‘ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല’ -ഓണക്കാലം കഴിയുമ്പോൾ മറവിയിലേക്ക് തള്ളാനുള്ളതല്ല സഹോദരൻ അയ്യപ്പന്‍റെ വരികൾ
text_fields‘‘കരളുറച്ചു കൈകൾ കോർത്തു കാൽനടക്ക് പോക നാം....’’ എന്നുറക്കെപ്പാടി, അതിശക്തരായ അധിനിവേശകരെത്തോൽപിച്ച ഒരു തലമുറ നമുക്ക് മുമ്പിവിടെ ജീവിച്ചിരുന്നു.
പെരുമഴ മാറുമ്പോൾ കുടയും ജീവിതപ്പൊരിവെയിൽ നീങ്ങുമ്പോൾ പ്രാർഥനകളും മറന്നുവെച്ച് ശീലിച്ച നമ്മൾ പാരതന്ത്ര്യത്തെ അതിജയിച്ചതോടെ സ്വരുമയും മറന്നു; പിന്നെ പരസ്പരം കയർക്കാനും കലഹിക്കാനും മടിയില്ലാത്തവരുമായി.
‘നമ്മൾ’ ഞങ്ങളിലേക്കും പിന്നെ ഞാനിലേക്കും ചുരുങ്ങി. അയൽവാസിയുടെ പട്ടിണിയോ അടുത്ത കാബിനിലിരിക്കുന്ന സഹപ്രവർത്തകരുടെ ഉള്ളുരുക്കങ്ങളോ അറിയാത്തവരായി. അരുതായ്മകളെന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം നിന്‍റെ ഉള്ളിൽ ഇത്രമാത്രം വേദന തളംകെട്ടി നിന്നിരുന്നുവെന്നറിഞ്ഞില്ലെന്ന് കണ്ണീരൊഴുക്കുന്നവരായി.
പതിറ്റാണ്ടൊന്ന് പിന്നിട്ടിട്ടും മുറിവുകളുണങ്ങിത്തീരാത്ത സൂനാമിയിൽ ലോകരാജ്യങ്ങൾ പലതും ആടിയുലഞ്ഞപ്പോൾ തായ്‍ലൻഡിന്‍റെ ബാൻ നാം ഖേം എന്ന മത്സ്യത്തൊഴിലാളി ഗ്രാമം ആ പ്രകൃതിക്ഷോഭത്തെ ആത്മവിശ്വാസത്തോടെ നേരിട്ടൊരു കഥയുണ്ട്. ഭൂകമ്പത്തിലുലഞ്ഞും കടൽക്കലിയിലലിഞ്ഞും നിശ്ശേഷം ഒഴുകിപ്പോകുമായിരുന്ന അന്നാട്ടിൽ നാശങ്ങളും ആൾനഷ്ടങ്ങളും തുലോം കുറവായിരുന്നു.
കേവല ഭാഗ്യംകൊണ്ടല്ല, കരളുറച്ചുള്ള കൈകോർപ്പാണ് അത് സാധ്യമാക്കിയത്. ഗ്രാമത്തിലെ ജനങ്ങളുടെ ബന്ധത്തിന്‍റെ ഇഴയടുപ്പം കാലങ്ങളായി കാത്തുപോരുന്നതാണ്. മീൻ പിടിക്കാൻ പോകുമ്പോഴും ഉല്ലാസവേളകളിലും ഉത്സവനാളുകളിലും വറുതിയിലുമെല്ലാം അവർ ഒരുമിച്ചായിരുന്നു. തലമുതിർന്നവർ കടലിന്‍റെ ഉള്ളറകളിലെ അനുഭവജ്ഞാനവും പുതുമുറക്കാർ പാഠപുസ്തക വിജ്ഞാനങ്ങളും ഗ്രാമക്കൂട്ടങ്ങളിൽ പങ്കുവെച്ചുപോന്നു.
കടലിന് ഭാവമാറ്റം വന്നപ്പോൾ മുത്തച്ഛന്മാരും അമ്മൂമ്മമാരും പറഞ്ഞുകൊടുത്തിട്ടുള്ള അറിവുകൾ അവർക്കോർമ വന്നു. ആ ജാഗ്രതയും ചേർന്നുനിൽപും ഒരുപാടൊരുപാട് ജീവനുകളെ പോറലേൽക്കാതെ സംരക്ഷിച്ചു.
മാനസിക-സാമ്പത്തിക-സ്വത്വ പ്രതിസന്ധികളുടെ സൂനാമികളിൽ ആടിയുലഞ്ഞാണ് ശരാശരി മലയാളിയുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്ന സത്യം മാനക്കേടോർത്ത് ഇനിയും മറച്ചുപിടിക്കാനുള്ളതല്ല.
പ്രവാചകനും രാജാവും ദാർശനികനുമായിരുന്ന സുലൈമാന്‍റെ/ശലോമോന്‍റെ സൈന്യം താഴ്വരയിലൂടെ കടന്നുപോകവെ അവരുടെ കാൽച്ചുവട്ടിൽപ്പെട്ടുപോകാതിരിക്കാൻ ജാഗ്രതപാലിക്കാനായി ഒരുറുമ്പ് തന്‍റെ സഹജീവികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രവിശാലമായ ഭൂമിലോകത്തെ ഇത്തിരിക്കുഞ്ഞൻ ജീവി സൂക്ഷിക്കുന്ന പാരസ്പര്യംപോലും അതിബുദ്ധിയും വിവേകവുമുള്ള മനുഷ്യർക്കില്ലെന്നുവരുകിൽ സങ്കടമല്ലേ?
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും എന്ന സഹോദരൻ അയ്യപ്പന്‍റെ വരികൾ ഓണക്കാലം കഴിയുമ്പോൾ മറവിയിലേക്ക് തള്ളാനുള്ളതല്ല, ആമോദത്തിന്‍റെ വീണ്ടെടുപ്പും ആർക്കും വൈഷമ്യങ്ങളില്ലാത്ത ജീവിതവും ഉറപ്പാക്കുക എന്നത് മാനവജീവിതത്തിന്‍റെ മാനിഫെസ്റ്റോയായി മാറണം.


