‘അച്ചടക്കത്തിന്‍റെയും പേരിൽ കുട്ടികൾക്കുമേൽ അരുതായ്മകൾ ചെയ്യുന്നത് രക്ഷിതാക്കളോ അധ്യാപകരോ ബന്ധുക്കളോ... ആരായാലും ക്രൂരതയാണ്’ -അഹിംസയുടെ പാഠങ്ങൾ തുടങ്ങേണ്ടത് നമ്മിൽനിന്നുതന്നെ
text_fieldsഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ് എന്ന് കശ്മീരിനെക്കുറിച്ച് പാടിയത് വിഖ്യാത കവി അമീർ ഖുസ്റുവാണ്.
ഒരു ചെറു മഞ്ഞുതുള്ളിയിൽപ്പോലും സർവേന്ദ്രിയങ്ങൾക്കുമായുള്ള ആനന്ദം നിറച്ചുവെച്ച ആ ഭൂപ്രദേശം നൂറ്റാണ്ടുകൾക്കിപ്പുറം ചീന്തിക്കീറപ്പെടുമെന്ന്, അവിടെ നിലനിന്ന അഭൗമശാന്തത വെടിമുഴക്കങ്ങളാൽ ഭഞ്ജിക്കപ്പെടുമെന്ന്, ആളുകൾ മുള്ളുവേലികൾക്ക് അപ്പുറവുമിപ്പുറവും നിന്ന് ആയുധങ്ങളെറിയുമെന്ന് ഖുസ്റുവെന്നല്ല ആരുംതന്നെ സ്വപ്നേപി കരുതിയിട്ടുണ്ടാവില്ല.
മഞ്ഞുപാടങ്ങളും കുങ്കുമ സൗരഭ്യവും ആപ്പിൾ മധുരവും നിലനിൽക്കുമ്പോഴും ആ വിസ്മയദേശം ഇപ്പോൾ പലപ്പോഴും ഓർമിക്കപ്പെടുന്നത് അരുതാത്ത കാരണങ്ങളുടെ പേരിലാണ്.
ഭൂമിയിൽ നിലവിലുള്ളതും ഇനിയും കണ്ടെത്തപ്പെടാനുള്ളതുമായ ഏതൊരു ദേശത്തേക്കാളും മനോഹരമായ ഒരിടമുണ്ട് -ബാല്യം! സുമ്മോഹനമായ സ്വച്ഛതയും സ്വാതന്ത്ര്യവുമാണ് അതിന്‍റെ കൊടിയടയാളം. വരും കാലങ്ങളിൽ ലോകത്തോട് കരുണയോടെ, കരുതലോടെ എങ്ങനെ ഇടപഴകണമെന്ന് നാളെയുടെ പൗരർ പഠിച്ചുവളരുന്നത് അവിടെ നിന്നാണ്.
സമസ്ത മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും വകവെച്ചുനൽകേണ്ട ജീവിതകോൺ. അവിടെ സംഭവിക്കുന്ന പതർച്ചകൾ ശ്വാസത്തിന്‍റെ അവസാന കണിക വരെ മനസ്സിൽ തങ്ങിനിൽക്കുന്നു. അധികാരങ്ങളോ അവകാശങ്ങളോ ഇല്ലാത്ത, തങ്ങളിൽ കുറഞ്ഞ ജന്മങ്ങളാണ് കുട്ടികൾ എന്ന ധാർഷ്ട്യം മുതിർന്നവരുടെ ചിന്തകളിൽ എങ്ങുനിന്നോ കടന്നുകയറി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
അവസരങ്ങളുടെ മറവിൽ, അനുസരണയുടെയും അച്ചടക്കത്തിന്‍റെയും പേരിൽ അവർക്കുമേൽ അരുതായ്മകൾ ചെയ്യുന്നത് രക്ഷിതാക്കളോ അധ്യാപകരോ ബന്ധുക്കളോ... ആരായാലും ക്രൂരതയാണ്. ഗൗതമബുദ്ധനെയും ഗാന്ധിജിയെയും ഉദാഹരിച്ച് പഠിപ്പിക്കുന്നതിനുമുമ്പ് അഹിംസയുടെ പാഠങ്ങൾ നാം നമ്മിൽനിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
പനിനീർപ്പൂച്ചെടിയിലെ കൂർത്ത മുള്ളുകൾ മൂർച്ചയുള്ള കത്രികയാൽ വെട്ടിമുറിക്കാനൊരുമ്പെട്ട ശിഷ്യനോട് ജ്ഞാനിയായ തോട്ടക്കാരൻ ഉപദേശിച്ചത് ഇങ്ങനെ: ബലപ്രയോഗത്തിൽ ഭയന്നുവിറച്ച് ആ പൂക്കൾ വാടുകയും അവയുടെ സുഗന്ധം വറ്റുകയും ചെയ്യും. പകരം ആ മുൾപടർപ്പിനെ സൂര്യപ്രകാശത്തിലേക്ക് സൗമ്യമായി നയിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക. വളരുമ്പോൾ, മുള്ളുകൾ സ്വാഭാവികമായി മൃദുത്വമാർജിക്കും, പനിനീർച്ചെടി കൂടുതൽ മനോഹരമായി പൂക്കും!
കശ്മീരിനെപ്പോലെ, നന്മയും സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും നിറയേണ്ട ബാല്യത്തെക്കുറിച്ച് അരുതാത്ത കാരണങ്ങളുടെ പേരിൽ ഓർമിക്കാൻ ഒരു കുഞ്ഞിനുപോലും ഇടവരാതിരിക്കട്ടെ.