Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightGood Wordchevron_right‘അച്ചടക്കമാണ്,...

‘അച്ചടക്കമാണ്, സൗകര്യങ്ങളല്ല നമ്മെ വളർത്തുക’

text_fields
bookmark_border
‘അച്ചടക്കമാണ്, സൗകര്യങ്ങളല്ല നമ്മെ വളർത്തുക’
cancel

വേഗത്തിൽ വണ്ടിയോടിക്കുന്നയാളല്ല നല്ല ഡ്രൈവർ; പതുക്കെ ഓടിക്കുന്നയാളുമല്ല, റോഡ് നിയമങ്ങൾ പാലിക്കുന്നയാളാണ്. ഗതാഗതം സുഗമവും യാത്ര ആനന്ദകരവുമാക്കുന്നത് ഡ്രൈവറുടെ സാമർഥ്യമല്ല; റോഡ് നിയമങ്ങളാണ്, അവ പാലിക്കാൻ മനസ്സുകൾക്ക് ബോധം പകരുന്ന അച്ചടക്കമാണ്.

ജീവിതത്തിന്റെ പരിച്ഛേദമാണ് യാത്ര. നിയന്ത്രണങ്ങൾ രണ്ടിനും ആവശ്യമാണ്. കാറിലെ ആഡംബരങ്ങളേക്കാൾ സുഖയാത്രക്കാവശ്യം വഴിയിലെ ചുവന്ന വിളക്കുകളാണല്ലോ. പല ജോലിക്കും ശ്രമിച്ച് പരാജയപ്പെട്ട ഒരു യുവാവ്, ഒരു കമ്പനിയിൽ ഓഫിസ് ബോയ് തസ്തികക്കായി നേരിട്ടുള്ള ഇന്റർവ്യൂവിന് എത്തുന്നു. ജോലിക്കുള്ള യോഗ്യതാപരീക്ഷ, നിലം വൃത്തിയാക്കലായിരുന്നു. അതവൻ ഭംഗിയായി ചെയ്തു.

‘‘ജോലിക്കു ചേരാം’’ -ഓഫിസ് മേധാവി പറഞ്ഞു. ‘‘പക്ഷേ, അതിനൊരു നടപടിക്രമമുണ്ട്. നിന്റെ ഇ-മെയിലിലേക്ക് അപേക്ഷ ഫോറം അയക്കും; അത് പൂരിപ്പിച്ച് ഇ-മെയിലായിത്തന്നെ തിരിച്ചയക്കണം.’’ പാവം യുവാവിന് കമ്പ്യൂട്ടറില്ല, ടാബില്ല, സ്മാർട്ട് ഫോണില്ല, ഇ-മെയിലുമില്ല. ആ ജോലി അങ്ങനെ നഷ്ടപ്പെട്ടു. കൈയിൽ ആകക്കൂടി ഏതാനും നൂറു രൂപ നോട്ട്. എന്തു ചെയ്യും?

അവൻ തക്കാളിപ്പെട്ടി വാങ്ങി, വീടുകൾ തോറും തക്കാളി വിറ്റു. വരുമാനമായി; അത് വർധിച്ചുകൊണ്ടിരുന്നു. ഉന്തുവണ്ടി വാങ്ങി. പിന്നെ ഗുഡ്സ് ​ഓട്ടോ. ചെറു ലോറി, കൂടുതൽ ലോറികൾ. മുൻനിര ബിസിനസുകാരനായി അവൻ. വാർത്ത താരമായി.

ഇന്റർവ്യൂ ചെയ്യാനെത്തിയ പത്രലേഖകൻ അയാളോട് ഇ-മെയിൽ വിലാസം തിരക്കി. ഇ-മെയിൽ ഇല്ലെന്നു കേട്ട് റിപ്പോർട്ടർ അമ്പരപ്പോടെ ചോദിച്ചു:

‘‘ഇ-മെയിൽ ഇല്ലാതെതന്നെ താങ്കൾ ഇത്ര ​നേട്ടമുണ്ടാക്കി. അത് ഉണ്ടായിരുന്നെങ്കിലോ?’’ ‘‘എങ്കിൽ ഞാനൊരു ഓഫിസ് ബോയ് മാത്രമായേനെ’’. സൗകര്യങ്ങളേക്കാൾ ജീവിതത്തെ സാധ്യമാക്കുന്നത് അച്ചടക്കമാണ്.

മൊബൈൽ ഫോൺ വലിയ സൗകര്യമാണ്. അച്ചടക്കത്തോടെ, ആത്മനിയന്ത്രണത്തോടെ ഉപയോഗിച്ചാൽ അത് നമ്മുടെ സേവകനാണ്. നിയന്ത്രണം വിട്ടാലോ, അത് യജമാനനാകും. സൗകര്യങ്ങൾ പുറത്തുനിന്ന് കിട്ടുന്നവയാണ്; അച്ചടക്കം അകത്തുനിന്നും. അച്ചടക്കമാണ്, സൗകര്യങ്ങളല്ല നമ്മെ വളർത്തുക.

നിയമങ്ങളില്ലാത്ത ലോകം സ്വാതന്ത്ര്യത്തിന്റേതല്ല, അരാജകത്വത്തിന്റേതാണ്. അരാജകത്വമാകട്ടെ കുടുംബം ശിഥിലമാക്കും, നാടിനെ നശിപ്പിക്കും. പട്ടം ഉയരത്തിൽ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ട് പറക്കുക അതിനെ പൂർണ സ്വതന്ത്രമായി കയറൂരി വിടുമ്പോഴല്ല; മറിച്ച്, ചരടുകൊണ്ട് അതിനെ നിയന്ത്രിക്കുമ്പോഴാണ്. ചരടില്ലാത്ത പട്ടം വൈകാതെ നാശത്തിലേക്ക് മുഖംകുത്തി വീഴും; ചരടുപൊട്ടിയ ജീവിതങ്ങളും. നിയമമെന്നും നിയന്ത്രണമെന്നും വിളിക്കുന്ന ചരടുകളാണ് നമ്മെയും പറന്നുയരാൻ പ്രാപ്തരാക്കുന്നത്.

പ്രപഞ്ചം നിലനിൽക്കുന്നതും ചലിക്കുന്നതും നിയമ​ങ്ങൾ ഉള്ളതുകൊണ്ടാണ്. സംസ്കാരവും മനുഷ്യബന്ധങ്ങളും അങ്ങനെത്തന്നെ. ബൈബി​ൾ പഴയ നിയമത്തിലെ പത്തു കൽപനകളിൽ ഏറെയും സാമൂഹിക വിലക്കുകളാണല്ലോ. ഏറ്റവും മികച്ച നിയമം ആത്മനിയന്ത്രണമാണ്. അവ​നവനോടുള്ള സമരമാണ് വലിയ ജിഹാദെന്ന് മുഹമ്മദ് നബി.

കൊട്ടാരത്തിനടുത്തുള്ള വഴിയിൽ നസ്റുദ്ദീൻ ഹോജ അറിയാതെ ഒരാളുമായി കൂട്ടിമുട്ടി. മറ്റേയാൾ അലറി: നാശം! തനിക്കറിയുമോ ഞാൻ ആരാണെന്ന്? രാജാവിന്റെ ഉപദേഷ്ടാവാണ് ഞാൻ.’’

ഹോജ ശാന്തനായി പറഞ്ഞു: ‘‘ഞാൻ ഒരു രാജാവാണ്’’

‘‘ഓഹോ! ഏത് രാജ്യത്തെ രാജാവാണാവോ!’’

‘‘എന്നെ ഭരിക്കുന്ന രാജാവ്. നിങ്ങളെപ്പോലെ നിലതെറ്റാത്തത് അതുകൊണ്ടാണ്’’

ജീവിതമെന്ന യാത്രയിൽ നമ്മിൽ എത്രപേർ ഇങ്ങനെ സ്വന്തം രാജാവായുണ്ട്?

Show Full Article
TAGS:madhyamam kudumbam nallavakku 
News Summary - madhyamam kudumbam nallavakku february 2023
Next Story