പി.കെ. ഗോപിയുടെ ‘ആത്മം’ കവിത സമാഹാരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 10 വയസ്സുകാരനായ കൊച്ചുമകൻ
text_fieldsജഹാൻ പരിഭാഷപ്പെടുത്തിയ ‘soulitude’ എന്ന പുസ്തകം
നൂറു കവിതകൾ ഉൾക്കൊള്ളുന്ന പുസ്തകം മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 10 വയസ്സുകാരൻ കൈയടി നേടി. കവിയും ഗാനരചയിതാവുമായ പി.കെ. ഗോപിയുടെ ‘ആത്മം’ എന്ന കവിത സമാഹാരമാണ് കൊച്ചുമകൻ പരിഭാഷപ്പെടുത്തിയത്.
പി.കെ. ഗോപിയുടെ മകളും കവയിത്രിയുമായ ആര്യാ ഗോപിയുടെ മകൻ ജഹാൻ ജോബിയാണ് ആ മിടുക്കൻ. ജഹാന്‍റെ മനസ്സിലുദിച്ച ‘soulitude’ എന്ന വാക്കാണ് പുസ്തകത്തിന് നൽകിയത്.
പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്ന അമ്മയെ കണ്ടാണ് ‘എനിക്കും ഒരു പുസ്തകം തരാമോ, പരിഭാഷപ്പെടുത്താൻ’ എന്ന് അവൻ ചോദിക്കുന്നത്. രണ്ടു മാസംകൊണ്ട് ജഹാൻ മുത്തച്ഛന്‍റെ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറിയാത്ത വാക്കുകൾ മുത്തച്ഛനോടും മുത്തശ്ശിയോടും ചോദിച്ചു മനസ്സിലാക്കി.
കവിത സമാഹാരത്തിലെ ഓരോ കവിതയും പരിഭാഷപ്പെടുത്തി കഴിയുമ്പോൾ വീട്ടുകാരെ കാണിച്ച് തെറ്റുകുറ്റങ്ങളില്ലെന്ന് ജഹാൻ ഉറപ്പുവരുത്തും.
എഴുത്തിനൊപ്പം വരയിലും മിടുക്കനാണ്. ഏഴാം വയസ്സിൽ ജഹാൻ വരച്ച ചിത്രം ആ വർഷത്തെ സംസ്ഥാന ബജറ്റിന്‍റെ കവർ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉജ്ജ്വലബാല്യം പുരസ്കാരവും ജഹാനെ തേടിയെത്തി. ബിസിനസുകാരനായ ജോബി ജോസഫാണ് ജഹാന്‍റെ പിതാവ്. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.