പുതിയ തലമുറ ആഗ്രഹിക്കുന്ന ഉൽപന്നങ്ങൾ അറിയാൻ കുട്ടികൾക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ്; ഫലം ഇങ്ങനെ
text_fieldsവിശന്നിരിക്കുന്ന മനുഷ്യന് ഒരു മീൻ ദാനം നൽകിയാൽ അയാളുടെ ഒരു നേരത്തെ വിശപ്പകറ്റാം, പകരം മീൻ പിടിക്കാൻ പഠിപ്പിച്ചാൽ അദ്ദേഹത്തെയും കുടുംബത്തെയും ജീവിതകാലം മുഴുവൻ പട്ടിണിയിൽനിന്ന് രക്ഷിക്കാം എന്നൊരു ചൈനീസ് ചൊല്ലുണ്ട്. ആ പഴമൊഴിക്കഥ വെറുതെ പറഞ്ഞു മറക്കാനുള്ളതല്ല എന്ന് തിരിച്ചറിഞ്ഞിടത്താണ് അവിടത്തെ ഭരണകർത്താക്കളും സംരംഭകരും വിജയം കണ്ടത്.
മനുഷ്യ വിഭവശേഷിയെ അവർ നന്നായി വിനിയോഗിച്ചു. മുള്ളാണി മുതൽ റോക്കറ്റ് വരെ ലോകത്തിന് ആവശ്യമായതെന്തും ഉൽപാദിപ്പിക്കാൻ കെൽപ്പുള്ള പണിശാലയായി ആ രാജ്യം മാറി.
എന്തിനേറെ പറയണം, ഈ മാസം നമുക്ക് വിഷു ആഘോഷിക്കാനുള്ള പടക്കങ്ങളും പെരുന്നാളിനുള്ള കുപ്പായങ്ങളും സ്കൂൾ തുറപ്പിന് ആവശ്യമായ പഠനസാമഗ്രികളും പാക്ക് ചെയ്തയക്കുന്ന തിരക്കിലാണ് അവിടത്തെ കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളുമിപ്പോൾ.
കേരളത്തിൽനിന്നുൽപാദിപ്പിക്കുന്ന ചിരട്ടകൊണ്ടുള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുന്ന ചില ഭക്ഷണശാലകൾ ഉണ്ടത്രെ. ഭൂഗോളത്തിന്‍റെ പല കോണുകളിലും തുടരുന്ന ഇത്തരം കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്.
ആവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന അത്യധ്വാനങ്ങൾ നിറഞ്ഞ ഒരു മുഴുനീള ചിത്രമാണ് ഓരോ മനുഷ്യജീവനും. നൂതന ചിന്തകളിൽനിന്ന് ഉരുത്തിരിയുന്ന പുതുകണ്ടുപിടിത്തങ്ങളാണ് നമ്മുടെ ജീവിതത്തെ ആയാസരഹിതമാക്കുന്നത്.
തീയും തീപ്പെട്ടിയും മുതൽ ചക്രങ്ങളും വാഹനങ്ങളും വരെ ഓരോ കണ്ടുപിടിത്തങ്ങളും മനുഷ്യരാശിയുടെ വഴിത്തിരിവുകളായി. മുൻകാലങ്ങളിൽ ഒരു ക്ലോക്ക് കറങ്ങിത്തീരുന്നതുവരെ നീളുന്ന അധ്വാനം വേണ്ടിയിരുന്ന ജോലികൾ ഒരൊറ്റ ക്ലിക്കിൽ തീർക്കാവുന്നത്ര അനായാസത കൈവന്നിരിക്കുന്നു.
അടുക്കളയിലും വീട്ടുവരാന്തയിലും ഒറ്റമുറിപ്പീടികയിലും മറ്റുമായി വീട്ടമ്മമാർ മുതൽ വിദ്യാർഥികൾ വരെ തീരെ ചെറിയ മട്ടിൽ തുടക്കമിട്ട പല സ്റ്റാർട്ടപ്പുകളുമിന്ന് വളർന്നുപന്തലിച്ച് ആ നാടിന്‍റെ വിലാസങ്ങളായി മാറിയിരിക്കുന്നു. പല മലയാളി സംരംഭകരും അവരുടെ സംരംഭങ്ങളും ലോകത്തിന്‍റെ മിടിപ്പിന്റെതന്നെ ഭാഗമായിത്തീർന്നിരിക്കുന്നു.
വിശപ്പിനും ഇല്ലായ്മകൾക്കും വിവേചനങ്ങൾക്കുമെതിരായ ചെറുത്തുനിൽപായും കൂട്ടായ്മയുടെയും സഹജഭാവത്തിന്‍റെയും ദൃഷ്ടാന്തങ്ങളായും മാറുന്നു എന്നതുകൂടിയാണ് ഈ സംരംഭങ്ങളുടെ സൗന്ദര്യം.
കേരളത്തിൽനിന്ന് ഉദയം കൊണ്ട ഒരു സംരംഭം പടുകൂറ്റൻ ബഹുരാഷ്ട്ര കുത്തകകളോട് എതിരിട്ട് മുന്നേറുന്നുവെന്ന് കാണുമ്പോൾ സന്തോഷം തോന്നാതിരിക്കുന്നതെങ്ങനെ?
പുതിയ തലമുറ ആഗ്രഹിക്കുന്ന ഉൽപന്നങ്ങൾ എന്താണ് എന്നറിയാൻ ഈയിടെ കുട്ടികൾക്കിടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നു -സ്നേഹവും സമാധാനവും സ്ഥിരതയോടെ നിലനിർത്താനുള്ള ഉപകരണം വേണം എന്നായിരുന്നു അതിൽ പങ്കെടുത്ത പലരുടെയും ആവശ്യം.
ജനിച്ച നാൾ മുതൽ കേൾക്കുന്ന കലഹത്തിന്‍റെയും കലാപത്തിന്‍റെയും കഥകളാവാം സമാധാനം ഏറെ അകലെയുള്ള, അസാധ്യമായ എന്തോ സംഗതിയാണെന്ന തോന്നൽ അവരിൽ സൃഷ്ടിച്ചത്.
തലയോടിനും നെഞ്ചിൻകൂടിനും ഉള്ളിലായി സ്ഥിതിചെയ്യുന്ന രണ്ടു വിശേഷാൽ വസ്തുക്കളെ ഫലപ്രദമായി ഉപയോഗിച്ചാൽ അത് സാധ്യമാവുമെന്ന് ആ കുഞ്ഞുങ്ങൾ തിരിച്ചറിയുന്ന നാൾ വിദൂരത്തല്ലെന്ന് ആശിക്കാം.