വാനത്തേക്കുയർന്ന കുഞ്ഞുങ്ങളുടെ കണ്ണീരാണോ പേമാരിയായും ഉരുൾക്കല്ലുകളായും നമുക്കുമേൽ പതിക്കുന്നത്?
text_fieldsപള്ളിക്കൂടത്തിൽ പോയ കുഞ്ഞ് നേരമേറെ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താഞ്ഞ് തിരക്കിപ്പോകുന്ന അമ്മയുടെ കഥയാണ് മലയാളത്തിന്‍റെ മഹാകവി ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’. കുട്ടിയെ പിടിച്ചുകൊണ്ടുപോയ പൂതം നരിയായും പുലിയായും കാറ്റായും തീയായും വന്ന് പല രീതിയിൽ അമ്മയെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ട്.
പൊന്നും പണവും കിഴി കെട്ടി മുന്നിൽവെച്ച് പ്രലോഭിപ്പിക്കാൻ ഒരുമ്പെടുന്നുണ്ട്. അതിലൊന്നും ഭയക്കാതെ, വഴങ്ങാതെ കുഞ്ഞിനെ തിരികെ വാങ്ങുന്ന അമ്മ മാതൃസ്നേഹത്തിന്‍റെയും കുഞ്ഞുങ്ങളോട് പുലർത്തേണ്ട കരുതലിന്‍റെയും പ്രതീകമാണ്.
ശിശുദിനാചരണങ്ങളും ബാലാവകാശ ഉടമ്പടികളും നിലവിൽവരുന്നതിന് ആയിരത്താണ്ടുകൾ മുന്നേ ഒരു കുഞ്ഞിന് ജീവിതകാലം മുഴുവനും ശിശുദിനമാണെന്നും മുതിർന്ന മനുഷ്യരേക്കാൾ എത്രയോ ആയിരമിരട്ടി മൂല്യമുണ്ട് അവരുടെ ജീവനും വിചാരങ്ങൾക്കും സ്വപ്‌നങ്ങൾക്കുമെന്ന് വിശ്വസിച്ചുപോരുന്ന ഒരു ലോകമായിരുന്നു നമ്മുടേത്.
മനുഷ്യന് പ്രായമേറുന്നത് ചുറ്റുമുള്ള കുഞ്ഞുങ്ങളെ പരിപാലിക്കാനും നന്മയിൽ വർത്തിക്കാനുമാണെന്ന സങ്കൽപംതന്നെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങൾക്കു മേൽ പൂതത്തെപ്പോൽ നഖമാഴ്ത്തുന്ന, പ്രിയപ്പെട്ട പൈതങ്ങളെ ക്രൂരഭൂതങ്ങൾക്ക് മൃഗയാവിനോദമാടാൻ വിട്ടുകൊടുക്കുന്ന ചതിയുടെ വർത്തമാനങ്ങൾ ചുറ്റുനിന്നും കേൾക്കുന്നു, പുതുലോകത്തെക്കുറിച്ചുള്ള കാതടപ്പിക്കുന്ന മേനിപറച്ചിലുകൾക്കിടയിൽ ഇളം മേനിയിൽ മുറിവേറ്റവരുടെ അടക്കിപ്പിടിച്ചുള്ള കുഞ്ഞു തേങ്ങലുകളും നെഞ്ചിടിപ്പുകളും കേൾക്കാതെപോകുന്നു.
പിറന്നുവീണ കുഞ്ഞുങ്ങളെ ഒന്നാകെ കൊന്നുതള്ളുന്ന ഭരണാധികാരികളുടെ ചരിതം വേദപുസ്തകങ്ങളിലും ഇതിഹാസങ്ങളിലും നാടോടിപ്പാട്ടുകളിലുമെല്ലാം നാം കേട്ടിട്ടുണ്ട്. കുലവും കാലവും കാരണങ്ങളുമെല്ലാം വ്യത്യസ്തമാണെങ്കിലും ആ ശിശുഘാതകരെയെല്ലാം അങ്ങേയറ്റം അവജ്ഞയോടെയാണ് ലോകം ഓർത്തുപറഞ്ഞിരുന്നത്.
ആ നീതിബോധവും തകിടംമറിഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി ഒരു നാടിനെ ഇല്ലായ്മ ചെയ്യാമെന്ന കുടില രാജതന്ത്രം മെനയുന്നവരെ അർഥവും ആയുധവും നൽകി ആദരിക്കുന്ന, വിശന്ന് കരയുന്ന മക്കൾക്ക് ഭക്ഷണവുമായി പോകുന്നവരെ കുറ്റവാളികളെപ്പോലെ നേരിടുന്ന മനുഷ്യരാശി നിശ്ചയമായും വിനാശവക്കിലാണ്.
ചുട്ടുപൊള്ളിക്കുന്ന മഞ്ഞുകാലവും പ്രളയം പെയ്യുന്ന വേനൽക്കാലവും സംഭവിക്കും വിധത്തിൽ കാലാവസ്ഥയിലുണ്ടാവുന്ന മാറ്റമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നാണ് നമ്മൾ പഠിച്ചുവെച്ചിരിക്കുന്നത്. എങ്കിലൊന്ന് പറയട്ടെ, കുഞ്ഞുങ്ങളോടു പോലും ദയ കാണിക്കാൻ മറന്നുപോകുംവിധത്തിൽ മനുഷ്യപ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ മാറ്റത്തേക്കാൾ വലുതല്ല അതൊന്നും.
വാനലോകത്തേക്കുയർന്ന കുഞ്ഞുങ്ങളുടെ കണ്ണീരും ചുടുനിശ്വാസങ്ങളുമാണോ അതിവൃഷ്ടിയായും തീമേഘങ്ങളായും ഉരുൾക്കല്ലുകളായും നമുക്കുമേൽ പതിക്കുന്നത് എന്നുപോലും ഓർത്തുപോകുന്നു -ആർക്കറിയാം!