അറിയപ്പെടാത്ത വീരനായികമാർ
text_fields‘‘നിങ്ങളെ അടിയന്തരമായി കാണണമെന്ന് അമ്മ ആവശ്യപ്പെടുന്നു, ഉടൻ വരുക’’ -വൃദ്ധമന്ദിരത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ച മാത്രയിൽ മകൻ അവിടേക്ക് പുറപ്പെട്ടു. നടതള്ളിയതിൽപ്പിന്നെ ഇതാദ്യമായാണ് അവിടേക്ക് പോകുന്നത്. എത്തുമ്പോൾ അമ്മ അത്യാസന്ന നിലയിലായിരുന്നു.
എന്നിട്ടും മകനെ കണ്ടതും ആ മുഖത്ത് പുഞ്ചിരി ഓളംവെട്ടി, ശ്വാസഗതി അൽപം നേരെയായപോലെ. മരണത്തോടടുക്കുകയാണെന്നും എന്തെങ്കിലും ഒസ്യത്തുകൾ അവസാനമായി പറയാനോ കൈമാറാനോ ഉണ്ടെങ്കിൽ ആവാമെന്നും ഡോക്ടർമാർ അറിയിച്ചു.
മകൻ അരികിൽ ചെന്നിരുന്നു. അമ്മയെ നീട്ടി വിളിച്ചു. വിറയാർന്ന കൈകൾ കൊണ്ട് നെറ്റിയിൽ വീണുകിടന്ന അവന്‍റെ മുടി കോതിയൊതുക്കി അമ്മ പറഞ്ഞു: മോനേ, ഇവിടെ വിളമ്പുന്ന ഭക്ഷണം ഒട്ടും രുചിയോ പോഷകഗുണമോ ഉള്ളതല്ല, അത് ഒന്ന് ശ്രദ്ധിക്കാൻ അവരോട് പറയണം.
‘‘രുചിയില്ലാത്ത ഭക്ഷണം ഇത്രകാലം കഴിച്ചിട്ടും ഇമ്മട്ടിൽ കിടക്കുമ്പോൾ മാത്രമെന്തേ അമ്മയിത് പറയുന്നു?’’ -മകൻ ചോദിച്ചു.
‘‘ഞാനീ പറയുന്നത് എനിക്കുവേണ്ടിയല്ല, മുമ്പും ഞാൻ എന്‍റെ ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലല്ലോ. ഇനി വരുന്ന ആളുകൾക്ക്; അത് ഒരുപക്ഷേ നീയോ മറ്റാരെങ്കിലുമോ ആകാം, രുചിയും ഗുണവുമുള്ള ഭക്ഷണം കിട്ടണമെന്ന ആഗ്രഹംകൊണ്ടാണ്.’’
പല ഭാഷയിൽ, പല രീതിയിൽ പല ദേശങ്ങളിൽനിന്നായി പറഞ്ഞും കേട്ടും പഴകിയ കഥയാണിത്. പക്ഷേ, ഓരോ നാട്ടിലും വൃദ്ധസദനങ്ങൾ പെരുകുകയും പണ്ട് നഴ്സറി സീറ്റുറപ്പിക്കാൻ വരിനിന്ന മാതാപിതാക്കൾക്ക് അവിടെയൊരു കട്ടിലുറപ്പിക്കാൻ മക്കൾ നിൽക്കുന്ന വരിയുടെ ദൈർഘ്യം ഏറിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനാൽ ഈ ഓർമപ്പെടുത്തൽ അസ്ഥാനത്തല്ല.
ആളറിയാത്ത ദേശത്ത് പരീക്ഷണങ്ങൾ നേരിട്ടവരുടെ അനുഭവങ്ങൾ വായിച്ച് ഉള്ളുരുകാറുള്ള നമുക്ക്, ആ നായികാനായകർ താണ്ടിയ ദുരിതപർവങ്ങളോർത്ത് ഉറക്കം നഷ്ടപ്പെടാറുമുണ്ട്. വാർത്തകളിൽ കണ്ട ജീവിതപ്പോരാട്ടങ്ങളോട് നമുക്ക് വീരാരാധനയുണ്ട്, തിരശ്ശീലയിൽ ദുരിതജീവിതം വരച്ചിടുന്നവരോട് താരാരാധനയാണ്.
പക്ഷേ, നമ്മുടെ മാതാവ് താണ്ടിയ സഹനങ്ങളെ നാം വായിച്ചിട്ടുണ്ടോ, അതേക്കുറിച്ച് എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ, അൽപനേരം കേട്ടിരുന്നിട്ടുണ്ടോ? -വീടും നാടും കുടുംബവും കെട്ടിപ്പടുക്കാൻ രാപ്പകൽ യത്നിച്ച, അതിനായി തന്നെത്തന്നെ ബലികഴിച്ച അറിയപ്പെടാതെ, അടയാളപ്പെടുത്താതെ പോയ വീര നായികമാരാണ് ഓരോ അമ്മയും/ ഉമ്മയും.
കേരളത്തെ ഇന്നീക്കാണും വിധത്തിലാക്കാൻ പണിപ്പെട്ട പ്രവാസിയുടെ പങ്ക് പലപ്പോഴും മൂടിവെക്കപ്പെട്ടിട്ടുണ്ട്, മരുഭൂമിയിൽ ആടുജീവിതം നയിച്ചവരോളംതന്നെ ആ പങ്കിന് അർഹതപ്പെടുന്നുണ്ട് വീടിനെയും മക്കളെയും ഇരുപുറങ്ങളിൽ ചേർത്തുപിടിച്ച് സഹിച്ചും ക്ഷമിച്ചും വിതുമ്പലടക്കിപ്പിടിച്ചും ഒരുപാട് അമ്മമാർ നയിച്ച നാട്ജീവിതം. ദൗർഭാഗ്യവശാൽ ആ ത്യാഗവും എണ്ണപ്പെടാതെ പോയി.
ലോകത്തിന്‍റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്‍റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും. അമ്മമാരെ ആദരിക്കാത്തിടത്തോളം സമാധാനം തേടിക്കൊണ്ടുള്ള ലോകത്തിന്‍റെ യാത്രക്ക് വഴിദൂരമേറിക്കൊണ്ടേയിരിക്കും..