‘അപരന്‍റെ മണ്ണിൽ പ്രകാശത്തിന്റെ അവസാന തുള്ളി പോലും അവശേഷിക്കരുത് എന്ന ദുർവാശിയോടെയാണ് ഓരോ യുദ്ധവും തുടങ്ങുന്നത്’
text_fieldsഒരു സിഗരറ്റിൽനിന്ന് മറ്റൊന്നിന് തീ കൊളുത്തുന്നത്ര ലാഘവത്തോടെയാണ് ഈ മാനവ കുലത്തെയും നാം ജീവിക്കുന്ന ഭൂമിയെയും മുച്ചൂടും മുടിക്കാൻപോന്ന യുദ്ധങ്ങൾക്ക് ലോക ശക്തികൾ തീ കൊളുത്തുന്നത്. കൂടുതൽ നാശവും ദുരിതവും വിതക്കുന്നവരെ വിജയികളായി ഗണിക്കുന്ന ഏക മത്സരമല്ലോ ഇത്.
കഴിഞ്ഞയാണ്ടിൽ തുടങ്ങിയ ഒരു അധിനിവേശം സൃഷ്ടിച്ച ദുരന്തങ്ങളുടെ കാഴ്ചകൾ കരൾ പിളർത്തുന്നതിനിടയിലാണ് ഈ വർഷത്തിന്റെ അവസാനപാദത്തിൽ വീണ്ടുമൊന്നിന് കൂടി സാക്ഷിയാവാനുള്ള ദൗർഭാഗ്യം നമുക്കുണ്ടായത്.അപരന്റെ മണ്ണിൽ പ്രകാശത്തിന്റെ അവസാന തുള്ളിപോലും അവശേഷിക്കരുതെന്ന ദുർവാശിയോടെയാണ് ഓരോ യുദ്ധവും തുടങ്ങുന്നത്.
ഹിംസയുടെ ആദ്യ ചുവട് വെക്കുന്ന നിമിഷം അവരുടെ ഉള്ളിലെ മാനുഷികതയുടെ വിളക്കുകളെല്ലാം അണഞ്ഞുപോകുന്നു, വെളിച്ചം കെട്ടുപോകുന്നു. കണ്ണ് തുറക്കാൻ പോലും നേരമായിട്ടില്ലാത്ത പൈതങ്ങൾ പോലും ശത്രുക്കളാണെന്നും ആശുപത്രികളും പള്ളിക്കൂടങ്ങളും അനാഥശാലകളും ആയുധപ്പുരകളോ ഒളിത്താവളങ്ങളോ ആണെന്നും നിരൂപിക്കാനുള്ള ഹൃദയശൂന്യത സൃഷ്ടിക്കപ്പെടുന്നത് ആ വെളിച്ചരാഹിത്യത്തിൽനിന്നാണ്.
നാളെയിൽ ഭീഷണിയായി മാറിയേക്കാവുന്ന പൊട്ടൻഷ്യൽ ടെററിസ്റ്റുകളാണ് കുഞ്ഞുങ്ങൾ എന്ന് ചിന്തിച്ച ഏകാധിപതികൾ സഹസ്രാബ്ദങ്ങൾ മുമ്പ് മുതൽക്കേ ഈ ഉലകിലുണ്ടായിരുന്നു. ഈജിപ്തിൽ കുഞ്ഞുങ്ങളെ കൊന്നുകളയാൻ ഉത്തരവിട്ട ഫറോവയും ബെത്‍ലഹേമിൽ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത ഹെറോദോസുമൊക്കെ എളുപ്പം ഓർമയിൽ വരുന്ന ഉദാഹരണങ്ങൾ.
ഒടുക്കം അവർ നാശത്തിന്റെയും മറവിയുടെയും നടുക്കടലിലാണ്ടുപോയത് ചരിത്ര പുസ്തകങ്ങളിലും വേദ-ഇതിഹാസങ്ങളിലും നാം വായിക്കുന്നു. അവർ ഉൻമൂലനം ഉദ്ദേശിച്ച കുഞ്ഞുങ്ങൾ- മോസസ് (മോശ/മൂസ) ജീസസ് (യേശു/ ഈസ) എന്നിവരാവട്ടെ അവസാന നാൾ വരെ അണഞ്ഞുപോകാത്ത, പ്രത്യാശയുടെ നക്ഷത്രങ്ങളായി പ്രശോഭിക്കുന്നു. ഭൂമിയിലെ രാജാക്കന്മാരല്ല ജീവിതത്തെയും മരണത്തെയും നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് എന്ന് ഓർമപ്പെടുത്തുന്നു.
രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയെല്ലാം കൊന്നൊടുക്കാൻ ഹെറോദോസ് ആജ്ഞാപിച്ച ബെത്‍ലഹേമിന്റെ അയൽപ്രദേശമായ ഗസ്സയിൽനിന്ന് വരുന്ന ഉള്ളം നുറുങ്ങുന്ന വാർത്തകൾ കേൾക്കുമ്പോൾ ചരിത്രത്തിന്റെ ആവർത്തനമോ എന്ന് തോന്നിപ്പോകും. വൈദ്യുതിയും വെള്ളവും മരുന്നും തടഞ്ഞും ബോംബ്വെച്ചും ആശുപത്രികൾ തകർക്കുമ്പോൾ ഭൂമിയിലെ അതിശയങ്ങൾ കാണാൻ ആകാംക്ഷയോടെ വന്ന കുഞ്ഞുങ്ങളൊരുപാടുപേരാണ് മണ്ണോടു ചേർന്നത്.
ആ കുഞ്ഞ് ആത്മാക്കൾക്ക് പക്ഷേ ഈ ഘാതകികളോടോ, എല്ലാറ്റിനും നിശ്ശബ്ദമായി സാക്ഷ്യം വഹിച്ച ലോകത്തോടോ തരിമ്പും പരിഭവമോ വിദ്വേഷമോ ഉണ്ടാവില്ല. അവസാന വിളക്കുമരവും തകർത്ത് തിരിച്ചുപോകുന്ന സൈനികരുടെ വാഹനം ദിശയറിയാതെ പാതിവഴിയിലുഴറുമ്പോൾ അവർക്കും വഴിയും വെളിച്ചവും പകരാൻ കണ്ണുചിമ്മാതെ നിൽക്കുന്ന ഒരു പിടി നക്ഷത്രങ്ങൾ വാനിലുണ്ടാവും, ഭൂമിയിൽ ഇടമനുവദിക്കാതെ, കണ്ണു തുറക്കാൻ പോലും സമ്മതിക്കാതെ തിരിച്ചയക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുഖഛായയോടെ.
നിശ്ചയമായും ക്ലേശങ്ങളോടൊപ്പം തന്നെയാണ് സമാശ്വാസവുമുള്ളത് എന്ന് നമ്മെ അവ ഓർമിപ്പിച്ചു കൊേണ്ടയിരിക്കും. കെട്ടുപോയ കാലമെന്ന് സ്വയം ശപിക്കുന്ന ലോകത്തിന് കെടാത്ത പ്രകാശമായി വിളങ്ങുന്നത് ഇത്തരം ചില ഓർമപ്പെടുത്തലുകളാണ്. വേദനകൾ നിറഞ്ഞ നാളുകൾക്കിപ്പുറം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ലൊരു കാലം ഏറെ വൈകാതെ വരാനിരിക്കുന്നുവെന്ന് മനസ്സിലുറപ്പിക്കുക.