Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightGood Wordchevron_right‘നല്ല മാതൃകകൾ കണ്ടു...

‘നല്ല മാതൃകകൾ കണ്ടു പകർത്തുന്നതോടൊപ്പം, ആത്മവിശ്വാസം കെടുത്തുന്ന കമന്റുകൾക്ക് ചെവികൊടുക്കാതിരിക്കാം’

text_fields
bookmark_border
nallavakku madhyamam kudumbam jan 2023, confidence
cancel

കഴിവ് ധാരാളമുണ്ടായിട്ടും ആത്മവിശ്വാസക്കുറവ് കാരണം നേട്ടമുണ്ടാക്കാനാകാത്തവർ കുറെയുണ്ട്.കഴിവില്ലായ്മയല്ല, ആത്മവിശ്വാസമില്ലായ്മയാണ് കാരണം. സ്വയം വിശ്വാസമില്ലാതാകുന്നത് പലപ്പോഴും ആവശ്യമില്ലാതെ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നതുകൊണ്ടാണ്.

ആരും മറ്റൊരാളെപ്പോലെയല്ല. മറ്റുള്ളവരുടെ കഴിവുകൾ അപ്പടി നമുക്കുണ്ടാകില്ല എന്നതുപോലെ, നമ്മുടെ ശേഷികൾ അവർക്കുമുണ്ടാകില്ല. സുന്ദരനായ മയിലിന്റെ കഥ അറിയില്ലേ? പീലിവിരിച്ച് നൃത്തം ചെയ്യുമ്പോൾ എന്തൊരു ചന്തം! അതു കണ്ട് കുയിൽ പാടിയപ്പോൾ മയിലും ഒന്നു പാടിനോക്കി.

കുയിലിന്റെ മധുരസ്വരമെവിടെ, മയിലിന്റെ പരുക്കൻ ശബ്ദമെവിടെ? തന്റെ ശബ്ദം മോശമാണെന്നറിഞ്ഞ മയിലിന്റെ ആത്മവിശ്വാസം കുറഞ്ഞുവന്നു. നൃത്തംപോലും ചെയ്യാൻ പറ്റാതായി. അവന്റെ അമ്മ പറഞ്ഞു: നിനക്ക് ദൈവം തന്ന കഴിവ് നൃത്തമാണ്, പാട്ടല്ല. കുയിലിന് പാട്ടാണ്, നൃത്തമല്ല. എനിക്കുപോലും നിന്നെപ്പോലെ പീലി ഇല്ലല്ലോ. സ്വന്തം ശേഷി മയിൽ അങ്ങനെ തിരിച്ചറിഞ്ഞു. നമ്മിൽ പലരും അന്യനെ നോക്കി സ്വയം പഴിക്കുന്നവരാണ്. ആത്മനിന്ദയെ ചെറുത്തില്ലെങ്കിൽ അത് നമ്മെ നശിപ്പിക്കും.


അമേരിക്കയിലെ കോളറാഡോയിലൊരു കുന്നിൻചരിവിൽ അതിഭീമനൊരു മരത്തിന്റെ അവശിഷ്ടങ്ങൾ കാണാം. നാനൂറ് വർഷം അസാധാരണ വലുപ്പത്തോടെ തല ഉയർത്തിനിന്നിരുന്നു അത്. പതിനാലു തവണ ഇടിമിന്നലേറ്റു. അനേകം തവണ മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും അതിനെ പിടിച്ചുലച്ചു. പക്ഷേ, ആ മഹാവൃക്ഷം എല്ലാം അതിജീവിച്ചു.

പക്ഷേ, ഉറുമ്പിനെക്കാൾ ചെറിയ ഏതാനും പ്രാണികൾ അകത്തേക്ക് നുഴഞ്ഞുകയറിയപ്പോൾ മരത്തിന് പിടിച്ചുനിൽക്കാനായില്ല. നമ്മെപ്പറ്റിയുള്ള മോശം (നെഗറ്റിവ്) ചിന്തകൾ ആ കീടങ്ങളെപ്പോലെയാണ്. അകത്തുകയറി തുരന്നു നശിപ്പിക്കും. മനുഷ്യരുടെ ഹൃദയങ്ങളിൽ മോശം കാര്യങ്ങൾ മന്ത്രിക്കുന്ന ദുഷ്ടശക്തികളെപ്പറ്റി ഖുർആൻ മുന്നറിയിപ്പ് തരുന്നുണ്ടല്ലോ.

നല്ല മാതൃകകൾ കണ്ടു പകർത്തുന്നതോടൊപ്പം, ആത്മവിശ്വാസം കെടുത്തുന്ന കമന്റുകൾക്ക് ചെവികൊടുക്കാതിരിക്കാം. ഒരുകൂട്ടം ചെറുതവളകൾ മത്സരത്തിലായിരുന്നു. മിനുസമുള്ള ഉയർന്ന തൂൺ കയറണം. താഴെ കാണികളായ തവളകൾ ഇത് അസാധ്യമ​ാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഒരുത്തനൊഴിച്ച് എല്ലാ തവളകളും തോൽവി സമ്മതിച്ച് ഇറങ്ങി. ലക്ഷ്യത്തിലെത്തിയ ഏക വിജയിയോട് മറ്റുള്ളവർ ചോദിച്ചു: ഇതെങ്ങനെ സാധിച്ചു? ആ തവളക്ക് കേൾവിശക്തി കുറവായിരുന്നു. കാണികൾ നിരുത്സാഹപ്പെടുത്തുമ്പോൾ ആ ആരവമെല്ലാം പ്രോത്സാഹനമായി തെറ്റിദ്ധരിച്ചതാണവൻ.


ലക്ഷ്യബോധത്തോടെ പരിശ്രമിക്കുക; പ്രതീക്ഷാപൂർവം ഈശ്വരനിൽ വിശ്വാസമർപ്പിക്കുക- ആത്മവിശ്വാസത്തിനുള്ള വേദവിധി ഇതാണ്. ആത്മവിശ്വാസം അത്ഭുതം സൃഷ്ടിക്കുമെന്ന് കാണിക്കാൻ ‘നാസ’ ആസ്ഥാനത്ത് ഒരു പോസ്റ്റർ വെച്ചിട്ടുണ്ടത്രെ. സ്ഥൂലദേഹവും കൊച്ചു ചിറകുമുള്ള തേനീച്ചക്ക്, എയ്റോ ഡൈനാമിക്സ് തത്ത്വമനുസരിച്ച് പറക്കാൻ കഴിയില്ല; പക്ഷേ, ഈച്ചക്ക് അതറിയാത്തതിനാൽ അത് ശ്രമിക്കുന്നു, പറക്കുന്നു, എന്ന്.

പോസ്റ്റർ പറയുന്നത് മുഴുവൻ സത്യമല്ലെങ്കിലും ആത്മവിശ്വാസത്തിന്റെ പ്രാധാന്യം അത് വിളിച്ചുപറയുന്നുണ്ട്. ഇത്തിരി അത്യുക്തി ചേർന്നാലും ആത്മവിശ്വാസം ഒരു ദിവ്യമന്ത്രം തന്നെയാണ്. അത് പറക്കാത്തതിനെയും പറത്തും.

Show Full Article
TAGS:Madhyamam Kudumbam confidence 
News Summary - nallavakku madhyamam kudumbam jan 2023, confidence
Next Story