31 വർഷത്തിനിടെ കുഴിച്ചത് നൂറോളം കിണറുകൾ, 75ാം വയസ്സിലും കുഞ്ഞുപെണ്ണ് തിരക്കിലാണ്...
text_fieldsകുഞ്ഞുപെണ്ണ് കിണർ ജോലിക്കിടെ -ചിത്രങ്ങൾ: എച്ച്. യഹിയ
31 വർഷങ്ങൾക്കു മുമ്പ് തൂമ്പയും പിക്കാക്സും കുട്ടയുമായി കിണർ ജോലിക്ക് ഇറങ്ങുമ്പോൾ അടൂര്‍ ചൂരക്കോട് അയ്യന്‍കോയിക്കല്‍ ചരുവിള കിഴക്കേതില്‍ കുഞ്ഞുപെണ്ണിന്‍റെ മനസ്സിൽ ജീവിക്കാൻ വരുമാന മാർഗം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കാലം പോയി, ഇന്ന് വയസ്സ് 75 കഴിഞ്ഞെങ്കിലും പഴയതിലും ഊർജത്തോടെ സ്ത്രീകള്‍ പൊതുവേ ചെയ്യാത്ത അതേ ജോലിതന്നെ തുടരുകയാണ് കുഞ്ഞുപെണ്ണ്.

അടൂരിലും പരിസരത്തും ജില്ലക്കുപുറത്തുമായി ഇതിനകം നൂറുകണക്കിന് കിണറുകളാണ് കുഴിച്ചത്. വൃത്തിയാക്കൽ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടത്തിയ കിണറുകൾ വേറെയും. ഏകമകന്‍ കിഷോറിന് ഒരു വയസ്സുള്ളപ്പോഴാണ് കുഞ്ഞുപെണ്ണിന്‍റെ ദാമ്പത്യബന്ധം അവസാനിച്ചത്. പട്ടിണിയും പരിവട്ടവുമില്ലാതെ തന്നെ അവഗണിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ തലയുയർത്തി ജീവിക്കാൻ ആദ്യം എന്തെങ്കിലും ഒരുജോലി കണ്ടെത്തണം.
ചെന്നെത്തിയത് മൈക്കാടുപണിയിലായിരുന്നു. അതിനിടെയാണ്, സമീപത്തെ വീട്ടില്‍ കിണര്‍ കുഴിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ജോലിക്കായി അവരെ സമീപിച്ചെങ്കിലും സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ലെന്നു പറഞ്ഞ് കുഞ്ഞുപെണ്ണിനെ ആട്ടി. ഇതോടെ കുഞ്ഞുപെണ്ണിന് വാശിയായി. ജോലിക്കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കിണറിന് സമീപംചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി.

കൗതുകം തോന്നിയാണ് സ്വന്തം വീട്ടിൽ ഒറ്റക്ക് കിണർ കുഴിച്ചത്. ഈ വാർത്ത നാട്ടിൽ അറിഞ്ഞതോടെ കാഴ്ചക്കാരും കൂടി. ഇതിനിടെയാണ് കിണർ നിർമാണം നേരിട്ട് കാണാനെത്തിയ അടൂർ പള്ളിയിലെ പുരോഹിതൻ ഇവരെ തൻെറ വീട്ടിലെ കിണർ നിർമാണം ഏൽപിച്ചത്. 15 ദിവസത്തിനകം നിർമാണം പൂർത്തിയാക്കിയതോടെ കുഞ്ഞുപെണ്ണ് താരമായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് അവർ പറയുന്നു.

‘ഈ സീസണിലെ 12ാമത്തെ കിണറിന്‍റെ പണിയിലാണ്. നല്ല തിരക്കുണ്ട്. കുഴിച്ച ഒരുകിണർപോലും വെള്ളം കാണാത്തതിന്‍റെ പേരിൽ ഉപേക്ഷിക്കേണ്ടിവന്നിട്ടില്ല. സന്തോഷമുണ്ട്. സ്ത്രീകൾക്ക് പറ്റാത്ത പണിയാണിതെന്ന് എനിക്ക് തോന്നിയിട്ടേയില്ല’- ജോലിത്തിരക്കിനിടയിൽ കുഞ്ഞുപെണ്ണ് പറഞ്ഞു നിർത്തി. വടക്കടത്തുകാവ് ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന കിഷോറാണ് കിണര്‍ പണിയിൽ അമ്മയുടെ സഹായി.
●