‘കുഞ്ഞുങ്ങളാണ് ഭൂമിയിലെ സന്തോഷങ്ങൾ. യുദ്ധവും കലാപവും വർഗീയ സംഘർഷവും എത്രയെത്ര കുഞ്ഞുങ്ങളുടെ നിറമുള്ള സ്വപ്നങ്ങളെയാണ് കെടുത്തിക്കളഞ്ഞത്’
text_fieldsകൈകളിൽ ക്രോഷ്യ സൂചിയും നൂലുമായിരുന്ന് കുഞ്ഞുടുപ്പുകളും തൊപ്പിയും കാലുറകളും നെയ്തുണ്ടാക്കുന്ന അമ്മൂമ്മമാർ ഒരു പതിവു കാഴ്ചയായിരുന്നു. തീവണ്ടിമുറികളിലും പാർക്കിലെ ബെഞ്ചുകളിലും ആശുപത്രിയിൽ ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുമ്പോൾ പോലും മറ്റൊന്നിലേക്കും ശ്രദ്ധ പായിക്കാതെ തിരക്കിട്ട് അവരത് നെയ്തുകൂട്ടുന്നത് അതിശയകരമായ ഭംഗിയിലാണ്. കുടുംബത്തിൽ, അല്ലെങ്കിൽ അടുത്ത പരിചയത്തിലെ ഒരു വീട്ടിൽ പിറക്കാനിരിക്കുന്ന നവാതിഥിക്കുള്ള വിശേഷ സമ്മാനമാണ് ചുളിവുപിടിച്ചു തുടങ്ങിയ ആ വിരൽത്തുമ്പുകളിൽ വിരിയുന്നത്. ചിത്രവർണ കുപ്പായങ്ങൾ എമ്പാടും വിപണിയിൽ വാങ്ങാൻ കിട്ടുമെന്നിരിക്കെ എന്തിനാവും ഏറെനേരവും അധ്വാനവുമർപ്പിച്ച് അവരത് ചെയ്യുന്നത്?
പൊന്നോമനയുടെ കുഞ്ഞുടലിൽ ആശീർവാദങ്ങളും പ്രാർഥനകളും വാത്സല്യവുമൂറുന്ന തന്റെ വിരലുകളുടെ സാമീപ്യം എപ്പോഴും ഒപ്പമുണ്ടെന്ന് ഉറപ്പിക്കാൻ തന്നെ.
ഓരോ കുഞ്ഞും വിശേഷപ്പെട്ടവരാണ്; ഈ ഉലകിലെ ജീവിതത്തിന്റെ അലങ്കാരങ്ങൾ. കുഞ്ഞുങ്ങളാണ് ഭൂമിയിലെ സന്തോഷങ്ങൾ. അവർ നൽകുന്ന അനിർവചനീയ ആനന്ദത്തെ വെല്ലാനെന്തുണ്ട് മനുഷ്യരുടെ കലാശേഖരത്തിൽ. ലോകം കുഞ്ഞുങ്ങൾക്കുവേണ്ടി പലതും കരുതിവെക്കാറുണ്ട്. അവരുടെ അവകാശങ്ങളിൽ പോറലേൽപിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് സാധ്യമാവേണ്ടതുണ്ട്. എല്ലാ വിനാശകരമായ പ്രവൃത്തികളുടെയും ആദ്യ ഇര കുഞ്ഞുങ്ങളാണല്ലോ.
യുദ്ധവും കലാപവും വർഗീയ സംഘർഷവും എത്രയെത്ര കുഞ്ഞുങ്ങളുടെ നിറമുള്ള സ്വപ്നങ്ങളെയാണ് കെടുത്തിക്കളഞ്ഞത്. കുഞ്ഞെന്ന ഭാവത്തിന് നിറമോ മതമോ നാടോ ഇല്ല. ലോകത്തെ ഏതു ദിക്കിലും ഒരു കുഞ്ഞുമുഖം നമ്മെ സന്തോഷിപ്പിക്കും. പൂമ്പാറ്റകളെപ്പോലെ കുഞ്ഞുങ്ങൾക്ക് എല്ലായിടത്തും പാറിപ്പറക്കാൻ കഴിയുന്ന ലോകം പിറക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ഒരുനേരത്തെ പശിയടക്കാൻ ഗതിയില്ലാത്ത കുഞ്ഞുങ്ങളും ലോകത്തുണ്ട്. ഭക്ഷണമെന്ന ആദ്യാവകാശം പോലും നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളോട് സുഭിക്ഷമായി ഉണ്ണുന്ന ലോകത്തിന് കടപ്പാടില്ലേ? അസന്തുലിതമായ ലോകക്രമത്തിൽ ചിലഭാഗങ്ങളിൽ സമ്പത്ത് കുന്നുകൂടുകയും മറുഭാഗത്ത് ദാരിദ്ര്യം കുമിഞ്ഞുകൂടുകയും ചെയ്യുന്നത് ആരുടെ കുറ്റമാണ്?
കുഞ്ഞുങ്ങളോടുള്ള സ്നേഹവും കരുതലുകളുമെല്ലാം അർഥവത്താകണമെന്നുണ്ടെങ്കിൽ അവരുടെ അവകാശങ്ങൾ കൂടി ഉറപ്പാക്കപ്പെടണം. ഉദരത്തിൽ ഒരു മിടിപ്പായി പാർപ്പ് തുടങ്ങുന്ന നിമിഷം മുതൽ അവ മാനിക്കപ്പെടണം. ആക്രമിക്കപ്പെടുന്നതിൽനിന്നും അന്യായമായ കൈയേറ്റങ്ങൾക്കിരയാവുന്നതിൽനിന്നുമുള്ള സംരക്ഷണം ലഭ്യമാക്കണം. വേദനകൾക്കും ജീവഹാനിക്കുപോലും വഴിവെച്ചേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കി സുരക്ഷിതമായ ജനനത്തിന് സൗകര്യമൊരുക്കൽ ഈ അവകാശങ്ങളിൽ പരമപ്രധാനമാണ്.
മാതാവിന് ശാരീരിക-മാനസിക സൗഖ്യം നിലനിർത്താൻ ആവശ്യമായ ചുറ്റുപാടുകൾ സൃഷ്ടിക്കലും ഇതിന്റെ ഭാഗമാണെന്ന് മറക്കരുത്.
പ്രാർഥനാമന്ത്രങ്ങളും താരാട്ടും പക്ഷികളുടെ പാട്ടുകളും കേട്ട് ഭൂമിയിലേക്ക് വരേണ്ട കുഞ്ഞുങ്ങൾ കൂർത്ത മുനയുള്ള പോർവിമാനങ്ങളുടെ ഇരമ്പം കേട്ട് കണ്ണുതുറക്കുന്ന കാലവുമാണിത്. അടുത്ത നിമിഷം എന്ത് എന്ന ആധിയുടെ ചുഴി വലയം ചെയ്യുമ്പോഴും തന്റെയുള്ളിൽ വളരുന്ന കുഞ്ഞിന് ജന്മമേകാൻ ലേബർ റൂമിലേക്ക് പോകുന്ന സംഘർഷഭൂമിയിലെ അമ്മമാരുടെ, ഉമ്മമാരുടെ ചുണ്ടിൻകോണിലെ പുഞ്ചിരിയെക്കാളേറെ പ്രത്യാശയെന്ന വാക്കിനെ പരാവർത്തനം ചെയ്യുന്ന മറ്റെന്തുണ്ട്?.