Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightMy Storychevron_right‘വൃക്കരോഗത്താൽ...

‘വൃക്കരോഗത്താൽ ദാഹിച്ച്​ വലയുമ്പോഴും കുറച്ചുമാത്രം വെള്ളം കുടിക്കേണ്ടിവന്ന ഉമ്മ. വയറുവീർത്ത് പൊട്ടാറായ പോലെയായിട്ടും മൂത്രം ഒഴിക്കാൻ പറ്റാതെ കഷ്ടപ്പെട്ട നാളുകൾ’

text_fields
bookmark_border
‘വൃക്കരോഗത്താൽ ദാഹിച്ച്​ വലയുമ്പോഴും കുറച്ചുമാത്രം വെള്ളം കുടിക്കേണ്ടിവന്ന ഉമ്മ. വയറുവീർത്ത് പൊട്ടാറായ പോലെയായിട്ടും മൂത്രം ഒഴിക്കാൻ പറ്റാതെ കഷ്ടപ്പെട്ട നാളുകൾ’
cancel

ആന്ധ്രയിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു ബാപ്പ അബൂബക്കർ. അദ്ദേഹം അയക്കുന്ന ചെറിയസംഖ്യയിൽ ജീവിതത്തിന്റെ രണ്ടറ്റങ്ങളും പ്രയാസത്തോടെ കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഉമ്മ നബീസ. പതിനേഴ്​ വർഷങ്ങൾക്ക്​ മുമ്പ്​ വിടപറഞ്ഞിട്ടും ഇന്നും ഓർമകളിൽ കണ്ണീരായി നിറയുന്നു ഉമ്മ.

ഭർതൃവീട്ടിലെ കഷ്ടപ്പാടുകൾക്ക് വിരാമമിട്ട് കോഴിക്കോട് വടകരക്കടുത്ത് പതിയാരക്കരയിലേക്ക്​ വീട് മാറിയിട്ടും ഉമ്മയെ വിടാതെ പിന്തുടർന്നത്​ ശാരീരിക പങ്കപ്പാടുകളാണ്​. അത്​ വൃക്കരോഗമായി പരിണമിച്ചത് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ദാഹിച്ച്​ വലയുമ്പോഴും കുറച്ചുമാത്രം വെള്ളം കുടിക്കേണ്ടിവന്ന ഉമ്മ. വയറുവീർത്ത് പൊട്ടാറായ പോലെയായിട്ടും മൂത്രം ഒഴിക്കാൻ പറ്റാതെ കഷ്ടപ്പെട്ട നാളുകൾ. ശരീരം മുഴുവൻ ചൊറിഞ്ഞുതുടുത്തു. ഉറക്കം നഷ്ടപ്പെട്ട്​ വലഞ്ഞ ഉമ്മയുടെ അവസ്ഥ ഇപ്പോഴും കണ്ണീരുപ്പിന്റെ നനവോടെയല്ലാതെ ഓർത്തിരിക്കാൻ കഴിയില്ല.

നല്ല വസ്ത്രം, നല്ല ഭക്ഷണം, സൈക്കിൾ... തുടങ്ങിയ കൊച്ചുകൊച്ചു മോഹങ്ങൾപോലും പൂവണിയാതെ പോയ കുട്ടിക്കാലമായിരുന്നു എന്‍റേത്​. പല നിറങ്ങളുള്ള വസ്ത്രം ധരിച്ച് കൗമാരം ആർമാദിക്കുന്ന യൂത്ത് ഫെസ്റ്റിവൽ ദിവസങ്ങളിൽപോലും യൂനിഫോം ധരിച്ചുപോകാനുള്ള ജാള്യത കാരണം സുഖമില്ലെന്ന് കൂട്ടുകാരോട് കള്ളം പറഞ്ഞ് വീട്ടിൽ കുത്തിയിരുന്ന കാലം. പഠനത്തിൽ മോശം കുട്ടി അല്ലാതിരുന്നിട്ടും പത്താം തരം കഴിഞ്ഞപ്പോൾതന്നെ നഷ്ടബോധത്തോടെ വലിയമ്മാവന്റെ പെയിന്‍റ്​ കടയിൽ ജോലിക്ക് പോയിത്തുടങ്ങിയ സമയം.

ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഉമ്മക്ക്​ ഡയാലിസിസ്​ വേണ്ടി വരും. അതിന്റെ ഭാരിച്ച ചെലവുകൾ നൂറുരൂപ ദിവസക്കൂലിക്ക് പെയിന്റ് കടയിൽ ജോലിനോക്കുന്ന ഒരാൾക്ക് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. മരണം വാതിൽപടിയിൽ എപ്പോൾ വേണമെങ്കിലും വിരുന്നുവന്നേക്കാമെന്ന അവസ്ഥയിലും ഉമ്മ സങ്കടപ്പെട്ടത്​ എന്റെ ഭാവിയോർത്താണ്​. ആ വാക്കുകൾ ഇന്നും മനസ്സിൽ അലയടിക്കുമ്പോൾ മാതൃത്വം എത്ര മഹനീയമായ അവസ്ഥയാണെന്ന് വല്ലാതെ ഓർത്തുപോകാറുണ്ട്.


ദുരിതങ്ങളുടെ എരിതീയിൽ ഉഴറുന്ന മനുഷ്യർക്ക്‌ കുട പോലെ തണൽ വിരിച്ചുകൊടുക്കുന്ന കുടുംബത്തിലെയും നാട്ടിലെയുമൊക്കെ നന്മയുള്ള മനുഷ്യർ നീട്ടിയ കരുണയുടെ കരങ്ങളാണ്​ ഞങ്ങളെ പിടിച്ചുനിർത്തിയത്​. ഡയാലിസിസ് മുറിക്ക് പുറത്ത്​ കൂട്ടിരിപ്പുകാർക്കൊപ്പം കാത്തിരിപ്പിന്റെ ഇടവേളകളിലെ വർത്തമാനങ്ങളാണ് സമ്പത്ത് എന്നത് സോപ്പുകുമിളപോലെ നൈമിഷികം മാത്രമാണെന്ന് ബോധ്യപ്പെടുത്തിത്തന്നത്.

കോടികൾ ആസ്തിയുള്ളവർപോലും വർഷങ്ങൾ നീണ്ട ഡയാലിസിസ് ചികിത്സയിൽ തകർന്നുതരിപ്പണമായി നാട്ടുകാരുടെ കാരുണ്യംതേടുന്നു. ജീവിതത്തെ പറ്റി വലിയവലിയ പാഠങ്ങളാണ് അതെല്ലാം പകർന്നുനൽകിയത് (ഇന്നത്തെ പോലെ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ അന്ന് തീരെ ഉണ്ടായിരുന്നില്ല).

കൂടാതെ ഏത് പാതിരാത്രിയിലും ആശുപത്രിയിൽ വന്നു രക്തം നൽകി ഒരു ചായ പോലും കുടിക്കാൻ തയാറാകാതെ പുഞ്ചിരിക്കുന്ന മുഖവുമായി യാത്രപറഞ്ഞ് പിരിഞ്ഞ എത്രയോ യുവസുഹൃത്തുക്കൾ. തളർന്നുവീഴാൻ തുടങ്ങുമ്പോഴൊക്കെ താങ്ങായിനിന്ന ഒട്ടേറെ നല്ല മനസ്സിനുടമകൾ. വാക്കുകൾകൊണ്ട് വരഞ്ഞിടാൻകഴിയാത്ത അതിമഹത്തായ അനുഭൂതിയുടെ പേരുകൂടിയാണ് കാരുണ്യം എന്നു തെളിയിച്ചുതന്ന ഒരുപാട് മുഖങ്ങൾ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.

തോർന്നുതീരാത്ത മഴയായും തീർന്നുപോവാത്ത സംഗീതമായും കണ്ട് കൊതിതീരാത്ത വസന്തമായും എത്ര കൊണ്ടാലും പോകാത്ത കുളിർമയായി ആ സ്നേഹമഴകൾ ഇന്നും ആത്മാവിൽ പെയ്യുകതന്നെയാണ്. വ്യക്തിബന്ധങ്ങളും രക്തബന്ധങ്ങളും ചേർത്തുകെട്ടിയ ഈ ക്ഷണിക ജന്മത്തെ ഒരു ചൂട്ടാക്കി മറ്റുള്ളവർക്ക് വെളിച്ചം നൽകാൻ കഴിഞ്ഞവരാണ്​ അത്തരം മനുഷ്യർ.

സ്ഥിരമായി സഹായിച്ചുകൊണ്ടിരിക്കുന്നവരെ എത്ര കാലം ഇങ്ങനെ ബുദ്ധിമുട്ടിക്കും എന്ന സന്ദേഹത്തിലാണ് കേരളത്തിലെ അറിയപ്പെടുന്ന ഒരു മതപണ്ഡിതന്റെ കത്ത് വാങ്ങി ഗൾഫിലെ പരിചയക്കാർക്ക് അയച്ചുകൊടുത്ത് കുറച്ചു പണം സ്വരൂപിക്കുക എന്ന ആശയം മനസ്സിൽ കയറിക്കൂടിയത്. അറിഞ്ഞാൽ സമ്മതിക്കില്ല എന്നതുകൊണ്ട് ഉമ്മയെ ഒന്നും അറിയിച്ചിരുന്നില്ല.

കത്ത്​ വാങ്ങിക്കൊണ്ടുവന്ന ദിവസം. ഉമ്മക്ക്​ മരുന്ന് നൽകി എന്നത്തേയും പോലെ ഉറങ്ങാൻ കിടന്നു ഞാൻ. കുറച്ചു കഴിഞ്ഞ് എഴുന്നേറ്റ് നോക്കുമ്പോൾ അവർ ഉറങ്ങാതെ ഖുർആൻ ഓതിക്കൊണ്ടിരിക്കുന്നു. ‘ഉറക്കം കളയണ്ട ഉമ്മാ, ഉറങ്ങിക്കോ’ -എന്ന് ഞാൻ ആവശ്യപ്പെട്ടു. ‘ചിലപ്പോൾ നാളെ ഓതാൻ കഴിഞ്ഞില്ലെങ്കിലോ’ -എന്നാണ്​ ഉമ്മയുടെ മറുപടി. ആ സമയം ഉമ്മയുടെ പറച്ചിലിൽ എനിക്കൊരു പന്തികേടും തോന്നിയില്ല.

നേരം പാതിരാകഴിഞ്ഞപ്പോൾ ആരോ പേര് ചൊല്ലി വിളിക്കുന്നതുപോലെ തോന്നി. പിടഞ്ഞെഴുന്നേറ്റ് ഉമ്മയുടെ അരികിൽ ചെന്ന് നോക്കുമ്പോൾ ശാന്തയായി ഉമ്മ ഉറങ്ങുകയാണ്. ഒരിക്കലും ഉണരാത്ത ഉറക്കമായിരുന്നു അതെന്ന് അൽപം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. സ്നേഹത്തിന്റെ നനവുകൾ ഒറ്റയടിക്ക്​ വറ്റിപ്പോയി. ജീവിതം തന്നെ വരണ്ടുപോയ പോലെയുള്ള ദിവസങ്ങളാണ് പിന്നീട് എന്നെ കടന്നുപോയത്.

അപ്പോഴും ആ കത്ത്​ മേശപ്പുറത്ത്​ കിടന്നിരുന്നു. ഉമ്മക്ക്​ ഇഷ്ടപ്പെടാത്ത സഹായം ചോദിച്ചുള്ള കത്ത്​. അത്​ വാങ്ങിക്കൊണ്ടുവന്നുവെച്ച അന്ന് രാത്രിതന്നെയാണ് ഉമ്മ എന്നന്നേക്കുമായി ഡയാലിസിസ്​ വേണ്ടാത്ത ലോകത്തേക്ക്​ യാത്രയായത്​. ഉമ്മ ഉമ്മറത്തുനിന്നും ഓർമകളിലേക്ക് മാറിത്താമസിച്ചിട്ട് പതിനേഴു വർഷങ്ങൾ പിന്നിട്ടു. ഇന്നും ഉമ്മയുടെ ഓർമകളിൽ ഉമ്മവെക്കാതെ എന്റെ ഒരുദിനവും കടന്നുപോയിട്ടില്ല.

(ഓർത്തു നോക്കുമ്പോൾ ഉള്ളിൽ വന്ന് തട്ടുന്നൊരോർമയില്ലേ, സർവിസ്​ ജീവിതത്തിൽ, തൊഴിലിടത്തിൽ, ഓഫിസിൽ... അതെന്തുമാവട്ടെ, വായനക്കാരുമായി പങ്കുവെക്കാനൊരിടം മൈ സ്​റ്റോറി. നിങ്ങളുടെ കുറിപ്പും മേൽവിലാസവും ഫോട്ടോയും സഹിതം അയക്കുക: kudumbam@madhyamam.in. വാട്സ്​ആപ്: 9645005018)

Show Full Article
TAGS:mystory madhyamam kudumbam umma 
News Summary - mystory, madhyamam kudumbam about umma
Next Story