“എന്‍റെ റബ്ബേ! ഞാൻ എന്താ ചെയ്തത്. എന്‍റെ കൈത്തലത്തിൽ അവളുടെ പൊള്ളുന്ന ചൂട് അറിഞ്ഞിട്ടും ഞാൻ അവരെ വിട്ടില്ലേ?”
text_fieldsവര: ഹനീഫ
“മോളെ... കിട്ടാറായോ?”
രജിസ്റ്ററിൽനിന്ന് മുഖമുയർത്തി ഞാൻ ചെറിയ കൗണ്ടറിലെ വലിയ തിരക്കിലേക്ക് നോക്കി.
“ഇല്ല, അരമണിക്കൂർ കൂടി കഴിയും”
“ഡോക്ടർ പോവ്വോ സിസ്റ്ററെ?” (കൂടെയുള്ള മോളാണ്)
“അതിനുമുമ്പ് തരാം”
അമർത്തിപ്പിടിച്ച ചുമയെ പറത്തിവിട്ട് അയാൾ എതിരെയുള്ള സിമന്റ് ബെഞ്ചിലേക്കിരുന്നു.
വർഗീസ്, 69 വയസ്സ്. പരിചിതനാണ്. ക്ഷയരോഗ ചികിത്സയുടെ ഭാഗമായുള്ള പതിവ് കഫ പരിശോധനക്ക് വന്നതാണ്. സമയം പന്ത്രണ്ടിനോടടുക്കുന്നു. ഒരു മണിക്കുമുമ്പ് റിസൽട്ട് കൊടുക്കണം.
പിന്നെയും പലരും വന്നും പോയുമിരുന്നു.
അപ്പോഴാണ് കൗണ്ടറിനരികെ ആ സ്ത്രീ നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് സമയമായല്ലോ എന്ന് ഞാൻ ഓർത്തത്.
“എന്തേ?” ഞാൻ ചോദിച്ചു.
മറുപടിയില്ല.
മലയാളിയല്ല. ഞാൻ അവരെ ഒന്നുനോക്കി.
ഉടുത്തുനരച്ചൊരു വേഷം. മാറി ഉടുക്കാൻ വസ്ത്രം ഇല്ലാത്തവരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്ന് എവിടെയോ വായിച്ചത് ക്ഷണനേരം കൊണ്ട് ഞാൻ ഓർത്തെടുത്തു. തമിഴത്തിയാണോ?
“എന്താ കാര്യം?” ഞാൻ വീണ്ടും എങ്ങനെയോ ചോദിച്ചു.
അവർ എന്തോ പറഞ്ഞു. ഇടുങ്ങിയ പല്ലുകളുള്ള, വായിൽനിന്ന് തുപ്പലോടുകൂടി പുറത്തുവന്ന ചിലമ്പിച്ച വാചകങ്ങളിലെ ഭാഷ എനിക്ക് തെല്ലും മനസ്സിലായില്ല.
ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. ശ്മശാനം! അതാണോർമ വന്നത്. അല്ലെങ്കിലും കണ്ണുകളിലേക്ക് നോക്കി ഭാഷ ഞാനെങ്ങനെ അറിയും.
ബ്ലഡ് എടുത്തുകൊണ്ടുനിന്ന സിസ്റ്റർ പറഞ്ഞു, “കൊച്ചേ അത് കാഞ്ചനയുടെ റിസൽട്ടിനാണ്. ഇപ്പോൾ രക്തം എടുത്തേയുള്ളൂ. എന്തു പറഞ്ഞാ അവിടെ ഒന്ന് ഇരുത്തുന്നത്. ആ കൊച്ചിനാണെങ്കിൽ നല്ല പനിയും”.
ഞാൻ രാവിലത്തെ ചായകുടിക്കാൻ അങ്ങോട്ടൊന്ന് പോയിരുന്നു. അതാ കാണാതിരുന്നത്.
“സിസ്റ്റർ എന്തേലും ഒന്നുകഴിച്ചുവാ” എന്നുപറഞ്ഞ് ഞാൻ അവരുടെ കൈയിൽനിന്ന് ഒ.പി ശീട്ട് വാങ്ങി. കാഞ്ചന, ഏഴു വയസ്സ്. അപ്പോൾ മാത്രമാണ് ആ ചില്ലുവാതിലിനപ്പുറം അവളെ കാണുന്നത്.
റബർ ബാൻഡിട്ട് പിറകിലോട്ടുകെട്ടിയ മുടിയോ വാടിയ കണ്ണുകളോ പനിച്ചൂടിൽ കരുവാളിച്ച ചുണ്ടോ പാകമല്ലാത്ത ഉടുപ്പിനുള്ളിലെ അവളുടെ ശരീരമോ അല്ല, ഞാൻ ആദ്യം കണ്ടത്. ചെരിപ്പില്ലാത്ത അവളുടെ കാലുകൾ!!
രാവിലെ ഞാൻ മിനുക്കിവെച്ച, അഞ്ചു വയസ്സുകാരി മോളുടെ കറുത്ത യൂനിഫോം ഷൂ മനസ്സിലേക്ക് വന്നതും അപ്പോൾ കഴിച്ച ചായയും പലഹാരവും ഒരു തീപ്പന്തമായി എന്‍റെ ഇടനെഞ്ചിലേക്ക് ഇരച്ചുകയറി.
ഞാൻ അവളുടെ നെറ്റിയിൽ ഒന്നു തൊട്ടു. ശരിയാ, നല്ല പനിയുണ്ട്.
“ബ്ലഡ് റൂട്ടീൻ, പ്ലേറ്റ്ലെറ്റ്, കൂടെ എസ്.ജി.പി.ടി” -ഒരു മണിക്കൂറെടുക്കും ഇതിന്‍റെയെല്ലാം റിപ്പോർട്ട് ആകാൻ. അങ്ങോട്ട് ഇരിക്കാൻ ആംഗ്യം കാണിച്ച് ഞാൻ അടുത്ത ശീട്ട് വാങ്ങി.
അവർ ഇരുന്നില്ല. അവിടെത്തന്നെ നിന്നു. കൊച്ചിനെയെങ്കിലും ഒന്ന് ഇരുത്തിയെങ്കിൽ. രാവിലെ മുതൽ അവൾ ഒന്നും കഴിച്ചിട്ടില്ലെന്ന് എനിക്കെന്നല്ല, ആർക്കും മനസ്സിലാകും.
വിശപ്പുണ്ടാകില്ല. എന്‍റെ മോൾക്കും അങ്ങനാണ്. ദാഹം... പനിച്ചാൽ ഇടക്കിടെ വെള്ളം കുടിക്കണം. എനിക്ക് ശ്വാസംമുട്ടിത്തുടങ്ങി.
ഇല്ല, അവരെ കണ്ടുകൊണ്ട് എനിക്കിരിക്കാൻ വയ്യ!
മൃതദേഹങ്ങൾക്കരികിൽ ഇരിക്കുന്ന പോലൊരു തോന്നൽ.
പെട്ടെന്നുണ്ടായ ചിന്തയിൽ 50 രൂപയെടുത്ത് അമ്മയുടെ കൈയിൽകൊടുത്തു.
“എന്തെങ്കിലും കഴിച്ചു വാ” ആംഗ്യത്തിലൂടെ പറഞ്ഞു. വിശപ്പിനും വേദനക്കും എന്തോന്ന് ഭാഷ. അവർ അത് വാങ്ങി.
“ആ കാന്‍റീൻ ഒന്ന് കാണിച്ചുകൊടുക്കൂ”. ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.
പനിയുടെ ദാഹച്ചൂട് ശരിക്കും അറിയുന്ന ആരോ ഒരാൾ ക്യൂവിൽനിന്നുനീങ്ങി അവരെ അങ്ങോട്ട് കൊണ്ടുപോയി.
ഇതെല്ലാം മിനിറ്റുകൾക്കുള്ളിൽ നടന്നതാണ്. കൂടെയുള്ള സിസ്റ്ററോട് എന്തെങ്കിലും കഴിച്ചിട്ട് വരാൻ പറഞ്ഞ് (സമയം 12.15) ഞാൻ മുന്നിലെ വരിയിലേക്ക് തിരിഞ്ഞു.
അവിടെ പ്രായ, മത, ലിംഗ ഭേദമില്ലാതെ മുടിയില്ലാത്തവരുടെയും ഉള്ളവരുടെയും (കീമോ രോഗികൾ) നീരുള്ളവരുടെയും ഇല്ലാത്തവരുടെയും (വൃക്കരോഗികൾ) ഗർഭിണികളുടെയും കുട്ടികളുടെയും കണ്ണുകൾ ഉണ്ട്. പരിശോധന ഫലം കാത്തുനിൽക്കുന്ന വാടിയ കണ്ണുകൾ.
പതിയെ എന്‍റെ മുന്നിൽനിന്ന് അവർ ഓരോരുത്തരും മറഞ്ഞുതുടങ്ങി. അങ്ങനെ എന്‍റെ കൈയിലേക്ക് ആ റിപ്പോർട്ടും വന്നു.
“കാഞ്ചന, ഏഴ് വയസ്സ്. പ്ലേറ്റ് ലെറ്റ് 63,000 സെൽസ്, ടോട്ടൽ കൗണ്ട് 3800 cells/cumm വേഗം…”
അവരെവിടെ? രണ്ടുവട്ടം... പിന്നെ പലവട്ടം... ഞാനും ഞങ്ങൾ അന്നുണ്ടായിരുന്ന സ്റ്റാഫ് എല്ലാവരും മാറിമാറി വിളിച്ചു.
ഇല്ല, അവരവിടെ ഇല്ല. അറ്റൻഡർ ചേട്ടനോട് ഒരു ചുമരിനപ്പുറമുള്ള കാന്റീനിൽ നോക്കാൻ പറഞ്ഞു. മറ്റൊരാളെ എന്‍റെ കൗണ്ടറിൽ ഇരുത്തി ‘കാഞ്ചന, ഏഴു വയസ്സ്’ എന്നുരുവിട്ട് ഞാൻ പുറത്തേക്കിറങ്ങി.
“ഇല്ല സിസ്റ്ററെ, അവരെ കണ്ടില്ല” എന്നുപറഞ്ഞ് ചേട്ടൻ തന്‍റെ ഇനിയും തീരാത്ത ജോലിയിലേക്ക് മടങ്ങി.
എന്‍റെ റബ്ബേ! ഞാൻ എന്താ ചെയ്തത്. എന്‍റെ കൈത്തലത്തിൽ അവളുടെ പൊള്ളുന്ന ചൂട് അറിഞ്ഞിട്ടും ഞാൻ അവരെ വിട്ടില്ലേ? ഒരു വിവരവും ഇല്ലാത്ത അവരെ, ആ സമയം ആ കുഞ്ഞിനെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടി നഴ്സിനെ ഏൽപിക്കാൻ തോന്നാതിരുന്ന ആ നിമിഷത്തെ ഓർത്ത് ഞാനും എന്‍റെ കൈയിലെ ആ കടലാസും വിറച്ചു.
കാഷ്വാലിറ്റിയിലും കാന്‍റീനിലും ആശുപത്രി കോമ്പൗണ്ടിലും അവരെ തിരഞ്ഞുനടന്നു.
എങ്ങോട്ടാണ് ആ 50 രൂപയുമായി? ലോകത്തിന്‍റെ ഏത് കോണിലേക്കാണ് നിങ്ങൾ പോയത്? ആ നട്ടുച്ച വെളിച്ചത്തിലും അവരെ കാണാതെ ഞാൻ ഇരുട്ടിലായി.
തിരിച്ചുവന്ന് ലാബ് രജിസ്റ്ററിന്‍റെ അവസാന പേജിലേക്ക്, മറ്റുള്ളവരെയും പറഞ്ഞേൽപിച്ച് ആ റിസൽട്ട് ഞാൻ ഭദ്രമായിവെച്ചു.
അങ്ങനെ ഏതൊരു കാത്തിരിപ്പിന്‍റെയും അസ്വസ്ഥതയുടെ ആദ്യദിവസങ്ങൾ വിട്ടകന്ന് റിസൽട്ടുകളും രജിസ്റ്ററുകളും പലതും വന്നുപോയി.
അങ്ങനെ എത്ര എത്ര അനുഭവങ്ങൾ. ഞാൻ ഈ കോഴ്സ് പഠിക്കുന്ന നാൾ മുതൽ ജോലി നോക്കിയ കാലം വരെ. നൊമ്പരങ്ങളുടെയും ചെറിയ സന്തോഷങ്ങളുടെയും മരുന്നിന്‍റെയും മണമുള്ള എത്ര കുഞ്ഞനുഭവങ്ങൾ. തീർച്ചയായും ഉറപ്പുണ്ട്, ഇതൊന്നും എനിക്ക് മാത്രമല്ല, ഈ മേഖലയിലുള്ള എല്ലാ കൂട്ടുകാർക്കും സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഏവർക്കുമുണ്ടാകും. മനസ്സ് തേങ്ങിപ്പോകുന്ന ഒരുപാട് ഓർമകൾ!
കാലം ഏറെ മുന്നോട്ടു പോയി. ആ അഞ്ചു വയസ്സ് ഷൂസുകാരി ഇന്ന് പതിമൂന്നാം വയസ്സിൽ എത്തിനിൽക്കുന്നു. പക്ഷേ, ഇന്നും പനിയുമായി അവൾ ഉറങ്ങുന്ന രാത്രികളിൽ അവളെ ഉണർത്താതെ എന്‍റെ കൈ അവളുടെ നെറ്റിയിൽ അമർന്ന് പനിച്ചൂട് നോക്കുമ്പോഴെല്ലാം എന്‍റെ മനസ്സിൽ ‘കാഞ്ചന, ഏഴ് വയസ്സ്. പ്ലേറ്റ് ലെറ്റ് 63,500,TC 3800’ എന്നൊരു മിന്നൽ തെന്നിമായും!
കുഞ്ഞേ... വീണ്ടും ചോദിക്കുന്നു. എവിടേക്കാണ് ആ പൊള്ളുന്ന വെയിലിൽ അതിനേക്കാൾ പൊള്ളുന്ന ഉൾച്ചൂടും നഗ്നമായ കാലുകളുമായി നീ പോയത്? ഇന്നും ഓർക്കുന്നു, വേദനയോടെ...