തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിനപ്പുറത്തെ ലോകം കണ്ടറിയാം
text_fields‘‘ഈ ലോകം നന്നാവാതെ ഞാൻ ഗുണം പിടിക്കില്ല’’ -ഇങ്ങനെ സ്വയം ശപിച്ചാണ് മകൻ അന്നും വീട്ടിലേക്ക് കയറിവന്നത്. പിതാവ് ചോദിച്ചു, ‘‘ലോകം എങ്ങനെയാണ് നന്നാവേണ്ടത്? ആരാണ് നിന്‍റെ ഗുണം കെടുത്തിയത്?’’ ആളുകളും കാലങ്ങളുമെല്ലാം മോശമാണെന്നും അതെല്ലാം തന്‍റെ ഭാവി നശിപ്പിക്കുന്നുവെന്നും മകന്‍റെ മറുപടി.
കുഞ്ഞായിരുന്നപ്പോൾ കാഴ്ച കാണിക്കാൻ കൊണ്ടുപോകുമ്പോഴെന്ന പോലെ പിതാവ് അവന്‍റെ കൈപിടിച്ചുവലിച്ച് വീട്ടിലെ ചായംപുരട്ടിയ ജാലകങ്ങൾക്കരികിലെത്തിച്ചു. എന്നിട്ട് പുറത്തേക്ക് നോക്കാൻ പറഞ്ഞു.
‘‘എന്തുകാണുന്നു?’’
ഒന്നും അത്ര വ്യക്തമല്ല, പരിചിതമായ നഗരമല്ല, പലനിറക്കാഴ്ചകളാണ് തെളിയുന്നതെന്ന് മകൻ.
‘‘എന്നാലിനി നിറവും വരകുറികളുമില്ലാത്ത ഈ ജനാലയിലൂടെ നോക്കൂ...’’
‘‘ഉവ്വ്, ഇപ്പോഴെല്ലാം കാണുന്നു, എന്‍റെ നഗരം, ചങ്ങാതിമാർ, പരിചയക്കാഴ്ചകൾ... എല്ലാം വ്യക്തമായി കാണാനാവുന്നു’’.
‘‘മകനേ, എങ്കിൽ ഒരു കാര്യം മനസ്സിലാക്കുക. ലോകമല്ല, നീ ലോകത്തെ നോക്കുന്ന ജാലകമാണ് മാറേണ്ടത്. നമ്മുടെ മനോഭാവമാണ് ആ ജാലകം, അതിനെ പൊടിപിടിക്കാതെ വൃത്തിയാക്കി സൂക്ഷിക്കൂ. തെളിഞ്ഞുവരും നിനക്കു മുന്നിൽ സുന്ദരമായ ലോകം’’.
ജീവിതശൈലിയും ചിന്താരീതികളുമെല്ലാം ചേർന്ന് പലവിധ ആലസ്യങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ് ഓരോ ദിവസവും വരുത്തിവെച്ചുകൊണ്ടിരിക്കുന്നത്. വയോധികർ മുതൽ ഇന്നു പിറന്നുവീണ കുഞ്ഞുങ്ങളിൽവരെ ഈ അവസ്ഥ സംക്രമിക്കപ്പെടുന്നുണ്ട്.
മനസ്സിലുദ്ദേശിച്ച കാര്യങ്ങൾ അലാവുദ്ദീന്‍റെ അത്ഭുതവിളക്കിനേക്കാൾ വേഗത്തിൽ സാധ്യമാക്കിത്തരുന്ന സാങ്കേതിക വികാസത്തിന്‍റെ കാലത്ത് കസേരയുടെ കംഫർട്ട് സോൺ വിട്ടിറങ്ങാനുള്ള മടിയെ സ്വാഭാവികമെന്ന് വിളിക്കാം. മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ സൂക്ഷിക്കാനുള്ള ബോധപൂർവമായ ശ്രദ്ധയിലൂടെ മാത്രമേ ഇതിനൊരു അന്ത്യം കുറിക്കാൻ സാധിക്കൂ.
ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങളെ ഒന്നൊന്നായി തിരിച്ചറിയുക എന്നത് രോഗനിർണയം പോലെ പ്രധാനമാണ്. എന്നിട്ട് ഒന്നൊന്നായി അവയിൽനിന്ന് വിമുക്തി നേടുകയും വേണം, അതെത്രമാത്രം ഉറച്ചുപോയ ശീലങ്ങളാണെങ്കിലും ശരി.
ലോകം വളരുകയും മനുഷ്യർ അവരവരിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതിനെ വികസനമെന്ന് വിളിച്ചുകൂടാ. സഹപാഠികളും അയൽവാസികളും ഒന്നിച്ചുള്ള പ്രഭാത നടത്തവും വൈകീട്ടത്തെ പന്തുകളിയുമെല്ലാം ദിനചര്യയുടെ പട്ടികയിൽ തിരിച്ചെത്തട്ടെ, നമ്മുടെ മാത്രമല്ല നാടിന്‍റെതന്നെ ആരോഗ്യകരമായ നിലനിൽപിന് അത് നൽകുന്ന കരുത്ത് വളരെ വലുതാണ്.
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ?