ഒരൽപം തീന്മേശ വർത്തമാനം
text_fieldsചുള്ളിക്കമ്പും ഉണക്കയിലയുമൊക്കെ ഇട്ട് തീപിടിപ്പിച്ചായിരുന്നു ഏതാനും പതിറ്റാണ്ട് മുമ്പുവരെ വീടുകളിലെ നിത്യപാചകം. തെങ്ങിെൻറ സൗകര്യമുള്ള ഇടങ്ങളിൽ ഓലക്കൊടിയും തൊണ്ടും ചിരട്ടയുമായിരുന്നു മുഖ്യ ഇന്ധനം. വീട്ടിൽ വിളമ്പുന്ന ഭക്ഷണത്തിലും അതിഥികൾക്ക് കൊടുക്കുന്ന പാൽപായസത്തിൽപോലും പുകമണം മുന്തിനിൽക്കും. ചിലർ പരിഭവം പറഞ്ഞും മറ്റുചിലർ അടക്കിപ്പിടിച്ചും കഴിക്കും. വിശപ്പിന്റെ തീമണം അതിലേറെ പ്രശ്നക്കാരിയായിരുന്നു.
ഗ്യാസ് ഉപയോഗിച്ചുള്ള പാചകം തുടങ്ങിയപ്പോഴാണ് നമ്മുടെ അടുക്കളകളിൽനിന്ന് പുകയും കരിയുമൊഴിഞ്ഞത്. അപ്പോഴുണ്ട് കാലം കരുതിവെച്ചൊരു തമാശ; പണ്ട് പുകമണമുള്ള ഭക്ഷണം അരുചിയോടെ കഴിച്ചവർക്കും അവരുടെ രണ്ടാം തലമുറക്കും ഇന്ന് പ്രിയം 'സ്മോക്കി ഫ്ലേവർ' ഉള്ള ഭക്ഷണങ്ങൾ, പാത്രങ്ങൾക്കുള്ളിൽ പ്രത്യേകം കരിയിട്ട് പുകപിടിപ്പിച്ചാണ് പാചകം!.
രണ്ടായിരത്തഞ്ഞൂറ് കിലോ മീറ്ററുകൾ അകലെയുള്ളൊരു പാടത്ത് വളർന്ന കരിമ്പിൻതണ്ടിൽനിന്ന് വാർന്നെടുത്ത പഞ്ചസാരയും ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള തോട്ടങ്ങളിൽനിന്ന് ശേഖരിച്ചുണക്കിയ പഴങ്ങളും നമ്മുടെ അടുക്കളയിലെ അളുക്കുകളിലുണ്ട്. ആര് വിത്തിട്ടുവെന്നോ വെള്ളമൊഴിച്ചുകൊടുത്തതാരെന്നോ അറിഞ്ഞുകൂടാ. ഓരോ ധാന്യമണിയിലും അതു കഴിക്കാനുള്ളവരുടെ പേരെഴുതിവെച്ചിരിക്കുന്നുവെന്ന പറച്ചിൽ അന്വർഥമാക്കുംവിധം, ലോകങ്ങളെല്ലാം ചമച്ചു സംരക്ഷിക്കുന്ന ദിവ്യകാരുണ്യത്താൽ, ഏതോ ഗ്രാമത്തിലെ പേരറിയാത്ത കൃഷിപ്പണിക്കാർ കൃഷിചെയ്ത, ഏതോ ഭാഷകൾ സംസാരിക്കുന്ന തൊഴിലാളികൾ ശേഖരിച്ച ഭക്ഷ്യപേയങ്ങൾ നമുക്കു മുന്നിലെത്തുന്നു. ഫുഡ് േവ്ലാഗുകളിലും റീലുകളിലും കാണുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുവട്ടം വീതമെങ്കിലും രുചിച്ചുനോക്കാൻ ശരാശരി മനുഷ്യായുസ്സ് പോരാ. വിഭവങ്ങളുടെ പെരുക്കത്തിനൊപ്പം മറുവശത്ത് പട്ടിണിസൂചികയിലെ സംഖ്യകളും പെരുകിവരുന്നുണ്ട്.
ബാലസാഹിത്യശാഖയിലെ സർവകാല മാസ്റ്റർ പീസുകളിലൊന്നാണ് സോവിയറ്റ് എഴുത്തുകാരൻ അലക്സാണ്ടർ റസ്കിൻ രചിച്ച ‘അച്ഛെൻറ ബാല്യം’ (When daddy was a littleboy), അതിൽ ‘അച്ഛൻ റൊ
ട്ടി വലിച്ചെറിഞ്ഞ കഥ’ പറയുന്നുണ്ട്. കഥാനായകൻ ഒരു രാത്രി അത്താഴത്തിനൊപ്പം നൽകിയ റൊട്ടി കഴിക്കാൻ കൂട്ടാക്കാതെ വലിച്ചെറിഞ്ഞു. അന്നേരം ഒരു തുണ്ട് റൊട്ടിക്കഷണമില്ലാതെ കുഞ്ഞനിയൻ പട്ടിണി കിടന്നു മരിക്കുന്നതിന് സാക്ഷിയായ ആയ പറഞ്ഞത്, ‘‘എഴുതാനും വായിക്കാനുമൊക്കെ നിന്നെ പഠിപ്പിക്കുന്നുണ്ട്, പക്ഷേ റൊട്ടി എങ്ങനെയുണ്ടാവുന്നുവെന്ന് ആരും നിന്നെ പഠിപ്പിക്കുന്നില്ല, മനുഷ്യർ എല്ലുമുറിയെ ജോലി ചെയ്താണ് ധാന്യം വിളയിക്കുന്നതും അതുപൊടിച്ച് റൊട്ടിയുണ്ടാക്കുന്നതും, അതൊന്നുമറിയാതെ നീ ആ ഭക്ഷണം വലിച്ചെറിഞ്ഞു’’വെന്നാണ്.
ഈ കഥയുടെ കാമ്പ് കുഞ്ഞുങ്ങളോട് പറയേണ്ടതുണ്ട്, ഭക്ഷണമേശക്കു മുന്നിലിരിക്കുേമ്പാൾ നമ്മളും അതോർക്കേണ്ടതുണ്ട്, അന്നമേകിയ ശക്തിക്ക് നന്ദിയോതേണ്ടതുണ്ട്.
●