്ചറും രോഗം പറ്റിക്കിടക്കുന്ന മനുഷ്യരെ സ്വന്തം ബന്ധുക്കളെന്ന പോലെ പരിചരിക്കാനിറങ്ങുന്ന ചെറുപ്പക്കാരും പ്രതിനിധാനം ചെയ്യുന്ന കേരളം -അതാണ് പുഷ്ടിപ്പെടേണ്ടത്.
പുതിയതോ പഴയതോ മാത്രമാണ് ശരിയെന്നും മനോഹരമെന്നും വാശിപിടിക്കുന്നതിൽ എന്തർഥം? ഏവരുടെയും ആത്മാഭിമാനം മാനിക്കപ്പെടുന്ന, എല്ലാ ശബ്ദങ്ങളും കേൾപ്പിക്കപ്പെടുന്ന പലമയുള്ള ലോകത്തിനാണ് ഭംഗി!


