ടെസ്ല നൽകിയ ‘പണി’
text_fieldsധ്രുവ് ലോയ
ഏറെ നാളത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനുമൊടുവിൽ സ്വപ്ന ജോലി ലഭിച്ച അനുഭവം പങ്കുവെക്കുകയാണ് പുണെ സ്വദേശിയായ യുവ എൻജിനീയർ ധ്രുവ് ലോയ. തൊഴിൽ തേടിയുള്ള അഞ്ചു മാസത്തെ അലച്ചിലിനൊടുവിലാണ് ഇലോൺ മസ്കിന്‍റെ ടെസ്ലയിൽ ജോലി കരസ്ഥമാക്കിയത്.
അമേരിക്കയിൽ താമസിക്കുന്ന രാജ്യാന്തര വിദ്യാർഥിയായതിനാൽ തൊഴിലില്ലാതെ അധിക കാലം അവിടെ നിൽക്കാൻ വിസ നിയന്ത്രണങ്ങൾ മൂലം കഴിയില്ലെന്ന് ലോയ മനസ്സിലാക്കി. മുന്നൂറിലധികം ജോലികൾക്ക് അപേക്ഷിക്കുകയും അഞ്ഞൂറിലധികം ഇ മെയിലുകളയക്കുകയും 10 ഇന്‍റർവ്യൂകളിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.
മൂന്ന് ഇന്‍റേൺഷിപ്പും മികച്ച ജി.പി.എയുമെല്ലാം ഉണ്ടായിട്ടും അഞ്ചു മാസം തൊഴിൽരഹിതനായി ഇരിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ധ്രുവ് ലോയ ലിങ്ക്ഡിനിൽ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം താമസം സുഹൃത്തുക്കളുടെ അപ്പാർട്ട്മെന്‍റിലാക്കി. നിരാശനായി ഇരിക്കാതെ കരിയർ സ്വപ്നങ്ങൾക്ക് പിറകെ അദ്ദേഹം യാത്ര ചെയ്തു. തൊഴിലന്വേഷണം ശാസ്ത്രീയ മാർഗത്തിൽ മുന്നോട്ടുകൊണ്ടുപോയി.
തൊഴിലവസരങ്ങൾ കണ്ടെത്താൻ LinkedIn, Indeed, Handshake തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുകയും കമ്പനികളുമായി ബന്ധപ്പെടാൻ Hunter.io ഉപയോഗിക്കുകയും ചെയ്തു. ബയോഡേറ്റയും കവർലെറ്ററും പരിഷ്കരിക്കാൻ ചാറ്റ് ജി.പി.ടിയും പ്രയോജനപ്പെടുത്തി. ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സ്ഥിരോത്സാഹവും കഠിനാധ്വാനവും പോസിറ്റിവ് സമീപനവും ശുഭാപ്തി വിശ്വാസവും വിജയങ്ങൾ കൊണ്ടുവരുമെന്ന് ലോയ പറയുന്നു.