‘വിദ്യാഭ‍്യാസവും പാരന്‍റിങ്ങും പോലെ പ്രധാനമാണ് ഭിന്നശേഷിക്കാരുടെ സൗഹൃദവും’ -ഭിന്നശേഷിക്കാർക്കിടയിൽ സൗഹൃദം വളർത്താൻ രണ്ട് അമ്മമാർ വികസിപ്പിച്ച ആപ്പിനെക്കുറിച്ചറിയാം
text_fieldsമിഹാൻ ധാലും വീർ കപൂറും അമ്മമാർക്കൊപ്പം
ഉൾവലിയുന്ന പ്രകൃതമുള്ള ഭിന്നശേഷിക്കാരനായ കൗമാരക്കാരനും ഓട്ടിസംബാധിതനായ കൗമാരക്കാരനും തമ്മിലുള്ള അപൂർവ സൗഹൃദം ഒരു മൊബൈൽ ആപ്ലിക്കേഷന്‍റെ പിറവിയിലേക്ക് നയിച്ച കഥയാണിത്. മറ്റുള്ളവരുമായി കൂട്ടുകൂടാതെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഭിന്നശേഷിക്കാരനായ മിഹാൻ ധാൽ.
ഇഷ്ട വിനോദമായ സംഗീതമായിരുന്നു അവന്‍റെ കൂട്ട്. ഓട്ടിസംബാധിതനായ വീർ കപൂറിന്‍റെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. മോനിഷയുടെ മകനാണ് മിഹാൻ. ഗോപികയാണ് വീറിന്‍റെ അമ്മ. ഇരുവരും മുംബൈ സ്വദേശികളാണ്.
യാദൃച്ഛികമായാണ് മിഹാനും വീറും പരിചയപ്പെടുന്നത്. അത് ആഴത്തിലുള്ള സൗഹൃദമായി വളർന്നു. സൈക്ലിങ്, നീന്തൽ, ഓട്ടം തുടങ്ങിയ ഹോബികളുള്ള വീറും സംഗീത ആരാധകനായ മിഹാനും എങ്ങനെ ഇത്ര അടുത്തു എന്ന് ഇരുവരുടെയും അമ്മമാർ അത്ഭുതപ്പെട്ടു.
ഇവരുടെ ആത്മബന്ധം കണ്ടാണ് ഭിന്നശേഷിക്കാർക്കിടയിൽ സൗഹൃദം വളർത്തുക എന്ന ലക്ഷ‍്യത്തോടെ ഈ അമ്മമാർ മൊബൈൽ ആപ് നിർമിക്കുന്നത്. ‘Buddy Up Network’ എന്നാണ് ആപ്പിന്‍റെ പേര്.
18 വയസ്സിന് മുകളിലുള്ള ആർക്കും അതിൽ അക്കൗണ്ട് തുടങ്ങാം. കുട്ടികൾക്ക് രക്ഷിതാക്കളുടെ മേൽനോട്ടത്തിലും അക്കൗണ്ട് തുടങ്ങാം.
പ്രായം, പ്രദേശം, താൽപര്യങ്ങൾ, ശാരീരിക-മാനസിക വെല്ലുവിളി, ലിംഗഭേദം എന്നിവ അടിസ്ഥാനമാക്കി സുഹൃത്തുക്കളെ കണ്ടെത്താം. എന്നാൽ, തങ്ങളുടെ കംഫർട്ട് സോണിന് പുറത്ത് ആളുകൾ സൗഹൃദമുണ്ടാക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ‍്യമെന്ന് മോനിഷയും ഗോപികയും പറയുന്നു.
വിദ്യാഭ‍്യാസവും പാരന്‍റിങ്ങും പോലെ പ്രധാനമാണ് ഭിന്നശേഷിക്കാരുടെ സൗഹൃദവുമെന്ന് ഇവർ അടിവരയിടുന്നു.