പുനർ വിവാഹിതരാകുന്നതിൽ എന്തിന് നാണക്കേട് വിചാരിക്കണം?
text_fieldsഒരുപാട് മനസ്സ് വിഷമിച്ചാണ് 31കാരനായ അലക്സ് കൺസൽട്ടേഷന് വന്നത്. അയാളുടെ മൂന്നാം വിവാഹം നടക്കാൻ പോകുന്നു. തീയതി തീരുമാനിക്കേണ്ടതുണ്ട്. ആദ്യ വിവാഹത്തിലെ ഭാര്യ വിവാഹപ്പിറ്റേന്ന് കാമുകനൊപ്പം പോയി.
രണ്ടാം വിവാഹം തീവ്രമായ മാനസികപ്രശ്നങ്ങളുള്ള സ്ത്രീയുമായിട്ടായിരുന്നു. രോഗവിവരം മറച്ചുവെച്ചുണ്ടായ വിവാഹമായതിനാൽ അത് രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടില്ല.
സമൂഹത്തിൽനിന്നുള്ള സഹതാപവും കളിയാക്കലുകളും കേട്ട് മടുത്ത അയാൾക്ക് മൂന്നാം വിവാഹം പാളുമോ എന്ന ഭീതിയായിരുന്നു. എന്ത് സംഭവിച്ചാലും അത് അലക്സിന്‍റെ ദോഷമാണെന്ന് ചിത്രീകരിക്കപ്പെടുമെന്നുമുള്ളത് പതിയെ അയാളുടെ ഉറക്കം തന്നെ നഷ്ടപ്പെടുത്തി.
ഇതുപോലെ പുനർവിവാഹത്തെ പല കാരണങ്ങളാൽ സംശയദൃഷ്ടിയോടെ കാണുന്നവരുണ്ടാകാം. ‘തന്‍റേതല്ലാത്ത കാരണത്താൽ’ വിവാഹമോചനം നേടിയ ആൾ എന്ന വാചകം മാട്രിമോണിയൽ പരസ്യകോളങ്ങളിൽ നിറയുന്നത് ഇക്കാരണത്താൽ തന്നെയാകും. പലതും വിശ്വാസയോഗ്യവുമാണ്.
വിവാഹത്തിൽനിന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ?
അങ്ങനെ ചോദിക്കുമ്പോൾ പ്രതീക്ഷക്കൊത്ത് പങ്കാളിക്കായി എന്തെല്ലാം നൽകണം, എങ്ങനെ പെരുമാറണം എന്നൊക്കെയാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്നും ചോദിക്കേണ്ടതാണ്.
● പരസ്പരം ഒരു കണക്ട് അനുഭവപ്പെടണം എന്നതാണ് പ്രതീക്ഷയെങ്കിൽ
പറ്റില്ല എന്ന് പറയാനും സ്വരച്ചേർച്ചയില്ലായ്മ ഉളവാകും എന്ന് തോന്നുന്ന സംഭാഷണങ്ങളും ചർച്ചകളും ചെയ്യാനും മടിക്കരുത്. വൈകാരിക പ്രക്ഷുബ്ധതയില്ലാതെ അത്തരം സംസാരങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവരുടെ ഇടയിൽ രൂപപ്പെടുന്ന ഒരു കണക്ട് സ്ഥായിയായതാവും.
● കൂടുതൽ രസം, ഹരം, സന്തോഷം എന്നിവ ദാമ്പത്യ കൂട്ടുകെട്ടിൽ വേണം എന്നതാണ് പ്രതീക്ഷയെങ്കിൽ
എല്ലാ തർക്കങ്ങളും വാഗ്വാദങ്ങളും ചർച്ച ചെയ്യുകയും അനുരഞ്ജനത്തിന്‍റെ പാത സ്വീകരിക്കുകയും ചെയ്യേണ്ടത് ആവശ‍്യമാണ്. തട്ടും മുട്ടും കേടുപാടുകളും ഉണ്ടാകും. അത് ഒഴിവാക്കാൻ കഴിയില്ല. തെറ്റിദ്ധാരണകൾമൂലം ഉണ്ടാകുന്ന മുറിവുകൾ ഉണക്കി മുന്നേറുക മാത്രമേ മാർഗമുള്ളൂ.
● തെറ്റിദ്ധാരണകൾക്ക് ഇടമില്ലാത്ത ആശയവിനിമയം വേണം എന്നതാണ് നിങ്ങളുടെ പ്രതീക്ഷയെങ്കിൽ
അവനവനിലാണ് നിങ്ങൾ കൂടുതൽ വർക്ക് ചെയ്യേണ്ടത്. പലരും സ്വയം വ്യക്തി എന്ന നിലയിൽ മെച്ചപ്പെടാനുള്ള തെറപ്പികളൊക്കെ എടുക്കുന്നത് ഇതിനുവേണ്ടി കൂടിയാണ്.
● മാനസിക ഇഴയടുപ്പമാണ് സർവോപരി നിങ്ങളുടെ പ്രതീക്ഷയെങ്കിൽ
വ്യവസ്ഥകളില്ലാത്ത സ്നേഹം കൊടുക്കാനുള്ള സന്നദ്ധതയാണ് നിങ്ങൾക്കാവശ‍്യം.
പുനർ വിവാഹത്തിനായി തയാറാകാം
പുനർ വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകി ഇതെന്തോ നാണക്കേടെന്ന മട്ടിൽ കരുതിപ്പോന്ന സമ്പ്രദായം പാടേ മാറിയിരിക്കുന്നു.
പക്വത കൈവരിച്ച മനസ്സുകൾക്ക് കാലത്തിനൊത്ത് ഒറ്റപ്പെടലിൽ കുടുങ്ങാതെ ദാമ്പത്യം എന്ന കൂട്ടുകെട്ടിൽ പോകാൻ കഴിയുന്നതിന്‍റെ അനിവാര്യത മനസ്സിലായ ശേഷമുള്ള പുനർ വിവാഹങ്ങൾ കൂടുതൽ ഭദ്രമായാണ് ഇന്ന് പോകുന്നത്.
എന്തുകൊണ്ട് പുനർ വിവാഹങ്ങൾക്ക് ഭദ്രതയേറുന്നു?
● അനുഭവങ്ങളുടെ അടിസ്ഥാനത്തിലുണ്ടാകുന്ന വകതിരിവിന്‍റെ ആനുകൂല്യം.
● എന്ത് ചെയ്യാം, എന്ത് ചെയ്യരുത് എന്നറിയാൻ സാധിച്ചതിനാൽ കൈവന്നിട്ടുള്ള ഒരു അതിശ്രദ്ധ സഹായകരമാകുന്നു.
● ശരിയും തെറ്റും ഏകപക്ഷീയമല്ലെന്ന തിരിച്ചറിവ് മനസ്സിനെ നയിക്കും. ‘ഞാനും നീയും’ എന്ന യുദ്ധവും ‘നമ്മൾ’ എന്ന സന്ധിയും അതുകൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള സമാധാനവും ലക്ഷ്യമായി മാറും.
● പരസ്പരമുള്ള ആശയവിനിമയത്തിന്‍റെ പ്രാധാന്യം പിടികിട്ടിയിട്ടുള്ളതിനാൽ ക്ഷമയോടെയുള്ള കമ്യൂണിക്കേഷൻ ഉണ്ടായിരിക്കും.
● രണ്ടുപേരും അല്ലെങ്കിൽ ഒരാളെങ്കിലും സ്വയം ഉള്ളിലേക്ക് നോക്കിയവരും അവനവനിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞവരും ആകുന്നത് പ്രശ്ന പരിഹാരത്തിനായി ഈഗോ ഇല്ലാതെയുള്ള ശ്രമങ്ങളിലേക്ക് നയിക്കും.
● എങ്ങനെയും ഈ ദാമ്പത്യബന്ധം നല്ലരീതിയിൽ കൊണ്ടുപോകണം എന്ന താൽപര്യം മുൻകാല പിഴവുകളിൽനിന്നുള്ള പഠനത്താൽ ഉരുത്തിരിഞ്ഞിട്ടുണ്ടാകും. അതിനാൽ വഴക്കിടലിനെക്കാൾ ഒത്തുപോകാനുള്ള ശ്രമങ്ങൾക്ക് പ്രാധാന്യം ഏറും.
● ഒരു വീട് നടത്തിക്കൊണ്ട് പോകുന്നതിൽ ഇരുവരുടെയും റോൾ എന്താണ് എന്നതിൽ വ്യക്തമായ ധാരണ രൂപപ്പെട്ടിരിക്കുന്നതിനാൽ കുടുംബവ്യവസ്ഥ സൃഷ്ടിക്കാനും അത് പാലിക്കാനും ബുദ്ധിമുട്ടുകൾ സാധാരണഗതിയിൽ ഉണ്ടാകില്ല.
● സർവോപരി ഒരു രണ്ടാം ചാൻസ് ലഭിക്കുക എന്നതിനെ അങ്ങേയറ്റം കൃതജ്ഞതയോടെയാണ് പലരും കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആത്മീയപാതയിൽ കുറച്ചുകൂടി വ്യക്തതയും തെളിമയും ഉണ്ടായിരിക്കും.
പുനർവിവാഹത്തിന് ഒരുങ്ങും മുമ്പ് രണ്ടുപേരും തമ്മിൽ കുറച്ചുകാലം ഇടപഴകേണ്ടതും വേണ്ട രീതിയിൽ ചർച്ചകൾ ചെയ്ത് ചോദ്യങ്ങൾ ചോദിച്ച് പരസ്പരം നല്ല രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുമാണ്. പിന്നീട് കുറ്റപ്പെടുത്തുന്നതിനേക്കാൾ ശരിയായ ദിശയിൽ നീങ്ങാൻ ഇത് അത്യാവശ്യമാണ്.
എന്തെല്ലാം പരസ്പര ചർച്ചകൾ/ചോദ്യങ്ങൾ ആകാം?
● പങ്കാളിയിൽനിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റരീതികളിൽ ‘ആകാം’ എന്നതും ‘അരുത്’ എന്നതും എന്തൊക്കെയാണെന്ന് വ്യക്തമായി സംസാരിക്കണം. എങ്കിലേ ഒരാളുടെ മൂല്യങ്ങൾ എന്തൊക്കെയാണ് മറ്റേയാൾക്ക് അറിയാൻ കഴിയൂ.
● ജോലി/കരിയർ സംബന്ധിച്ച കാര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ, ട്രാൻസ്ഫർ തുടങ്ങിയവ.
● രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ.
● സാമ്പത്തിക കാര്യങ്ങൾ, കടബാധ്യതകൾ തുടങ്ങിയവയെക്കുറിച്ചുള്ള ധാരണകൾ.
● ശാരീരികാരോഗ്യം, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ, കുടുംബപരമായ പാരമ്പര്യ രോഗങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കണം.
● ഒരുമിച്ച് താമസിച്ച് തുടങ്ങുമ്പോൾ കുടുംബവ്യവസ്ഥയിൽ പാലിക്കേണ്ട കാര്യങ്ങളിൽ (ഫാമിലി റൂൾസ്) എന്തെല്ലാമാണ് ഉൾപ്പെടുത്തേണ്ടത്, ആര് എന്ത് ചെയ്യും, എങ്ങനെ ചെയ്യും എന്നിവ.
● മതപരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും, വിശ്വാസിയല്ലെങ്കിൽ അത് സംബന്ധിയായ കാര്യങ്ങൾ.
● പ്രത്യേകമായി തുറന്നുപറയേണ്ട അനുഭവങ്ങൾ ഉണ്ടെങ്കിൽ അത്, ലൈംഗികമായ താൽപര്യങ്ങളും അതിലെന്തെങ്കിലും വ്യതിയാനങ്ങളുണ്ടെങ്കിൽ അത്.
● കുട്ടികൾ വേണമോ എന്നത്. കുട്ടികളുണ്ടെങ്കിൽ പാരന്‍റിങ് രീതികളെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ.
● ഇരുവരുടെയും കുടുംബങ്ങളുമായുള്ള ബന്ധം നിവർത്തിക്കേണ്ട രീതികൾ, അതിനായി ചെലവഴിക്കേണ്ട സമയം, മറ്റു കാര്യങ്ങൾ എന്നിവ.
● സൗഹൃദങ്ങളെക്കുറിച്ചും അവക്ക് ഇരുവരുടെയും ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും.
● വ്യക്തിപരമായ സമയം വേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്.
● നിങ്ങളുടെ വ്യക്തിനിഷ്ഠരായ ലക്ഷ്യങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചുകൂടി മറ്റേയാളോട് പറയണം.
നല്ല ദാമ്പത്യജീവിതത്തിന് സ്നേഹം മാത്രം മതിയാകില്ല എന്നതാണ് ഏറിവരുന്ന വിവാഹമോചന കേസുകളിൽനിന്ന് നാം മനസ്സിലാക്കേണ്ടത്.