‘‘കാലിൽ ചെറിയ രണ്ട് പാടുകൾ മാത്രം. പക്ഷേ മകൾ ഫുൾ ചിൽ. എന്നാൽ, മണിക്കൂറുകളുടെ ഇടവേളയിൽ ഓടിയത് മൂന്ന് ആശുപത്രികളിലേക്ക്’’
text_fieldsവര: ഹനീഫ
മലയോര പ്രദേശങ്ങളിലേക്ക് യാത്രപോയാൽ അട്ട കടിക്കൽ പതിവാണല്ലോ. ചിലപ്പോൾ ട്രിപ് കഴിഞ്ഞ് വീട്ടിൽ എത്തിയാലായിരിക്കും രക്തവും അട്ട കടിച്ച പാടും നമ്മൾ കാണുക. അങ്ങനെ ഒരു യാത്ര കഴിഞ്ഞ് വന്നപ്പോൾ മകളുടെ കാലിൽ കണ്ട പാട് അട്ട കടിച്ചതാണെന്ന് കരുതി ആദ്യം നിസ്സാരമാക്കിയെങ്കിലും പിന്നീട് മണിക്കൂറുകളുടെ ഇടവേളയിൽ മൂന്ന് ആശുപത്രികളിലേക്ക് ഓടിയ ഉറക്കമില്ലാത്ത ഒരു രാത്രിയെക്കുറിച്ചാണ് പറയാനുള്ളത്.
2023 ജൂൺ 10 ശനിയാഴ്ച. വൈകീട്ട് തെളിഞ്ഞ മാനം കണ്ടപ്പോൾ പെട്ടെന്നാണ് കോഴിക്കോട്ടെ മലയോരപ്രദേശമായ ആനക്കാംപൊയിൽവരെ കുടുംബത്തോടൊപ്പം പോയിവരാമെന്ന് തീരുമാനിച്ചത്. നേരത്തേ ഞായറാഴ്ചത്തേക്ക് പ്ലാൻ ചെയ്ത യാത്രയാണ്. തെളിഞ്ഞ മാനം കണ്ടപ്പോൾ അന്നുതന്നെ പോയിവരാമെന്ന് കരുതി.
അഞ്ചു മണിയോടെ സ്ഥലത്തെത്തി. കുറച്ചുനേരം പറമ്പിലൂടെ നടന്നു. മഴക്കാലമായതിനാൽ കാട് കൂടിയിട്ടുണ്ട്. പുഴവക്കുവരെ (ഇരുവഴിഞ്ഞിപ്പുഴയുടെ തുടക്കം) അൽപം സാഹസികമായിത്തന്നെ ഇറങ്ങിച്ചെന്നു. ഇരുട്ടുന്നതിനുമുമ്പ് ഏകദേശം ആറേ കാലോടെതന്നെ തിരിച്ചുയാത്രയും തുടങ്ങി.
വഴിയിൽ തിരുവമ്പാടിയിലുള്ള പിതൃസഹോദരിയുടെ വീടും മറ്റൊരു വീടും സന്ദർശിച്ചശേഷം ഏകദേശം ഒമ്പതരയോടെയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ അങ്ങാടിയിലേക്കിറങ്ങിയ എനിക്ക് അഞ്ചു മിനിറ്റിനകം ഫോൺ വന്നു.
11 വയസ്സുള്ള മൂത്ത മകൾ മിൻഹ നിയാസിന്‍റെ കാലിൽനിന്ന് ചോര വരുന്നുണ്ട്, എന്തോ കടിച്ച അടയാളവുമുണ്ട്. പോയ സ്ഥലത്തിന്‍റെ സ്വഭാവം അറിയാവുന്നതുകൊണ്ട് അട്ടയാവാമെന്ന് അഭിപ്രായം പറഞ്ഞെങ്കിലും ഉടൻ വീട്ടിലെത്തി മുറിവ് പരിശോധിച്ചു.
ഒരു സെന്‍റി മീറ്റർ ഗ്യാപ്പിൽ രണ്ടു പുള്ളി. അപകടം മണത്തയുടൻ ഫോട്ടോ എടുത്ത് സുൽത്താൻ ബത്തേരിയിലുള്ള സുഹൃത്തുക്കളും ഡോക്ടർമാരുമായ ജവാദിനും ദിപിൻകുമാറിനും അയച്ചുകൊടുത്തു. ഉടനെത്തന്നെ മെഡിക്കൽ പരിചരണം ലഭിക്കുന്ന സ്ഥലത്തേക്ക് പോകാനുള്ള നിർദേശമാണ് കിട്ടിയത്.
മോൾക്ക് ഒരു അസ്വസ്ഥതയും ഇല്ലായിരുന്നു. വല്ലതും കടിച്ചതായി അവൾ അറിഞ്ഞിട്ടുപോലും ഇല്ല. വസ്ത്രം മാറുമ്പോഴാണ് ഞെരിയാണിക്ക് അടുത്തായി രക്തം കണ്ട് മകൾ ഉമ്മ ഷിനിയോട് കാര്യം പറഞ്ഞത്. തൊട്ടടുത്ത ശാന്തി ഹോസ്പിറ്റലിലേക്ക് ചെറിയ രണ്ടു കുട്ടികളെയും കൂട്ടി പുറപ്പെട്ടു.
എന്‍റെ ധാരണയനുസരിച്ച് 20 മിനിറ്റിന്‍റെ ബ്ലഡ് ക്ലോട്ടിങ് ടെസ്റ്റ് ചെയ്ത് പ്രശ്നമൊന്നുമില്ലെങ്കിൽ തിരിച്ചുവരാമെന്നാണ്. ഹോസ്പിറ്റൽ കാഷ്വാലിറ്റിയിൽവെച്ച് അവിടെയുണ്ടായിരുന്ന ഡോക്ടർ, സീനിയർ ഡോക്ടർമാരോട് ഫോൺ വഴി കൺസൽട്ട് ചെയ്ത ഉടനെത്തന്നെ ഹയർ സെന്‍ററിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അതോടെ ടെൻഷൻ കയറാൻ തുടങ്ങി.
നമ്മെ വീർപ്പുമുട്ടിക്കുന്ന ടെൻഷൻ ഉണ്ടാകുകയും അത് ഒരു തരിപോലും മുഖത്ത് കാണിക്കാൻ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? അന്ന് അതാണ് ഞാൻ അനുഭവിച്ചത്.
രാത്രി പത്തേമുക്കാലോടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ എത്തി. ചെറിയ കുട്ടികൾ രണ്ടുപേരും അപ്പോഴേക്കും ഉറങ്ങിയിരുന്നു. ഷിനിയെയും മോളെയും ആശുപത്രിയിൽ ഇറക്കി കുട്ടികളെയുംകൊണ്ട് എരഞ്ഞിപ്പാലത്തെ പിതൃസഹോദരൻ അബ്ദുൽ ഹക്കീമിന്‍റെ വീട്ടിൽ പോയി. മക്കളെ അവിടെ കിടത്തി കാർ അവിടെവെച്ച് എളാപ്പയുടെ സ്‌കൂട്ടറുമായി തിരിച്ച് ആശുപത്രിയിലേക്ക്.
അഥവാ ടെസ്റ്റിൽ പ്രശ്നം കാണുകയാണെങ്കിൽ പീഡിയാട്രിക് ഐ.സി.യു ഉള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുമെന്ന് ഡോക്ടർ ആദ്യംതന്നെ പറഞ്ഞു. ബ്ലഡ് ക്ലോട്ടിങ് ടെസ്റ്റ് റിസൽട്ട് വന്നു. ‘ബോർഡർ ലൈൻ ആണ്. കൺഫേം ചെയ്യാൻ പറ്റുന്നില്ല. ഒന്നുകൂടി ചെയ്യണം’ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ‘ഓക്കേ, ചെയ്തോളൂ’.
20 മിനിറ്റുകൂടി കടന്നുപോയി. ഇതിനിടക്ക് ജവാദ് ഡോക്ടറും ദിപിൻ ഡോക്ടറും വിവരങ്ങൾ അന്വേഷിക്കുന്നു. അടുത്ത റിസൽട്ട് വന്നു. രക്തം കട്ടപിടിച്ചിട്ടില്ല, എത്രയും പെട്ടെന്ന് പീഡിയാട്രിക് ഐ.സി.യു ഉള്ള ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യണം. ഡോക്ടറുടെ മുഖം മാറിയത് ഞാൻ കണ്ടില്ലെങ്കിലും ഭാര്യ ശ്രദ്ധിച്ചിരുന്നു. റഫറൻസ് ലെറ്ററിൽ ‘PLan ASV Administration’ എന്നെഴുതിയിരുന്നു. മിംസിലേക്ക് പോകാൻ തീരുമാനിച്ചു.
‘എങ്ങനെയാണ് പോകുന്നത്?’
‘കുറച്ചപ്പുറത്തായി കാറുണ്ട് ..’
‘പോരാ... ആംബുലൻസ് വിളിച്ചോളൂ... സമയം കളയണ്ട..’ ഞാൻ ഉടൻതന്നെ കാർ എടുക്കാൻ പോയി. ഷിനിയും മകളും ആംബുലൻസിലും.
രണ്ടു മണിക്കൂറിനിടയിൽ മൂന്നാമത്തെ ആശുപത്രിയിലേക്ക്. ആംബുലൻസിൽ കയറുമ്പോൾ ഡ്രൈവർ ചോദിച്ചു. ‘സൈറൺ ഇടണോ?’
‘ഇട്ടാൽ എന്താ?’
‘ഇട്ടാൽ പെട്ടെന്ന് എത്താം.’
കാറുമെടുത്ത് പോയ എന്നെ അൽപസമയത്തിനകം സൈറൺ മുഴക്കിക്കൊണ്ട് ആംബുലൻസ് കടന്നുപോയി.
‘ആനക്കാംപൊയിൽ പോയ ഞാനിതാ ഇപ്പോൾ ആംബുലൻസിൽ’ ചിരിച്ചുകൊണ്ട് മകൾ പറഞ്ഞു. സംഗതി ഇങ്ങനെയൊക്കെ ആയിട്ടും ഞങ്ങൾ പറയുന്ന തമാശകൾക്കൊക്കെ ചിരിച്ചുകൊണ്ട് റെസ്പോണ്ട് ചെയ്യുന്ന നൂറുശതമാനം കൂളായ മോൾക്കുതന്നെ മുഴുവൻ മാർക്കും നൽകണം.
മിംസ് കാഷ്വാലിറ്റിയിലെത്തി. എമർജൻസി മെഡിസിൻ ഡോക്ടർമാരും പീഡിയാട്രീഷ്യനും മാറി മാറി പല ക്ലിനിക്കൽ പരിശോധനകളും നടത്തുന്നു. കണ്ണിലേക്ക് ടോർച്ചടിക്കൽ, സംഖ്യകൾ നിർത്താതെ എണ്ണൽ തുടങ്ങിയവ ചെയ്യിക്കുന്നുണ്ട്.
ഞങ്ങൾ പോയ സ്ഥലത്ത് അട്ടയുണ്ടാകാൻ സാധ്യതയുണ്ടെന്ന എന്‍റെ നിഗമനത്തിനൊക്കെ ഡോക്ടർമാർ പുല്ലുവില മാത്രം തന്നു. കുട്ടിയെ എന്തായാലും ഐ.സി.യുവിലേക്ക് മാറ്റുമെന്നും എന്തുതന്നെ ആയാലും 24 മുതൽ 48 മണിക്കൂർവരെ ഒബ്സർവേഷൻ വേണ്ടിവരുമെന്നും പറഞ്ഞു.
എന്‍റെ സമാധാനത്തിനുവേണ്ടി ലീച്ച് ബൈറ്റ്, സ്നൈക് ബൈറ്റ് തുടങ്ങിയവയുടെ ഇമേജുകൾ ഗൂഗ്ൾ ചെയ്തത് മൊത്തം കൺഫ്യൂഷൻ കൂട്ടുകയാണ് ചെയ്തത്. അപ്പോഴേക്ക് സഹായത്തിനായി സഹോദരൻ ജസീമുമെത്തി. ഏകദേശം അരമണിക്കൂർ കഴിഞ്ഞു. ടെസ്റ്റ് റിസൽട്ട് വന്നു. രക്തം കട്ട പിടിച്ചിട്ടുണ്ട്.
ദൈവത്തിന് സ്തുതി. ഐ.സി.യുവിലേക്ക് ഇപ്പോൾ മാറ്റേണ്ടതില്ല. തൽക്കാലം എച്ച്.ഡി.യുവിലേക്ക് പോകാം. ഇടക്കിടക്ക് ടെസ്റ്റ് ചെയ്യണം. എച്ച്.ഡി.യു ആയതുകൊണ്ട് കൂടെ ഒരാൾക്ക് നിൽക്കാം.
അത്രയും സമാധാനം. അങ്ങനെ പറഞ്ഞാൽ പോരാ, ഞാനും ഭാര്യയും പരസ്പരം പറയുകപോലും ചെയ്യാതെ ഉള്ളിലൊതുക്കിയ ഭയത്തിന്‍റെയും ആശങ്കയുടെയും പെരുമഴ പെട്ടെന്ന് പെയ്തുതോർന്നു.
ആ കൂരിരുട്ടുള്ള രാത്രി മാനം തെളിഞ്ഞതുപോലെ എനിക്ക് തോന്നി. ഞങ്ങളുടെ ഹൃദയവും തെളിഞ്ഞു. ഹൃദയമിടിപ്പ് സാധാരണ താളത്തിലായി. പുറത്തുപോയി ഒരു കട്ടൻ ചായ കുടിച്ചു. ഇത്രയും രുചിയോടെ ഞാൻ ഇതിനു മുമ്പ് ചായ കുടിച്ചിട്ടില്ല.
പെട്ടെന്ന് വീട്ടിൽ നിന്നിറങ്ങിയതാണ്. ധരിച്ച വസ്ത്രമല്ലാതെ ഒന്നും കൈയിലില്ല. തൽക്കാലം ജസീമിനെ കാര്യങ്ങൾ ഏൽപിച്ച് ഒന്നരയോടെ വീട്ടിലേക്ക്. നാലു മണിയോടെ തിരിച്ചെത്തി ജസീമിനെ പറഞ്ഞയച്ചു.
ഏതാണ്ട് പുലർച്ച നാലു മണിവരെ ഡോക്ടർമാർ മകളെ ഉറങ്ങാൻ അനുവദിച്ചില്ല. തുടർച്ചയായി സംസാരിപ്പിച്ചും കട്ടനും ബണ്ണുമൊക്കെ കൊടുത്തും എൻഗേജ് ചെയ്യിച്ചുകൊണ്ടേയിരുന്നു. വിഷം ന്യൂറോടോക്സിക് ആണെങ്കിൽ ഉറങ്ങിപ്പോയാൽ അറിയാൻ പറ്റണമെന്നില്ല എന്നതാവും കാരണം.
ഇതേസമയം ഷിനി അവളുടെ സർക്കിളിലുള്ള ഒരുപാട് ഡോക്ടർമാരുമായും ബന്ധപ്പെട്ടിരുന്നു. അവരുടെയൊക്കെ നിർദേശങ്ങളും ആത്മവിശ്വാസം നൽകലുമൊക്കെ നൽകിയ സമാധാനം വളരെ വലുതാണ്.
എച്ച്.ഡി.യുവിൽവെച്ച് പിന്നീട് ചെയ്ത ടെസ്റ്റുകളിലും രക്തം ക്ലോട്ട് ചെയ്തതിനാലും മറ്റ് അസ്വസ്ഥതകൾ ഒന്നുമില്ലാത്തതിനാലും പിറ്റേന്ന് ഉച്ചയോടെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞു. ഒരുദിവസം റൂമിലും കഴിഞ്ഞശേഷം തിങ്കളാഴ്ച വൈകീട്ടോടെ സമാധാനത്തോടെ തിരികെ വീട്ടിലേക്ക്.
ഞാൻ ഇപ്പോഴും ആലോചിക്കുകയാണ്. ചെറിയ സൂചിക്കുത്തുപോലുള്ള രണ്ട് അടയാളങ്ങൾ, ഒരു ബുദ്ധിമുട്ടുമില്ല. എന്താണ് കടിച്ചതെന്ന് ആർക്കും ഒരുപിടിയുമില്ല. ഇങ്ങനെയെങ്കിൽ സാധാരണ ഒരാൾ എന്തു നിലപാടെടുക്കും?
‘അതൊന്നുമുണ്ടാവില്ലെടോ.. വല്ല അട്ടയുമായിരിക്കും’ എന്ന് പലരും എടുക്കുന്ന നിലപാടിൽനിന്ന് മാറി നിർബന്ധമായും ആശുപത്രിയിൽ പോകണമെന്ന് ഒറ്റയടിക്ക് നിലപാടെടുക്കാൻ ചില കാരണങ്ങളുണ്ട്. അതിലൊന്ന് മുമ്പ് ബത്തേരി ഇഖ്റ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലത്ത് പാമ്പ് കടിച്ച ചില കേസുകൾ വന്നപ്പോൾ ഡോക്ടർമാരുമായി നടത്തിയ ചില ചർച്ചകളാണ്. മറ്റൊന്ന് പ്രിയ സുഹൃത്ത് അബൂ താഹിർ വഴി എത്തപ്പെട്ട ‘കേരളത്തിലെ പാമ്പുകൾ’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയും സ്നേക് പീഡിയ മൊബൈൽ ആപ്പുമാണ്.
ഒരു രാത്രി മുഴുവൻ ഞാനും കുടുംബവും ഉറങ്ങാതെ ആശുപത്രിയിൽനിന്ന് ആശുപത്രിയിലേക്ക് ഓടിയ അനുഭവത്തിൽ ഞങ്ങൾ പഠിച്ച പാഠങ്ങൾ:
● ശരീരത്തിലെ അജ്ഞാതമായ പാടുകൾ പ്രശ്നമാണ്. രണ്ട് പാടായാലും ഒന്ന് ആയാലും മെഡിക്കൽ പരിചരണം നിർബന്ധമാണ്. പാമ്പുകൾ കടിച്ച് ഒറ്റ പാട് മാത്രം വന്ന സംഭവങ്ങളും ഒത്തിരി ഉള്ളതിനാൽ ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് പോകുക. സുഹൃത്തുക്കളുടെയും മെഡിക്കൽ രംഗവുമായി ബന്ധമില്ലാത്തവരുടെയും അഭിപ്രായത്തിന് കാത്തുനിൽക്കരുത്.
● ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിലും 24 മുതൽ 48 മണിക്കൂർവരെ ഒബ്സർവേഷൻ നിർബന്ധമാണ്. മണിക്കൂറുകൾക്കുശേഷവും സ്ഥിതി മോശമാകാനുള്ള സാധ്യതകളുണ്ട്. എല്ലാ സാധ്യതകളും അടക്കുക എന്നതാണ് മെഡിക്കൽ സയൻസിന്‍റെ രീതി. അതിന് പൂർണമായും വഴങ്ങിക്കൊടുക്കുക.
● ബ്ലഡ് ക്ലോട്ടിങ് ടെസ്റ്റ് ചെയ്യുന്നത് വിഷം ഹീമോടോക്സിക് (അണലി) ആണോ എന്ന് നോക്കാൻ മാത്രമേ ഉപകരിക്കൂ. ന്യൂറോടോക്സിക് ആണെങ്കിൽ നാഡീവ്യവസ്ഥയെയാണ് ബാധിക്കുക. അത് മനസ്സിലാക്കുന്നത് തുടർച്ചയായ ക്ലിനിക്കൽ ഒബ്സർവേഷനിലൂടെയാണ്. അത് ഒരിക്കലും വീട്ടിലോ ക്ലിനിക്കുകളിലോ ചെറിയ ആശുപത്രികളിലോ നടക്കില്ല.
● കടിച്ച പാട് കണ്ട് ജീവിയെ മനസ്സിലാക്കുന്ന ഒരു ശാസ്ത്രവും വികസിച്ചിട്ടില്ല. ജീവിയെ കണ്ടിട്ടില്ലെങ്കിൽ (ഇനി കണ്ടാലും) കൃത്യമായ മെഡിക്കൽ ഒബ്സർവേഷൻ മാത്രമാണ് ഉടനെയുള്ള പരിഹാരം.
● കുട്ടികളാണെങ്കിൽ പീഡിയാട്രിക് ഐ.സി.യു സംവിധാനംകൂടിയുള്ള ആശുപത്രികളാണ് ഏറ്റവും നല്ലത്. ലഭ്യമല്ലെങ്കിൽ അത് തേടി പോയി സമയം കളയാതെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണ് പോകേണ്ടത്.